എഴുത്ത് – സാജു ചേലങ്ങാട് (മംഗളം).
കൊല്ലം ബോട്ട് ജട്ടിയില്‍നിന്ന് 1924 ജനുവരി 16 ന് രാത്രി 10.30ന് റഡീമര്‍ ബോട്ട് ആലപ്പുഴയ്‌ക്ക് തിരിക്കുമ്പോള്‍ യാത്രക്കാരുടെ മുഖത്ത് അഞ്‌ജാതമായ ഭയാശങ്കകള്‍ നിഴലിച്ചിരുന്നു. തൊണ്ണൂറ്റിയഞ്ച് യാത്രക്കാരെ കയറ്റാന്‍ ലൈസന്‍സ് ലഭിച്ചിരുന്ന ട്രാവന്‍കൂര്‍ കൊച്ചിന്‍ മോട്ടോര്‍ സര്‍വ്വീസിന്റെ ഈ ബോട്ടില്‍ നൂറ്റിനാല്‌പത്തിയഞ്ച് യാത്രക്കാരും ഭാരിച്ച ചരക്കുകളും കയറ്റിയതാണ് യാത്രക്കാരെ ആശങ്കാകുലരാക്കിയത്. ബോട്ട് മാസ്‌റ്ററായിരുന്ന അറുമുഖംപിള്ളയോട് ചില യാത്രികര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ ക്ഷോഭിച്ചു. എങ്ങനെയെങ്കിലും ലക്ഷ്യത്തിലെത്താനുള്ള വ്യഗ്രത യാത്രക്കാരെ ശാന്തരാക്കി.
മുകളിലും താഴേയുമുള്ള ഡക്കുകളില്‍ കുത്തിനിറച്ച യാത്രക്കാരെയും അവരുടെ ഭാരിച്ച സാമാനങ്ങളെയും വഹിച്ച് കിതച്ച് കിതച്ച് റെഡീമര്‍ യാത്രതുടങ്ങുമ്പോള്‍ തങ്ങള്‍ ഒരു ദുരന്തത്തിലേക്കാണ് നീങ്ങിത്തുടങ്ങിയതെന്ന് അവര്‍ അറിഞ്ഞില്ല. അഷ്‌ടമുടിക്കായല്‍ പിന്നിട്ടപ്പോള്‍ ഭയാശങ്കകള്‍ അവരെ വിട്ടൊഴിഞ്ഞു.ഇനി സുഖയാത്രയെന്ന് സ്വയം ആശ്വസിച്ചു. മകരമഞ്ഞു കലര്‍ന്ന തണുത്ത കാറ്റവരെ ഉറക്കത്തിലാഴ്‌ത്തി. എഞ്ചിന്റെ കടകട ശബ്‌ദം പോലും നിദ്രാവിഘ്‌നമുണ്ടാക്കിയില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം കഴിഞ്ഞു മടങ്ങുന്ന ബ്രാഹ്‌മണരും, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ഇതിനകം പുകള്‍പെറ്റ കവിയുമായിത്തീര്‍ന്ന കുമാരനാശനുമൊക്കെ നിദ്രയിലാണ്ടു.
അര്‍ദ്ധരാത്രികഴിഞ്ഞപ്പോള്‍ റഡീമര്‍ കൊല്ലത്തുനിന്ന് മുപ്പതുമൈല്‍ വടക്ക് എത്തിക്കഴിഞ്ഞിരുന്നു. കാലം മെല്ലെ അടുത്തദിവസത്തിലേക്കു കടന്നു. സമയം പുലര്‍കാലത്തോടടുത്തപ്പോള്‍ ബോട്ട് ആലപ്പുഴയ്‌ക്ക് പത്തൊന്‍പത് മൈല്‍ തെക്ക് ആയി. തോട്ടപ്പള്ളിക്ക് ഒന്നരമൈല്‍ തെക്ക് വെച്ച് കായംകുളം കായലിനോട് വിടപറഞ്ഞ് ആലപ്പുഴ പട്ടണത്തിലേക്കുള്ള കനാലിലേക്ക് പ്രവേശിച്ചു. തണുത്തുമരവിച്ച പുലര്‍കാലത്തും യാത്രക്കാര്‍ നല്ല ഉറക്കത്തില്‍ത്തന്നെ. രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ച് പഴുത്ത എഞ്ചിന്റെ ചൂട്‌കാഞ്ഞ് ചിലര്‍ അതിനുചുറ്റും കിടന്നുറങ്ങുന്നു.
