വിവരണം – നിജുകുമാർ വെഞ്ഞാറമൂട്.
യാത്രകൾ എപ്പോഴും വേറിട്ട അനുഭവങ്ങളാണ്. ചില യാത്രകൾക്ക് നാം മുൻകൂട്ടി തയ്യാറെടുക്കും, എന്നാൽ മറ്റു ചിലത് യാതൊരു തയ്യാറെടുപ്പുകളും നടത്താതെ മുന്നിട്ടിറങ്ങുന്നവയായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് നടത്തുന്ന യാത്രകൾക്ക് തരാൻ കഴിയാത്ത ഒന്ന് അത്തരം യാത്രകൾക്ക് തരാൻ സാധിക്കും. അത്തരമൊരു മറക്കാനാവാത്ത യാത്രയായിരുന്നു അത്.
മഴയുടെ അന്തരീക്ഷമായതിനാൽ യാത്ര അധികം ദൂരത്തേക്ക് പോകണ്ടായെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അങ്ങനെ ഞാനും സുഹൃത്ത് മണികണ്ഠനും കൂടി ആറ്റിങ്ങലിൽ നിന്നും അതിരാവിലെ തന്നെ കുളത്തൂപ്പുഴയിലേക്കു പുറപ്പെട്ടു. അല്ലെങ്കിലും യാത്രകൾ എപ്പോഴും അതിരാവിലെ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. കുളത്തൂപ്പുഴയെന്നാൽ സഹ്യന്റെ മടിത്തട്ടിലായി കാടും, കാട്ടുവഴികളാലും, മലനിരകളാലും, പുഴകളാലും, സമൃദ്ധമായ കൊല്ലം ജില്ലയിലെ ഒരു മലനാടൻ ഗ്രാമമാണ്. അതുകൊണ്ടു തന്നെ ഇങ്ങോട്ടുള്ള യാത്രയിലെ കാഴ്ചകൾ ഏതു സമയത്തും ഹരിതാഭമാണ്.
പതിവുപോലെ മണികണ്ഠന്റെ ബുള്ളറ്റിൽ തന്നെയായിരുന്നു ആ യാത്രയും. പോകുന്ന വഴിയിലായി കിളിമാനൂർ – കടയ്ക്കൽ റൂട്ടിലെ മീൻമുട്ടി വെള്ളച്ചാട്ടവും, ഡാലിയിലെ കല്ലടയാറിൻ്റെ വശ്യസൗന്ദര്യവും, പ്രകൃതിഭംഗികളും ഒക്കെ വേണ്ടുവോളം ആസ്വദിച്ചു. കിളിമാനൂർ നിന്നും നിലമേൽ വഴി മടത്തറ എത്തുന്നതു വരെയും റോഡ് വിജനമായിരുന്നു. അവിടുന്ന് ആര്യങ്കാവ് – തെങ്കാശി റോഡിലൂടെ ഞങ്ങൾ മുന്നോട്ടു കുതിച്ചു.
വനപ്രദേശമായതിനാൽ വന്യമൃഗങ്ങൾ പലതും റോഡരികിൽ തന്നെ നിൽപ്പുണ്ട്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവയിൽ പലതിനേയും കാണാൻ കഴിഞ്ഞു. അധികസമയം അവിടെ നിന്ന് അവറ്റകൾക്ക് കളിപ്പാട്ടമാകാൻ നിന്നു കൊടുക്കാതെ ഞങ്ങൾ വളരെ വേഗത്തിൽത്തന്നെ യാത്ര തുടർന്നു. കുളത്തൂപ്പുഴ എത്താറായപ്പോഴേക്കും കഷ്ടിച്ച് നേരം പുലർന്നു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. തിങ്ങിനിറഞ്ഞു നിൽക്കുന്ന വൻവൃക്ഷങ്ങൾക്കിടയിലൂടെ ഇളംവെയിൽ ഭൂമിയിലേക്ക് അരിച്ചിറങ്ങാൻ തയ്യാറെടുത്തു നിൽക്കുന്നു. വന്യതയുടെ തണുപ്പും കോടമഞ്ഞും ശരീരം മുഴുവൻ അരിച്ചിറങ്ങുന്നുണ്ട്. പലതരം പക്ഷികളുടെ കലപിലശബ്ദം കൂടിക്കൂടി വരുന്നു. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ പ്രദേശം മുഴുവൻ.
കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലേക്കുള്ള പാലത്തിൽ നിന്ന് മീനൂട്ട് വഴിപാടായി പെയ്തിറങ്ങുന്ന കപ്പലണ്ടിക്കും പൊരിക്കടലക്കും വേണ്ടി ആറ്റിലെ കൂറ്റൻമീനുകൾ അടിപിടികൂടുന്ന കാഴ്ച കണ്ടപ്പോഴാണ് ഒരു ചൂടു ചായ കുടിക്കണമെന്ന് എനിക്കും തോന്നിയത്. അവിടെ കണ്ട ഒരു കുഞ്ഞുതട്ടുകടയിൽ നിന്നും ചായ കുടിച്ച് തണുപ്പിനൊരു ആശ്വാസമേകിക്കൊണ്ടിരിക്കുമ്പോഴാണ് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ഗുഹാക്ഷേത്രം കുളത്തൂപ്പുഴ വനത്തിനുള്ളിൽ എവിടെയോ ഉള്ളതായി ഒരു അപരിചിതനിൽ നിന്ന് വളരെ യാദൃശ്ചികമായി അറിയാൻ കഴിഞ്ഞത്.
മുമ്പ് പലവട്ടം അതുവഴി കടന്നു പോയിട്ടുണ്ടെങ്കിലും കുളത്തൂപ്പുഴയിൽ ഒരു ഗുഹാക്ഷേത്രം ഉള്ളതായി അറിവില്ലായിരുന്നു. ചരിത്രത്തെക്കുറിച്ചും പോയകാലത്തെക്കുറിച്ചും അറിയാനും കാണാനും താൽപര്യമുള്ളതിനാൽ എന്തായാലും ഇത്തവണത്തെ യാത്ര അങ്ങോട്ടേക്കാക്കാമെന്നു മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ കുളത്തൂപ്പുഴ ജംഗ്ഷനിലെത്തി പലരോടും ഈ സ്ഥലത്തെക്കുറിച്ച് തിരക്കിയെങ്കിലും അവരാരും ഇങ്ങനൊരു ഗുഹാക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടു പോലുമില്ല എന്നായിരുന്നു മറുപടി.
വളരെനേരത്തെ അന്വേഷണത്തിനൊടുവിൽ കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസിൽ ചെന്ന് അന്വേഷിക്കാമെന്നു വെച്ചു. അവിടെയൊരു ഫോറസ്റ്റ് ഗാർഡിനോട് അന്വേഷിച്ചപ്പോഴും ഉത്തരം ഇതുതന്നെ. “ഇവിടെയെങ്ങും അങ്ങനൊരു ഗുഹാക്ഷേത്രം ഉള്ളതായി അറിവില്ല. പിന്നെ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഒരു ഗുഹാക്ഷേത്രമുണ്ട് അതായിരിക്കും” എന്നായിരുന്നു മറുപടി. വനത്തിനുള്ളിലുള്ള ഒരു സ്ഥലത്തെക്കുറിച്ച് അവിടുത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു പോലും അറിയില്ലെങ്കിൽ ഇനിയിപ്പോ വേറെയാരോട് അന്വേഷിക്കാനാ?
പിൻമാറാൻ ഉദ്ദേശമില്ലാത്തതിനാൽ ഞങ്ങൾ പലരോടും തിരക്കിക്കൊണ്ടേയിരുന്നു. വളരെ വർഷങ്ങളായി കുളത്തൂപ്പുഴയിലും പരിസരത്തും താമസിക്കുന്ന പലരോടും തിരക്കിയെങ്കിലും എല്ലായിടത്തു നിന്നും നിരാശയായിരുന്നു ഫലം. ഒടുവിൽ നല്ല പ്രായമുള്ള ആരോടെങ്കിലും ചോദിച്ചു നോക്കാമെന്ന് കരുതി. അവർക്കാണെങ്കിൽ പഴയകാലത്തെക്കുറിച്ച് കുറേക്കൂടി അറിവുണ്ടാകുമല്ലോയെന്നു ചിന്തിച്ചു.
