ശബരിമല സ്പെഷ്യൽ സർവ്വീസായി സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ്സിന്റെ ടയർ മോഷ്ടിച്ചതും, അവസാനം കള്ളന്മാർ പിടിയിലാവുകയും ചെയ്ത വാർത്ത എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. കേരള പോലീസിനും, കെഎസ്ആർടിസിയ്ക്കും അഭിമാനിക്കാവുന്ന ആ സംഭവം ഇങ്ങനെ…
ശബരിമല സ്പെഷ്യലായി ഓടിയിരുന്ന ATM 100 എന്ന കെഎസ്ആർടിസി ബസ് ഏതോ വാഹനവുമായി തട്ടിയതിനെത്തുടർന്ന് ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് നിലയ്ക്കലിലെ ഗാരേജിലും എത്തിച്ചേർന്നു. ഈ ബസ്സിന്റെ പിൻഭാഗത്തെ ടയർ രാത്രിയിൽ തൊട്ടരികിലായി പാർക്ക് ചെയ്തിരുന്ന, തീർത്ഥാടകരുമായി വന്ന ബസ്സിലെ ഡ്രൈവറും ക്ളീനറും ചേർന്ന് ഇളക്കിയെടുക്കുവാൻ ശ്രമം നടത്തി.
തമിഴ്നാട്ടുകാരായ തീർത്ഥാടക ബസ്സിലെ ഡ്രൈവറും ക്ളീനറും ചേർന്ന് വിദഗ്ധമായി കെഎസ്ആർടിസി ബസ്സിലെ ടയർ ഊരിയെടുക്കുകയും, തങ്ങളുടെ ബസ്സിലെ പൊട്ടിയ ടയർ കെഎസ്ആർടിസി ബസ്സിൽ ഫിറ്റ് ചെയ്യുകയും ചെയ്തു. കള്ളത്തരം പൂർത്തിയായതോടെ കെഎസ്ആർടിസിയുടെ ടയറുമായി തമിഴ്‌നാട് ബസ് ഉടനെ അവിടെ നിന്നും കടന്നു കളയുകയും ചെയ്തു.
പിറ്റേന്ന് രാവിലെ കെഎസ്ആർടിസി ബസ് ചെക്ക് ചെയ്യാനിറങ്ങിയ സെൻട്രൽ ഡിപ്പോയിലെ മെക്കാനിക്കുകളാണ് ടയർ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നത്. കെഎസ്ആർടിസിയിലെത്തന്നെ ആളുകൾ എന്തെങ്കിലും ആവശ്യത്തിനായി ടയർ മാറ്റിയിട്ടതാണോ എന്ന് അന്വേഷിച്ചെങ്കിലും, ആരും എടുത്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനാൽ സംഭവം മോഷണം തന്നെയാണെന്ന് ഉറപ്പിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ നേതൃത്വത്തിൽ പാർക്കിംഗ് ഗ്രൗണ്ടിലാകെ പരിശോധന നടത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം അവിടെ തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ബസ് കാണാനില്ല എന്ന് മനസ്സിലാകുന്നത്. പാർക്കിംഗ് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്നാണ് ഇക്കാര്യം മനസ്സിലായത്.
ഇതോടെ മോഷണവിവരവും, മറ്റു ഡ്രൈവർമാർ പറഞ്ഞ കാര്യങ്ങളും കാണിച്ചുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർ നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കെഎസ്ആർടിസി ബസുകളിലെ ടയറുകൾക്ക് പ്രത്യേക കോഡും നമ്പറുമൊക്കെയുണ്ടെന്നു ജീവനക്കാരിൽ നിന്നും മനസ്സിലാക്കിയ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകുന്നേരമായിട്ടും ടയറിനെക്കുറിച്ചോ, അത് എടുത്തുകൊണ്ടു പോയവരെക്കുറിച്ചോ, തമിഴ്‌നാട് ബസ്സിനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല. അതോടെ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. എന്നാൽ ദൈവത്തിന്റെ അദൃശ്യമായ കൈ ഈ സംഭവത്തിൽ പ്രവർത്തിച്ചു എന്നു വേണം പറയുവാൻ. സംശയിക്കപ്പെട്ട തമിഴ്‌നാട് ബസ് കണ്ടെത്തിയെന്നും, ടയർ മോഷ്ടിച്ചത് അവർ തന്നെയാണെന്നും, അവരെ നിലയ്ക്കലിലേക്ക് കൊണ്ടുവരികയാണെന്നുമുള്ള പോലീസ് അറിയിപ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചു. വിവരമറിഞ്ഞു രോഷാകുലരായ കെഎസ്ആർടിസി മെക്കാനിക്കുകളെയും മറ്റും ഉദ്യോഗസ്ഥർ ഇടപെട്ട് ശാന്തരാക്കി. അതിനിടെ പ്രതികളുമായി പോലീസ് സ്ഥലത്തെത്തി, ഒപ്പം പ്രതികൾ സഞ്ചരിച്ച ബസ്സും.