ബോട്ട് അപ്പോള്‍ പല്ലനയിലെ അപകടം പിടിച്ച വളവ് തിരിയാനുള്ള ഒരുക്കത്തിലായിരുന്നു. വന്നവേഗത്തില്‍തന്നെ ഇടത്തോട്ടു തിരിച്ച ബോട്ടിന്റെ ഇടതുവശം താഴ്‌ന്നു. ഭാരം കൂടുതല്‍ കേന്ദ്രീകരിച്ചിരുന്നത് അവിടെയായിരുന്നു. വലതുവശം കുത്തനെ ഉയര്‍ന്ന് തലകീഴായി ആ ജലയാനം ദുരന്തത്തിലേക്ക് മറിഞ്ഞത് ഒരുനിമിഷം കൊണ്ട്. ഇരുട്ട് പൂര്‍ണ്ണമായും വിടപറയാന്‍ മടികാട്ടിയ ആ പുലര്‍കാലത്ത് അസാധാരണമായ നിലവിളികേട്ടാണ് ദുരന്തവളവിന് ഒരു ഫര്‍ലോങ്ങ് അകലെയുള്ള കലവറ വീട്ടിലെ കേശവപിള്ളയും അടുത്തവീട്ടിലെ പല്ലന പോറ്റിമാരും ഉണര്‍ന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.
എല്ലാവരും കൂടി സ്‌ഥലത്തെത്തിയപ്പോള്‍ കണ്ടത് അപ്പോഴും ചലനം നിലയ്‌ക്കാത്ത പ്രോപ്പല്ലറും അടിഭാഗം മുകളിലായി കിടക്കുന്ന ബോട്ടുമാണ്. തലകീഴായി മറിഞ്ഞ ബോട്ടിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞിരുന്നു. കരയില്‍ നീന്തിക്കയറിയ യാത്രക്കാര്‍ അവരെ നോക്കി നിലവിളിച്ചു.അപ്പോഴും കുമിളകള്‍ ബോട്ടില്‍ നിന്ന് ജലപ്രതലത്തിലേക്ക് നുരഞ്ഞുവരുന്നുണ്ട്. രക്ഷപെടാന്‍ ഭാഗ്യമില്ലാതിരുന്നവരുടെ അന്ത്യ ശ്വാസങ്ങളായിരുന്നു ആ നുരകള്‍.
വാര്‍ത്താവിനിമയസൗകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ദുരന്ത വാര്‍ത്ത പറഞ്ഞു പറഞ്ഞ് ജനം കൈമാറി. തോട്ടപ്പളളി ചീപ്പിന്റെ സൂപ്രണ്ടായിരുന്ന പി.ഐ കോശിയുടെ ചെവിയിലും അതിരാവിലെതന്നെ ഈ ദാരുണസംഭവം എത്തി . ഒരു ഓഡിവള്ളത്തില്‍ രാവിലെ 6.30ന് അദ്ദേഹം സംഭവസ്‌ഥലത്തെത്തി. അപ്പോഴേക്കും തദ്ദേശവാസികള്‍ രണ്ട് വലിയ കേവുവള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.ബോട്ടിനെ ഉയര്‍ത്തി ഉള്ളില്‍ ജീവനോടെ ആരെങ്കിലും ഉണ്ടോ എന്നറിയാനുള്ള അവരുടെ ശ്രമങ്ങള്‍ അമ്പേ പരാജയമായി. സംഭവസ്‌ഥലത്തേക്കു വരുമ്പോള്‍ തന്നെ കായംകുളം കനാല്‍ സൂപ്രണ്ടിനെ വിവരമറിയിക്കുന്ന ഒരു കത്തുമായി മറ്റൊരാളെ കോശി അയച്ചിരുന്നു. തോട്ടപ്പള്ളി പോലീസ് പോസ്‌റ്റില്‍ വിവരമറിയിച്ചതും കോശിയാണ്.