അങ്ങനെ അന്നാട്ടുകാരനായ പ്രായംചെന്ന ഒരാളോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. “നിങ്ങൾ പറയുന്നത് ജടായുപാറയെക്കുറിച്ചാണോ, അതാണെങ്കിൽ ഇവിടെയല്ല ചടയമംഗലത്താണ്.” ഞാനും മണികണ്ഠനും ഒരേസമയം നവരസങ്ങളിൽ പെടാത്ത ഒരു പ്രത്യേകഭാവത്തോടെ മുഖത്തോടുമുഖം നോക്കി. ഇനിയെന്തു ചോദിക്കാനാ അയാളോട്? പിന്നെ കൂടുതലൊന്നും സംസാരിക്കാനും നിന്നില്ല, പറയാനും നിന്നില്ല, തൃപ്തിയായി.
ഒടുവിൽ ഗൂഗിൾ നമുക്ക് വഴികാട്ടിത്തരുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ ഗൂഗിൾ മുഴുവൻ അരിച്ചുപെറുക്കി. ഒരു രക്ഷയുമില്ല. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ ഗുഹാക്ഷേത്രങ്ങളുടെ വിവരങ്ങളും ഗൂഗിളിൽ കണ്ടു. എന്നാൽ കുളത്തൂപ്പുഴയിൽ ഒരു ഗുഹാക്ഷേത്രം ഉള്ളതായി ഗൂഗിളിൽ പോലുമില്ല. ഇനിയെങ്ങാനും നമുക്കു തെറ്റുപറ്റിയതായിരിക്കുമോ? കേട്ട സ്ഥലം മാറിപ്പോയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ചുപോയി. എങ്കിലും നിരാശപ്പെട്ട് പിന്മാറാൻ മനസ്സ് അനുവദിച്ചില്ല.
അപ്പോഴാണ് മുഷിഞ്ഞ വസ്ത്രധാരിയായ ഒരു പ്രായമായ മനുഷ്യൻ ബീഡിയും വലിച്ചു കൊണ്ട് നടന്നു വരുന്നത് കണ്ടത്. അദ്ദേഹത്തോടും ഞങ്ങൾ വിവരം തിരക്കി. കേട്ടപാതി നീട്ടിയൊരു പുക വിട്ട ശേഷം അദ്ദേഹം പറഞ്ഞു “നിങ്ങൾ പറയുന്ന സ്ഥലം എനിക്കറിയാം. അത് കല്ലുപച്ച എന്ന സ്ഥലത്താണ്. അവിടെ വനത്തിനുള്ളിലാണ് ഈ സ്ഥലം. അവിടെ ചെന്നിട്ട് ആരോടെങ്കിലും ചോദിച്ചാൽ മതി. പിന്നെ വഴി തിരക്കുകയാണെങ്കിൽ ‘കല്ലുകോവിൽ’ എന്നു പറയണം. അങ്ങനെ പറഞ്ഞാലേ അവിടുള്ളവർക്ക് മനസ്സിലാകൂ.” ഇതും പറഞ്ഞ് ഒരു പുക കൂടി എടുത്ത ശേഷം അദ്ദേഹം നടന്നു പോയി.
അദ്ദേഹത്തോട് നന്ദി പറഞ്ഞിട്ട് ഞങ്ങൾ കല്ലുപച്ചയിലേക്ക് യാത്ര തിരിച്ചു. കല്ലുപച്ച എന്ന സ്ഥലം ഗൂഗിൾ മാപ്പിൽ Search ചെയ്തപ്പോഴും നിരാശയായിരുന്നു ഫലം. വനപ്രദേശമായതിനാൽ കൂടുതൽ വിവരങ്ങളൊന്നും മാപ്പിലും ലഭ്യമല്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞങ്ങൾ വനത്തിനുള്ളിലേക്ക് കയറി.
