കുടജാദ്രിയിലേക്ക് രണ്ടു പെണ്ണുങ്ങളുടെ യാത്ര..!!

വിവരണം – ഹർഷ പുതുശ്ശേരി.

“കുടജാദ്രി” പണ്ട് ഒരു മലയാളം ആൽബം (കുടജാദ്രിയിൽ കുടചൂടുമാ …….) പാട്ടിൽ നിന്നാണ് ഞാനാ വാക്ക് ആദ്യായിട്ടു കേൾക്കുന്നത് .അന്ന് യാത്രകളോടും സ്ഥലങ്ങളോടും അത്ര കമ്പം ഇല്ലാത്തതുകൊണ്ട് അധികം ചിന്തിച്ചില്ല .പിന്നീട് വർഷങ്ങൾക്കിപ്പുറം എന്റെ മാമൻ വീട്ടിൽ വരുമ്പോളൊക്കെ കുടജാദ്രി പോയ വിശേഷങ്ങൾ പറയും . ജീപ്പ് യാത്ര , അമ്പലം , അത്രേം മനോഹരമായ സ്ഥലം അങ്ങനെ അങ്ങനെ അങ്ങനെ ..

അന്നാണ് മനസ്സിൽ ഒരു ചെറിയ സ്പാർക് കുടുങ്ങിയത് , അങ്ങനെയാണെങ്കിൽ അവിടെ ഒന്ന് പോണല്ലോ , അങ്ങനെയാണ് കഴിഞ്ഞ കുറെ മാസങ്ങളായി എന്റെ ഫേസ് ബുക്ക് വാൾ നിറയെ കുടജാദ്രി യാത്രയുടെ പോസുകൾ വന്നു തുടങ്ങിയത് . പോസ്റ്റോടു പോസ്റ്റ് എവിടെ നോക്കിയാലും കുടജാദ്രി കുടജാദ്രി ,കുടജാദ്രി ….. കുടജാദ്രിയിലെ മല , കുന്ന് , മഞ്ഞു, ജീപ്പ് ട്രെക്കിങ്ങ് , ഫുൾ ഓൺ .

ഞാൻ ആണെങ്കിൽ ഒരു യാത്രക്ക് പോവാനുള്ള ഗാപ് നോക്കി നിക്കായിരുന്നു. ജോലിയുടെയും മറ്റു പല തിരക്കുകൾക്കിടയിലും ജീവിതം ഇങ്ങനെ ഇഴയുന്നതിനിടയിൽ ഒരു യാത്രയൊക്കെ പോവുന്നത് നല്ലതാണല്ലോ. അങ്ങനെ യാത്ര പോവാൻ തീരുമാനിച്ചു , പക്ഷെ ആരുടെ കൂടെ പോവും എന്നതായിരുന്നു പ്രശ്‍നം. കൂടെയുള്ള ഭൂരിഭാഗം ആൾക്കാരും കോർപ്പറേറ്റ് ജോലിപണിക്കാർ ആയതുകൊണ്ടും , ശനിയാഴ്ച പ്രവർത്തി ദിവസം ആയതുകൊണ്ടും കൊറേ പേർ ഒഴിവായി . യാത്രകളൊക്കെ പോയിട്ടുള്ളത് എന്റെ ചങ്കു ചെങ്ങായിമാരുടെ കൂടെയാണ്. ഇത്തവണ ഏതെങ്കിലും ഒരു പെൺകൊച്ചിനേം കൂട്ടി പോവാനായിരുന്നു ആഗ്രഹിച്ചത്കൊ. റേ പേരോടൊക്കെ ചോദിച്ചു സത്യത്തിൽ ഞാൻ ഒരു സർവ്വേ നടത്തി എന്ന് പറയാം.

