വിവരണം – നൗഫൽ കാരാട്ട്.
ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി, കാട്ടിൽ ഒരുദിവസം ടെന്റിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി , മലമുകളിൽ എന്താണ് കാണാൻ ഉള്ളത് എന്ന് ചോദിക്കാതെ അത് അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയും എന്റെ യാത്രാവിവരണം വായിച്ച് ഡീറ്റൈൽസ് ചോദിച്ചവർക്കും പരിചയപ്പെടുത്താം കുമാരപർവ്വതം എന്ന പുഷ്പഗിരി പീക്കിനെ കുറിച്ച്. കൂർഗിലെ രണ്ടാമത്തെയും , കർണാടകയിലെ ആറാമത്തെയും വലിയ കൊടുമുടിയായ ഇതിന്റെ ഉയരം 1712 മീറ്റർ ആണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രെക്കിങ്ങ് റൂട്ട് ആണ് ഇത്. പുഷ്പഗിരി പീക്ക് എന്നും ഇവിടം അറിയപ്പെടുന്നു.
സ്റ്റാർട്ടിങ് പോയിന്റ് – കുമാരപർവ്വത ട്രെക്കിങ്ങിന്റെ സ്റ്റാർട്ടിങ് പോയിന്റ് എന്ന് വേണമെങ്കിൽ കുക്കെ സുബ്രമണ്യ ക്ഷേത്രത്തിനെ വിശേഷിപ്പിക്കാം. ക്ഷേത്രത്തിലേക്ക് വരുന്നവർക്കുള്ള പബ്ലിക് ടോയ്‌ലെറ്റ് ഉപയോഗിച്ച് കുളിയും പ്രാഥമിക കാര്യങ്ങളും നിർവ്വഹിക്കാം.(അവിടെ ക്ഷേത്രത്തിലേക്ക് വരുന്നവരുടെ അത്രതന്നെ ട്രെക്കിങ്ങ് ന് വരുന്നവരെയും കാണാം). ബ്രേക്ക്ഫാസ്റ്റ് / ലഞ്ച് ഇവിടെ നിന്നും കഴിക്കാം. ട്രെക്കിങിന് ആവശ്യമായ വെള്ളം , ഫുഡ് ( ഫ്രൂട്സ് , നട്സ് , ബേക്കറി etc ) ഇവിടെ നിന്നും വാങ്ങാം (പിന്നെ ഇതൊന്നും കിട്ടില്ല). ട്രെക്കിങ്ങ് തുടങ്ങാം. കുക്കെ സുബ്രമണ്യ , സോംവാർപ്പേട്ട് എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് ട്രെക്കിങ്ങ് ചെയ്യാം. കൂടുതൽ സഞ്ചാരികളും തിരഞ്ഞെടുക്കുന്ന ട്രെക്കിങ്ങ് പാത കുക്കെ സുബ്രമണ്യ വഴി ആണ്.
ഇവിടെ രണ്ട് രീതിയിൽ ട്രെക്കിങ്ങ് തിരഞ്ഞെടുക്കാം. ഒന്ന് ആദ്യദിവസം തന്നെ ട്രെക്കിങ്ങ് പൂർത്തിയാക്കി കാട്ടിൽ താമസിച്ച് പിറ്റേന്ന് തിരിച്ചിറങ്ങുന്നതും രണ്ടാമത്തേത് ആദ്യം അവിടെ താമസിച്ച് പിറ്റേന്ന് മുകളിലേക്ക് ട്രെക്ക് ചെയ്ത് തിരിച്ചിറങ്ങുന്ന രീതിയും ആണ്. ട്രെക്കിങ്ങ് രീതി – 1 : രാവിലെ 6 – 7 മണിക്ക് ക്ഷേത്ര പരിസരത്ത് എത്തി ട്രെക്കിങ്ങ് ആരംഭിക്കാം. ക്ഷേത്രത്തിന്റെ പാർക്കിങ് ഏരിയയിലൂടെ കാണുന്ന റോട്ടിലൂടെ ( അനുഗ്രഹ ലോഡ്ജിന് മുന്നിലൂടെ ) ഏകദേശം 2 കിലോമീറ്റർ നടന്നാൽ ഫോറസ്റ്റിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് ന് അടുത്ത് എത്താം. തുടർന്ന് 6 km നടന്ന് ആവശ്യത്തിന് മാത്രം വിശ്രമം എടുത്ത് 12 മണിക്ക് മുമ്പായി ഫോറസ്റ്റ് ഓഫീസിൽ എത്താൻ ശ്രമിക്കുക. ( ശ്രമിച്ചാൽ പോരാ.. എത്തണം ) ശേഷം 350 രൂപ ഫീ കൊടുത്ത് ( 200 എന്നുള്ളത് ഇപ്പോൾ കൂടി 350 ആയി ) പേരും അഡ്രസ്സും എഴുതിക്കൊടുത്ത് പെർമിഷൻ എടുക്കുക.
