അറിയണം നമ്മൾ കുറച്ചു പേരെങ്കിലും, പുച്ഛത്തോടെ കണ്ട് KSRTC യെ കുറ്റം പറയുന്നവർ അറിയണം KSRTC എന്ന സഞ്ചരിക്കുന്ന സുരക്ഷിതത്വമുള്ള ഭവനത്തിന്റെ മഹത്വം. രാത്രി യാത്രകളിൽ ഇരുന്നുറങ്ങുന്ന വേളകളിൽ പോലും നമുക്ക് സ്വന്തം വീടിൽ കിടന്നുറങ്ങുന്ന സുരക്ഷിതത്വം ഉണ്ട് എന്ന സത്യം. ആ സത്യം ഒരു അനുഭവത്തിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനായ സൈഫുദ്ദീൻ ആമ്പാടത്ത് എഴുതുന്നു…
07-06-2019 വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് ബസിൽ കയറി. തൊട്ടടുത്ത് ട്രാക്കിലും കണ്ണൂരിലേക്കുള്ള വേറൊരു ബസും യാത്രക്ക് തയ്യാറായി നിൽക്കുന്നു. ഞാൻ കയറിയ ബസിലെ ഡ്രൈവറോട് ചോദിച്ചു “എപ്പോഴാണ് സാർ പുറപ്പെടുക?” ഞാൻ ഒരു പോലീസുകാരൻ ആയതിനാലും, പരിശീലന കാലത്തെ സഹപ്രവർത്തകരെ (ആരു തന്നെ ആയാലും) സാർ എന്ന് വിളിക്കണം എന്ന് പഠിപ്പിച്ചതിനാലും ആണ് അദ്ദേഹത്തെ ‘സാർ’ എന്ന് വിളിച്ചത്. അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. “എല്ലാവർക്കും കൂടി ഒരുമിച്ച് പുറപ്പെട്ടാൽ പോരെ.” എന്തോ നല്ല ഒരു പെരുമാറ്റം.
ഡ്രൈവർ സീറ്റിന് അടുത്തുള്ള സീറ്റിൽ തന്നെ ഞാൻ ഇരുന്നു. യാത്ര തുടങ്ങി. കുറച്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു യുവാവും യുവതിയും വന്നു ഡ്രൈവർക്ക് ഫോൺ കൊടുത്തു. അദ്ദേഹം സംസാരിക്കുന്നത് കണ്ടു. സംഭാഷണം കേട്ടപ്പോൾ എനിക്ക് മനസിലായത് ഒരാൾ വണ്ടിയിൽ കയറാൻ താമസിച്ചു എന്നതാണ്. ഒരു ഓട്ടോയിൽ കയറി ഇങ്ങോട്ട് വരുക. റോഡ് സൈഡിൽ ബസ് കിടപ്പുണ്ട്. ഓട്ടോ ഡ്രൈവറിനോട് അദ്ദേഹം വഴിയും പറഞ്ഞു കൊടുത്തു. ആ സമയം സ്റ്റാൻഡിൽ ട്രാക്കിൽ കയറിയ മറ്റേ ബസ് ഈ ബസിനെ മറികടന്നു പോയി. നമ്മുടെ ഡ്രൈവർ ചെറു പുഞ്ചിരിയോടെ എന്നെ നോക്കി.
പിന്നീട് ഡ്രൈവറും, കണ്ടക്ടറും പുറത്ത് ഇറങ്ങി വരുന്ന ഓട്ടോകളെ വീക്ഷിക്കുന്നുണ്ടായിരുന്നു. വീണ്ടും ഫോണിൽ സംസാരിക്കുന്നത് കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ വന്ന ഓട്ടോയിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി ബസിൽ കയറി. ഡ്രൈവറെ കണ്ടപാടെ ആ കുട്ടിയുടെ കണ്ണിൽ നിന്ന് സന്തോഷ കണ്ണീർ പൊടിയുന്നത് ഞാൻ കണ്ടു. ഡ്രൈവർ ആ കുട്ടിയോട് പറയുന്നത് ഞാൻ കേട്ടു. “മോളെ നിങ്ങൾ ഇരുന്ന സീറ്റിൽ ഒരു ടവൽ എങ്കിലും വച്ചിരുന്നേൽ, അതു ഞാൻ ശ്രദ്ധിച്ചിരുന്നേനെ. ഞാൻ വണ്ടി പുറപ്പെടില്ലായിരുന്നു. പേടിക്കേണ്ട. ഓട്ടോക്ക് കൊടുക്കാൻ പൈസ ഒക്കെ ഉണ്ടായിരുന്നോ” എന്ന ചോദ്യം കൂടി കേട്ടപ്പോൾ ആ വലിയ മനസിന്റെ വില ഞാൻ അറിഞ്ഞു. ഈയിടക്ക് ഒരു പ്രമുഖ ബസിൽ കയറാൻ താമസിച്ചതിനു വണ്ടിയിൽ കയറ്റാതെ പോയ കാര്യം എന്റെ മനസ്സിൽ അസ്ത്ര വേഗത്തിൽ പാഞ്ഞു വന്നു.
കണ്ണൂരിൽ എത്തുന്നത് വരെ അദ്ദേഹത്തെ ഞാൻ നോക്കി കൊണ്ടിരുന്നു. എനിക്ക് മനസിലായത് അദ്ദേഹത്തിന്റെ കൈകളിൽ ആ വളയം മാത്രമല്ല ഭദ്രം. മറിച്ച് ആ കൈകളിൽ വണ്ടിയിൽ ഉള്ള ഓരോരുത്തരുടെയും ജീവനും, സുരക്ഷയും സുരക്ഷിതമാണ്. നമ്മൾ അറിയണം ഇങ്ങനെയുള്ളവരെ. കാരണം ആ പെൺകുട്ടിക്ക് ആ ഡ്രൈവറും, കണ്ടക്ടറും ആ സമയം ഒരുപക്ഷെ സ്വന്തം അച്ഛനെക്കാൾ, സഹോദരനെക്കാൾ സുരക്ഷിതത്വം കൊടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഹോദരാ, അങ്ങേക്ക് ഞാൻ മനസ്സിൽ നിന്ന് നേരുന്നു. എന്റെ ഹൃദയം നിറഞ്ഞ ഒരു സ്നേഹാഭിവാദ്യം..