ചോദിച്ച എന്റെ സുഹൃത്തുക്കളായ കുറച്ചു പേർ ജോലി ബാധ്യതകൾ ഉള്ളതുകൊണ്ട് ഒഴിവായി (1 %) ബാക്കി ഏതാണ്ട് 99 % പെൺപിള്ളേരും വീട്ടിൽ സമ്മതിക്കില്ല , അച്ഛൻ സമ്മതിച്ചില്ല ,കാമുകൻ സമ്മതിക്കില്ല അറിയാത്ത സ്ഥലത്ത് എങ്ങനെയാ പോവാ എന്നൊക്കെ ഭീകരമായ കാര്യങ്ങൾ പറഞ്ഞു ഒഴിവായി . എന്റെ തീരുമാനത്തിൽ ഞാൻ അങ്ങനെ ഉറച്ചിരുന്നു. കൂട്ടിനു പറ്റിയ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്നാലോചിച്ചു നോക്കിയിരുന്നു. നോക്കിയിരുന്നു അവസാനം ഞാൻ ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടു. കൊറേ പേര് പ്രതികരിച്ചതിൽ നിന്നും എന്റെ എഫ്‌ബി സുഹൃത്തും കലാകാരിയുമായ പ്രിയ ചേച്ചി എന്നെ വിളിച്ചു. അങ്ങനെ പ്ലാൻ സെറ്റായി.

സീൻ 1 – അങ്ങനെ കുടജാദ്രി പ്ലാൻ സെറ്റായി ,യാത്രക്ക് കൃത്യം ഒരാഴ്ച കൂടുതൽ ഒന്നും ആലോചിച്ചില്ല . സംഭവത്തിലെ ചില ട്വിസ്റ്റുകൾ പറയാം എന്റെ കൂടെ യാത്രക്ക് വന്ന ചേച്ചിയെ ഞാൻ നേരിൽ കണ്ടിട്ടില്ല , ഒരുപാട് കാലമായി തമ്മിൽ സൗഹൃദം ഉണ്ടെങ്കിലും നേരിൽ കാണാൻ സാധിച്ചിട്ടില്ല. അങ്ങനെ തമ്മിൽ നേരിൽ കാണാനും സൗഹൃദം പുതുക്കാനും യാത്ര അവസരമൊരുക്കി .

യാത്രക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു ആദ്യായിട്ടാണ് ഇങ്ങനെ ഒരു യാത്ര പോവുന്നത് , ആത്മ മിത്രങ്ങളുടെ കൂടെയുള്ള വളരെ പ്ലാൻഡ് യാത്രകളാണ് അധികവും പോയിട്ടുള്ളത് , അതും ഒരു ദിവസത്തെ പ്ലാൻ .പക്ഷെ ഇത്തവണ എല്ലാം വ്യത്യസ്തമായി ഒരു രാത്രിയും പകലും നീളുന്ന യാത്ര ,മുൻ ധാരണകളില്ലാത്ത സ്ഥലം ,നേരിൽ കാണാത്ത സുഹൃത്ത് , ഏറെ നാൾ കഴിഞ്ഞുള്ള ട്രെയിൻ യാത്ര അങ്ങനെ അങ്ങനെ ഒരുപാടുണ്ടായിരുന്നു പ്രത്യേകതകൾ .ഒരു ധാരണ ഉണ്ടാക്കാൻ കഴിഞ്ഞ ദിവസം യാത്ര പോയ എന്റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ തിരക്കി അവൾ വിവരങ്ങൾ പറഞ്ഞു തന്നതനുസരിച്ചു യാത്ര പദ്ധതി തയ്യാറാക്കി .ശനിയാഴ്ച വൈകിട്ടത്തെ ട്രെയിൻ ,രാവിലെ മൂകാംബിക എത്തും എന്നിട്ട് ഏതാണ്ട് കറങ്ങി തിരിച്ചു തിരിച്ചു വരാനുള്ള സിമ്പിൾ പ്ലാൻ തയ്യാറാക്കി .