ബാഗിൽ ഡ്രിഗ്സ് , സിഗരറ്റ് , ലൈറ്റർ എന്നിവ ഉണ്ടോ എന്ന് അവർ പരിശോധിക്കും. യാത്രയിൽ ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.ട്രെക്കിങ്ങ് ന് പോകുമ്പോൾ ബാഗ് ഫോറസ്റ്റ് ഓഫീസിൽ സൂക്ഷിക്കാം . എന്നാൽ യാതൊരു സുരക്ഷയും അവർ ഉറപ്പ് തരില്ല. വെള്ളം , ഭക്ഷണം , ട്രെക്കിങ്ങിൽ ആവശ്യമായ സാധനങ്ങൾ എന്നിവ മാത്രം എടുത്താൽ പിന്നീട് ഏറെ ഗുണകരമാകും. 5 മണിക്കൂറോളം ട്രെക്കിങിന് ശേഷം കുമാരപർവ്വതം എത്താം. അതിന് മുകളിൽ കല്ലുകൾ കൂട്ടിയുണ്ടാക്കിയ ഒരു ചെറിയ അമ്പലമാണുള്ളത്. താഴെ സോംവാർപേട്ട് നഗരത്തിന്റെ വ്യൂ കണ്ട് തണുത്ത കാറ്റും കൊണ്ട് ആസ്വദിച്ചിരിക്കാം.
5 മണിയോടെ ഇവിടെനിന്നും തിരിച്ചിറങ്ങിയാൽ ശേഷപർവ്വതത്തിൽ അസ്തമയും കണ്ട് ടോർച്ചിന്റെ വെളിച്ചത്തിൽ 8 മണിയോടെ ഫോറസ്റ്റ് ഓഫീസിൽ തന്നെ തിരിച്ചെത്താം. രാത്രി ഭക്ഷണം നേരത്തെ ബട്ടർമനയിൽ ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് കഴിക്കാം.. അല്ലെങ്കിൽ നമ്മൾ കൊണ്ടുപോയ ഭക്ഷണം കഴിക്കാം.
ഫുഡ് കഴിച്ച് ഫോറസ്റ്റ് ഓഫീസിന് മുന്നിലായി ടെന്റ് കെട്ടാനുള്ള സ്ഥലത്ത് പോയി ടെന്റ് റെഡിയാക്കാം. അല്ലെങ്കിൽ ബട്ടർമനയുടെ അടുത്തായും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോയി ടെന്റ് കെട്ടാം. ( ശനി , ഞായർ ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ വരുന്നതിനാൽ രാവിലെ മുകളിലേക്ക് പോകുമ്പോൾ തന്നെ ടെന്റ് കെട്ടി പോവുകയാണെങ്കിൽ ഫോറസ്റ്റ് ഓഫീസിന്റെ മുന്നിൽ തന്നെ നല്ല സ്ഥലം കിട്ടും ). രാവിലെ നേരത്തെ എണീറ്റ് സൂര്യോദയം കാണണമെങ്കിൽ ( പ്രതീക്ഷിക്കുന്ന ഭംഗി കോട ഉണ്ടെങ്കിലേ കിട്ടൂ ) മുകളിലേക്ക് കയറി രണ്ടാമത്തെ വ്യൂ പോയിന്റിലോ അല്ലെങ്കിൽ ബട്ടർമനയുടെ അടുത്തുള്ള ഒന്നാമത്തെ വ്യൂ പോയിന്റിലോ പോകാം. ഫോറസ്റ്റ് ഓഫീസിൽ ഒരു ടോയ്‌ലെറ്റ് ആണുള്ളത്. അത്യാവശ്യക്കാർക്ക് അത് ഉപയോഗിക്കാം. രാവിലെ ഭക്ഷണം ഓർഡർ ചെയ്തവർക്ക് ബട്ടർമനയിൽ നിന്നും കഴിച്ച് അല്ലെങ്കിൽ കൊണ്ടുവന്ന ഭക്ഷണം കഴിച്ച് നേരത്തെ തന്നെ തിരിച്ചിറങ്ങാം. 3 മണിക്കൂർ കൊണ്ട് താഴെ എത്താം.