ഈ സമയത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയിലേയ്‌ക്കുള്ള മഹാമീദിയ, മോര്‍ണിംങ് സ്‌റ്റാര്‍, നൂറല്‍ റഹിമാന്‍ എന്നീ ബോട്ടുകള്‍ ദുരന്തസ്‌ഥലത്തുകൂടി കടന്നു പോയി. മോര്‍ണിങ് സ്‌റ്റാര്‍ ബോട്ട് ട്രാവന്‍കൂര്‍ കൊച്ചിന്‍ മോട്ടോര്‍ സര്‍വ്വീസിന്റെ വകയായിരുന്നു. തങ്ങളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് കണ്ടിട്ടും മോര്‍ണിംങ് സ്‌റ്റാറിലെ ജീവനക്കാര്‍ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ നാട്ടുകാരുടെ നിര്‍ബന്ധത്താല്‍ ബോട്ട് ഉയര്‍ത്താനുള്ള കയര്‍ നല്‍കി അവര്‍ സ്‌ഥലം വിട്ടു.
തണുത്തുവിറച്ചവര്‍ക്ക് ആഹാരവും വസ്‌ത്രവും നല്‍കിയത് കേശവപിള്ളയും പല്ലന പോറ്റിമാരുമാണ്. രാവിലെ എട്ട് മണിയോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.ഒന്‍പത് മൃതദേഹങ്ങള്‍ ബോട്ടില്‍നിന്ന് പുറത്തെടുത്തു. ഏഴ് ബോട്ട് ജീവനക്കാരടക്കം നൂറ്റി ഇരുപതുപേര്‍ ഇതിനകം രക്ഷപെട്ടു. സ്വയം ജീവന്‍കാത്ത ബോട്ടുജീവനക്കാരില്‍ അറുമുഖംപിള്ളയും ഉണ്ടായിരുന്നു. എന്നാല്‍ അയാള്‍ തന്ത്രപരമായി അവിടെനിന്ന് മുങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം അറസ്‌റ്റിലായി. ചോദ്യം ചെയ്‌തപ്പോള്‍ യാത്രക്കാരുടെ രോക്ഷം ഭയന്നാണ് തടിതപ്പിയതെന്നായിരുന്നു അയാളുടെ മൊഴി.
ആലപ്പുഴ ടെലിഗ്രാഫ് ഓഫീസ് വഴി കൊല്ലത്തുള്ള കനാല്‍ അസിസ്‌റ്റന്‍ന്റ് എഞ്ചിനിയര്‍ക്ക് അപകടത്തെക്കുറിച്ച് കമ്പി സന്ദേശവും അതിനിടയില്‍ കോശി അയച്ചിരുന്നു. തോട്ടപ്പള്ളിയിലെ ഓഫീസില്‍ പാഞ്ഞെത്തി ഒരാളെ ആലപ്പുഴയ്‌ക്ക് അയച്ചാണ് കോശി സന്ദേശം കൊല്ലത്തേയ്‌ക്ക് പറത്തിയത്. രാവിലെ 11.30നാണ് ആലപ്പുഴയില്‍ നിന്ന് കമ്പി സന്ദേശം കൊല്ലേത്തേയ്‌ക്ക് പോയത്. സംഭവസ്‌ഥലത്ത് മടങ്ങിയെത്തി കോശി രക്ഷപ്പെട്ടവരുടെ ലിസ്‌ററ് തയ്യാറാക്കുമ്പോള്‍ ക്യൂന്‍മഡോണ എന്ന ബോട്ടില്‍ ബോട്ടുടമ വര്‍ക്കിമാത്യു അവിടെയെത്തി. കൂടെയുണ്ടായിരുന്ന ഗോവിന്ദന്‍ മേസ്‌തരിയേയും, സുഹൃത്തായ ഒരു കോണ്‍ട്രാക്‌ടറെയും സ്‌ഥലത്തിറക്കിയശേഷം അയാള്‍ കൊല്ലത്തേയ്‌ക്ക് പോയി.