സീൻ 2 -ശനി – എന്റെ പരിപാടികളെല്ലാം തീർത്തു ഞാൻ 3 മണിയോടെ വീട്ടിൽ നിന്നിറങ്ങി , യാത്രയെ കുറിച്ച് അനിയനോട് വിശദമായും അമ്മയുടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു . ഇറങ്ങാൻ സമയമായപ്പോഴേക്കും എല്ലാരും യാത്രയാക്കാൻ വന്നു , എന്റെ പരിപാടിക്ക് കൊണ്ടുപോയി പോസ്റ്റ് ആക്കിയതുകൊണ്ടു ആരും കൂടുതൽ ഒന്നും ചോദിച്ചില്ല പ്രേത്യകിച് അച്ഛൻ ,’അമ്മ മാത്രം കൃത്യമായി ഫോൺ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞു. സീൻ മാസ്സ് ആക്കിയത് അമ്മുമ്മ ആണ്. ആരുടെ കൂടിയ പോണത് ?എങ്ങനെയാ പോണത്? കൂടെ പഠിക്കുന്നോര് ആണോ ?(ആ ചോദ്യത്തിന് ‘അമ്മ മറുപടി പറഞ്ഞു ഓൾ പടിക്കല്ല ജോലി ചെയ്യാണ് ), എന്തിലാ പോണത്? എപ്പളാ വരാ ?പരിചയമുള്ള ആൾക്കാർ ആണോ? വന്നിട്ട് വിശദായി പറയാന്നും പറഞ്ഞു ഞാൻ വീട്ടിൽ നിഞ്ഞിറങ്ങി. ചേച്ചി എറണാകുളത്തുനിന്നും കോഴിക്കോടെത്തി.

5 :30 ഞങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ എത്തി. നേരത്തെ ബുക്ക് ചെയ്യാൻ പറ്റാത്തതുകൊണ്ട് ജനറൽ ടിക്കറ്റ് എടുത്തു . 6 : 40 ന്റെ നേത്രാവതി എക്സ്പ്രസ്സ് , ട്രെയിൻ കൃത്യസമയത്തു വന്നു . നല്ല തിരക്കായിരുന്നു , ജനറലിൽ പോയിട്ട് റിസെർവഷനിൽ പോലും കാല് കുത്താൻ സ്ഥലമില്ല . കുറച്ചു നേരം ഞാനും ചേച്ചിയും അന്ധാളിച്ചു നിന്നു. മര്യാദക്ക് ടിക്കറ്റ് ബുക്ക് ചെയ്‌യായിരുന്നു എന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. ടിടി പുറത്തു നിക്കുന്നുണ്ടായിരുന്നു. ആൾടെ അടുത്ത് പോയി നൈസ് ആയിട്ട് ടിക്കറ് ഉണ്ടോന്നു ചോദിച്ചു. നല്ലവനായ ടിടി ട്രെയ്നിലെ തിരക്ക് പ്രമാണിച്ചു റിസെർവഷനിൽ എവിടെങ്കിലും കയറു, നോക്കാം എന്ന് പറഞ്ഞു .

ഒരു വിധം ഓടി പിടിച്ചു സാമാന്യം ഭേദപ്പെട്ട ഒരു കംപാർട്മെന്റിൽ കയറി, നല്ല തിരക്ക് . താത്കാലികമായി ഒരു ചേട്ടന്റെ സീറ്റിൽ ഇരുന്നു. കണ്ണൂർ കഴിഞ്ഞപ്പോ ഏതാണ്ട് തിരക്ക് കഴിഞ്ഞു. ടിടി വീണ്ടും വന്നു. ടിക്കറ്റ് ഇല്ല, നിങ്ങൾ ജനറലിൽ പോണം എന്ന് പറഞ്ഞു. അങ്ങനെ ഞങൾ നടന്നു നടന്നു ജനറൽ കംപാർട്മെന്റ് എത്തി. ട്രെയിനിന്റെ ഏറ്റവും അവസാനത്തെ ഒരു കുഞ്ഞു ബോഗിയാണ് ലേഡീസ് കംപാർട്മെന്റ്. കണ്ണൂർ സ്റ്റോപ്പ് എത്തിയപ്പോ ഞങ്ങൾ ട്രെയിനിനും നിന്നും പുറത്തിറങ്ങി ലേഡീസ് കംപാർട്മെന്റിന്റെ മുന്നിൽ എത്തി.

