കെഎസ്ആർടിസി ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് 87 ജീവനുകൾ…

ഞങ്ങൾ മരണത്തിനു മുഖാമുഖമായിരുന്നു……. ഇന്നത്തെ എല്ലാപത്രങ്ങളുടെയും ഒന്നാം പേജ് വാർത്ത ഒരു ദുരന്തവാർത്തയായേനെ, ഇത് എഴുതാനും അറിയിക്കാനും ഒരു പക്ഷേ ഞാനും ഉണ്ടാവുമായിരുന്നില്ല.. അനുമോദ് എന്ന ഡ്രൈവർക്ക് മനസാന്നിധ്യമില്ലായിരുന്നെങ്കിൽ. ആ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് നിരവധി മനുഷ്യ ജീവനുകൾക്ക് ഒരു പോറൽ പോലുമേൽക്കാതെ ജീവിതം തിരികെ ലഭിക്കാൻ കാരണമായത്.

മിക്ക ദിവസങ്ങളിലും മാനന്തവാടിയിൽ നിന്നും രാത്രി ഇരിട്ടി വഴി കോട്ടയത്തേക്ക് പുറപ്പെടുന്ന 7.45- ന്റെ ബസിന് വരാറുണ്ട്. ദീർഘദൂരം പോവേണ്ടതിനാൽ സാങ്കേതിക കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതിനാൽ ബസ് പുറപ്പെടാൻ മിക്ക ദിവസങ്ങളിലും വൈകും. ഇന്നലെയും അങ്ങനെയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് ബസ് മാനന്തവാടി ടൗണിൽ നിന്നും പുറപ്പെട്ടത്. സാധാരണ ദിവസങ്ങളിൽ തിരക്ക് കുറവാണെങ്കിലും ഇന്നലെ നിറയെ ആളുണ്ടായിരുന്നു. പി.എസ്.സി യുടെ ലാബ് അസിസ്റ്റന്റ് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥികളും ബസിൽ ഏറെയുണ്ടായിരുന്നു. ഡ്രൈവർ അനുമോദും കണ്ടക്ടർ രാമചന്ദ്ര നായ്ക്കനും ഞാൻ ഉൾപ്പെടുന്ന 85 യാത്രക്കാരും ഉൾപ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്.

സീറ്റ് ലഭിക്കാത്തതിനാൽ ഡ്രൈവർക്ക് സമീപം മുന്നിൽ നിൽക്കുകയായിരുന്നു. ബസ് ഡ്രൈവർ ഓടിക്കുന്നത് കണ്ട് യാത്ര ചെയ്യാനൊരു സുഖമുണ്ട്. അതു കൊണ്ടു തന്നെ തരം കിട്ടിയാൽ ഡ്രൈവറുടെ ഇടതുഭാഗത്തുള്ള സിങ്കിൾ സീറ്റിലോ തൊട്ടുപിറകിലുള്ള സീറ്റിലോ ഇരിക്കും. എന്നാൽ ഇന്നലെ നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഞാനും മാനന്തവാടിയിലെ ടൈലർ കാക്കയങ്ങാട് സ്വദേശി അമ്പാടിയേട്ടനും മുന്നിൽ നിൽക്കുന്നു. മറ്റ് നിരവധി പേർ പിറകിൽ നിന്നും ഇരുന്നും യാത്രക്കാരായുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഡിം ലൈറ്റൊക്കെ നൽകി ശ്രദ്ധാപൂർവമാണ് ഡ്രൈവർ അനുമോദ് വണ്ടിയോടിക്കുന്നത്.

തലപ്പുഴ പെട്രോൾ പമ്പിൽ നിന്നും എണ്ണയടിച്ച് ഇറങ്ങിയ യുവാവ് ബൈക്കുമായി ബസിന് മുന്നിൽ ചാടി. ബസ് വേഗത കുറച്ച് ഒഴിഞ്ഞു മാറിപ്പോയി. തലപ്പുഴ 42 (ബോയ്സ് ടൗൺ) കഴിഞ്ഞാൽ പാൽച്ചുരം തുടങ്ങുകയായി. മൂന്ന് കിലോമീറ്ററോളം ഇറക്കവും വളവുമായി ദുർഘട പാതയാണ്. ചെങ്കുത്തായ കയറ്റം കയറി ചെങ്കൽ ലോറികളും മറ്റു വാഹനങ്ങളും വരുന്നു. കയറ്റം കയറിയെത്തുന്ന വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ പാകത്തിൽ അനുമോദ് ബസിന്റെ ലൈറ്റ് ഓഫാക്കി അരിക് ചേർത്ത് നിർത്തി. വാഹനങ്ങൾ കടന്നു പോയശേഷം യാത്ര തുടർന്നു.

സമയം 8.45, ചെകുത്താൻ തോടിന്റെ വലിയ ഇറക്കം തുടങ്ങിയപ്പോ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഇടതു ഭാഗത്തേക്കുള്ള വലിയ വളവ്. മറു ഭാഗത്ത് നോക്കിയാൽ കാണാത്ത ആഴമുള്ള കൊക്കയും. കയറ്റം കയറി വരുന്ന ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നൽകാൻ വേഗത കുറക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് അനുമോദിന് അപകടം മനസിലായത്. ഉടൻ സർവശക്തിയുമെടുത്ത് ഇടത്തേക്ക് തിരിച്ച് ബസ് മൺതിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബസിന്റെ ഇടതു ഭാഗത്തെ ടയറുകൾ ചാലിൽ വീണത് വലിയ ഭാഗ്യമായി. സ്ത്രീകൾ ഉൾപ്പെടുന്നവർ ബഹളം വയ്ക്കുന്നു. ചിലർ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലർ ഡ്രൈവറുടെ വാതിൽ വഴി പുറത്തിറങ്ങി. മുമ്പിലുള്ള വാതിൽ തുറന്ന് സാഹസപ്പെട്ടാണ് മുഴുവൻ യാത്രക്കാരെയും ഇറക്കിയത്. പിന്നീട് മാനന്തവാടിയിൽ നിന്നും മറ്റൊരു ബസ് എത്തിച്ച് 10 മണിയോടെയാണ് യാത്ര തുടർന്നത്.

മൂന്ന് വർഷമായി കെ.എസ്.ആർ.ടി.സി യിൽ ജോലി ചെയ്യുന്ന 40 – കാരനായ അനുമോദ് ഒന്നര വർഷമായി ദീർഘദൂര സർവീസുകൾ ഓടിക്കുന്നു. ഇത് വരെ ബസ് ഉരഞ്ഞ സംഭവം പോലുമുണ്ടായില്ലെന്ന് അനുമോദ് പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ എതിരെ വരുന്ന കല്ല് കയറ്റിയ ലോറിക്ക് ബസ് ഇടിക്കാതിരിക്കാനാണ് ശ്രമിച്ചത്. ആ ലക്ഷ്യം വിജയിച്ചതിനാലാണ് വൻ അപകടം ഒഴിവായത്…

പറഞ്ഞവസാനിപ്പിക്കുമ്പോൾ അനുമോദിന്റെ മുഖത്ത് നിന്നും ഭീതി ഒഴിയുന്നില്ല. പത്ത് മണിയോടെ എത്തിയ ബസ് കോട്ടയത്തേക്ക് ഓടിച്ച് പോയതും അനുമോദാണ്… ഈ യുവാവിന്റെ മനോധൈര്യമാണ് വൻ അപകടം ഒഴിവാക്കിയത്.

റിപ്പോർട്ട്: വിജയകുമാർ, റിപ്പോർട്ടർ, മാതൃഭൂമി, മാനന്തവാടി.