എഴുത്ത് – സുജിത്ത് എസ് പിള്ള ചേപ്പാട്.
ആദ്യം വെറുത്തെങ്കിലും പിന്നീട് സ്നേഹിച്ചു. ഞാന്‍ സുജിത്ത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് ചേപ്പാട് ആണ് സ്വദേശം. 4 വര്‍ഷത്തോളമായി കോഴിക്കോട് ജോലി ചെയ്യുന്നു. കാശ് അധികം ആണെങ്കിലും എല്ലാ യാത്രയും നമ്മുടെ സ്വന്തം ആനവണ്ടിയില്‍ തന്നെ. കഴിഞ്ഞ മാസം അതായത് ഏപ്രില്‍ 23ന് ആനവണ്ടിയില്‍ നിന്നും ഉണ്ടായ അനുഭവം ആണ് ഞാന്‍ വിവരിക്കുന്നത്. നാട്ടില്‍ അത്യാവശ്യമായി പോകേണ്ട സാഹചര്യം വന്നതിനാല്‍ 22ന് രാത്രിയില്‍ കോഴിക്കോട് നിന്നും നാട്ടിലേക്ക് ആനവണ്ടിയില്‍ യാത്ര പോയിരുന്നു. ഇലക്ഷന് തിരക്ക് കണക്കിലെടുത്ത് അപ് ആന്‍ഡ് ഡൗണ്‍ ടിക്കറ്റ് ഒരേ ബസില്‍ തന്നെ എടുത്തിരുന്നു. താമരശേരി ഡിപ്പോയുടെ ‘താമരശേരി – തിരുവനന്തപുരം’ സൂപ്പര്‍ എക്സ്പ്രെസ് ആണ് ബുക്ക് ചെയ്തത്.
രാത്രി 10.30 ആയപ്പോള്‍ ബസ് കോഴിക്കോട് എത്തി. സാധാരണ ബസ് പുറപ്പെടുന്നതിന് മുന്‍പ് ക്രൂ മെസേജ് വരുന്നതാണ് ഇത്തവണ വന്നില്ല. എങ്കിലും കൃത്യ സമയം സ്റ്റാന്‍ഡില്‍ എത്തി ബസ് കിട്ടി. താമരശേരിയുടെ ATC 94 ആണ് ബസ്. തിരുവനന്തപുരത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ച അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ച ബസാണ്. പക്ഷേ ബസ് പുതിയതുപോലെ. ആദ്യം ബസ് ഏതാണെന്ന് മനസിലായില്ല. ഒരു ആനവണ്ടി പ്രാന്തന് എന്ന നിലക്ക് ഒരു സെല്‍ഫി എടുത്ത് ആനവണ്ടി ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്തു. അപ്പോള്‍ കൂട്ടുകാരാണ് ബസ് ഏതാണെന്ന് പറഞ്ഞത്. ബസ് റീബിള്‍ഡ് ചെയ്ത് ഇറക്കിയിട്ടേയുള്ളൂ.
കോഴിക്കോട് നിന്നും യാത്ര തുടര്‍ന്നു. എടപ്പാള്‍ എത്തിയപ്പോള്‍ രാത്രി ഭക്ഷണത്തിന് സ്റ്റേ. അതിനിടയില്‍ തകര്ത്ത്പിടിച്ച് മഴ തുടങ്ങി. കുറച്ച് കഴിഞ്ഞ് ബസ് യാത്ര തുടര്‍ന്നു. 10- 15 മിനിട്ട് കഴിഞ്ഞപ്പോള്‍ ബസിന്റെ 2 എയര്‍വെന്റ് വഴിയും അകത്തേക്ക് വെള്ളം വീഴുന്നു. എനിക്ക് ബാക്കിലെ എയര്‍വെന്റിന് തൊട്ടുതാഴത്തെ സീറ്റാണ് കിട്ടിയത്. മഴവെള്ളം വളരെ ശക്തിയായി സീറ്റിലേക്ക് വീണുകൊണ്ടേയിരുന്നു. മുന്പിലെ എയര്‍വെന്റിന് താഴെയുള്ള സീറ്റിലെ യാത്രക്കാരും പിന്‍വശത്തെ എയര്‍വെന്റിന് താഴെ ഞാനടക്കമുള്ള യാത്രക്കാരും എഴുന്നേറ്റ് നിന്നു. ചിലര്‍ കണ്ടക്ടറോട് പോയി പരാതി പറഞ്ഞു. അദ്ദേഹം വന്ന് നോക്കിയിട്ട് കണ്ടക്ടര്‍ ഇരുന്ന സീറ്റ് ഒരു യാത്രക്കാരന് തരപ്പെടുത്തി.