ട്രെക്കിങ്ങ് രീതി – 2 : കൂടുതൽ സഞ്ചാരികളും തിരഞ്ഞെടുക്കുന്നത് ഈ രീതിയാണ്. കൂടുതൽ വിശ്രമവും ഈ രീതിയിലൂടെ ലഭിക്കുന്നു. ഉച്ചക്ക് ഭക്ഷണവും കഴിച്ച് സ്റ്റാർട്ടിങ് പോയിന്റായ കുക്കെ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് നിന്നും ട്രെക്കിങ്ങ് ആരംഭിച്ച് വൈകീട്ട് ഇരുട്ടുന്നതിന് മുമ്പായി ബട്ടർമന / ഫോറസ്റ്റ് ഓഫീസ് എത്തുക. നേരത്തെ ടെന്റ് കെട്ടി സമയം ഉണ്ടെങ്കിൽ ആദ്യ വ്യൂ പോയിന്റിൽ പോയി അസ്തമയം ആസ്വദിക്കാം. രാവിലെ 6 മണിക്ക് ഫോറസ്റ്റ് ഓഫീസിൽ എത്തി ആദ്യം പറഞ്ഞ കാര്യങ്ങൾ ചെയ്ത് ട്രെക്കിങ്ങ് തുടങ്ങാം. ആവശ്യത്തിന് വിശ്രമം എടുത്ത് ട്രെക്കിങ്ങ് ആസ്വദിച്ച് ടോപ്പിൽ എത്തി അല്പം വിശ്രമിച്ച് ഉച്ചക്ക് തന്നെ തിരിച്ചിറങ്ങി ഉച്ച ഭക്ഷണം കഴിച്ച് വൈകുന്നേരത്തോടെ ക്ഷേത്ര പരിസരത്ത് തിരിച്ചെത്തുക. ഒരു രീതിയിലും കൂടി കുമാരപർവ്വതം കയറി ഇറങ്ങാം. നല്ല ആരോഗ്യവും ശാരീരിക ക്ഷമതയും ഉള്ളവർക്ക് രാവിലെ 6 മണിക്ക് തന്നെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് ട്രെക്കിങ്ങ് തുടങ്ങി വൈകീട്ട് ഇരുട്ടുന്നതിന് മുമ്പ് തന്നെ അവിടെ തിരിച്ചെത്താം. ഓർക്കുക – വിശ്രമം കഴിവതും ഒഴിവാക്കണം ഈ രീതി തിരഞ്ഞെടുക്കുമ്പോൾ.
സ്റ്റാർട്ടിങ് പോയിന്റ് മുതൽ കുമാരപർവ്വതം വരെ : 1. കുക്കെ സുബ്രമണ്യ ക്ഷേത്രം – ഫോറസ്റ്റ് ഗേറ്റ് – ദൂരം – 2 കിലോമീറ്ററിനടുത്ത്, ആവശ്യമായ സമയം – അര – മുക്കാൽ മണിക്കൂർ,യാത്രാ സ്വഭാവം – കോൺഗ്രീറ്റ് റോഡ്. 2. ഫോറസ്റ്റ് ഗേറ്റ് – ബട്ടർമന/ഫോറസ്റ്റ് ഓഫീസ്, ദൂരം – 6 KM, ആവശ്യമായ സമയം – 3 മണിക്കൂർ, യാത്രാ സ്വഭാവം – മരങ്ങളുടെ വേരുകളും , ചെങ്കുത്തായ കയറ്റങ്ങളും , കല്ലുകളും നിറഞ്ഞ വനപാത (ക്ഷീണം കൂടുതൽ അനുഭവപ്പെടും). 3. ഫോറസ്റ്റ് ഓഫീസ് – കല്ലുമണ്ഡപ, ദൂരം – 2.5 KM, ആവശ്യമായ സമയം – 1 മണിക്കൂർ, യാത്രാ സ്വഭാവം – കുത്തനെയുള്ള കയറ്റങ്ങൾ, ഇതിനിടയിൽ സുന്ദരമായ ഒരു വിശ്രമകേന്ദ്രം ഉണ്ട്.
