കെഎസ്ആർടിസി ബസ്സിൽ യാത്ര പോകുവാൻ ഇഷ്ടപ്പെടാത്ത സഞ്ചാര പ്രേമികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല. ഗവിയും, വയനാടും, മലക്കപ്പാറയുമൊക്കെ ധാരാളം ആളുകൾ കെഎസ്ആർടിസിയിൽ കറങ്ങുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അധികമാരും അറിയാത്ത ഒരു കെഎസ്ആർടിസി സ്റ്റേ സർവ്വീസിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. ആനവണ്ടി പ്രേമികൾക്ക് ഈ സർവ്വീസിനെക്കുറിച്ച് അറിയാനിടയുണ്ട്, എങ്കിലും സാധാരണക്കാരായ സഞ്ചാരികൾക്ക് ചിലപ്പോൾ ഇങ്ങനെയൊരു സർവ്വീസ് ഉള്ള കാര്യം അറിവില്ലായിരിക്കും. അവർക്കു വേണ്ടിയാണ് ഈ വിവരണം.
എല്ലാവരും പൊതുവെ ട്രിപ്പ് പോകുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്നാൽ മൂന്നാറിനുമപ്പുറം നല്ല സ്വയമ്പൻ കാഴ്ചകൾ ഒരുക്കിവെച്ചിരിക്കുന്ന ചില ഗ്രാമങ്ങൾ കൂടിയുണ്ടെന്ന കാര്യം എത്രയാളുകൾക്ക് അറിയാം? അത്തരത്തിലൊരു സ്ഥലമാണ് മൂന്നാറിൽ നിന്നും ഏകദേശം 40 – 45 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ‘പയസ് നഗർ’ എന്ന ഗ്രാമം. ശർക്കരയ്ക്കും ചന്ദന മരങ്ങൾക്കും പ്രശസ്തമായ മറയൂരിൽ നിന്നും ഏകദേശം 6 കിലോമീറ്ററാണ് പയസ് നഗറിലേക്കുള്ള ദൂരം. ഇനി ഇവിടേക്ക് സർവ്വീസ് നടത്തുന്ന ഒരു കെഎസ്ആർടിസി ബസ് സർവ്വീസിനെ പരിചയപ്പെടാം.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പയസ് നഗറിലേക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് സർവ്വീസ് നടത്തുന്നുണ്ട്. എറണാകുളത്തു നിന്നും ദിവസേന ഉച്ചയ്ക്ക് 1.40 നു പുറപ്പെടുന്ന ബസ് കലൂർ, ഇടപ്പള്ളി, കളമശ്ശേരി വഴി ആലുവയിൽ ഉച്ചയ്ക്ക് 2.20 നു എത്തുകയും, അവിടെ നിന്നും പെരുമ്പാവൂർ (2.50 pm), കോതമംഗലം (3.20 pm), നേര്യമംഗലം (3.55 pm), അടിമാലി (4.50 pm), ആനച്ചാൽ (5.35 pm) വഴി മൂന്നാറിൽ വൈകുന്നേരം 6.10 ഓടെ എത്തിച്ചേരുകയും ചെയ്യും. മൂന്നാറിൽ നിന്നും മറയൂർ (8.25 pm), കോവിൽക്കടവ് (8.35 pm) വഴി പയസ് നഗറിൽ രാത്രി 8.40 നാണു ഈ ബസ് എത്തിച്ചേരുന്നത്.
ഈ ബസ് ഒരു സ്റ്റേ സർവ്വീസ് ആണെന്ന കാര്യം മറക്കല്ലേ. പയസ് നഗറിലും പരിസരപ്രദേശങ്ങളിലുമായി കുറച്ചു ഹോംസ്റ്റേകളും മറ്റും താമസ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഒന്നുകിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടു പോകുക. അല്ലെങ്കിൽ ബസ് ജീവനക്കാരോട് തിരക്കിയാലും മതി. കൂടാതെ അവിടെ ഒരു കോൺവെന്റ് സ്ഥിതി ചെയ്യുന്നുണ്ട്. ചിലപ്പോൾ താമസ സൗകര്യം അവിടെ ലഭിച്ചേക്കാം. ഈ വിവരമെല്ലാം ഒന്നന്വേഷിച്ചിട്ടു പോകുന്നതായിരിക്കും നല്ലത്.
രാത്രി പയസ് നഗറിൽ വിശ്രമിക്കുന്ന ഈ ബസ് പിറ്റേദിവസം രാവിലെ 6.25 നു തിരികെ എറണാകുളത്തേക്ക് പുറപ്പെടും. വന്ന വഴിയേ തന്നെ യാത്ര ചെയ്തു ഉച്ചയ്ക്ക് 12.50 ഓടെ ബസ് എറണാകുളത്ത് എത്തിച്ചേരും. ചുമ്മാ ഒരു യാത്ര മാത്രമാണ് നിങ്ങളുടെ പ്ലാനെങ്കിൽ രാവിലെ ഇതേ ബസ്സിൽ തിരികെപ്പോരാം. അതല്ല, അവിടെ ഒരു ദിവസം തങ്ങണമെങ്കിൽ അതും ആകാം. ഈ ബസ് കൂടാതെ കെഎസ്ആർടിസിയുടെ ഏതാനും ചില സർവ്വീസുകൾ (ആലുവ – കാന്തല്ലൂർ, മറയൂർ – കാന്തല്ലൂർ, etc.) ഇതുവഴി ലഭ്യമാണ്. കെഎസ്ആർടിസി സമയവിവരങ്ങൾ അറിയുവാൻ : https://bit.ly/2SfayMl . പോകുന്നതിനു മുൻപ് ഡിപ്പോയിൽ വിളിച്ചു സർവ്വീസ് ഓടുന്നുണ്ടോയെന്നു ഒന്നു ഉറപ്പു വരുത്തുന്നത് നല്ലതാണ്. കെഎസ്ആർടിസി കൂടാതെ ഏതൊക്കെയോ പ്രൈവറ്റ് ബസ്സുകളും പയസ് നഗർ വഴി സർവ്വീസ് നടത്തുന്നുണ്ട്. അവയുടെ സമയവിവരങ്ങൾ ലഭ്യമല്ല. അതല്ലെങ്കിൽ ജീപ്പ് സർവ്വീസുകളും കിട്ടിയേക്കാം.
കാന്തല്ലൂർ പഞ്ചായത്തിൽപ്പെട്ട ഒരു സ്ഥലമാണ് പയസ് നഗർ. മറയൂരിൽ നിന്നും കാന്തല്ലൂരിലേക്കുള്ള വഴിയിലാണ് കോവിൽക്കടവ് സ്ഥിതി ചെയ്യുന്നത്. കോവിൽക്കടവിൽ നിന്നും കാന്തല്ലൂർ റൂട്ടിൽ വീണ്ടും മുന്നോട്ടു പോകുമ്പോൾ ചുരം പോലെയുള്ള റോഡും ആനക്കൊട്ടപ്പാറ പാർക്കും കാണാം. കുറച്ചു കൂടി മുന്നോട്ടു പോയാൽ പയസ് നഗർ ചെക്ക് പോസ്റ്റ് ആയി. പയസ് നഗറിലും പരിസരങ്ങളിലുമാണ് പ്രാചീനമായ മുനിയറകൾ അധികമായി കണ്ടു വരുന്നത്.
കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് പയസ് നഗർ ഉൾപ്പെടുന്ന കാന്തല്ലൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്‌തമാണ്.
കവർചിത്രം – ആൽബിൻ പാലക്കാട്.