ഇലക്ഷന് ആയതുകൊണ്ടാകാം ബസ് സീറ്റിങ്ങ് ആളായിരുന്നു. ഞാനും പരാതി പറയാന്‍ ഇറങ്ങിയെങ്കിലും കണ്ടക്ടറോടോ ഡ്രൈവറോടോ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായി. എഴുന്നേറ്റ് നിന്ന് തന്നെ യാത്ര തുടര്‍ന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും മഴയുടെ ശക്തി കൂടി വന്നു അപ്പോള്‍ അതാ അടുത്ത പണി. വണ്ടിയുടെ വിന്‍ഡോകളുടെ മുകളിലെ ഗ്ലാസ് പാനലുകള്‍ വഴി മഴവെള്ളം അകത്തേക്ക് ഒഴുകുന്നു. കര്ട്ടന് ഒരു പരിധി വരെ മഴയെ തടഞ്ഞു പക്ഷേ അതിനും പരിധിയില്ലേ… കര്ട്ടന് മുഴുവന്‍ നനഞ്ഞ് അകത്തേക്ക് വെള്ളം ശക്തിയായി ഒഴുകി. പ്ലഗ് പോയിന്റ് അടക്കം നനഞ്ഞാണ് വെള്ളം ഒഴുകുന്നത്. അപ്പോഴേക്കും കണ്ടക്ടറുടെ അടുത്ത് പരാതികളുടെ പ്രവാഹം. അദ്ദേഹം എന്ത് ചെയ്യാന്‍. എല്ലാവരേയും സമാധാനിപ്പിച്ച് അവരവരുടെ സീറ്റില്‍ ഇരുത്താന്‍ കണ്ടക്ടര്‍ പാടുപെട്ടു.
എന്തായാലും തൃശൂര്‍ ആയപ്പോഴേക്കും മഴ കുറഞ്ഞു വന്നു. പിന്നെ എറണാകുളം വരെ ചെറിയ ചാറ്റല്‍. മഴയുടെ ശക്തി കുറഞ്ഞതുകൊണ്ട് അകത്തേക്ക് മഴവെള്ളം ഒഴുകുന്നതും കുറഞ്ഞു. ഹരിപ്പാട് എത്തിയപ്പോള്‍ കണ്ടക്ടറോട് കാര്യം പറഞ്ഞ് ഇറങ്ങി. ”തിരിച്ചും ഇതേ ബസിലാണ് ടിക്കറ്റ്. ഞാന്‍ ഇവിടെ നിന്നേ കയറുകയുള്ളൂ.” എന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചു. നാട്ടില്‍ പോയ അത്യാവശ്യങ്ങള്‍ എല്ലാം സാധിച്ചു വോട്ടും ചെയ്തു തിരിച്ച് രാത്രിയില്‍ ഹരിപ്പാട് വന്നു. ഇത്തവണയും ക്രൂ മെസേജ് വന്നില്ല. ഹരിപ്പാടും കായംകുളത്തും പോയിന്റ് ഇല്ലാത്തതുകൊണ്ട് കൊല്ലത്തു നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 2 ടിക്കറ്റും അങ്ങനെ തന്നെയായിരുന്നു.
