വിവരണം – അനീഷ് രവി.
മനസിൽ പണ്ടെങ്ങോ കയറി വന്ന വരികളായിരുന്നു ” നമ്മൾ അകലെ ഉള്ള കുറിഞ്ഞിയെ തേടി പോകുമ്പോൾ അടുത്തുള്ള മുക്കുറ്റി യുടെ ചന്തം കാണുന്നില്ല എന്ന് ” ഒരു പക്ഷെ അവിടെ നിന്നാകാം ഞാൻ എന്റെ നാടിനെ കാണാനും അറിയാനും തുടങ്ങിയത്.. വിത്യസ്ഥ കാലഭേദങ്ങളിൽ എന്റെ കിണാശ്ശേരിക്ക് വിത്യസ്ഥ ഭാവങ്ങാണ് എന്ന് അറിഞ്ഞു തുടങ്ങി.. ഒരാൽമരത്തിൽ ഞാൻ എന്റെ നാടിന്റെ ആത്മാവിനെ കുടിയിരുത്തി…. പലരും ഒതുക്കത്തിലും ഉച്ചത്തിലും അവന് പ്രാന്താണ് എന്ന് പറഞ്ഞു അതെ എനിക്ക് പ്രാന്ത് തന്നെ ആണ്…. അത് ഇ മണ്ണിൽ അലിയുന്നവരെ തുടരും… ഞാൻ പറഞ്ഞ് വരുന്നത് ഇന്ന് ഞാൻ എന്റെ നാടിന്റെ മറ്റൊരു മുഖം കണ്ടു ഇനി എന്നെങ്കിലും ഇത് പോലെ കാണാൻ പറ്റുമോ എന്ന് അറിയുകയും ഇല്ല…..
കുട്ടിക്കാലത്ത് ആകാശം നോക്കി നടക്കുമ്പോൾ പറയും എത്ര ദൂരെല്ലേ ഡാ മാനം….. പഞ്ഞി കെട്ടുകളെ തുന്നി കൂട്ടിയ നീല മാനം ആ കൊച്ചു കണ്ണുകൾക്ക് ഒരു അത്ഭുതം ആയിരുന്നു… മാനം തൊടാൻ പറ്റോ?? മും പറ്റ്യിയിരിക്കും കൊളക്കാടൻ മല കയറി ഒരു തോട്ടി കൂടി കെട്ടിയാൽ പറ്റും…. അതെ ആ കുഞ്ഞിക്കണ്ണുകൾക്ക് ആ മലക്ക് ഹിമലയത്തിന്റെ വലുപ്പം ആയിരുന്നു ചെറിയ ക്ലാസിൽ പഠിച്ച ഒരു പദ്യം ഓർമ്മ വരുന്നു” ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവ്വതമാകുന്നു,,, തൊട്ടാവാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു.” അതെ ഞാൻ കണ്ട ആദ്യ ഉയരം ഉള്ള ലോകം ആണ് കൊളക്കാടൻ മല….. അന്ന് അന്തി ചോത്ത് സുര്യൻ കൊളക്കാടനു പിന്നിൽ ഒളിക്കുമ്പോൾ അറിയില്ലായിരുന്നു ആ മലക്ക് അപ്പുറം ഒരു ലോകം ഉണ്ടായിരുന്നു എന്ന്….. പീന്നീട് വളരുന്നതിനോടൊപ്പം അറിവും വളർന്നപ്പോൾ അതിനപ്പുറം ഒരു വലിയ ലോകം ഉണ്ടെന്നു കണ്ടെത്തി….
വളർച്ചയുടെ മറ്റൊരു ഘട്ടത്തിൽ ആലിൻ ചുവട്ടിലുരുന്നു മലയിറങ്ങി വരുന്ന മഴ നോക്കി ഒരു പാട് ഇരുന്നിട്ട് ഉണ്ട്… അന്ന് മുതൽ അവനൊരു മോഹമായി കിടക്കായിരുന്നു അവന്റെ തലയിൽ ചവിട്ടി എന്റെ നാടിനെ ഒന്നു കാണാൻ.. പിന്നെ എത്രയോ വട്ടം ഞാൻ അവന്റെ തലയിൽ ചവിട്ടിയിട്ട് ഉണ്ട്… നാട് കണ്ടിട്ടുണ്ട്…. അവന്റെ നിറുകയിൽ നിന്ന് മഴ കൊണ്ടിട്ടുണ്ട്…. ഒരു വേനലിൽ അവൻ ചുട്ടെരിയുന്നത് നിസ്സാഹായനായി നോക്കി നിന്നിട്ടുണ്ട്……. പിന്നീട് ജീവിതത്തിന്റെ തിരക്കിൽ ഞാൻ അവനെ മറന്നു അവൻ അപ്പോഴും കിണാശ്ശേരിക്ക് അലങ്കാരമ്മായി ഒരു കൊമ്പനെ പോലെ തല ഉയർത്തി നിൽപുണ്ടായിരുന്നു….