ആദിവാസികളുടെ സെറ്റിൽമെന്റ് ഏരിയ ആണെങ്കിലും വഴി ചോദിക്കാൻ അവിടെയെങ്ങും ആരേയും കാണുന്നില്ല. പോകേണ്ട വഴി ഏതാണെന്നു വശമില്ലെങ്കിലും മുന്നിൽ കണ്ട വഴികളിലൂടെ ഒന്നര കിലോമീറ്ററോളം ഞങ്ങൾ മുന്നോട്ടു പോയി. അപ്പോഴാണ് അങ്ങകലെയായി വനത്തിനുള്ളിൽ ഒരു ആദിവാസി പെൺകുട്ടിയും ഒരു സ്ത്രീയും വിറകു ശേഖരിക്കുന്ന കാഴ്ച കണ്ടത്.
അവരോട് വഴി ചോദിക്കാമെന്നു വച്ച് ബുള്ളറ്റ് വഴിയിലൊതുക്കി വെച്ചിട്ട് അവരുടെ അടുത്തേക്ക് ഞങ്ങൾ നടന്നു ചെന്നു. ഏതോ വിചിത്രജീവികളെ കാണുന്ന ഭാവത്തോടെ അവർ ഞങ്ങളെ അന്തംവിട്ടു നോക്കുകയാണ്. ‘തേന്മാവിൻ കൊമ്പത്തി’ൽ ലാലേട്ടൻ ശ്രീഹള്ളിയിലേക്കുള്ള വഴി ചോദിച്ചതു പോലെയാകുമോയെന്ന് ഒരു നിമിഷം ശങ്കിച്ചു.
പക്ഷേ വഴി ചോദിക്കാൻ ആ പരിസരത്തൊന്നും വേറെ മനുഷ്യജീവികളെയാരേയും കാണാനില്ലാത്തതു കൊണ്ട് അവരോടു തന്നെ കല്ലുകോവിൽ എവിടെയാണെന്നു ചോദിച്ചു. തമിഴ് കലർന്ന മലയാളത്തിൽ അവർ അങ്ങോട്ടേക്കു പോകാനുള്ള വഴി ഏകദേശം പറഞ്ഞു തന്നു. ഒടുവിൽ അവർ പറഞ്ഞ വഴികളിലൂടെ ഞങ്ങൾ നേരേ അങ്ങോട്ടേയ്ക്ക് വെച്ചുപിടിച്ചു.
പോകുന്ന വഴിയിൽ പലയിടത്തും ആനയിറങ്ങിയ ലക്ഷണങ്ങൾ കാണാനിടയായത് അൽപം ഭയം തോന്നിപ്പിച്ചെങ്കിലും കുറച്ചൊക്കെ സാഹസികതയില്ലെങ്കിൽ പിന്നെന്തു ത്രില്ലാ ഒരു യാത്രയിൽ കിട്ടാനുള്ളത് എന്നു ചിന്തിച്ച് സധൈര്യം ഞങ്ങൾ യാത്ര തുടർന്നു.
അവിടുന്ന് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി. ഇനിയങ്ങോട്ടു റോഡില്ല. കാൽനടയായി വനത്തിനുള്ളിലൂടെ നടന്നു വേണം അവിടേക്കെത്താൻ.
മനുഷ്യവാസമില്ലാത്തതിനാൽ മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്. വഴി പോലും കൃത്യമല്ല. കാട്ടിൽ നിന്നു കിട്ടിയ രണ്ട് വടികൾ കൈയ്യിൽ പിടിച്ച് ഓരോ ചുവടും ജാഗ്രതയോടെ ഞങ്ങൾ നടന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്. ഞാൻ കാൽ വെച്ചത് ഒരു രാജവെമ്പാല പടം വിരിച്ചിട്ടതിനു മുകളിലായിരുന്നു. ജീവനില്ലാത്ത സാധനമാണെങ്കിലും പെട്ടെന്ന് ഉള്ളിലൊരു മിന്നലടിച്ചു. ഒറ്റച്ചാട്ടത്തിന് അതിനെ മറികടന്നെങ്കിലും നല്ലപോലെ നെഞ്ചിടിപ്പുണ്ടാക്കി.