ശോകം സീൻ , പ്ലാറ്റഫോമിന്റെ ഏഴയതുപോലുമല്ലായിരുന്നു കംപാർട്മെന്റ്. ഞാൻ ഒരു നിമിഷം സൗമ്യയെ ഓർത്തു . ഏറ്റവും അവസാനത്തെ ആളൊഴിഞ്ഞ കംപാർട്മെന്റ്, പ്ലാറ്റഫോമിൽ പോലുമില്ലാതെ നിർത്തിയിട്ടിരിക്കുന്ന ബോഗി. സ്‌ത്രികളെല്ലാം കഷ്ടപ്പെട്ടാണ് ഇറങ്ങുന്നത്. സ്റ്റെപ്പുകൾ വളരെ ഉയരത്തിലായിരുന്നു. ഞങ്ങൾ അവരെ ഇറങ്ങാൻ സഹായിച്ചു. കാരണം ആ കുറഞ്ഞ സമയത് അവർ ഇറങ്ങിട്ടു വേണമായിരുന്നു ഞങ്ങൾക്ക് കയറാൻ. ഒരുവിധം ട്രെയ്നിൽ കയറിപറ്റി. ഈ അനുഭവത്തിൽ നിന്നും സ്ത്രീ ജനങ്ങളോട്, യാത്ര ചെയ്യുന്ന കുട്ടികളോട് ഒരു കാര്യം മാത്രമേ പറയാൻ ഉള്ളൂ – സുരക്ഷ എന്നോ സൗകര്യം എന്നോ കരുതി തനിയെ ആണെങ്കിൽ,ഒറ്റക്കുള്ള ലേഡീസ് കംപാർട്മെന്റിൽ ഒരിക്കലൂം കയറരുത്. ജനറൽ കംപാർട്മെന്റിൽ കയറി ധൈര്യമായി തന്നെ ഇരിക്കുക. പേടിച്ച പേടമാൻ പോലെ ഞാൻ പാവമാണേ,ആരെങ്കിലും ഉപദ്രവിക്കുമോ എന്ന് കരുതി ഇരിക്കരുത്. ആണുങ്ങളിലും നല്ലവരുണ്ട് എന്ന് വിശ്വസിക്കുക. ധൈര്യപൂർവം ഇരിക്കുക. അമാനുഷികരായ ജീവികൾക്ക് ആക്രമിക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

സീൻ 3 -ഞായറാഴ്ച – കാസർഗോഡ് എത്തിയപ്പോഴേക്കും കംപാർട്മെന്റ് തിരക്കും കഴിഞ്ഞു ആളും ഒഴിഞ്ഞു അങ്ങനെ ട്രെയിൻ എടുത്തു .ഞങ്ങൾ ഭക്ഷണം കഴിഞ്ഞു ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി . കുറച്ചു കഴിഞ്ഞു മംഗളൂരു സ്റ്റേഷനിൽ എത്തിയപ്പോൾ കുറച്ചു സുന്ദരി പെൺകുട്ടികൾ കയറി .ഇംഗ്ലീഷും കന്നടയും മാറി മാറി സംസാരിക്കുന്നുണ്ടായിരുന്നു .കുറെ കഴിഞ്ഞു എല്ലാരും ഉറക്കത്തിലായി. ആ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഇരിക്കുന്നുണ്ടായിരുന്നു ഓരോരുത്തർക്കും ഉറങ്ങാൻ അവർ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നുണ്ടായിരുന്നു. തിരുവന്തപുരത്തു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സമയത് ഞാനും കുറെ യാത്ര ചെയ്തിട്ടുണ്ട്. ഒരാൾക്ക് സീറ്റ് കിട്ടിയാൽ പിന്നെ സർവ അധികാരത്തോടെ ആ 10- 11 മണിക്കൂർ ഒരേ ഇരുപ്പാണ്. യാതൊരു വിധ ദയയും ദാക്ഷിണ്യവും ഉണ്ടാവില്ല, അതാണ് മലയാളികളുടെ പ്രത്യേക സ്വഭാവം.

അങ്ങനെ രണ്ടു മണിയാവാറായി. നല്ല ഉറക്കത്തിലായിരുന്ന എന്നെ ചേച്ചി വിളിച്ചു എണീപ്പിച്ചു നമ്മൾ എത്താറായിട്ടുണെന്നു പറഞ്ഞു. പിന്നെ സ്റ്റേഷൻ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു ബിജൂർ എന്ന സ്റ്റേഷൻ എത്തി. ഞങ്ങൾ ചാടി ഇറങ്ങി. അപ്പോഴേക്കും ഒരു ഗൈഡ് വന്നു പറഞ്ഞു ബൈന്ദൂർ സ്റ്റേഷൻ എടുത്തതാണ് ഇത് ബിജൂർ ആണെന്ന്. അങ്ങനെ തിരിച്ചു ട്രെയിനിൽ കേറി. ഞങ്ങൾ ഇറങ്ങിയ ഗ്യാപ്പിൽ ആ കുട്ടികൾ സ്ഥലം അഡ്ജസ്റ്റ് ചെയ്ത് ഉറങ്ങി തുടങ്ങിയിരുന്നു. ഒരു 10 മിനിട്ടിനുളിൽ ഏതാണ്ട് 3 ആയപ്പോഴേക്കും ബൈന്ദൂർ -മൂകാംബിക സ്റ്റേഷനിൽ എത്തി.

