ഈ ഓണക്കാലത്ത് ബെംഗളൂരു സർവ്വീസുകളുമായി കെഎസ്ആർടിസി

ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 25.08.2020 മുതൽ 06.09.2020 വരെ കെ.എസ്.ആർ.ടി.സി കർണാടകത്തിലേക്കുള്ള അന്തർ സംസ്ഥാനസർവീസുകൾ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം End to End വ്യവസ്ഥയിലാണ് ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റായ online.keralartc.com ലൂടെ ലഭ്യമാക്കുന്നത്. ഓഗസ്റ്റ് 15 മുതൽ ബുക്കിംഗ് ഓപ്പൺ ആയിട്ടുണ്ട്.

കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കാൻ ടിക്കറ്റ് റിസർവ്വ് ചെയ്യുന്ന യാത്രക്കാർ ബാദ്ധ്യസ്ഥരായിരിക്കും. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ http://covid19jagratha.kerala.nic.in രജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ കേരളത്തിലേക്കുള്ള യാത്രാ പാസ്സ് ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ.

യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ ഏതെങ്കിലും സർവ്വീസ് റദ്ദാക്കേണ്ടുന്ന സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്. യാത്രാ ദിവസം കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ ബാദ്ധ്യസ്ഥരാണ്. ഏതെങ്കിലും യാത്രക്കാരൻ ഇതിന് വിസമ്മതിക്കുന്ന പക്ഷം ടിക്കറ്റ് ചാർജ്ജ് റീഫണ്ട് ചെയ്ത് നൽകുന്നതാണ്.

യാത്രക്കാർ യാത്രയിലുടനീളം മാസ്ക്ക് നിർബ്ബസമായും ധരിക്കേണ്ടതാണ്. യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് മുൻപായി തങ്ങളുടെ മൊബൈലിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏതെങ്കിലും സാഹചര്യത്തിൽ യാത്രാനുമതി നിഷേധിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്ത് നൽകുന്നതാണ്.

ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ ഇനി പറയുന്നവയാണ് 15:00 തിരുവനന്തപുരം – ബാംഗ്ലൂർ (പാലക്കാട് – സേലം), 17:30 കോട്ടയം – ബാംഗ്ലൂർ (പാലക്കാട് – സേലം), 17:31 പത്തനംതിട്ട – ബാംഗ്ലൂർ (പാലക്കാട് – സേലം), 16:45 എറണാകുളം – ബാംഗ്ലൂർ (കുട്ട), 20:00 തൃശ്ശൂർ – ബാംഗ്ലൂർ (പാലക്കാട് – സേലം), 21:00 പാലക്കാട് – ബാംഗ്ലൂർ ( സേലം), 07:35 കണ്ണൂർ – ബാംഗ്ലൂർ (വിരാജ്പേട്ട), 08:00 കോഴിക്കോട് – ബാംഗ്ലൂർ (സുൽത്താൻ ബത്തേരി), 20:30 കാസർഗോഡ് – ബാംഗ്ലൂർ (സുള്ള്യ, മെർക്കാറ, മൈസൂർ).

ബാംഗ്ലൂരിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവ്വീസുകൾ 15:30 തിരുവനന്തപുരം (കോഴിക്കോട്), 15:45 കോട്ടയം (സേലം – പാലക്കാട്), 19:32 പത്തനംതിട്ട (സേലം – പാലക്കാട്), 19:00 എറണാകുളം (കുട്ട), 20:00 തൃശ്ശൂർ (സേലം – പാലക്കാട്), 21:00 പാലക്കാട് ( സേലം), 09:05 കണ്ണൂർ (വിരാജ്പേട്ട), 23:45 കോഴിക്കോട് (സുൽത്താൻ ബത്തേരി), 20:30 കാസർഗോഡ് ( മൈസൂർ, മെർക്കാറ, സുള്ള്യ) എന്നിവയാണ്.

കോവിഡ് കാലത്ത് പലയിടങ്ങളിലായി മലയാളികൾ ഇപ്പോഴും പെട്ടു കിടക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും ബെംഗളൂരു ആയതിനാലും, ബെംഗളുരുവിലേക്ക് കെഎസ്ആർടിസിയ്ക്ക് നിലവിൽ സർവ്വീസുകൾ നിലനിൽക്കുന്നതിനാലുമാണ് ഈ അവസരത്തിൽ ഇത്തരം സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് KSRTC അധികൃതർ അറിയിച്ചു. സർക്കാർ അനുമതി ലഭിക്കുന്നതനുസരിച്ച് ചെന്നൈയിലേക്കും, അവിടുന്ന് തിരിച്ചും സ്പെഷ്യൽ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യാൻ ശ്രമിക്കുമെന്നും സൂചനയുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ, കവർ ചിത്രം – Ashif Sha.