ഉച്ചക്കഴിഞ്ഞ് മൂന്നൂമണിയോടെ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ കുമാരപിളളയും പൊലിസ് ഇന്‍സ്‌പെക്‌ടര്‍ വേലുപ്പിള്ളയും സ്‌ഥലത്തെത്തി ബോട്ടുയര്‍ത്തുന്ന ശ്രമം ആരംഭിച്ചു. ആലപ്പുഴ ഡിവിഷണല്‍ ഫസ്‌റ്റ്ക്‌ളാസ്സ് മജിസ്രേട്ട് വൈകിട്ട് എത്തി കാര്‍ത്തികപ്പളളി മെഡിക്കല്‍ ഓഫിസറെ വിളിച്ചുവരുത്തി രക്ഷപെട്ടവരെ പരിശോധിപ്പിച്ചു . വൈദ്യുതിയില്ലാത്ത അക്കാലത്ത് ഇരുട്ട് പരന്നതോടെ ബോട്ട് ഉയര്‍ത്താനുളള ശ്രമം നിര്‍ത്തിവെച്ചു.
അടുത്തദിവസം രാവിലെ ഏഴിന് ആലപ്പുഴ ജില്ലാ ജഡ്‌ജി കെ.നാരായണപണ്ഡാലയും കൊല്ലംജില്ലാപൊലീസ് സൂപ്രണ്ട് ആര്‍.കെ.കൃഷ്‌ണപിള്ളയും എത്തിയതോടെ ബോട്ടുയര്‍ത്തല്‍ യഞ്‌ജം പുനരാംരംഭിച്ചു. വലിയ കേവുവള്ളങ്ങളും ആലപ്പുഴയില്‍നിന്ന് പ്രത്യേകം ജോലിക്കാരേയും ഇതിനായി എത്തിച്ചു. ഉച്ചയോടെ ഭാഗികമായി ഉയര്‍ത്തിയ ബോട്ടില്‍നിന്ന് ചീര്‍ത്ത രണ്ട് ശവശരീരങ്ങള്‍ കൂടി കണ്ടെടുത്തു. പുരുഷന്‍മാരുടെ ജഡത്തിലൊന്ന് കുമാരനാശാന്റെതായിരുന്നു.
ദുരന്തത്തിന്റെ മൂന്നാംദിവസം രണ്ടും, നാലാംനാള്‍ അഞ്ചും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. അപ്പോഴും ചെളിയില്‍ പൂണ്ട ബോട്ടിനെ പൂര്‍ണ്ണമായി ഉയര്‍ത്താനായില്ല.ബോട്ടുടമ നാലാം നാള്‍ അയച്ച കപ്പിയും പുള്ളിയും വിദഗ്‌ധരും ഒന്നിച്ച് പണിയെടുത്തതിനെ തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ബോട്ടിനെ പൂര്‍ണ്ണമായും ഉയര്‍ത്തി. അടുത്തദിവസം രാവിലെ ബോട്ടിനെ പൊലീസ് കസ്‌റ്റഡിയിലുമാക്കി.