ഞങ്ങൾ ട്രെയിനിൽ നിന്നും സ്റ്റേഷന്റെ പുറത്തെത്തി. ആകെ ബഹളം ഓട്ടോക്കാർ ഒരു വശത്തു, ഓമ്നി വാൻ ഡ്രൈവേഴ്സ് വേറൊരു വശത്തു എല്ലാം 500- 700 റേഞ്ച് ആണ് . ഞങ്ങൾ കുറച്ചു സമയം നോക്കി നിന്നു. വേറെ ആൾക്കാർ വന്നാൽ ഒരുമിച്ച് പോവാന്നു കരുതി. അപ്പോഴാണ് രണ്ടു പെൺപിള്ളേർ ഇങ്ങോട്ട് വന്നു നിങ്ങൾ മൂകാംബികാക്കണോന്ന് ചോദിച്ചത്. ഞങ്ങൾടെ മനസ്സിൽ ലഡു പൊട്ടി. അങ്ങനെ ഞങ്ങൾ ഓട്ടോയിൽ പോകാന്നു കരുതിയപ്പോ വേറെ 4 ആണുങ്ങളും വന്നു. അങ്ങനെ എല്ലാരും ഓംനി വാനിൽ കയറി. ഒരാൾക്ക് 100 . ഏതാണ്ട് 4 മണി ആയപ്പോഴേക്കും മൂകാംബിക എത്തി.

പബ്ലിക് ടോയ്‌ലെറ്റുകളുടെ കാര്യത്തിൽ എല്ലായിടത്തും സീൻ തന്നെയാണ്. കേരളമായാലും വേറെ സംസ്ഥാനമായാലും ശരി. മൂത്ര ശങ്ക അകറ്റാൻ ഒരു വഴിം ഇല്ലായിരുന്നു. അമ്പലത്തിന്റെ റസ്റ്റ് ഹൌസിൽ പോയപ്പോൾ വെള്ളമില്ലന്നായിരുന്നു മറുപടി. അവസാനം ഫ്രഷ് അവാൻ ഒരു റൂം എടുക്കാൻ തീരുമാനിച്ചു. ഫേസ്ബുക് എന്ന സോഷ്യൽ മീഡിയയുടെ വ്യാപ്തി മനസ്സിലാവാൻ ആ അവസരം ഉപയോഗപെട്ടു. റിസപ്ഷനിൽ നിന്ന ഒരു മലയാളി പയ്യൻ ഓർ ചേട്ടൻ എന്നോട് ഇങ്ങോട്ടു ചോദിച്ചു കോഴിക്കോട്ടുകാരി അല്ലേ? എനിക്കറിയാം ഞാൻ നിങ്ങളുടെ ഫേസ്ബുക് സുഹൃത്ത് ആണെന്ന് പറഞ്ഞു (ഞാൻ മനസ്സിൽ പറഞ്ഞു നല്ലതാ , അങ്ങനെ തന്നെ വേണം).

ഫ്രഷായി ഞങ്ങൾ പുറത്തിറങ്ങി. പുതുതായി പരിചയപ്പെട്ട കുട്ടികളും ഞങ്ങൾടെ കൂടെ കൂടി. അവരും ഞങ്ങളെ പോലെ തന്നെ ആയിരുന്നു. പ്രത്യേകിച്ച് പദ്ധതികൾ ഇല്ലാതെ യാത്ര ഒരു ആവേശം വന്നപ്പോ ഇറങ്ങി തിരിച്ചു. എല്ലാരും ജോലി ചെയ്യുന്നവർ , എല്ലാവരും സ്വകാര്യ കമ്പനിയിൽ തന്നെ. ട്രെക്കിങ്ങിനു പോകും മുൻപുള്ള സമയം ഞങ്ങൾ മൂകാംബിക ദേവിയെ ഒന്ന് കണ്ടു തൊഴുതു. നട തുറന്നിട്ടില്ലായിരുന്നു. ഭക്തർ അപ്പോഴേക്കും ക്യു നിന്ന് തുടങ്ങിയിരുന്നു. രാവിലെ ആയതുകൊണ്ടാണോ എന്തോ ഒട്ടും തിരക്കില്ലായിരുന്നു.