അവിടുന്ന് ഒരു കുഞ്ഞുകയറ്റം കയറി മുന്നോട്ട് നടന്നപ്പോൾ അങ്ങു ദൂരെയായി ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കപ്പുറത്ത് അൽപം ഉയരത്തിലായി പാറ തുരന്നു നിർമ്മിച്ച ആ പഴയ ഗുഹാക്ഷേത്രം കണ്ടു. ഇത്രയും നേരത്തെ യാത്ര എന്തായാലും വിഫലമായില്ലല്ലോയെന്നു ചിന്തിച്ചപ്പോൾ വളരെയേറെ സന്തോഷം തോന്നി. ഞങ്ങൾ ഗുഹയുടെ മുന്നിലെത്തി. അകത്തേക്കു നോക്കിയപ്പോൾ അതിനുള്ളിൽ പ്രതിഷ്ഠയോ വിഗ്രഹമോ യാതൊന്നുമില്ല. ക്ലാവ് പിടിച്ച ഒരു പഴയ വിളക്ക് മാത്രം ഇരിപ്പുണ്ട്. വർഷങ്ങളായി പൂജയോ മറ്റ് കാര്യങ്ങളോ ഒന്നും ഇല്ലായെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം.
ഏതോ കാലഘട്ടത്തിലെ ഒരു ചരിത്രശേഷിപ്പിന്റെ ബാക്കിപത്രമായി കൊടുംവനത്തിനുള്ളിൽ പുറംലോകമറിയാത്ത ഏതോ അജ്ഞാത ശിൽപ്പികളുടെ കരവിരുതിൽ വിരിഞ്ഞ ഈ ഗുഹാക്ഷേത്രം കുരങ്ങുകളുടേയും, മലയണ്ണാന്മാരുടേയും, കീരികളുടേയും, ആവാസകേന്ദ്രമായി കാടുമൂടി കിടക്കുന്നു.
ഈ സ്ഥലത്തെക്കുറിച്ച് കൂടുതലറിയാൻ നല്ല ആകാംക്ഷ തോന്നിയെങ്കിലും ചോദിച്ചാലറിയാവുന്ന ആരും തന്നെ ആ പരിസരത്തൊന്നും ഇല്ല. എങ്കിലും ആരോടെങ്കിലും ഈ സ്ഥലത്തിന്റെ ചരിത്രത്തെക്കുറിച്ച് തിരക്കാമെന്നു വെച്ച് ആ പരിസരത്തും വന്ന വഴികളിലൂടെയുമൊക്കെയൊന്നു ചുറ്റിക്കറങ്ങി. ഒടുവിൽ ഒരു ആദിവാസി കുടിൽ കണ്ടു. തെല്ലൊരു ആശങ്കയോടെ അവിടേക്ക് ഞങ്ങൾ നടന്നു.
യാദൃശ്ചികമെന്നു പറയട്ടെ, നേരത്തേ ഞങ്ങൾ വഴി ചോദിച്ച ആ വിറകൊടിച്ചു നിന്ന ആ സ്ത്രീയുടെ വീടായിരുന്നു അത്. ഞങ്ങളെ വീണ്ടും കണ്ട അവർ ഇങ്ങോട്ടു വന്ന് കാര്യങ്ങളൊക്കെ ചോദിച്ചു. പിന്നെ കട്ടൻകാപ്പിയും കപ്പ പുഴുങ്ങിയതുമൊക്കെ തന്നു. അവർ ഞങ്ങളെ സൽക്കരിച്ചു. ‘പുറമേയുള്ളവർ എന്തിന് കാട് കയറിവന്നു’ എന്ന ചോദ്യം പോലും ചോദിക്കാതെ ആഹാരവും വെള്ളവും ഒക്കെ തന്നു. ഞങ്ങളുടെ തളർച്ചയകറ്റുന്ന ആ ത്യാഗം അവരുടെ കുടുംബാംഗങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്നു.
എത്ര ഭാഗ്യം ചെയ്തവരാണ് ആദിവാസികള് എന്ന് ഒരു നിമിഷമെങ്കിലും ഇവിടെത്തുന്ന ആരും ചിന്തിച്ചു പോകും. ഒരു കറയും പുരളാത്ത മണ്ണിനും മനസ്സിനും ഉടമകളായ കാടിൻ്റെ മക്കൾ. കാട്ടിലെ ആ ഗുഹാക്ഷേത്രത്തെക്കുറിച്ച് അവരോടു ചോദിച്ചെങ്കിലും അവർക്കും അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അവരുടെ മുത്തച്ഛന്റെയും മുതുമുത്തച്ഛന്മാരുടേയും കാലം തൊട്ടേ അവിടെയുള്ള ക്ഷേത്രമാണെന്നു മാത്രമേ അവർക്കറിയൂ.