കുമാരനാശാന്‍ മുങ്ങിമരിച്ച വാര്‍ത്ത തിരുവിതാംകൂറിനകവും പുറവും കേട്ടത് നടുക്കത്തോടെയാണ്. ദുരന്തവും ആശാന്റെ മരണവും കേട്ട് തിരുവനന്തപുരം വേദനിച്ചു. രാജകൊട്ടാരത്തില്‍പോലും അതിന്റെ അലയൊലി ഉണ്ടായി. ജാതി എല്ലായിടത്തും നിറഞ്ഞുനിന്നിരുന്ന അക്കാലത്ത് മൃതദേഹങ്ങള്‍ ജാതിതിരിച്ചാണ് തിട്ടപ്പെടുത്തിയത്.
ജനുവരി 31ന് രാജകല്‍പ്പന അനന്തപുരിയില്‍നിന്നുണ്ടായി. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്‌റ്റീസ് പി.ചെറിയാന്‍ അദ്ധ്യക്ഷനായ കമ്മിറ്റി രൂപവല്‍ക്കരിച്ചായിരുന്നു കല്‍പ്പന. ബ്രീട്ടീഷുകാരന്‍ കൂടിയായ പൊലീസ് കമ്മീഷണര്‍ ഡബ്‌ള്യൂ.എച്ച്. പിറ്റ്, ചീഫ് എഞ്ചിനീയര്‍ കെ.വി.നടേശ അയ്യര്‍, നിയമനിര്‍മാണ കൗണ്‍സില്‍ അംഗങ്ങളും അഭിഭാഷകരുമായ എന്‍.കുമാരന്‍, എന്‍.ആര്‍.മാധവന്‍നായര്‍ എന്നിവരായിരുന്നു കമ്മീഷനംഗങ്ങള്‍. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു രാജശാസനം.
ഇരുപത്തിയൊന്ന് തവണ സാക്ഷി വിസ്‌താരത്തിനായി സിറ്റിങ്ങ് നടത്തിയ കമ്മീഷന്‍ പലതവണ ദുരന്തസ്‌ഥലം സന്ദര്‍ശിച്ചു.ബോട്ടിന്റെ ഘടനയും പഠനവിധേയമാക്കി. മൊത്തം എണ്‍പത്തിമൂന്ന് സാക്ഷികള്‍. ഇതില്‍ നാല്‌പത്തിയേഴ്‌പേര്‍ റഡീമറിലെ യാത്രക്കാര്‍.അഞ്ചുപേര്‍ അതിലെ ജീവനക്കാര്‍. മലബാര്‍, ദക്ഷിണ കാനറ എന്നിവടങ്ങളില്‍ നിന്നുപോലും സാക്ഷിവിസ്‌താരത്തിനാളുകള്‍ എത്തി. മുറജപത്തിന് ഇവിടെനിന്നും പോയിരുന്ന ഇവര്‍ അപകടസമയത്ത് അന്ന് ബോട്ടിലുണ്ടായിരുന്നത്. അക്കാലത്തെ വര്‍ത്തമാനപത്രങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് കമ്മീഷന്‍ പരസ്യങ്ങള്‍ വരെ നല്‍കി.
അമിത ഭാരമായിരുന്നു അപകടത്തിന് കാരണമായതെന്ന് കമ്മീഷന്‍ കണ്ടെത്തി.ബോട്ടിലെ തിരക്കിനെപ്പറ്റി യാത്രക്കാര്‍ പലതവണ പരാതിപ്പെട്ടെങ്കിലും ബോട്ട് മാസ്‌റ്ററും ജീവനക്കാരും ഗൗനിച്ചതേയില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. യാത്രക്കാരുടെയും ചരക്കുകളുടെയും ഭാരം ബോട്ടിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. തണുപ്പായതുകാരണം പല ഷട്ടറുകളും അടച്ചിരുന്നു. അപകടസമയത്ത് രക്ഷപ്പെടുന്നതിന് വിഘാതമായ ഷട്ടറുകള്‍ പലരേയും മരണത്തിലേക്ക് തള്ളി. ബോട്ടില്‍നിന്ന് പുറത്തുചാടിയ ചിലര്‍ പത്തടി താഴ്‌ചയുള്ള കനാലില്‍ മുങ്ങിമരിച്ചു. അപകടസ്‌ഥലത്തിന് തൊണ്ണൂറ്റിയഞ്ച് അടിയോളമാണ് വീതി.
