2018 ലെ കെഎസ്ആർടിസി ഓർമ്മകളിലൂടെ ഒരു തിരിഞ്ഞുനോട്ടം..

എഴുത്ത് – ജോമോൻ വി.

2018 തുടക്കത്തിൽ കോഴിക്കോട് സോണിന്‍റെ റെക്കോര്‍ഡ് വരുമാനത്തിലൂടേ വന്‍ വിജയത്തിലൂടെ തിരിച്ചു വരവ് നടത്തി ആയിരുന്നു KSRTC യുടെ തുടക്കം. വര്‍ഷത്തിന്‍റെ തുടക്കം തന്നെ നന്മ മരങ്ങളായി ബസില്‍ വച്ച് പലതരം അസുഖങ്ങള്‍ വന്നവരെ ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിച്ചും ഒപ്പം പൊന്നാങ്ങള ആയും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഓരോ മലയാളിയുടെയും മനം കവര്‍ന്ന് ഹൃദയത്തിനുള്ളില്‍ ഇടം തേടി..!

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ത്രിശൂര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ സര്‍വീസ് ഒരുക്കി വിദ്യാര്‍ത്ഥികളോടൊപ്പവും ഫെബ്രുവരി മാസത്തെ സ്വകാര്യ ബസ് സമരത്തിലും ജനങ്ങള്‍ക്കൊപ്പം ആയിരുന്നു KSRTC. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സ്വകാര്യ ബസ് മാത്രം സര്‍വീസ് നടത്തുന്ന മേഖലയിൽ സര്‍വീസ് നടത്തി. കോഴിക്കോട് മേഖലയിലേക്ക് അധിക സര്‍വീസ് നടത്തുന്നതന് 10 FP ബസ് അനുവധിച്ചതും ഫെബ്രുവരിയില്‍ ആയിരുന്നു.

മാര്‍ച്ച് മാസം ബംഗളൂരുവിലേക്ക് ഈസ്റ്റര്‍ സ്പെഷ്യല്‍ സര്‍വീസ് ഒരുക്കി KSRTC പതിവ് പോലെ കുട്ടവഴി ഓടിച്ചും തെക്കന്‍ കേരളത്തെ അവഗണിച്ചും കരുത്തു തെളിയിച്ചു. മാര്‍ച്ച് മാസത്തിൽ പത്തനംതിട്ട – ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ലോ ഫ്ലോര്‍ ജന്‍റം നോണ്‍ എ സി സര്‍വീസുകള്‍ ആരംഭിച്ചു. കോഴഞ്ചേരിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കി തെക്കേമല ആറന്‍മുള ആറാട്ടുപുഴ വഴി KSRTC യുടെ ആദ്യ CNG ബസ് സര്‍വീസ് തുടങ്ങിയതും മാര്‍ച്ച് മാസം ആയിരുന്നു.

വെെറ്റില സര്‍ക്കുലര്‍ സര്‍വീസ് ജൂലെെയ്യില്‍ ഏയര്‍പോര്‍ട്ടുകളെ ബന്ധപ്പെടുത്തി ഫ്ലെെ ബസ് സര്‍വീസുകളും ആരംഭിച്ചു. പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ വീടെത്താം ഒരു പരിധി വരെയുള്ള ലഗേജുകള്‍ ഫ്രീ ആയി…! പുതിയ വെബ് സെെറ്റ് ഉത്ഘാടനവും ജൂലെെയ്യിലാണ് KSRTC നടപ്പിലാക്കിയത്. അതോടൊപ്പം ഓരൊ 15 Min ഇടവിട്ടും എന്ന ക്രമത്തില്‍ പുതിയ സുല്‍ത്താന്‍ ബത്തേരി കല്‍പ്പറ്റ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു.

കൊച്ചിയുടെ ഉപഗ്രഹ നഗരമായി വികസിക്കുന്ന ചേര്‍ത്തലയില്‍ നിന്നും മലബാറിലേക്ക് മണ്ണാര്‍ക്കാട് സുല്‍ത്താന്‍ബത്തേരി തിരുനെല്ലി ഇവടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു…! കണ്ണീരൊപ്പിയും KSRTC അപകടത്തില്‍ മരിച്ച മൂന്ന് ജീവനക്കാരുടെ ആശ്രിതര്‍ക്ക് SBI യും ആയി സഹകരിച്ച് 10 ലക്ഷം രൂപ വീതം നല്‍കി.