യാത്രക്കാരന് പിക്കപ്പ് പോയിന്റില്‍ എത്തിയില്ലെങ്കില്‍ സാധാരണ കണ്ടക്ടറുടെ കൈയ്യിലെ ചാര്‍ട്ടിലെ യാത്രക്കാരന്റെ നംബരില്‍ വിളിക്കുന്നതാണ്. കൊല്ലം എത്തുമ്പോള്‍ വിളിക്കും എന്ന് പ്രതീക്ഷിച്ചു പക്ഷേ വിളി വന്നില്ല. 10 മണി കഴിഞ്ഞ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ വന്നു നിന്നു. ഹരിപ്പാട്ടെ സ്റ്റേഷന് മാസ്റ്ററോട് (S.M) തിരക്കിയപ്പോള്‍ ബസിന്റെ സമയം പറഞ്ഞു. (ടിക്കറ്റ് കൈയ്യില്‍ ഉണ്ടായിരുന്നു. കൊല്ലത്തെ സമയം 8.30 ആണെന്ന് തോന്നുന്നു. കൃത്യമായി ഓര്‍മ്മയില്ല). സമയം കടന്നുപോയി. SM പറഞ്ഞ സമയം കഴിഞ്ഞു. ഞാന്‍ കായംകുളത്ത് വിളിച്ചു തിരക്കിയപ്പോള്‍ ബസ് വന്നതോ പോയതോ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു.
മുക്കാല്‍ മണിക്കൂറോളം ആയപ്പോള്‍ ഈ ബസ് വരുന്നത് കണ്ട് കൈകാണിച്ചെങ്കിലും ഹരിപ്പാട് നിര്‍ത്താതെ വേഗത്തില്‍ എന്റെ മുന്നിലൂടെ കടന്നുപോയി. അത്രയും ക്ഷമയോടെ നിന്ന എനിക്ക് അപ്പോള്‍ ദേഷ്യവും വെറുപ്പും ആനവണ്ടിയോട് തോന്നി. ഞാന്‍ വളരെ വിഷമിച്ച് ഓടി SM ന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു (ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് നിറയേ യാത്രക്കാരുമായി ഓരോ ബസുകളും നിര്‍ത്താതെ മുന്‍പിലൂടെ പോകുന്നത് പേടി കൂട്ടിയിരുന്നു). അദ്ദേഹം ക്രൂ നംബര് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ടിക്കറ്റ് ചോദിച്ചപ്പോള്‍ കൊടുത്തു. അദ്ദേഹം ചെക്ക് ചെയ്തതിന് ശേഷം ക്രൂ നംബരിനായി തിരുവനന്തപുരത്തേക്ക് വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. ഞാനും ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഫലം കണ്ടില്ല.
അദ്ദേഹം പിന്നീട് ആലപ്പുഴ വിളിച്ചു. കിട്ടി. ആലപ്പുഴ SM നോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ബസ് അവിടെ പിടിച്ചിടാം എളുപ്പം എത്താന്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത് SM സര് പറഞ്ഞു ”ഇപ്പോള്‍ ഒരു മലപ്പുറം സൂപ്പര്‍ഫാസ്റ്റ് വരും. അതില്‍ കയറി പൊയ്ക്കോ. താങ്കള്‍ക്ക് പോകേണ്ട ബസ് ആലപ്പുഴയുണ്ടാകും. തീര്‍ച്ച.” ഇങ്ങനെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ച് വിട്ടു. ആ വാക്കുകള്‍ ആശ്വാസം പകരുന്നതായിരുന്നു. ഇത്രയും സംഭവങ്ങള്‍ ആയപ്പോഴേക്കും ഒരു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ ആത്മാര്‍ത്ഥത ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. പറഞ്ഞു തീര്‍ന്നില്ല മലപ്പുറം ബസ് എത്തി. ഫൂട്ട് ബോര്‍ഡ് വരെ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍. SM സര് എന്നെ മലപ്പുറം ബസില്‍ കയറ്റിവിട്ടു.