ദേവിയുടെ നടയിൽ നിറയെ കാളകളും പട്ടികളും ഉണ്ട്. അവരും ആരെയും ശല്യം ചെയ്യുന്നില്ല, അവരെയും ആരും ഉപദ്രവിക്കുന്നില്ല. ഒരു കാപ്പിയും കുടിച്ചു ഞങ്ങൾ യാത്രക്ക് തയ്യാറായി നിന്നു. 5 മണി മുതലാണ് കുടജാദ്രിക്കുള്ള ജീപ്പ് പുറപ്പെടുന്നത്. 8 പേരടങ്ങുന്ന ടീം ആയാണ് നമ്മൾ മല കയറുന്നത്. ഞങ്ങൾ ബാക്കി നാലു പേരെ നോക്കി കുറച്ചു സമയം ഇരുന്നു. അങ്ങനെ നാലുപേരെ കിട്ടി. ഒരു 5 :30 ആയപ്പോഴേക്കും ഞങ്ങൾ ജീപ്പിൽ യാത്ര പുറപ്പെട്ടു.

കുടജാദ്രിക്ക് – 8 പേരടങ്ങുന്ന ആൾക്കാരുമായി ഞങ്ങൾ ജീപ്പിൽ പുറപ്പെട്ടു. ട്രെക്കിങ്ങ് ശരിക്കും ഒരു അനുഭവം തന്നെയാണ് . മലമുകളിലൂടെ പാമ്പുപോലെ ഇഴഞ്ഞു നീങ്ങുന്ന റോഡ്. പൊട്ടിപൊളിഞ്ഞും വളഞ്ഞും പുളഞ്ഞും കുഴിഞ്ഞും അതിലൂടെയുള്ള ജീപ്പ് യാത്ര ഒരു അനുഭവം തന്നെയാണ്. ഓഫ് റോഡ് ട്രെക്കിങ്ങ് എന്ന് കേട്ടിട്ടേ ഉള്ളായിരുന്നു. ശരിക്കും അനുഭവിച്ചറിഞ്ഞു. മെയിൻ റോഡിൽ നിന്നും മാറിയുള്ള യാത്രയാണ് ട്രെക്കിങ്ങ് അനുഭവം തരുന്നത്. കൊടജാദ്രി ടൌൺ വരെ യാത്ര സുഗമമാണ്. യാത്രക്കിടെ ലഘു ഭക്ഷണം കഴിക്കാൻ അതിനിടെ സമയം ഉണ്ട്. ഞങ്ങൾ പ്രത്യേകിച്ച് ഒന്നും കഴിച്ചില്ല അത്യാവശ്യത്തിനുള്ളത് കയ്യിൽ കരുതിയിരുന്നു.

യാത്ര വീണ്ടും തുടങ്ങി.. മെയിൻ റോഡിൽ നിന്നും മാറി ദുർഘടമായ വഴികളിലേക്ക് ജീപ്പ് ഓടിത്തുടങ്ങി. യാത്ര പ്ലാൻ ചെയ്യും മുൻപ് കുടജാത്രിയെ കുറച്ചുക്കൂടി അടുത്തറിയാൻ ശ്രമിച്ചിരുന്നു. പക്ഷെ യാത്ര പ്ലാൻ ചെയ്ത ശേഷം ഒന്നും നോക്കിയിട്ടില്ല. എല്ലാം നേരിൽ കാണണം എന്നുള്ള തീരുമാനമായിരുന്നു. പിന്നെ ആകെക്കൂടി കണ്ടത് വിനീത് ശ്രീനിവാസന്റെ “അരവിന്ദന്റെ അതിഥികൾ ” എന്ന സിനിമ ആണ്. അങ്ങനെ ജീപ്പ് ഓടിക്കൊണ്ടേയിരുന്നു. മഞ്ഞു മൂടി തുടങ്ങിയിരുന്നു. സൂര്യോദയം വ്യക്തമായി കാണാൻ സാധിച്ചില്ല . അൾട്ടിട്യൂഡ് മാറുന്നതനുസരിച്ചു കാലാവസ്ഥ മാറി മാറി വരുന്നുണ്ടായിരുന്നു. മൂടൽ മഞ്ഞുണ്ടെങ്കിലും വലിയ തണുപ്പ് അനുഭവപ്പെട്ടില്ല . കൂടെ ഉണ്ടായിരുന്ന കുട്ടികളിൽ ഒരാൾ വാളും പരിചയുമൊക്കെ എടുത്തു. കണ്ടപ്പോ എനിക്കും ബുദ്ധിമുട്ടു തോന്നിയെങ്കിലും പ്രശ്ങ്ങളില്ലാതെ മുകളിൽ എത്താൻ സാധിച്ചു. അങ്ങനെ ഒന്നര മണിക്കൂർ നീണ്ട യാത്ര മുകളിൽ അവസാനിച്ചു.