ബഹു CMD ശ്രീ. ടോമിന്‍ തച്ചന്‍ങ്കരി KSRTC CMD ആയി ചാര്‍ജെടുത്ത ശേഷം വളരെ അധികം അഴിച്ചു പണികള്‍ നടത്തി. ജീവനക്കാരുടെ അവസ്ഥകള്‍ അടുത്തറിയുവാന്‍ പ്രധാനപ്പെട്ട എല്ലാ ഡിപ്പോകളിലും ഗ്യരിയേജ് മീറ്റ് നടത്തുകയും ഒരു ദിവസം കണ്ടക്ടര്‍ ആയി സേവനം അനുഷ്ടിക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം എന്ന വാക്കു പാലിച്ചു. ഒങ്ങനെ ഒട്ടനവധി അഴിച്ചു പണികള്‍.

ആലുവ കെഎസ്ആർടിസി ഡിപ്പോയിലേക്ക് വിളിച്ച് തങ്ങളുടെ ഡിപ്പോയിലെ ചങ്കായ ബസ്സിനെ തിരികെ തരാൻ അഭ്യർത്ഥിച്ച പെൺകുട്ടിയുടെ അപേക്ഷ എംഡി ടോമിൻ തച്ചങ്കരി കേൾക്കുകയും പ്രസ്തുത ബസ് ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തിരികെ നൽകുകയും ആ ബസ്സിന്‌ ‘ചങ്ക് ബസ്’ എന്ന് പേരിടുകയും ചെയ്തു.

കേരളത്തെ മൊത്തത്തിൽ ഞെട്ടിച്ച ആഗസ്ത് മാസത്തിലെ വെള്ളപ്പൊക്കത്തിൽ ഒത്തിരിയാളുകൾക്ക് രക്ഷകനായത് കെഎസ്ആർടിസിയാണ്. ദേശീയ ദുരന്ത സേനയോടൊപ്പമുള്ള കെഎസ്ആർടിസിയുടെ സേവനം മറക്കാനാവാത്തതാണ്.
ആവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും കളക്ട് ചെയ്ത് ഫ്രീ ആയി എത്തിച്ച് KSRTC കേരള ജനതയോടൊപ്പം ഉണ്ടായിരുന്നു. പ്രളയ കേരളത്തില്‍ ട്രയിന്‍ – വ്യോമ ഗതാഗതം തടസപ്പെട്ടെങ്കിലും ഗതാഗതയോഗ്യമായ എല്ലാ മേഖലയിലേക്കും KSRTC സര്‍വീസ് നടത്തി.

ഓണത്തിന് മാവേലി സര്‍വീസ് ആരംഭിച്ച് KSRTC പതിവ് പോലെ സേലം ഒഴിവാക്കി കുട്ട വഴി ബംഗളൂരു സർവ്വീസ് നടത്തുകയുണ്ടായി. എന്നാൽ ഓണത്തിന് കോട്ടയത്തിനപ്പുറം തെക്കന്‍ കേരളത്തിലേക്ക് മാവേലി എത്തിയില്ല. ആഗസ്റ്റ് മാസം ആലപ്പുഴക്കാര്‍ക്ക് സമ്മാനമായി ഓണ്‍ലെെന്‍ റിസര്‍വേഷന്‍ സംവിധാനം ആരംഭിച്ചു.