സ്വന്തം കമ്പനിയുടെ തന്നെ മോര്‍ണിങ്ങ്‌സ്റ്റാര്‍ എന്ന ബോട്ടിലെ ജീവനക്കാരുമായി റെഡിമറിലെ ചില ജീവനക്കാര്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. ബോട്ട് കെട്ടിയുയര്‍ത്താന്‍ വടം നല്‍കുന്നതിന് മോര്‍ണിങ്ങ്‌സ്റ്റാറിലെ ജീവനക്കാര്‍ വിമുഖതകാട്ടിയത് ഇതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അപകടം നടന്ന പല്ലന തീര്‍ത്തും വിജനമായ സ്‌ഥലമാണ്. കനാലിന് ഏതാനും മീറ്റര്‍ അകലെയായി ഒന്നു രണ്ട് കുടിലുകള്‍ മാത്രമമാണുള്ളത്. ഇതിലുള്ളവരും വൈകിയാണ് അപകടവിവരമറിഞ്ഞത്. ഭൂരിപക്ഷം യാത്രക്കാരും രക്ഷപെട്ടത് സ്വന്തം കഴിവിലായിരുന്നു. സാക്ഷികളില്‍ ചിലര്‍ സ്വന്തം ഭാഗ്യത്തെ പുകഴ്‌ത്തിയപ്പോള്‍ മറ്റു ചിലര്‍ അജ്‌ഞാത കൈകള്‍ക്ക് നന്ദിപറഞ്ഞു.
രക്ഷപെട്ടവര്‍ക്കായി കലവറവീട്ടിലെ കേശവപിള്ളയും പല്ലന പോറ്റിമാരും നല്‍കിയ സേവനത്തെ കമ്മീഷന്‍ പ്രശംസിക്കുന്നുണ്ട്. ദുരന്തമുഖത്ത് ആദ്യമെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ കോശിയാണ്. അദ്ദേഹത്തിന്റെ സേവനങ്ങളെയും കമ്മീഷന്‍ അഭിനന്ദിക്കുന്നു റിപ്പോര്‍ട്ടില്‍. യാത്രികരില്‍ ഒരാള്‍ കൊടൈക്കനാല്‍ ഇംഗ്ലീഷ് ക്ലബ് മാനേജരായിരുന്ന സി.എസ്.സ്വാമിനാഥഅയ്യരായിരുന്നു. ഭാര്യയും മക്കളുമായി തിരുവനന്തപുരത്തുനിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. സ്വന്തം നിലയ്‌ക്ക് ചിലരെ രക്ഷപ്പെടുത്തിയെങ്കിലും മക്കളിലൊരാളെ അദ്ദേഹത്തിന് നഷ്‌ടമായി.
അത്ഭുതകരമെന്ന് പറയട്ടെ കമ്മീഷന് മുന്നിലെത്തിയ രക്ഷപെട്ട യാത്രക്കാരാരും തങ്ങളെ രക്ഷപ്പെടുത്തിയ സ്വാമിനാഥഅയ്യരാണെന്ന് പറഞ്ഞില്ല. സംഭവസ്‌ഥലത്തിനടുത്തുള്ള ദൃക്‌സാക്ഷികളില്‍ നിന്നാണ് ഈ വിവരം കമ്മീഷന് ലഭിച്ചത്. ഇക്കാര്യം അയ്യരും കമ്മീഷന്റെമുന്നില്‍ അവകാശപ്പെട്ടില്ലത്രെ. എന്നാല്‍ അപകടത്തെപ്പറ്റി മറ്റുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി. ഭൂരിപക്ഷം മൃതദേഹങ്ങളും ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണമടക്കമുള്ള നിരവധി വസ്‌തുക്കള്‍ യാത്രക്കാര്‍ക്ക് നഷ്‌ടമായി. പലരും തങ്ങളുടെ നഷ്‌ടങ്ങള്‍ വിസ്‌താരത്തിനിടെ ബോധിപ്പിച്ചെങ്കിലും വ്യക്‌തമായ തെളിവുകളുടെ അഭാവത്താല്‍ മുഖവിലയ്‌ക്കെടുക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല.
റഡിമറിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്‌റ്റബിള്‍മാരായ കുഞ്ചുപിള്ള (പി.സി 1251) നാരായണഅയ്യര്‍( പി.സി 855,) രാമകൃഷ്‌ണ അയ്യര്‍(പി.സി.564) എന്നിവര്‍ നടത്തിയ രക്ഷാ ദൗത്യങ്ങളെ കമ്മീഷന്‍ പ്രത്യേകം ശ്ലാഘിച്ചു. ഓര്‍ഡിനറി ക്ലാസ്സില്‍ യാത്രചെയ്‌തിരുന്ന യാത്രക്കാരെ അപേക്ഷിച്ച് മുറജപം കഴിഞ്ഞ് മടങ്ങിയവരാണ് യാത്രാസാമഗ്രികള്‍ കൂടുതലായി കരുതിയതെന്ന് കമ്മീഷന്‍ കണ്ടെത്തി. മൊത്തം യാത്രക്കാരില്‍ മുപ്പത്തിയഞ്ച് പേര്‍ ഈവിധം മടങ്ങിയവരാണ്. ഇവര്‍ തിരുവനന്തപുരത്തുനിന്ന് വന്‍തോതില്‍ വസ്‌ത്രങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നു.
കോട്ടയത്ത് വിവാഹത്തില്‍ പങ്കെടുക്കുവാന്‍ പോയ പതിനൊന്ന് നായന്‍മാര്‍ ആറ്റിങ്ങല്‍ സ്വദേശികളാണ്. ഇവരും ഭാരം കൂടിയ വസ്‌തുക്കള്‍ കയറ്റി. ഇവരുടെ വസ്‌ത്രങ്ങള്‍ അടങ്ങിയ ട്രങ്ക് പെട്ടികള്‍ക്ക് കനത്തഭാരം ഉണ്ടായിരുന്നു. അതേസമയം ബോട്ടുടമ വര്‍ക്കി മാത്യു കാണിച്ച അലംഭാവത്തെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ദുരന്തസ്‌ഥലത്ത് തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട വര്‍ക്കി മാത്യു കൊല്ലത്തേക്ക് മടങ്ങിയതിനെ കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു.
സംഭവദിവസം ദുരന്തസ്‌ഥലത്ത് എത്താതിരുന്ന കൊല്ലം പി.ഡബ്ല്യു.ഡി എക്‌സിക്ക്യൂട്ടീവ് എഞ്ചിനിയര്‍ രണ്ടു ദിവസം കഴിഞ്ഞ് എത്തിയതിനെ കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. ഒപ്പം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെ പൊതുജനങ്ങളുമായി ഇടപഴകണമെന്നും ഇത്തരം സംഭവങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശ്ശങ്ങള്‍ ഉണ്ട്.
കണ്ടെടുത്ത മൃതദേഹങ്ങള്‍ പല്ലനയില്‍ തന്നെയാണ് സംസ്‌കരിച്ചത്. കുമാരനാശാന്റെ മൃതദേഹം ഏറ്റുവാങ്ങിയ സ്‌ഥലം പിന്നീട് കുമാരകോടിയായി. ആ പൂവ് വീണിട്ട് ജനുവരി 17ന് തികയുന്നത് 95 വര്‍ഷം. അദ്ദേഹത്തിന്റെ കാവ്യ സന്ദേശം ഇപ്പോഴുമവിടെ മാറ്റൊലികൊള്ളുന്നു….മാറ്റുവിന്‍ ചട്ടങ്ങളെ………