കെഎസ്ആർടിസി ബസ്സിൽ കുടിവെള്ളം. അങ്ങനെ ഒരു പേരിൽ കെഎസ്ആർടിസിയുടെ തന്നെ അഭിമാനമായി മാറിയ ഒരു സർവീസാണ് കുമളി – കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്. ആ അഭിമാന സർവീസിന് ഒരു പൊൻതൂവൽ കൂടി.. ഈ ബസിലെ ജീവനക്കാരും യാത്രക്കാരും ഒക്കെ ‘കുമളി – കൊന്നക്കാട്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബത്തിലെ 13 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി.
കെഎസ്ആർടിസിയിലെ ജീവനക്കാർക്കും യാത്രക്കാർക്കും ആനവണ്ടി പ്രേമികൾക്കും അഭിമാനം തോന്നുന്ന നിമിഷങ്ങൾ. ദീർഘ ദൂര യാത്രക്കാർക്ക് സൗജന്യ കുടിവെള്ളം, യാത്രകൾ ആസ്വദിച്ച് പോകാൻ മ്യൂസിക് സിസ്റ്റം, ജീവനക്കാരും സ്തിരം യാത്രക്കാരും ഫാൻസും ചേർന്ന് വാട്സാപ്പ് കൂട്ടായ്മ… കൊന്നക്കാട്ട് നിന്നും കുമിളിയിലേക്ക് പോകുന്ന കെഎസ്ആർടിസിയുടെ താര പരിവേഷം ഇത്കൊണ്ടും തീരുന്നില്ല. വാട്സാപ്പ് കൂട്ടായ്മയുടെ വക കൊന്നക്കാട് മുതൽ കുമിളി വരെയുള്ള പല സ്ഥലങ്ങളിലെയും പാവപ്പെട്ട കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്താണു ഇന്ന് ഈ ബസ് സർവ്വീസ് വാർത്തകളിൽ നിറയുന്നത്.
സ്കൂൾ ബാഗ്, ബുക്കുകൾ, പേന, പെൻസിൽ, ബോക്സ്, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ എല്ലാം അടങ്ങുന്ന സ്കൂൾ കിറ്റിന്റെ വിതരണം ഒരേ സമയത്ത് കുമിളി ഡിപ്പോയിലും കൊന്നക്കാട്ടും നടന്നു. കഴിഞ്ഞ ദിവസം സർവ്വീസ് പോയ വഴികളിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി നൽകുവാനുള്ള ബാക്കി കിറ്റുകളുമായാണു ബസിന്റെ യാത്ര നടന്നത്. കൂടാതെ ബസ്സിലെ ദീർഘദൂര യാത്രക്കാർക്ക് സൗജന്യ കുടിവെള്ള വിതരണവും എല്ലാ ദിവസവും നൽകി പോരുന്നു. ആത്മാർത്ഥതയുള്ള ഒരു പറ്റം ജീവനക്കാരും അവരോടൊപ്പം സ്തിരം യാത്രക്കാരും കേഎസ്ആർറ്റീസീ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരും ഒന്നിച്ചപ്പോൾ സ്വകാര്യ ബസുകളെ വെല്ലുന്ന സേവനം മുഖമുദ്രയാക്കി കുമിളിയുടെ “കൊന്നക്കാടൻ” യാത്ര തുടരുന്നു. ഇതിനെല്ലാം ഉപരി പരിപൂർണ്ണ പിന്തുണ നൽകി ഈ സേവീസ് വിജയം ആക്കി തീർത്തതിൽ കുമളി ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ പങ്കും വലുതാണ്.