മണ്ണിന്റെ മനം തേടി വീണ്ടും ഇറങ്ങിയപ്പോൾ വീണ്ടും കുളക്കാടൻ മനസ്സിൽ മോഹമ്മായി തുടങ്ങി….. ജോലിക്ക് പോകുന്ന വേളയിൽ കനാല് വരമ്പിൽ നിന്ന് നോക്കുമ്പോൾ ,കോടതഴുകി ഉറങ്ങുന്ന പച്ചയായ അവനെ കാണാൻ എന്ത് ചന്താന്ന് അറിയോ…… പകരാവൂരിനെ മടിത്തട്ടിലിട്ട് ഉണർത്തുന്നതും ഉറക്കുന്നതും അവൻ തന്നെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴും അവനെ നോക്കും….. ഉറങ്ങാൻ പോകുന്ന അവന് സൂര്യന്റെ അരുണ വർണ്ണം മറ്റൊരു മുഖം നൽകുന്നു… എന്നും നോക്കുന്നത് കൊണ്ടാകും ” ന്താ ഡോ കിണാശ്ശേരിക്കാരാ പ്പോ ഇ വഴിക്ക് ഒന്നും കാണാൻ ല്യാലോ….. വല്യ ആളായപ്പൊ മറന്നോ അതൊ എന്നെ കേറാൻ അണക്ക് വയ്യാണ്ടായോ” അവൻ ചോദിക്കണ പോലെ തോന്നി….
” ഒന്നു പോ ചങ്ങായി പണ്ട് നിക്കറ് ഇട്ട നടക്കണ കാലം അന്റെ മണ്ടേല് കേറിട്ട് ഉണ്ട് പണ്ടത്തെ നിക്കറ് ചെക്കനല്ല ഇപ്പോ അന്റെ വല്ല്യ വല്യ വല്യപ്പയിട്ട് വരും ഹിമാലയം അതിലെ ചെറിയ മലകൾ ചവിട്ടി വന്ന എന്നോടാണൊ ഇയ്യ് വെല്ല് വിളിക്കണേ അല്ല അണക്ക് എന്ത് ഹിമാലയം അണക്ക് ഇ മഞ്ഞക്കാടനും അനങ്ങനും ഒക്കെ അല്ലെ കമ്പനി….. ഒരീസം വരാഡോ കൊളക്കാടാ ഇപ്പോ ജോലി തിരക്കാണ്……. ” നീ കേറിവാഡോ കിണാശ്ശേരിക്കാരാ…. എന്ന് പറഞ്ഞ് അവൻ തലയാട്ടി……
ഇന്നലെ പാടിയിലിരുന്ന് അവനെ നോക്കുമ്പോൾ അവൻ വിളിക്കുന്ന പോലെ തോന്നി… ഡാ ഞാൻ നാളെ വരാംട്ടോ മ്മക്ക് പൊളിക്കാം….. രാത്രി ആരെങ്കിലും ഒക്കെ ഉണ്ടൊന്ന് ചോദിച്ചപ്പോൾ കുടുങ്ങിയത് മ്മടെ അനിയൻ ചെക്കൻ ജിഷ്ണു ആയിരുന്നു രാവിലെ നേരത്തെ പോയി അവന്റെ മണ്ടക്ക് ചവിട്ടി അവന്റെ ഉറക്കം കളയാം കരുതി….. രാവിലെ പതിവില്ലാതെ അഞ്ചരക്ക് എണീറ്റ് കണ്ടപ്പോൾ അമ്മ ” എങ്ങോട്ടാ രാവിലെ ? ” അത് പിന്നെ കൊളക്കാടൻ മലകേറാൻ ” അണക്ക് പ്രാന്താണ് അനി…. ഞാൻ ഒന്നും പറയിണില്ല.. പിന്നെ ആരാ ഉള്ളേ ?” ജിഷ്ണു ഉണ്ട് അമ്മേ…. ” നന്നായി ഇനി അവന്മാരെയും വഷളാക്കിക്കോ…. ”
അനിയൻ ചെക്കൻ ആറ് മണിക്ക് എത്തി ഞങ്ങൾ കുളക്കാടന്റെ അടിയിലെത്തി… ഓൻ നല്ല ഉറക്കത്തില്ലാ….. പതുക്കെ കയറാൻ തുടങ്ങി ഉറങ്ങുമ്പോൾ വായിൽ നിന്ന് വെള്ളം ഒലിക്കണപോലെ ഒരു ഉറവ താഴോട്ട് ഒഴുകുന്നുണ്ടായിരുന്നു…. എന്ത് ഉറക്കാ ചങ്ങായി ഇത് ഒന്ന് എണീക്ക്…. പഹയൻ ഉണർന്നു … അവന്റെ ചങ്ങാതിമ്മാരൊക്കെ ശബ്ദം ഉണ്ടാക്കി ഞങ്ങളെ വരവേറ്റു…. അവൻ നട്ടു നനച്ച പുല്ലുകളിൽ പളുങ്ക് പോലെ വെള്ളത്തുള്ളികൾ അവനെ മനോഹമാക്കിട്ട്ണ്ട് ” ചങ്ങായി അണക്ക് പഴയ സ്പീഡ് ഒന്നും ഇല്ലാട്ടോ…. അനിയൻ ചെക്കൻ ജാതി പൊളിയാണല്ലോ കയറി പോകാനല്ലോ….. ” ന്യൂ ജെൻ പിള്ളേരല്ലേ അവര് പൊളിക്കട്ടേ ഡാ…..