KSRTC യില്‍ സിങ്കിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കിയതും ആഗസ്റ്റ് മാസം തന്നെ ആയിരുന്നു. സെപ്റ്റമ്പര്‍ മാസം ജീവനക്കാര്‍ക്കുള്ള ബോണസ് വിതരണം ചെയ്തു. പതിവുപോലെ ആയിരുന്നില്ല ഈ വര്‍ഷത്തെ ശബരിമല സ്പെഷ്യല്‍ സര്‍വീസുകള്‍. അധികം ബസുകള്‍ ഇലക്ട്രിക് ബസുകള്‍, പോരാത്തതിന് ഓണ്‍ലെെന്‍ റിസര്‍വേഷന്‍, ഡിജിറ്റല്‍ ടിക്കറ്റിങ്ങ്, ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള ക്യാഷ്ലെസ് സംവിധാനം എന്നിവയെല്ലാം വിജയകരമായി നടപ്പിലാക്കി.

അഭിബസുമായി ചേര്‍ന്നു കൊണ്ട് പുതിയ റിസര്‍വേഷന്‍ സംവിധാനം നടപ്പിലാക്കി. പുതിയ സെെറ്റിനെ കുറിച്ച് അറിഞ്ഞു വരുന്നുണ്ടെങ്കിലും , വന്‍ പോരായ്മകള്‍ സെറ്റില്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ടെങ്കിലും വെബ്സെെറ്റ് കാണാന്‍ ഒരു ചന്തമൊക്കെയുണ്ട്…..! അതുപോലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഡെബിറ്റ് / ക്രഡിറ്റ് കാര്‍ഡ് സ്വൈപ്പിങ്ങ് സംവിധാനം ലഭ്യമാക്കി. ഇത് യാത്രക്കാര്‍ക്ക് മികച്ച ഒരു സൗകര്യം തന്നെയാണ് എന്നതും വാസ്തവം.

വര്‍ഷാവസാനം അടുക്കും തോറും കണ്ണീര്‍ കെെപ്പേറുന്ന വാര്‍ത്തകള്‍ ആയിരുന്നു നാം കാണേണ്ടി വന്നത്. ഹെെക്കോടതി ഉത്തരവ് പ്രകാരം എംപാനല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍. ഒപ്പം മെമ്മോ കിട്ടിയവര്‍ എത്രയും വേഗം ജോയിന്‍ ചെയ്യാനുള്ള ഓര്‍ഡറും പാസാക്കി….! കഴിവതും മിടുക്കരായ എംപാനല്‍ ജീവനക്കാരെ വീണ്ടും അക്കോമഡേറ്റ് ചെയ്യും എന്നു കരുതുന്നു.

AC സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വേണ്ടി കോട്ടയം, പത്തനംതിട്ട, കൊട്ടാരക്കര – ബംഗളൂരു സര്‍വീസുകള്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് മാറ്റിയത് ശുദ്ധ മണ്ടത്തരവും വന്‍ തോല്‍വിയും എന്നെ പറയാനാവൂ. സ്വകാര്യ ബസ് ലോബികളുടെ കഴുത്തറപ്പിന് ഒരു പരിധി വരെ ആശ്വാസം ആയി ക്രിസ്തുമസ് ന്യൂ ഈയര്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ വന്‍ വിജയമായി നടപ്പിലാക്കി …! സേലം വഴിയില്ല കുട്ട വഴി. കോട്ടയത്തിനപ്പുറം തെക്കന്‍ കേരളത്തിലേക്ക് KSRTC ക്രിസ്തുമസ് പാപ്പ എത്തിയില്ല എന്നതും വാസ്ഥവം മാത്രം..!

എന്തായാലും ക്രിസ്തുമസ്, ന്യൂയര്‍ സ്പെഷ്യല്‍ സര്‍വീസിന് പ്രത്യേകിച്ച് പേരൊന്നും ഇട്ടില്ല എന്നതും വളരെ കൗതുകം ഉളവാക്കി. അങ്ങനെ പുതുവര്‍ഷത്തെ വരവേല്‍ക്കാനായി നമ്മോടൊപ്പം KSRTC യും….! എല്ലാ KSRTC ജീവനക്കാര്‍ക്കും ടീം ആനവണ്ടിയുടെ ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും നന്മ നിറഞ്ഞ പുതു വര്‍ഷം ആശംസിക്കുന്നു……!

Nb: പലകാര്യങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിട്ടു പോയിട്ടുണ്ടെന്നറിയാം.സാദരം ക്ഷമിക്കുക.