ഒരേ റൂട്ടിൽ ട്രെയിൻ സർവ്വീസും (പാസഞ്ചർ ഒഴികെ) ബസ് സർവ്വീസും ഉണ്ടെങ്കിൽ ഏതായിരിക്കും എളുപ്പം എത്തുക? ഉത്തരം ട്രെയിൻ എന്നു തന്നെയായിരിക്കും (എവിടെയും പിടിച്ചിട്ടില്ലെങ്കിൽ). അതിപ്പോൾ വേഗതയുള്ള ട്രെയിനുകളാണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ ട്രെയിനുകളെക്കാളും മുന്നേ എത്തുന്ന ബസ് സർവ്വീസ് എന്ന പേരോടെ സർവ്വീസ് ആരംഭിച്ചതാണ് കെഎസ്ആർടിസിയുടെ അതിവേഗ സർവ്വീസുകളായ മിന്നൽ ബസ്സുകൾ.
വെറുംവാക്കല്ല കെഎസ്ആർടിസി ഈ സർവ്വീസിനെക്കുറിച്ച് പറഞ്ഞതെന്ന് കഴിഞ്ഞയാഴ്ച എല്ലാവർക്കും ശരിക്കു മനസ്സിലായി. തിരുവനന്തപുരം – പാലക്കാട് റൂട്ടിലോടുന്ന മിന്നൽ ഡീലക്സ് ബസ്സിനു മുന്നിൽ കഴിഞ്ഞ ദിവസം തോറ്റത് ഇതേ റൂട്ടിലോടുന്ന അമൃത എക്സ്പ്രസ്സാണ്. മിന്നലിന്റെ റണ്ണിങ് സമയത്തിനു മുന്നിലാണ് അമൃത എക്സ്പ്രസ്സ് പിന്നിലായിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ വഴിയാണ് മിന്നൽ ബസ് പാലക്കാട് എത്തിച്ചേരുന്നത്.
വിശദമായി നോക്കുകയാണെങ്കിൽ രാത്രി 9.30 നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന പാലക്കാട് മിന്നൽ ബസ് പിറ്റേന്നു വെളുപ്പിന് നാലുമണിയോടെ പാലക്കാട് എത്തിച്ചേരും. എന്നാൽ ഇതിലും ഒരു മണിക്കൂർ മുൻപേ പുറപ്പെടുന്ന (8.30 pm) അമൃത എക്സ്പ്രസ്സ് പിറ്റേന്ന് രാവിലെ ആറുമണിയ്ക്ക് ശേഷമേ പാലക്കാട് എത്തുകയുള്ളൂ. അതായത് തിരുവനന്തപുരം – പാലക്കാട് റൂട്ടിൽ വെറും ആറരമണിക്കൂർ കൊണ്ട് മിന്നൽ എത്തുമ്പോൾ ഇതിനായി അമൃത എക്സ്പ്രസ്സ് എടുക്കുന്നത് ഒൻപതര മണിക്കൂറിനു മേൽ ആണ്. ഇതുകൂടാതെ രാത്രി 10.45 നു എടുക്കുന്ന മിന്നൽ ബസ്സും അമൃത എക്സ്പ്രസിന് മുൻപായി പാലക്കാട് എത്തും. ഈ റൂട്ടിലെ സൂപ്പർഫാസ്റ്റ് സർവ്വീസുകളും അമൃത എക്സ്പ്രസ്സിനു മുൻപേ പാലക്കാട് എത്തുന്നുണ്ട് എന്നൊരു രസകരമായ സംഗതി കൂടിയുണ്ട്.
തിരുവനന്തപുരം – മധുര റൂട്ടിൽ യാത്രാസേവനം നൽകുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് അമൃതാ എക്സ്പ്രസ്സ്. നിലമ്പൂർ രാജ്യറാണിയുമായി വേർപെടുത്തിയതോടെ അമൃത എക്സ്പ്രസ്സ് ഇപ്പോൾ ഷൊർണ്ണൂർ സ്റ്റേഷനിൽ കയറുന്നില്ല. എന്നാൽ ഷൊർണ്ണൂർ സ്റ്റേഷൻ ഒഴിവാക്കി പോകുന്നതിന്റെ സമയലാഭം ആർക്കും ലഭിക്കുന്നില്ലെന്നാണ് സത്യം. തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് പ്രധാന സ്‌റ്റേഷനുകളിലെ സമയം: തിരുവനന്തപുരം-രാത്രി 8.30, കൊല്ലം-9.32, കോട്ടയം-11.30, എറണാകുളം ടൗണ്‍-01.15, ത്യശൂര്‍-2.30, പാലക്കാട് ജങ്ഷന്‍-രാവിലെ 6.10, പൊളളാച്ചി-7.55, പഴനി- 9.30, മധുര-ഉച്ചക്ക് 12.15.
ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിൽ ആരംഭിച്ച കെഎസ്ആർടിസി സർവീസാണ് മിന്നൽ. രാത്രികാലങ്ങളിലാണ് മിന്നലുകൾ കൂട്ടത്തോടെ നിരത്തുകൾ കയ്യടക്കുന്നത്. എത്ര ബ്ലോക്കുകൾ ഉണ്ടായാലും പരമാവധി അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് സമയത്ത് സ്ഥലത്തെത്തിക്കും എന്നൊരു വിശ്വാസം മിന്നലിനു മേൽ യാത്രക്കാർക്ക് ഉണ്ട്. ആ വിശ്വാസം ഇതേവരെ മിന്നൽ കാത്തു സൂക്ഷിച്ചിട്ടേയുള്ളൂ.