4. കല്ലുമണ്ഡപ – ശേഷപർവ്വത, ദൂരം – 3 KM, ആവശ്യമായ സമയം – രണ്ടര – മൂന്ന് മണിക്കൂർ, യാത്രാ സ്വഭാവം – ട്രെക്കിങ്ങിലെ ഏറ്റവും ദുർഘടമായ പാത , ചെങ്കുത്തായ കയറ്റങ്ങൾ യാത്രയുടെ ദൈർഘ്യം കൂട്ടുന്നു. യാത്രയിലെ ഏറ്റവും സുന്ദരമായ വ്യൂ പോയിന്റ് ഉള്ളത് ഇവിടെയാണ്. 5. ശേഷപർവ്വത – കുമാരപർവ്വത, ദൂരം – 2 KM, ആവശ്യമായ സമയം – 1 മണിക്കൂർ, യാത്രാ സ്വഭാവം – ആദ്യ 1 കിലോമീറ്റർ ഇതുവരെ പിന്നിട്ടത് പോലെയും അവസാന 1 കിലോമീറ്റർ പുഷ്പഗിരി ഫോറസ്റ്റിലൂടെയും ആണ്. അവസാനമായി ഒരു ഭീമൻ പാറ കയറിക്കഴിഞ്ഞാൽ നമ്മൾ കുമാരപർവ്വതത്തിൽ എത്തി.
ഭക്ഷണരീതി : ട്രെക്കിങ്ങിന്റെ തുടക്കത്തിലും ശേഷം 6 KM കഴിഞ്ഞ് ബട്ടർമന യിലും മാത്രമാണ് ഈ യാത്രയിൽ ഭക്ഷണം ലഭ്യമാവുക. ബട്ടർമനയിൽ ആദ്യം ഓർഡർ കൊടുത്താലേ ഭക്ഷണം കിട്ടൂ. 9448647947 എന്ന നമ്പറിൽ വിളിച്ച് പറയുകയോ അല്ലെങ്കിൽ അവിടെ ചെന്ന് അടുത്ത സമയത്തെക്കുള്ള ഭക്ഷണം ഓർഡർ ചെയ്യുകയോ ആവാം. ട്രെക്കിങിന് പോകുമ്പോൾ ഫ്രൂട്സ് , ഡ്രൈ ഫ്രൂട്സ് , ബ്രഡ് , ജാം ,ബിസ്കറ്റ് എന്നിവ ആവിശ്യത്തിന് കരുതുക. ക്ഷീണം അകറ്റാൻ കക്കരി , ഗ്ലൂക്കോസ് എന്നിവ ഉപകരിക്കും. ഒരാൾക്ക് 4 ലിറ്റർ വെള്ളമെങ്കിലും ആവിശ്യം വരും. 2 ലിറ്ററിന്റെ ബോട്ടിൽ എടുത്താൽ ബട്ടർമന , ഫോറസ്റ്റ് ഓഫീസ് അല്ലെങ്കിൽ കൽമണ്ഡപത്തിനടുത്ത് ( ഇപ്പോൾ വെള്ളം കുറവാണ് ) വെച്ച് വെള്ളം ഫിൽ ചെയ്യാം.സ്റ്റൗ ഉപയോഗിച്ച് നമുക്ക് തന്നെ ഭക്ഷണം പാകം ചെയ്യാം ( ഫോറസ്റ്റ് ഓഫീസ് ന് മുമ്പായി ).
യാത്രക്ക് പറ്റിയ സമയം – ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ്. മഴ പെയ്താൽ ട്രെക്കിങിന് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടും. അവസാന കിലോമീറ്റർ മഴ ഉണ്ടായാൽ യാത്രക്ക് തടസ്സമാകും. ഇതിലൂടെ ചെറിയ അരുവികളും , വലിയ പാറയും ഉള്ളത് കൊണ്ട് മഴക്കാലത്ത് കടന്ന് പോകുന്നത് അപകടം ക്ഷണിച്ച് വരുത്തും.