പണ്ടവിടെ മനുഷ്യക്കുരുതിയും, നരബലിയും ഒക്കെ നടത്തിയിരുന്നതായി കേട്ടിട്ടുണ്ടെന്നും ഇപ്പോൾ വർഷങ്ങളായി പൂജയൊന്നും ഇല്ലാതെ കാട് മൂടി കിടക്കുകയാണെന്നും അവർ പറഞ്ഞു. കുറേകാലം മുമ്പുവരെ മടത്തറയിൽ നിന്നും നല്ല പ്രായമുള്ള ഒരു സ്ത്രീ എല്ലാ മാസത്തിലും ചില പ്രത്യേക ദിവസങ്ങളിൽ വിളക്ക് തെളിയിക്കാൻ അവിടെ വരാറുള്ളത് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോ കുറേ കാലങ്ങളായി അവർ വരുന്നത് കാണാറില്ലെന്നും പറഞ്ഞു. ആ സ്ത്രീയും ഈ ക്ഷേത്രവുമായുള്ള ബന്ധമൊന്നും ഇവർക്കാർക്കും അറിയില്ല.
അങ്ങനെ കുറേ നേരം കൂടി പഴയ കഥകളൊക്കെ കേട്ട് അവരോടൊപ്പം ചിലവഴിച്ച ശേഷം പോകാനായി ഞങ്ങൾ അവിടുന്ന് ഇറങ്ങി. തിരിച്ചിറങ്ങാൻ നേരം അവർ ഒന്നേ ഞങ്ങളോടു പറഞ്ഞുള്ളൂ. “ഞങ്ങളെ കാണാൻ നിങ്ങൾ ഇനിയും വരണം” വരുന്ന ദിവസം ഏതാണെന്നു മുൻകൂട്ടി അറിയിച്ചാൽ അവരുടെ പരമ്പരാഗതരീതിയിലുള്ള ചില ഭക്ഷണങ്ങൾ നമുക്കായ് തയ്യാറാക്കി തരാമെന്നും, അവരുടെ പൂർവ്വികരായ ഗോത്രവിഭാഗക്കാർ താമസിച്ചിരുന്ന പഴയ ഗുഹകൾ കാടിനുള്ളിലുണ്ടെന്നും, അതൊക്കെ കാണാൻ അവിടേക്കു കൊണ്ടുപോകാമെന്നും പറഞ്ഞു.
തീർച്ചയായും ഞങ്ങൾ വീണ്ടും വരുമെന്നു ഉറപ്പു പറഞ്ഞ ശേഷം അവിടുന്ന് പതിയെ ഇറങ്ങി. നേരം നല്ലപോലെ വൈകിത്തുടങ്ങി. നല്ല മഴക്കാറുമുണ്ട്. ഇനി തിരികെ വീട്ടിലേക്ക് മടങ്ങണം. കല്ലുപച്ചയിലെ ഈ മലമടക്കുകൾക്കും, പുഴകൾക്കും, വന്യതയ്ക്കുമപ്പുറം എന്നേയും കാത്തിരിക്കുന്ന എന്റെ വീട്ടിലേക്ക്.
ആ ഗുഹാക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രമോ മറ്റ് വിവരങ്ങളോ ഒന്നും അറിയാൻ കഴിഞ്ഞില്ലെങ്കിലും ഗൂഗിളിൽ പോലും ഇല്ലാത്തൊരിടം കണ്ടെത്തിയ സന്തോഷത്തിൽ പിന്നിട്ടു വന്ന വഴികളിലൂടെ ഞങ്ങൾ തിരികെ യാത്ര തിരിച്ചു. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഇതു പോലെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും അനുഭവിച്ചറിയുവാനായി എന്തെല്ലാം അത്ഭുതങ്ങളാണ് കാലം നമുക്കായി ഈ ഭൂമിയിൽ കാത്തു വെച്ചിരിക്കുന്നത്. യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല..!