അങ്ങനെ ഒരു ആറ് മുക്കാലിന് മണ്ടേല് എത്തി അവിടെ ഒരു പാറയിൽ ഞങ്ങൾ ഇരുന്ന്… മയിലും കുരുവികളും ഒക്കെ ആയി ബഹു രസം…. കോടമഞ്ഞ് തഴുകി കടന്നു പോയി എന്ത് സുഖാണ് വെറുതെല്ലാ പഹയൻ രാവിലെ പുതച്ച് മൂടി കൂർക്കം വലിച്ച് ഉറങ്ങണെ…… ” അല്ല കുളക്കാഡാ മ്മടെ സൂര്യട്ടനെ നെ കാണാൻ ഇല്ലല്ലോ?” ഇയ്യ് ഒന്ന് അടങ്ങി ഇരിക്ക് ഡോ സൂര്യട്ടൻ വരും പിന്നെ ഇന്ന് ഹർത്താലല്ലെ നേരത്തെ വന്നിട്ടും ചങ്ങായിക്ക് കാര്യം ഒന്നും ഇല്ലല്ലോ……
താഴെ പകരാവുരും കിണാശ്ശേരിയും മഞ്ഞുമൂടി ഉറങ്ങുന്നത് കണാൻ വല്ലാത്ത ചന്തം തന്നെയാണ്… അങ്ങ് ദൂരെ തല ഉയത്തി എന്റെ നാടിന്റെ ആത്മാവ് നിൽക്കുന്നതും ഞാൻ കണ്ടു…. സൂര്യൻ മിഴി തുറന്നു മേഘപാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന രശ്മികൾ മണ്ണിനെ ഉണർത്തുന്നത് കാണാൻ വല്ലാത്ത ഒരു അനുഭവം തന്നെ ആണ് കുറച്ച് നേരം കൂടി അങ്ങനെ ഇരുന്നു……
കാറ്റിൽ പൂൽ നാമ്പുകൾ കൊഞ്ചിക്കുഴന്നണ്ടായിരുന്നു….. നാടുണരുന്നത് അവന്റെ മണ്ടയിലിരുന്ന് ഞാൻ കണ്ടു….. അപ്പൊ കുളക്കാഡാ ഞാൻ ഇറങ്ങാട്ടോ…. പോയിട്ട് ഇച്ചിരി പണിയുണ്ട് ഡാ….. അപ്പൊ ശരി കിണാശ്ശേരിക്കാരാ….. ഇനിപ്പോ എന്നാ ചങ്ങായി അന്നെ കാണാ…. എന്ന് പറഞ്ഞ് അവന്റെ മടിതട്ടിൽ നിന്ന് ഒരു മയിൽപ്പീലി എനിക്ക് സമ്മാനിച്ചു. ന്നാ ഡാ ഇത് എന്റെ ഓർമ്മക്ക്…….
അവനോട് യാത്ര പറഞ്ഞ് ഇറങ്ങി………. ഇത് ഒരു യാത്ര ആയിരുന്നില്ല നാടിന്റെ ജീവൻ തേടി ഉള്ള അലയലായിരുന്നു എന്റെ ഇടങ്ങളിലെ വാടാതെ നിൽക്കുന്ന മുക്കുറ്റികളുടെ ചന്തം കാണാൻ ഉള്ള ഭ്രാന്തമ്മായ അലച്ചിൽ…………