കുടജാദ്രിയെ കുറിച്ച് കൂടുതൽ പറയാം കർണാടകം സംസ്ഥാനത്ത ഷിമോഗ ജില്ലയിൽ വനങ്ങളോടുകൂടെ സ്ഥിതി ചെയ്യുന്ന മലനിരകളാണ് കുടജാദ്രി. കടൽ നിരപ്പിൽ നിന്നും 1, 343 മീറ്റർ മുകളിലാണ് സ്ഥിതിചെയ്യുന്നത്. കുടജാദ്രി എന്നാൽ കുടജാദ്രി പൂക്കളാൽ നിറഞ്ഞ കുന്നു എന്നാണർത്ഥം. കൊല്ലൂർ മൂകാംബിക അമ്പലത്തിൽ നിന്നും 21 km അകലെയാണ് കുടജാദ്രി മലനിരകൾ . കുടജാദ്രിയുടെ ഐതിഹ്യം കൊറെയുണ്ട് ഈ മലനിരയിൽ വെച്ചാണ് ശ്രീ മൂകാംബിക ദേവി മൂകാസുരനെ വധിച്ചത്. ദേവിയുടെ അമ്പലത്തിൽ നിന്നും മാറി ഏറ്റവും ഉയർന്ന കുന്നിലാണ് ശ്രീ ആദിശങ്കരന്റെ സർവജ്ഞ പീഠം ഉള്ളത്.

അങ്ങനെ അമ്പലവും സന്ദർശിച്ചു മുകളിലേക്ക് പീഠമായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. പൂത്തുലഞ്ഞു നിൽക്കുന്ന കുടജാദ്രി പൂക്കൾ, പടർന്നു പന്തലിച്ചു പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന പേരറിയാത്ത ഒരായിരം പൂച്ചെടികൾ, സസ്യലതാതികൾ . അകെ മൊത്തം ഹരിതാഭയും , ഊഷ്മളതയും . മഞ്ഞു മൂടിയ വഴികളിലൂടെ ഞങ്ങൾ മുകളിലേക്ക് നടന്നു , കാമറ കൈയിൽ ഉണ്ടെങ്കിലും അന്തം വിട്ട അവസ്ഥ ആയിരുന്നു. ഇവിടെ തുടങ്ങണം എന്തെടുക്കണം എന്നറിയാത്ത അമ്പരപ്പ് . കാരണം ആ കുന്നു മൊത്തം ഫോട്ടോജനിക് ആയിരുന്നു. ആൾക്കാരുടെ ബഹളം ഇല്ലായിരുന്നു. എങ്ങും ശാന്തത അനുനുഭവപ്പെട്ടു . ഫോൺ ഒന്നിനും റേഞ്ച് ഇല്ലാത്തതുകൊണ്ട് ഒരു പ്രശ്നവും ഇല്ലായിരുന്നു .