കുമളി – കൊന്നക്കാട് വാട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന മെസ്സേജ് : “30/05/2019 നമ്മുടെ ഗ്രൂപ്പിനെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത ഒരു ദിവസമാണ്. കേരളത്തിലെ ഒരു കെ.എസ്.ആർ.ടി.സി. ബസ്സിലെ യാത്രക്കാരുടെ കൂട്ടായ്മയിലൂടെ 13 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കുന്നത്ത് ആദ്യമായിട്ടായിരിക്കും. മാർച്ച് 17 ന് തുടങ്ങി ഏകദേശം രണ്ടര മാസം കൊണ്ട് തന്നെ KSRTC യുടെ പാസഞ്ചേഴ്സ് ഗ്രൂപ്പുകളിൽ ഏല്ലാവരിലും ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രൂപ്പായി മാറിയിരിക്കുകയാണ് നാം. നമ്മുടെ ഗ്രൂപ്പിന്റെ ആത്മാർത്ഥതയുടെയും കൂട്ടായ്മയുടെയും വിജയമാണിത്. ഇതിൽ നേരിട്ടും അല്ലാതെയും സഹകരിച്ചവരാണ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളും.
അതുപോലെ നമ്മുടെ ഈ ഉദ്യമത്തിനു തുടക്കം മുതൽ എല്ലാ പിന്തുണയും നല്കിയ കുമിളി DTO ശ്രി.ഷാജി സാർ, കൺട്രോളിംഗ് ഇൻസ്പെക്ടർ ശ്രീ.മുരളി സാർ കുമിളി ഡിപ്പോയിലെ മറ്റു സ്റ്റാഫംഗങ്ങൾ എന്നിവർക്കും ഈ ഗ്രൂപ്പ് അംഗങ്ങൾക്കും ഇതിൽ അഭിമാനിക്കാം. രാവിലെ 11 ന് കുമിളി ഡിപ്പോയിൽ വച്ച് നടക്കുന്ന ചടങ്ങ് വൻ വിജയമാക്കി തീർക്കാൻ ഗ്രൂപ്പിലെ മാക്സിമം അംഗങ്ങളുടെയും പങ്കാളിത്തം ലഭിച്ചു. നമ്മൾ ഇന്ന് ചെയ്തത് വളരേ മഹത്തായ ഒരു കാര്യമാണ്. ഒരു പക്ഷെ കേരളത്തിലെ ഒരു ബസ് ഫാൻ ഗ്രൂപ്പും ഇങ്ങനെ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.
നമ്മൾ നൽകിയ നൽകിയ ഈ ചെറിയ സമ്മാനം നമ്മുടെ ഈ കുട്ടികൾക്കു ഏറെ പ്രയോജനം ചെയ്യുന്നതോടൊപ്പം അവരുടെ ഭാവി ശോഭനമാവട്ടെ. നമ്മുടെ ഈ പദ്ധതിയിൽ സഹായിച്ച, സഹകരിച്ച എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും നന്ദി. നമ്മുടെ പ്രോഗ്രാം വളരേ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിൽ സന്തോഷം. സർവ പിന്തുണയും തന്ന ബഹു: സൂപ്രണ്ട് അജി സർ, ബഹു: DTO ഷാജി സർ, ബഹു: ജനറൽ കോൺട്രോളിങ് ഇൻസ്പെക്ടർ മുരളി സർ, കുമിളി -കൊന്നക്കാട് ബസ്സിലെ ജീവനക്കാർ, കൂടാതെ ഇതിനു പിന്തുണ നൽകിയ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും നമ്മുടെ ഉദ്യമം ഫലവത്താക്കിയതിന് നന്ദി.”
ആനവണ്ടിയും സമൂഹത്തിലെ ഊർജസ്വലരായ ചെറുപ്പക്കാരും ഒരുമിച്ചു ചേർന്നപ്പോൾ രൂപീകരിക്കപ്പെട്ടത് അക്ഷരകേരളത്തിലെ തന്നെ ഒരു മികച്ച മാതൃകയാണ്. കുമളി മുതൽ കൊന്നക്കാട് വരെയുള്ള പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകിയതോടെ സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിന് പകർത്താവുന്ന മാതൃകയായി ഈ സംരംഭം. ഈ നവസംരംഭത്തിന് മുൻകൈയെടുത്ത കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും കുമളി – കൊന്നക്കാട് ബസ് സർവീസിലെ യാതക്കാരുടെ കൂട്ടായ്മക്കും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ എല്ലാ വിധ ആശംസകളും നേരുന്നു.”
കടപ്പാട് – സന്തോഷ് കുട്ടൻ, ബഷീർ വാഗമൺ.