ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ ആവശ്യാനുസരണം സർവ്വീസുകൾ നടത്തും

ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ നടത്തും. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ ആ​ഗസ്റ്റ് 19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽ നിന്നും ആവശ്യമായ സർവ്വീസുകൾ നടത്തും.

ദീർഘ ദൂര സർവ്വീസുകളിൽ മുൻകൂർ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി അവധി തുടങ്ങുന്നതിന്റെ തലേ ദിവസമായ 18 ന് യാത്രക്കാരുടെ തിരക്കനുസരിച്ച് മുഴുവൻ സർവ്വീസുകളും നടത്തും. ആ​ഗസ്റ്റ് 15, 22 ഞാറാഴ്ച ദിവസങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ യാത്രക്കാരുടെ തിരക്കനനുസരിച്ച് ആവശ്യമായ സർവ്വീസ് നടത്തും.

ഉത്രാട ദിവസമായ 20 തിന് ഹെഡ് ക്വാർട്ടേഴ്സ് ഡി.റ്റി.ഒ മാർ അതാത് ഹെ‍ഡ് ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് സർവ്വീസുകൾ ക്രമീകരിക്കുകയും, പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇൻസ്പെക്ടർമാരെ വിന്യസിച്ച് സർവ്വീസുകൾ നിയന്ത്രിക്കുകയും ചെയ്യും. കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ ദീർഘദൂര ബസുകൾ END to END ഫെയർ നിരക്കിൽ കൂടുതൽ സർവ്വീസുകൾ നടത്തും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ പ്രധാന യൂണിറ്റുകളിൽ നിന്നും യാത്രാക്കാരുടെ ആവശ്യപ്രകാരം കൂടുതൽ സർവ്വീസുകൾ നടത്തും.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേക്കും തിരക്കനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തും. അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിക്കുവാൻ സാഹചര്യം ഉണ്ടാകുന്ന പക്ഷം പൂർണ്ണമായി ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തുകയും END to END ഫെയർ വ്യവസ്ഥയിൽ ഓപ്പറേറ്റ് ചെയ്യുകയും ചെയ്യും. യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായി ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799. സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972.