ഹരിപ്പാട് മുതല്‍ ആലപ്പുഴ വരെ വീണ്ടും ടിക്കറ്റ് 23 രൂപ സ്വാഹ. പുന്നപ്ര കഴിഞ്ഞപ്പോള്‍ ഫോണിലേക്ക് ഒരു കാള്‍ മറുതലക്കല്‍ ആരാണെന്ന് അറിയില്ല ”ഹലോ സുജിത്ത് അല്ലേ നിങ്ങള്‍ എത്താറായോ..? എന്താണ് നിങ്ങള്‍ കണ്ടക്ടറേ വിളിക്കാഞ്ഞത്..?” ഞാന്‍ കാര്യം പറഞ്ഞു. അപ്പോള്‍ ”ക്രൂ നംബര് വന്നില്ലെങ്കില്‍ ചീഫ് ഓഫീസില്‍ വിളിച്ച് നംബര് വാങ്ങുവാന്‍ നിങ്ങള്‍ക്ക് അറിയില്ലേ” എന്ന് ദേഷ്യത്തോടെ അവിടുന്ന് ചോദിച്ചു. അത്രയും കേട്ടപ്പോള്‍ എന്റെ നിയന്ത്രണം തെറ്റി. ഞാന്‍ പറഞ്ഞു ” യാത്രക്കാരന് കയറിയില്ലെങ്കില്‍ വിളിച്ചു തിരക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. അത് നിങ്ങളുടെ സര്‍വീസ് ആണെന്ന്” പറഞ്ഞു. അപ്പോഴേക്കും മറുതലക്കല്‍ ആശ്വാസമായ എങ്കില്‍ ദേഷ്യപ്പെട്ടു കൊണ്ടുള്ള മറുപടി ” ബസ് ആലപ്പുഴയിലുണ്ട്. എളുപ്പം വരിക.” ഫോണ്‍ കട്ടായി.
ഞാന്‍ ആദ്യം കരുതിയത് കണ്ടക്ടര്‍ ആണെന്നാണ്. അതുകൊണ്ട് കണ്ടക്ടറേ മനസില്‍ കുറേ തെറിയും പറഞ്ഞ് ആദ്യം കോഴിക്കോട് ആനവണ്ടി ഹെല്‍പ്പ് ലൈനിലെ ഉറ്റ സുഹൃത്ത് അനീഷ് പൂക്കോത്തിനെ വിളിച്ച് വളരെ ദേഷ്യത്തോടെ കാര്യം പറഞ്ഞു. അനീഷേട്ടന് വളരെ ആശ്വസിപ്പിച്ച് മറുപടി തന്നു ”കണ്ടക്ടര്‍ ആണ് വിളിച്ച് ഇങ്ങനെ പറഞ്ഞതെങ്കില്‍ നിനക്ക് ബസ് കിട്ടിയാല്‍ ആദ്യം പോയി കണ്ടക്ടറോട് കാര്യം പറയണം. എന്നിട്ട് കോഴിക്കോട് ഡിപ്പോയില്‍ ഒരു പരാതിയും ഫയല്‍ ചെയ്യുക. നീ സമാധാനമായിരിക്ക്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ പറയണം’.’ ഇങ്ങനെ പറഞ്ഞ് അനീഷേട്ടന് ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ കട്ടായപ്പോഴാണ് ട്രൂ കോളറില്‍ ആ പേര് കണ്ടത് മുന്‍പ് വിളിച്ചത് ആലപ്പുഴ SM ആണ്. അപ്പോഴേക്കും വണ്ടി ആലപ്പുഴ സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ കയറിയിരുന്നു.
അപ്പോഴാണ് അടുത്ത ഫോണ്‍. മറുതലക്കല്‍ കണ്ടക്ടര്‍ ”സര്, ഇത് സുജിത്ത് അല്ലേ? എവിടെ എത്തി..? ഞാന്‍ കാര്യം പറഞ്ഞു. ”സര് ഞങ്ങള്‍ ആലപ്പുഴയിലുണ്ട്. താങ്കള്‍ക്കായി വെയിറ്റ് ചെയ്യുകയാണ്.” ഞാന്‍ ദാ എത്താറായി 5 മിനിട്ട് വേണ്ട എന്ന് പറഞ്ഞു. ”ഓക്കെ സര്” പറഞ്ഞു ഫോണ്‍ കട്ടായി. ഇപ്പോള്‍ വലിയ ആശ്വാസം. ബസ് ആലപ്പുഴ എത്തിയപ്പോഴേക്കും ഞാന്‍ ഇറങ്ങിയോടി. താമരശേരി ബസ് അവിടെ കിടക്കുന്നു. കണ്ടക്ടര്‍ പുറത്ത് കാത്തുനില്‍ക്കുകയാണ്. ഞാന്‍ ടിക്കറ്റ് കാണിച്ചു. ആദ്യമേ തന്നെ എനിക്ക് ഉണ്ടായ ബുദ്ധിമുട്ടിന് അദ്ദേഹം ക്ഷമ ചോദിച്ചു. അതുവരെ എനിക്ക് ഉണ്ടായിരുന്ന ദേഷ്യവും വിഷമവും എല്ലാം അലിഞ്ഞില്ലാതായി.