നിലയ്ക്കൽ സബ് ഇൻസ്‌പെക്ടറുടെ വാക്കുകൾ പ്രകാരം, മോഷ്ടാക്കൾ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ച പൊട്ടിയ ടയറിന്റെ നമ്പർ വെച്ച് പോലീസ് ടയർ കമ്പനിയിൽ അന്വേഷിച്ചു. പ്രസ്തുത സീരീസിലുള്ള ടയർ വിതരണം ചെയ്തത് തിരുപ്പൂർ ആണെന്ന് കമ്പനിയിൽ നിന്നും അറിഞ്ഞതിനെത്തുടർന്ന് പോലീസ് തിരുപ്പൂരിലെ വിതരണക്കാരന്റെ നമ്പർ വാങ്ങി. ഈ ടയർ വാങ്ങിയത് ആരാണെന്നു അവിടെ അന്വേഷിച്ചപ്പോൾ തിരുപ്പൂർ തന്നെയുള്ള ‘രഞ്ജിത്ത് ട്രാവൽസ്’ ആണെന്ന മറുപടി ലഭിച്ചു.
പിന്നീട് പോലീസ് രഞ്ജിത്ത് ട്രാവൽസ് ഉടമയെ വിളിക്കുകയും അവരുടെ ബസ് ശബരിമലയിൽ വന്നിട്ടുണ്ടെന്നും മനസ്സിലാക്കി. തുടർന്ന് ബസ് ഡ്രൈവറുടെ നമ്പർ കരസ്ഥമാക്കി സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ പരിശോധിച്ചു. ഈ നമ്പർ വടശ്ശേരിക്കര ഭാഗത്ത് ഉണ്ടെന്നു മനസ്സിലാക്കിയ പോലീസ് അന്വേഷിച്ച് അവിടെയെത്തുകയും ബസ് കണ്ടെത്തുകയും ചെയ്തു.
ബസ്സിലെ യാത്രക്കാരായ സ്വാമിമാരെ പോലീസ് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയും അവരെ മറ്റു വാഹനത്തിൽ കയറ്റി അയയ്ക്കുകയും ചെയ്തു. ഈ സമയത്ത് ഒരു കടയിൽ ചായ കുടിക്കുകയായിരുന്നു ടയർ കള്ളന്മാരായ ഡ്രൈവറും ക്ളീനറും. അവരെ കൈയോടെ പൊക്കി പോലീസ് വാഹനത്തിൽ കയറ്റുകയും, അവർ തൊണ്ടിമുതലൊളിപ്പിച്ച രഞ്ജിത്ത് ട്രാവൽസ് ബസ് പോലീസിന്റെ നേതൃത്വത്തിൽ നിലയ്ക്കലേക്ക് കൊണ്ടുവരികയും ചെയ്തു.
തമിഴ്‌നാട് സ്വദേശികളായ നിസാമുദ്ദീൻ, യോഗേശ്വരൻ എന്നിവരാണ് ടയർ മോഷ്ടിച്ചത്. രണ്ടുപേരെയും റിമാൻഡ് ചെയ്യുകയും ചെയ്തു. മര്യാദയ്ക്ക് ജോലിയെടുത്തു ജീവിക്കുന്നതിനു പകരം ഇവർ ഉഡായിപ്പ് കാണിക്കുവാൻ ശ്രമിച്ചപ്പോൾ ജയിലിൽ കിടക്കേണ്ട അവസ്ഥയും വന്നു. എന്നാലും കെഎസ്ആർടിസി ബസ്സിന്റെ ടയർ തന്നെ മോഷ്ടിക്കുവാൻ ശ്രമിച്ച അവരുടെ ആ ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ…