വിവരണം – വിഷ്‌ണു എ.എസ്.നായർ.
ആണി കൊണ്ടൊരു കുടം സോഡാ….നട്ടുച്ച നേരം.. പൊരിവെയിൽ… ബൈക്കിലെ യാത്ര… അഡാർ കോംബിനേഷനാണ് മൂന്നും കൂടെ…തദവസരത്തിൽ നല്ലൊരു ആരോഗ്യപ്രദമായ ജ്യൂസ് കിട്ടിയാലോ ! നെടുമങ്ങാട് അഴിക്കോട് ജംഗ്ഷനിൽ നിന്നും അൻപതു മീറ്റർ മാറിയാണ് ഷെർഷാദ് ഇക്കാന്റെ വെറൈറ്റി ജ്യൂസ് സ്റ്റാൾ. കടയ്ക്ക് അത്യാവശ്യം വൃത്തിയും മെനയുമൊക്കെയുണ്ട്. തുടങ്ങിയ സമയത്ത് മിന്നുന്ന ലൈറ്റൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നുമില്ല. റോഡിൽ വണ്ടികൾ പോകുന്ന കാഴ്ചയൊഴികെയുള്ള ആമ്പിയൻസ് ആരും പ്രതീക്ഷിക്കണ്ട.
പേരിനെ അന്വർത്ഥമാക്കും വിധം ഏതാണ്ട് നൂറിൽ പരം വിവിധ തരത്തിലുള്ള സർബത്തും ജ്യൂസും ഷേക്കും പലപല കോംബിനേഷനുകളിൽ ഇവിടെ ലഭ്യമാണ്. പക്ഷെ ഇവിടുത്തെ ഹൈലൈറ്റെന്ന് പറയുന്നത് കുടം സോഡയാണ്. ഒന്നൊന്നര കിണ്ണം കാച്ചിയ ഐറ്റം. നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ക്യാരറ്റ്-പൈനാപ്പിൾ സത്തിൽ ഐസും, നാരങ്ങാ നീരും, കരണ്ടിക്കണക്കിൽ ഗ്ലൂക്കോസും, ഉപ്പും ചില്ലറ കിടുപിടികളും തുടർന്ന് സോഡയും ചേർത്ത് ഒരു ചെമ്പിൽ തരുന്നതാണ് സംഭവം. ഇതിൽ പുള്ളിക്കാരൻ സോഡ പൊട്ടിക്കുന്നത് കാണാനാണ് രസം..
മുന്നിലുറപ്പിച്ചിരിക്കുന്ന ആണിയിൽ സോഡയുടെ അടപ്പ് കുത്തി പൊട്ടിച്ച് ചായ അടിക്കും പോലെ കൈ വീശിയാണ് ഷെർഷാദിക്ക അതുണ്ടാക്കുന്നത്. അതങ്ങനെ കാണാൻ തന്നെ കിടുവാണ്..ഉണ്ടാക്കിക്കഴിയുമ്പോൾ ഒന്നേമുക്കാൽ ഗ്ലാസ്സോളം വരും സംഭവം.. ഇനി രുചിയുടെ കാര്യം പറയുകയാണെങ്കിൽ ഈ ചൂടത്ത് ക്ഷീണമകറ്റാൻ കുടിക്കാൻ പറ്റിയ സാധനം.. വരണ്ട തൊണ്ടയെ നീരുറവ പോലെ തണുത്ത ജ്യൂസ് നനയ്ച്ചു കൊണ്ടുപോകുന്നൊരു അനുഭവമുണ്ട്.. ഇജ്ജാതി അനുഭൂതി… കുടിച്ചു കഴിയുമ്പോൾ ശരീരത്തിനും മനസ്സിനും എന്തൊരു ആശ്വാസം. ദാഹവും ക്ഷീണവുമെല്ലാം ഇതിന്റെ രുചിയിലും മേന്മയിലും ഓടി മറയും.. അളവും ഗുണവും വിലയും എന്തിന്റെ തട്ടിൽ വച്ചു നോക്കിയാലും ‘വായിൽ കൊള്ളാത്ത’ പേരുള്ള പല ജ്യൂസുകളെക്കാൾ കിടുക്കാച്ചി…
വിലവിവരം : കുടം സോഡാ(ക്യാരറ്റ്-പൈനാപ്പിൾ) :- ₹ 35/-, ക്യാരറ്റ്- പൈനാപ്പിൾ മാത്രമല്ല മറ്റു പല ചേരുവകളിലും കുടം സോഡ ലഭ്യമാണ്. വേനൽ മുന്നിൽ കണ്ട് കൂണുപോലെ മുളച്ചു പൊന്തിയ കടയാണോ എന്നൊന്നും വിചാരിക്കണ്ട, ഷെർഷാദ് ഇക്ക സർബത്ത് പരിപാടി തുടങ്ങിയിട്ട് ഏതാണ്ട് ഏഴു വർഷമായി, ജ്യൂസ് സ്റ്റാൾ തുടങ്ങിയിട്ട് 2-3 വർഷവും. ഹെൽത്ത് ഡിപാർട്മെന്റ് ലൈസൻസും fssai സർട്ടിഫിക്കറ്റും എല്ലാം കടയിൽ വച്ചിട്ടുമുണ്ട്.. please note the point. ലൊക്കേഷൻ :- Verity Juice Corner, Azhicode, Kerala 695564, https://maps.app.goo.gl/GeKZH.