എങ്കിലും ആലപ്പുഴ SM നോട് അപ്പോഴും ദേഷ്യമായിരുന്നു. പക്ഷെ ആലപ്പുഴ ബസ് എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞതു കൊണ്ടല്ലേ ബസ് അവിടെ എനിക്ക് വേണ്ടി നിര്‍ത്തിയിട്ടത്. ആ മനസ് കാണാതെ പോകാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ആ ദേഷ്യവും ഇല്ലാതായി. ബസില്‍ കയറി. എന്റെ സീറ്റില്‍ ആളുണ്ട്. കണ്ടക്ടറുടെ സീറ്റിലേക്ക് മാറ്റിയിരുത്തി. കണ്ടക്ടര്‍ ഗിയര്‍ ബോക്സിനടുത്ത് താഴെയിരുന്നു. ആ കാഴ്ച കണ്ടപ്പോള്‍ തലേ ദിവസം രാത്രിയിലെ യാത്രയാണ് ഓര്‍മ്മ വന്നത്. ബസ് യാത്ര തുടര്‍ന്നു. ഞാന്‍ ആദ്യം തന്നെ ഹരിപ്പാട് SM നെ വിളിച്ചു ”SM സര് അല്ലേ” എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ദാ അപ്പുറത്തേക്ക് പോയി ഒരു 5 മിനിട്ട് കഴിഞ്ഞ് വിളിക്കുവാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാന്‍ വീണ്ടും വിളിച്ചു. അദ്ദേഹം ഫോണ്‍ എടുത്തു. ഞാന്‍ ഒരുപാട് നന്ദി പറഞ്ഞു.
അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ബഹുമാനമാണ് തോന്നുന്നത്. ”നന്ദിയുടെ ആവശ്യമില്ല സര്. ഇത് ഞങ്ങളുടെ ജോലിയാണ്. നിങ്ങളേപ്പോലെയുള്ള യാത്രക്കാരാണ് ഈ പ്രസ്ഥാനത്തിന്റെ വിജയം. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും വളരെ ക്ഷമയോടെ പെരുമാറിയ സാറിനേപ്പോലെയുള്ളവരാണ് നഷ്ടത്തിലാണെങ്കിലും ഞങ്ങളേ പിടിച്ചു നിര്‍ത്തുന്നത്.” ഞാന്‍ പറഞ്ഞു ”സര് ഇല്ലായിരുന്നു എങ്കില്‍ നാളെ എനിക്ക് ഡ്യൂട്ടിക്ക് പോകുവാന്‍ കഴിയാതെ വരുമായിരുന്നു. ഈ ഉപകാരം ഒരിക്കലും മറക്കില്ല.” ”ഓക്കെ സര്.. ഹാപ്പി ജേര്‍ണി” എന്ന് പറഞ്ഞ് ഫോണ്‍ കട്ടായി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് മുന്‍പ് തോന്നിയ ബഹുമാനത്തിന് പരിധി ഇല്ലാതായി. ഇങ്ങനെയാകണം ജീവനക്കാര്‍. ഇത്തരം ജീവനക്കാര്‍ കെഎസ്ആര്‍ടിസിയുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. ആദ്യം വെറുത്തെങ്കിലും പിന്നീട് ഒരുപാട് സ്നേഹിക്കുവാന്‍ പ്രചോദനം തന്ന ഒരു യാത്രയായിരുന്നു അത്. ഇങ്ങനെയും നന്മകള് ഉണ്ടെന്ന് കുറ്റം പറയുന്നവര്‍ അറിയണം. ഒരുപാട് സ്നേഹത്തോടെ സ്വന്തം ചേപ്പാട്ടുകാരന്‍.