യാത്രയിൽ ശ്രദ്ധിക്കാൻ – മഴക്കാലത്ത് അട്ടശല്യം കൂടുതൽ ആയതിനാൽ ആ സമയം പോകുന്നവർ ഉപ്പ് കൈവശം കരുതുക. ഫസ്റ്റ് എയ്ഡ് ബോക്സ് ബാഗിൽ കരുതുന്നത് നന്നാകും.യാത്രയിൽ മൃഗ ശല്യം ഇല്ലെങ്കിലും പാമ്പുകൾ കൂടുതൽ ഉള്ള സ്ഥലമാണ് ഇവിടം. ട്രെക്കിങിന് വാക്കിങ് സ്റ്റിക്ക് / മരത്തിന്റെ കൊമ്പ് ഉപയോഗിക്കുക.ജീൻസ് പാന്റ് ഒഴിവാക്കുക. ട്രെക്കിങ്ങ് / സ്പോർട്സ് ഷൂ നിർബന്ധം. ഒരു കാരണവശാലും പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കാട്ടിൽ ഉപേക്ഷിക്കരുത്. പ്രകൃതി നമുക്ക് കിട്ടിയ ഒരു വരദാനമാണ്. അതിനെ നശിപ്പിക്കരുത്.. നമ്മൾ അനുഭവിക്കുന്ന കാഴ്ചകൾ നമ്മുടെ വരും തലമുറക്കും അനുഭവിക്കാൻ ഉള്ളതാണ്.ഭംഗി ഉള്ളതെല്ലാം അതുപോലെ നിലനിൽക്കട്ടെ.
എത്തിച്ചേരാൻ : ട്രെയിൻ വഴിയോ ബസ് മുഖേനയോ ഇവിടേക്ക് എത്തിച്ചേരാം. ട്രെയിൻ – റയിൽവേ സ്റ്റേഷൻ – സുബ്രമണ്യ റോഡ്. കണ്ണൂരിൽ നിന്നും എല്ലാദിവസവും വൈകീട്ട് 4 മണിക്ക് സുബ്രമണ്യ റോഡ് ലേക്ക് ട്രെയിൻ കിട്ടും. ഈ ട്രെയിൻ രാത്രി 11 മണിക്ക് അവിടെ എത്തും. ശേഷം സ്റ്റേഷൻ ൽ തങ്ങി രാവിലെ 6 മണിക്ക് എടുക്കുന്ന ആദ്യ ബസ്സിൽ അവിടുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്താം. മംഗലാപുരം എത്തിയാൽ അവിടുന്ന് രാവിലെ 10 മണിക്ക് , രാത്രി 9 മണിക്ക് , ( കണ്ണൂർ എക്സ്പ്രസ്സ് ) എന്നീ ട്രെയിനുകൾ എല്ലാ ദിവസവും കിട്ടും. ചൊവ്വ , വ്യാഴം , ശനി ദിവസങ്ങളിൽ രാവിലെ 11.10 ന് കർവാർ-എസ്വന്ത്പൂർ എക്സ്പ്രസ്സ്തി. ങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ രാവിലെ 11.30 ന് ഗോംടേശ്വര എക്സ്പ്രസ്സ് ഉം മംഗലാപുരത്ത് നിന്നും കിട്ടും.യാത്രാ ദൈർഘ്യം – രണ്ടര മണിക്കൂർ. ബസ്സിനാണ് യാത്രയെങ്കിൽ: കാസർകോട് നിന്നും സുള്ള്യയിലേക്ക് KSRTC സർവ്വീസ് ഉണ്ട്. കാസർകോട് – സുള്ള്യ – 60 KM അവിടെ നിന്നും 40 km സുബ്രഹ്മണ്യയിലേക്ക്. സമയവിവരങ്ങൾക്ക് www.aanavandi.com സന്ദർശിച്ചാൽ മതി.
തിരിച്ചുപോകാൻ – ട്രെയിൻ : എല്ലാ ദിവസവും രാവിലെ 5.50 നും ( കണ്ണൂർ ) ഉച്ചക്ക് 1.30 നും സുബ്രമണ്യ റോഡ് – മംഗലാപുരം ട്രെയിൻ ഉണ്ട്. ഞായർ , വ്യാഴം , വെള്ളി , ശനി ദിവസങ്ങളിൽ രാവിലെ 3.30 ന് കണ്ണൂരിലേക്ക് ട്രെയിൻ ഉണ്ട്. ശനി ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചക്ക് 2.30 ന് മംഗലാപുരം ട്രെയിൻ ഉണ്ട്. ബസ് ആണെങ്കിൽ സുബ്രമണ്യ – മംഗലാപുരം അവസാന ബസ്സ് 5.45 pm ( മംഗലാപുരം 9.15 ന് എത്തും ). കുക്കെ ബസ് സ്റ്റാന്റിൽ നിന്നും സുള്ളിയിലേക്കോ മംഗലാപുരത്തേക്കോ ബസ് കയറാം.