ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്. കേരളത്തിൽ നിന്നും ജാതിമതഭേദമന്യേ ധാരാളം ആളുകളാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കും ടൂറിസ്റ്റ് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുവാൻ സാമ്പത്തികശേഷി ഇല്ലാത്തവർക്കും ആശ്രയം ട്രെയിനും ബസ്സുമാണ്.
നിലവിൽ ചങ്ങനാശ്ശേരിയിൽ നിന്നും കെഎസ്ആർടിസിയും, മറ്റിടങ്ങളിൽ നിന്നും തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസ്സുകളും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ആലപ്പുഴയിലെ തീരദേശവാസികളുടെ ദീർഘനാളത്തെ ആവശ്യം നിറവേറ്റിക്കൊണ്ട് “അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” ഉടൻ ആരംഭിക്കുന്നു. ചേർത്തല നിന്ന് അർത്തുങ്കൽ ബസലിക്കയിൽ എത്തി അവിടെ നിന്നും വേളാങ്കണ്ണി പള്ളിയിലേക്കും, വേളാങ്കണ്ണിയിൽ നിന്നും അർത്തുങ്കൽ പള്ളി വഴി ചേർത്തലയിലേയ്ക്കും എത്തിച്ചേരും വിധമാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
അർത്തുങ്കൽ പള്ളിയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 05:00 മണിക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ബസ് പിറ്റേ ദിവസം രാവിലെ 7:15 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. അതേപോലെ വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 4:15 ന് തിരിച്ച് പിറ്റേ ദിവസം രാവിലെ 7:05 ന് അർത്തുങ്കൽ വഴി ചേർത്തലയിൽ എത്തിച്ചേരും. വേളാങ്കണ്ണി തീർത്ഥാടന യാത്രികർക്ക് മാത്രമല്ല, തഞ്ചാവൂർ, ട്രിച്ചി എന്നിവിടങ്ങളിൽ പഠനത്തിനായും മറ്റ് ആവശ്യങ്ങൾക്കായും പോകുന്നവർക്കും ഈ പിൽഗ്രിം സർവ്വീസ് പ്രയോജനപ്രദമാണ്. ചേർത്തല – അർത്തുങ്കൽ – വൈറ്റില ജംഗ്ഷൻ – എറണാകുളം- ആലുവ – അങ്കമാലി – ചാലക്കുടി – തൃശ്ശൂർ – വടക്കഞ്ചേരി – ആലത്തൂർ – പാലക്കാട് – കോയമ്പത്തൂർ – കങ്കയം – പല്ലടം – കരൂർ – ട്രിച്ചി – തഞ്ചാവൂർ – നാഗപട്ടണം – വേളാങ്കണ്ണി എന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ കെഎസ്ആർടിസിയ്ക്ക് ആകെ ഒരേയൊരു വേളാങ്കണ്ണി സർവ്വീസ് മാത്രമേയുള്ളൂ. അത് ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസ്സ് ആണ്. ചങ്ങനാശ്ശേരിയിൽ നിന്നും ദിവസേന ഉച്ചയ്ക്ക് 2.30 നു യാത്രയാരംഭിക്കുന്ന ഈ സൂപ്പർ എക്സ്പ്രസ്സ് ബസ് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ട്രിച്ചി, തഞ്ചാവൂർ വഴി പിറ്റേദിവസം രാവിലെ 7.30 നു വേളാങ്കണ്ണിയിൽ എത്തിച്ചേരും. പ്രസ്തുത ബസ് ഉച്ചയ്ക്ക് 2.30 നു വേളാങ്കണ്ണിയിൽ നിന്നും മടക്കയാത്ര ആരംഭിക്കുകയും പിറ്റേദിവസം രാവിലെ 7.30 നു തിരികെ ചങ്ങനാശ്ശേരിയിൽ എത്തിച്ചേരുകയും ചെയ്യും. ഈ സർവ്വീസ് കെഎസ്ആർടിസിയിലെ ഹിറ്റ് സർവീസുകളിൽ ഒന്നും കൂടിയാണ്.
കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ പേജിൽക്കൂടിയാണ് അർത്തുങ്കൽ – വേളാങ്കണ്ണി സർവ്വീസിന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. സൂപ്പർഫാസ്റ്റ് ആയിട്ടാണ് സർവ്വീസ് ആരംഭിക്കുന്നതെങ്കിലും ചിലപ്പോൾ ഇത് സൂപ്പർ എക്സ്പ്രസ്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ സാധ്യതയുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കുന്നവരുടെ യാത്രാ സൗകര്യങ്ങൾ കണക്കിലെടുത്ത് കുറഞ്ഞത് പുഷ്ബാക്ക് സീറ്റുകളുള്ള സൂപ്പർ എക്സ്പ്രസ്സ് എങ്കിലും വേണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ചങ്ങനാശ്ശേരി – വേളാങ്കണ്ണി സർവീസിനു ശേഷം ആരംഭിക്കുന്ന ഈ സർവ്വീസ് ജനപ്രിയമാകും എന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി.
കൂടുതൽ വിവരങ്ങൾക്ക് : സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) : മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, ചേർത്തല യൂണിറ്റ് : 0478 – 2812582 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈനായി ടിക്കറ്റുകൾ മുൻകൂറായി റിസർവ്വ് ചെയ്യാൻ online.keralartc.com സന്ദർശിക്കുക.
ചിത്രങ്ങൾക്ക് കടപ്പാട് – ജോർജ്ജ് സിറിയക് & Respected Others.