8: 30 ആയപ്പോഴേക്കും ഞങ്ങൾ ഏതാണ്ട് ലക്ഷ്യത്തിൽ എത്താനായി . മുകളിൽ എത്തുമ്പോൾ സ്വർഗം കണ്ടപോലെ , എങ്ങും പച്ചപുതച്ച മലനിരകൾ , ഇടയിലൂടെ ഊർന്നു വീഴുന്ന സൂര്യ കിരണങ്ങൾ ,പടർന്നു പന്തലിച്ചു ഒഴുകി പരക്കുന്ന മേഘവും , മൂടൽ മഞ്ഞും, പാറി പറന്നു നടക്കുന്ന തുമ്പികളും . ഇടയിലൂടെ നടന്നു നീങ്ങുന്ന ഞങ്ങളും . ഞാൻ സ്വയം മറന്ന നിമിഷങ്ങൾ ,മനസ്സ് ശരിക്കും സൂന്യമായി തോന്നി ഒന്നുമില്ലാണ്ടു ഞാൻ അവിടെ ലയിച്ചുപോയിരുന്നു .ഓരോ നിമിഷവും മനസ്സിൽ കൂടെ കടന്നു പോയി .

സമയക്കുറവ് കാരണം പിന്നീട് യാത്ര അല്പം ധൃതിയിൽ ആക്കേണ്ടി വന്നു. 9 മണി അകുമ്പോളേക്കും തിരിച്ചെത്താൻ ഡ്രൈവർ നിർദേശിച്ചിരുന്നു . അതുകാരണം സർവഞ്ജ പീഠം കാണാൻ അല്പം ധൃതി കൂട്ടി. വഴി നീളെ മലയാളികൾ ആയിരുന്നു . പീഠത്തിലേക്കുള്ള യാത്രയിൽ ആ സിനിമയിലെ ബി ജി എം മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. “ആനന്ദമേ …..സർവമാന്ദമേ…” കുടജാദ്രി പൂക്കൾ തീർത്ത വഴിയിലൂടെ നടന്നു നടന്നു സർവഞ്ജപീഠത്തിലെത്തി , ഒരല്പ നേരം ഇരുന്നു വിശ്രമിച്ചു . പിന്നീട് മലയിറങ്ങി താഴേക്ക്.

ഏതൊക്കെയോ മനസ്സിൽ നിന്നും എടുത്തുകളഞ്ഞു പുതിയ പോസിറ്റീവ് എനെർജിയുമായാണ് ഞാൻ തിരിച്ചിറങ്ങിയത്. ഒരു പ്ലാനിങ്ങുമില്ലാതെ ഒരിക്കലും കാണാത്ത കൂട്ടുകാരിയുടെ കൂടെ ഒറ്റക്കിറങ്ങി തിരിച്ച യാത്ര എനിക്ക് എന്തൊക്കെയോ നേടി തന്നപോലെ. സ്വയം മറന്നു സ്വയം കണ്ടെത്താൻ സാദിച്ചപോലെ. ഇനിയും പോകണം, ഒരു ദിവസം ആ ലോകത്തു പൂർണമായും ലയിച്ചു ഇല്ലാണ്ടാവണം.

മനസ്സിലെ ബാധ്യതകൾ എടുത്തു കളയണം. മെഡിറ്റേഷൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഏറ്റവും നല്ല സ്പോട് ആണ് കുടജാദ്രി. മനുഷ്യനിർമിതമായ ,മനുഷ്യന്റെ കല്പനകൾ വഴങ്ങുന്ന അമ്പലങ്ങളോ ഗോപുരങ്ങളോ അല്ല, പ്രകൃതി നമുക്കായി ഒരുക്കിയ ഒരിടം. ഇനിയും വരാമെന്ന ഉറപ്പോടെയാണ് ഞങ്ങൾ അവിടം വിട്ടിറങ്ങിയത്. കയറി ചെന്നപ്പോഴും, തിരിച്ചിറങ്ങിയപ്പോഴും വൻ മരങ്ങളിൽ തട്ടിയ കാറ്റ് എന്തോ പറഞ്ഞതായി തോന്നി.

തിരികെ ജീപ്പിലേക്ക്.. കയറ്റത്തേക്കാൾ മാരകമായിരുന്നു ഇറക്കം. കുലുങ്ങിയും കലങ്ങിയും ഞങ്ങൾ മലമുകളിൽ നിന്നും താഴേക്ക് . സമയം ഉച്ചയോടടുക്കുകയായിരുന്നു.. സൂര്യൻ തെളിഞ്ഞു തുടങ്ങിയിരുന്നു.