കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി എത്തിക്കുന്നതിൽ വീഴ്ച വരാത്ത കാലം ഉണ്ടായിരുന്നെങ്കിൽ അത് ടോമിൻ തച്ചങ്കരി എംഡിയായിരുന്ന സമയത്തായിരുന്നു. കെഎസ്ആർടിസിയെ കടക്കെണിയിൽ നിന്നും കരകയറ്റുവാനായി ഒട്ടേറെ മാറ്റങ്ങൾ നടപ്പിലാക്കിയ സമയത്ത് ജീവനക്കാർക്കെല്ലാം അതൃപ്തി ഉണ്ടായിരുന്നെങ്കിലും തച്ചങ്കരി സ്ഥാനത്തു നിന്നും പോയതോടെയാണ് അദ്ദേഹത്തിൻ്റെ വില എല്ലാവരും മനസിലാക്കിയത്.
ഇപ്പോൾ തച്ചങ്കരിയെ തിരികെ കെഎസ്ആർടിസി എംഡി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ് ഭൂരിഭാഗം കെഎസ്ആർടിസി ജീവനക്കാരും. സോഷ്യൽ മീഡിയയിലൂടെയാണ് ജീവനക്കാർക്കിടയിലെ ഈ അഭിപ്രായം പങ്കുവെയ്ക്കപ്പെടുന്നത്. അത്തരത്തിൽ ഷെയർ ചെയ്യപ്പെട്ട് വൈറലായി മാറിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു.
” KSRTC യെ സ്നേഹിക്കുന്നവർക്ക് വേണ്ടി കാലം കരുതി വെച്ച കരുത്തനായ എക്കാലത്തെയും മികച്ച CMD ബഹു: ടോമിൻ തച്ചങ്കരി സർ, അങ്ങ് ഉണ്ടായിരുന്ന 10 മാസം എന്തൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും കൃത്യമായി ശബളം തന്നു, അടിസ്ഥാന വർഗ്ഗതൊഴിലാളികളായ ഞങ്ങളുടെ അഭിമാനം ഉയർത്തി പിടിക്കാൻ വേണ്ടതെല്ലാം അങ്ങ് ചെയ്തു. കിട്ടാൻ ബുദ്ധിമുട്ടിയിരുന്ന പെഴ്സണൽ ലോൺ രണ്ടിരട്ടിയാക്കി കിട്ടാൻ വേണ്ട നടപടി എടുത്തു സഹായിച്ചു.
രണ്ട് വർഷക്കാലം തുടരെ ശമ്പളം മുടക്കി എപ്പോഴങ്കിലും തന്ന് മുൻ CMD മാർ പരിഷ്കാരങ്ങൾ നടത്തി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി ലോൺ കുടിശ്ശികയാക്കി പിഴപലിശ കൊടുപ്പിച്ചു. വാടകയ്ക്ക് താമസിക്കുന്നവർക്ക് കൃത്യമായി വാടക നൽകാനോ കുട്ടികളുടെ ഫീസുകൾ കൃത്യമായി കൊടുക്കാനോ കഴിയാതാക്കി. മറ്റു കുടുബ ചിലവുകളുമായി ബന്ധപ്പെട്ടുള്ള പണം കൊടുക്കാനുള്ളവർക്ക് സമയത്ത് കൊടുക്കാനോ കഴിയാതാക്കി.ഈ പ്രവർത്തികളിലൂടെ സമൂഹത്തിൽ അഭിമാനക്ഷതമുണ്ടാക്കി പരിഹാസിരാക്കി മാറ്റി.
ഈ മാനസിക പീഠനങ്ങൾ തുടർന്ന് വന്ന അവസരത്തിലാണ്, അങ്ങയുടെ വരവ്. അതോടെ ഈ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു. പണിയെടുത്തതിന്റെ കൂലി സമയത്ത് കിട്ടുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല സാറെ. അങ്ങ് പോയതിന് ശേഷം വീണ്ടും ശമ്പളം കിട്ടുമോ എന്നു പോലും അറിയാത്ത ആശങ്കയിലാണ് ഞങ്ങൾ. സ്വന്തം അനധികൃതസുഖങ്ങൾ നഷ്ടപെട്ടവർ സംയുക്തരായി മാറി അങ്ങയെ ഓരിയിട്ട് ഓടിച്ചു.
അങ്ങയെ ഓടിച്ചവർ ഞങ്ങളുടെ അർഹതപെട്ട ശമ്പളം കിട്ടാതാക്കിയും, നിയമവിരുദ്ധ ഡൂട്ടികൾ അടിച്ചേൽപിച്ചും, സായൂജ്യം അടയുന്നു. മാനസിക പീഠനങ്ങളുടെ പുതിയ ലോകത്തേക്ക് ഞങ്ങളെ തള്ളിവിട്ട് പുറമെ ഒന്ന് മറിഞ്ഞില്ലെന്ന ന്യായീകരണവുമായി പരിഹാസചിരിയുമായി നടക്കുന്നു.
ഇതിനെല്ലാം അവസാനം കുറിക്കാൻ, KSRTC രക്ഷിക്കാൻ, ശമ്പളം കൃത്യമായി തരാൻ, അഭിമാനം സംരംക്ഷിക്കാൻ, സർ വീണ്ടും ഞങ്ങളുടെ അഭിമാനമായി KSRTC യുടെ CMD യായി വരണം. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്ന് , അടിസ്ഥാന വർഗ്ഗ തൊഴിലാളികൾ.
കെഎസ്ആർടിസിയുടെയും ജീവനക്കാരുടെയും അഭിമാനം രക്ഷിക്കുവാൻ, വീണ്ടും എംഡി സ്ഥാനത്തേക്ക് തച്ചങ്കരി മാസ്സ് എൻട്രിയുമായി കയറി വരുമോയെന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. നല്ലൊരു വാർത്തയ്ക്കായി നമുക്ക് കാത്തിരിക്കാം.