എഴുത്ത് – അഖിൽ സുരേന്ദ്രൻ അഞ്ചൽ
ഹിൽ സ്റ്റേഷനുകളെ അനുസ്മരിപ്പിക്കുന്ന തണുത്ത കാലാവസ്ഥയും കാറ്റും നിറഞ്ഞ ‘വളർത്തുമൃഗങ്ങളുടെ ഈ വീട്’ കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാകാൻ ഇനി കാലതാമസമില്ല.
കല്ലടയാറിന്റെ കരയിലെ കുരിയോട്ടു മല ഹൈടെക് ഡെയറി ഫാം പച്ചക്കുന്നുകളും പുൽപ്പരപ്പും കൊണ്ടു ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ‘ഫാം ടൂറിസം’ എന്ന് തെളിച്ചെഴുതുമ്പോൾ കുരിയോട്ടുമലയിലെ കാഴ്ചകളും പച്ചപിടിക്കുന്നു.
പത്തനാപുരം പിറവന്തൂർ പഞ്ചായത്തിൽ 116 ഏക്കറോളം പടർന്നുകിടക്കുന്ന ഫാമിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കാർഷിക– ടൂറിസം അധിഷ്ഠിത വികസന പ്രവർത്തനങ്ങളാണു നടക്കുന്നത്.
20 രൂപയ്ക്കു പശു, ആട്, കുതിര, ഒട്ടകപ്പക്ഷി തുടങ്ങി പ്രകൃതിയുടെ കാഴ്ചകളേറെയാണിവിടെ. വിവിധ ഇനങ്ങളിലുള്ള 650 പശുക്കളും നാനൂറിലേറെ ആടുകളും മുയലുകളും കുതിരയും തുടങ്ങി എമുവും ഒട്ടകപക്ഷികളും വരെ ഫാമിലുണ്ട്.
കുന്നിൻമുകളിലുള്ള ഫാമിലേക്കുള്ള വഴി നീളെ ജീവൻ തുടിക്കുന്ന മൃഗങ്ങളുടെ ശിൽപങ്ങളാണ് കാത്തുനിൽക്കുന്നത്. സ്വതന്ത്രരായി പറന്നു നടക്കുന്ന എണ്ണമറ്റ മയിലുകളും മറ്റു കിളികളും ചുറ്റിനുമുണ്ട്. ചിൽഡ്രൻസ് പാർക്ക് , കുതിര സവാരി മുതലായവ വിനോദ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
മലയുടെ മുകളിലേക്ക് കയറുന്ന വഴിയരികിൽ പുല്ലു മേഞ്ഞുകൊണ്ടിരിക്കുന്ന കാട്ടുപോത്തിനെ കാണാം, മനുഷ്യന്റെ കാലടി ശബ്ദം കേൾക്കുമ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കുന്ന വിധമൊരു ശിൽപം.
ജീവനില്ലെന്നു തൊട്ടുനോക്കാതെ ആർക്കും ഉറപ്പിക്കാനാകാത്ത വിധമാണിതിന്റെ നിർമാണം. കുരിയോട്ടുമലയിൽ ഇത്തരം ഒട്ടേറെ അത്ഭുങ്ങളാണ് ശിൽപി ദീപേഷ് അഞ്ചൽ ഒരുക്കിയിട്ടുള്ളത്.
പ്രവേശന കവാടത്തിലെ ശിൽപം മുതൽ സഞ്ചാരികളെ വരവേൽക്കുന്ന ഒട്ടകപ്പക്ഷിയും പശുവും കിടാവും ആനയും വരയാടും കരിമ്പുലിയും ഉൾപ്പെടെ പതിനാലു ശിൽപങ്ങളാണ് വിവിധ മലകളിലായി ഇവിടെയുള്ളത്. സിമന്റിൽ തീർക്കുന്ന ശിൽപങ്ങൾക്ക് പ്രത്യേകം നിറം ചെയ്തു ജീവൻ നൽകുകയാണ് ശിൽപി.
കിഴക്കൻ മേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോന്നി, ആനക്കൂട്, പാലരുവി, തെന്മല ഇക്കോ ടൂറിസം എന്നിവയുമായെല്ലാം കുരിയോട്ടുമല ഫാം ടൂറിസത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾക്ക് സാധ്യതകളേറെയാണ്.
വിനോദ സഞ്ചാര മേഖലയിൽ നേട്ടങ്ങൾ സൃഷ്ടിക്കുന്നിനൊപ്പം ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനും ഫാം ടൂറിസം പദ്ധതി മൂലം സാധ്യമാകും.