കെഎസ്ആർടിസി ബസ് വിവാഹദിവസം വാടകയ്ക്ക് എടുത്ത സംഭവങ്ങൾ നമ്മൾ കുറെ കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ വരനും വധുവും കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ചതും വൈറലായി മാറിയതാണ്. എന്നാൽ ഇതിൽ നിന്നുമൊക്കെ ഒരൽപം വ്യത്യസ്തത കൈവരിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെ ഒരു വിവാഹ ക്ഷണക്കത്ത്. വേറൊന്നുമല്ല, കെഎസ്ആർടിസിയുടെ റിസർവേഷൻ ടിക്കറ്റിന്റെ രൂപത്തിലാണ് ഈ വെഡ്ഡിംഗ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ വാകയാർ സ്വദേശിനി വിജിമോളുടെയും ന്യൂഡൽഹി സ്വദേശി മനീഷിന്റെയും വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇത്തരത്തിൽ വ്യത്യസ്തമായി തയ്യാറാക്കിയിരിക്കുന്നത്. വിവാഹക്ഷണക്കത്തിൽ എന്തെങ്കിലും വെറൈറ്റി വേണമെന്ന ആഗ്രഹത്താൽ വധുവിന്റെ സഹോദരനും ആനവണ്ടി ബ്ലോഗ് ബെംഗളൂരു ഘടകം അംഗവുമായ ജോമോൻ വാലുപുരയിടത്തിലിൻ്റെ മനസ്സിലുദിച്ച ആശയമാണ് ഈ വിവാഹ ക്ഷണക്കത്ത്. ഐഡിയ വീട്ടുകാരോടും സഹോദരിയോടുമൊക്കെ പറഞ്ഞപ്പോൾ അവരും ഹാപ്പി. അങ്ങനെ ജോമോൻ തൻ്റെ സുഹൃത്തും നെടുമങ്ങാട് സ്വദേശിയുമായ വിനായക് ശങ്കറിനെ ബന്ധപ്പെടുകയും ഈ കാര്യം അവതരിപ്പിക്കുകയും ചെയ്തു.
പ്രൊഫഷണൽ ഡിസൈനറായ വിനായക് ഇതിനു മുൻപും ഇത്തരത്തിൽ വിവാഹ ക്ഷണക്കത്തുകൾ തയ്യാറാക്കി കൊടുത്തിട്ടുള്ളതാണ്. 2017 ൽ എറണാകുളം സ്വദേശിയായ പ്രശാന്തിന്റെ വിവാഹ ക്ഷണക്കത്ത് കെഎസ്ആർടിസി ടിക്കറ്റിന്റെ രൂപത്തിൽ തയ്യാറാക്കിയാണ് വിനായക് എല്ലാവരുടെയും മനസ്സു കവർന്നത്. ആ ടിക്കറ്റ് അന്ന് മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. കെഎസ്ആർടിസി ഉദ്യോഗസ്ഥർ വരെ വിനായകിനെ അഭിനന്ദിക്കുകയുമുണ്ടായി. ഈ എക്സ്പീരിയൻസ് വെച്ചാണ് ഇപ്പോൾ വെഡ്ഡിംഗ് കാർഡ് റിസർവേഷൻ ടിക്കറ്റിൻ്റെ രൂപത്തിൽ തയ്യാറാക്കിയത്. കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകളിൽ ചെന്ന് നേരിട്ടു ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റിന്റെ മാതൃകയിലാണ് വിനായക് പുതിയ വെഡ്ഡിംഗ് കാർഡ് ഉണ്ടാക്കിയിരിക്കുന്നത്.
മുകളിൽ ‘കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ’ എന്നതിനു പകരം ‘കേരള സ്റ്റേറ്റ് വെഡ്ഡിംഗ് ഇൻവിറ്റേഷൻ’ എന്നാണു കാർഡിൽ കൊടുത്തിരിക്കുന്നത്. വധൂവരന്മാരുടെ പേരുകളും, വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വിവരങ്ങളും, തീയതിയും സമയവുമെല്ലാം മനോഹരമായി തന്നെ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബോർഡിംഗ് പോയിന്റ് ആയി വധുവിന്റെ നാടായ ‘പത്തനംതിട്ട’യും, ഡെസ്റ്റിനേഷൻ പോയിന്റായി വരന്റെ നാടായ ‘ന്യൂഡൽഹി’യുമാണ് കൊടുത്തിരിക്കുന്നത്. ഇതുകൂടാതെ കാർഡിൽ ആനവണ്ടി ബ്ലോഗ്, കെഎസ്ആർടിസി തുടങ്ങിയവയുടെ ചിഹ്നങ്ങളും ചേർത്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഒരു വിവാഹ ക്ഷണക്കത്തായി തോന്നിക്കാത്ത വിധം വളരെ സൂക്ഷ്മമായാണ് വിനായക് ഈ കാർഡ് തയ്യാറാക്കിയിരിക്കുന്നത്.
വധുവിന്റെ സഹോദരനായ ജോമോൻ ഈ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം ഈ കരവിരുത് അറിയുന്നത്. താമസിയാതെ തന്നെ ഇത് വൈറലുമായി. ജൂൺ 27 നു വാകയാർ സെന്റ് മേരീസ് പള്ളിയിൽ വെച്ചാണ് മനീഷിന്റെയും വിജിമോളുടെയും വിവാഹം. സൗദിയിൽ നഴ്‌സായ വിജിമോൾ ജൂലൈ 11 നാണു നാട്ടിൽ വരുന്നത്. അതിനു മുൻപേതന്നെ വിവാഹക്ഷണക്കത്ത് വൈറലായി മാറിയതിന്റെ അമ്പരപ്പിലാണ് വധു ഇപ്പോൾ. എന്തായാലും കെഎസ്ആർടിസി ഇപ്പോൾ വിവാഹങ്ങളിൽ താരമായി മാറിയിരിക്കുകയാണ്. കുറ്റങ്ങളും കുറവുകളും ഏറെയുണ്ടെങ്കിലും മലയാളികൾക്ക് കെഎസ്ആർടിസി അഥവാ ആനവണ്ടി എന്നത് ഒരു വികാരം തന്നെയാണ്.
ഡിസൈനിംഗ് – വിനായക് ശങ്കർ (Creativo Design Media).