ഏറെ നാളുകളായി യാത്രക്കാരും ബസ് പ്രേമികളുമെല്ലാം ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു പാലക്കാട് – ഊട്ടി റൂട്ടിൽ ഒരു കെഎസ്ആർടിസി സർവ്വീസ്. തമിഴ്നാടുമായി ഈയിടയ്ക്ക് നടന്ന അന്തർസംസ്ഥാന പെർമിറ്റ് കരാർ പ്രകാരം തൃശ്ശൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു സർവ്വീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സൂപ്പർഫാസ്റ്റ് ബസ് തൃശ്ശൂരിലേക്ക് അലോട്ട് ചെയ്തിരുന്നതുമായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്ത പ്രസ്തുത സർവ്വീസ് പാലക്കാട് നിന്നുമായിരിക്കും ഓടിത്തുടങ്ങുക എന്നതാണ്.
തൃശ്ശൂർ ഡിപ്പോ ഈ സർവ്വീസ് നടത്തുവാൻ താല്പര്യം കാണിക്കാത്തതു കൊണ്ടാണോ, അതോ മറ്റാരെങ്കിലും സമ്മർദ്ദം ചെലുത്തി അവിടേക്ക് സർവ്വീസ് വിളിച്ചതാണോയെന്നൊന്നും അറിയില്ലെങ്കിലും ഒരു ഊട്ടി സർവ്വീസ് തുടങ്ങുന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്ക് സർവ്വീസ് വേണമെന്ന ദീർഘനാളായുള്ള മലബാർ മേഖലയിലെ യാത്രക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നത്.
നിലവിൽ പാലക്കാട് നിന്നും താമിഷൻഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഈ ബസുകൾക്ക് പാലക്കാട് സ്റ്റാൻഡിൽ നിന്നു തന്നെ നല്ല ആളെ കിട്ടാറുമുണ്ട്. കൂടാതെ കോയമ്പത്തൂർ, മേട്ടുപ്പാളയം കണക്ഷൻ ടിക്കറ്റുകളും ലഭിക്കും. പാലക്കാട് നിന്നും ഊട്ടി സർവീസുകൾക്ക് നല്ല പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതും, കൂടുതൽ സർവ്വീസുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യവുമൊക്കെയാകാം ഇത്തരത്തിൽ ഒരു സർവ്വീസ് ഇപ്പോൾ ആരംഭിക്കുവാൻ കാരണം.
സമയവിവരങ്ങൾ ഇങ്ങനെ : പാലക്കാട് നിന്ന് രാവിലെ 06:00 മണിക്ക് പുറപ്പെടുന്ന ബസ് കോയമ്പത്തൂർ, മേട്ടുപ്പാളയം, കൂനൂർ വഴി രാവിലെ 10 മണിയോടെ ഊട്ടിയിൽ എത്തിച്ചേരും. ഊട്ടിയിൽ നിന്നും തിരികെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുറപ്പെടുന്ന ബസ് വൈകുന്നേരം 4 മണിയോടെ പാലക്കാട് എത്തുകയും ചെയ്യും. ഈ സർവ്വീസിൽ യാത്രക്കാർക്ക് സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ ബുക്കിംഗിനായി സന്ദർശിക്കുക : https://bit.ly/2TsFCwg.
നിലവിൽ കെഎസ്ആർടിസി കണ്ണൂർ, സുൽത്താൻ ബത്തേരി (ഊട്ടി വഴി കോയമ്പത്തൂർ), മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ഊട്ടിയിലേക്ക് ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. പുതിയ കരാർ പ്രകാരം മാനന്തവാടിയിൽ നിന്നും ഊട്ടി വഴി കോയമ്പത്തൂരിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്തായാലും പാലക്കാട് – ഊട്ടി സർവ്വീസ് ഹിറ്റാകുമെന്നതിൽ യാതൊരു സംശയവും വേണ്ട. TNSTC ബസ്സുകൾ ഇപ്പോൾ പുതുക്കിയെങ്കിലും തമിഴ്നാട്ടുകാർക്ക് കൂടുതൽ ഇഷ്ടം കേരള ആർടിസി ബസ്സുകളോട് തന്നെയാണ്.
കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി (24×7): വാട്സാപ്പ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) : മൊബൈൽ – 9447071021, ലാൻഡ്ലൈൻ – 0471-2463799, പാലക്കാട് യൂണിറ്റ് : 0491 2520098.