കുറുപ്പിൻ്റെ അലുവ അഥവാ കല്ലറ ഹൽവ; തിരുവനന്തപുരത്തുകാരുടെ സ്വന്തം മധുരം…

വിവരണം – Vishnu A S Nair.

ഹൽവാ.. പേരു കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിക്കുന്ന പുകൾപെറ്റ അറേബ്യൻ വിഭവം.. മാധുര്യമേറിയത് എന്നർത്ഥം വരുന്ന ‘ഹലവ’ എന്ന അറബിക്ക് പദത്തിൽ നിന്നുമാണ് മധുരപലഹാരം എന്നർത്ഥം വരുന്ന ‘ഹൽവാ’ എന്ന വാക്ക് ഉരുത്തിരിഞ്ഞതെന്നാണ് വയ്പ്പ്. എഴുത്തു കുത്തുകളിൽ പേര് ഹൽവാ എന്നൊക്കെയാണെങ്കിലും തിരുവനന്തപുരത്തുകാർക്ക് ഇത് ‘അലുവയാണ്’. ആറു നാട്ടിൽ നൂറു ഭാഷയെന്നാണല്ലോ തത്വം അതിനാൽ പറഞ്ഞിട്ട് കാര്യമില്ല, നമ്മൾക്കിതാ ശീലം.

രുചിയുടെ കാര്യത്തിൽ മാത്രമല്ല അങ്ങ് കേന്ദ്രത്തിലുമുണ്ട് ഹൽവയ്ക്ക് പ്രമുഖ സ്ഥാനം. ഭാരതത്തിൽ വർഷാവർഷം നടക്കുന്ന സാമ്പത്തിക ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായുള്ള അതീവസുരക്ഷാക്രമീകരത്തിൽ നടത്തപ്പെടുന്ന ബഡ്ജറ്റ് അച്ചടിക്ക് മുൻപായി ധനകാര്യമന്ത്രിയുടെയോ അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിൽ ഹൽവ നിർമ്മിച്ച്, മന്ത്രാലയത്തിലെ ബഡ്ജറ്റ് നിർമാണവുമായി ബന്ധപ്പെട്ടവർക്കിടയിൽ പങ്കിടുന്നൊരു പതിവുണ്ട്, അതിനെയാണ് ‘ഹൽവാ സെറിമണി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. ‘ശുഭകാര്യങ്ങൾക്ക് മുന്നോടിയായി മധുരം പങ്കിടുകയെന്ന’ പുരാതന ഭാരതീയ ആചാരത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് ഇന്നും നടന്നുപോകുന്നത്. അപ്പോൾ മനസ്സിലായില്ലേ ഹൽവാ ചില്ലറക്കാരനല്ലെന്ന്.

പ്രശസ്തമായ ഹൽവകളുടെ പേരും പെരുമയും അളന്നും തൂക്കിയുമെടുക്കുമ്പോൾ എന്നും മുന്നിൽ നിൽക്കുന്നത് താമ്രപർണി നദിയുടെ ജലത്തിൽ ഗോതമ്പ് അരച്ചുണ്ടാക്കുന്ന തിരുനെൽവേലിയിലെ ‘ഇരുട്ടുകടയ് ഹൽവയും’ കോഴിക്കോടിന്റെ മണ്ണിൽ ബാങ്ക് വിളിയുടെ മേലാപ്പിൽ, മങ്ങാട്ടച്ചൻ നിർത്തിച്ചുപോന്ന ലക്ഷ്മീദേവി കുടിയിരിക്കുന്ന മിഠായി തെരുവിൽ പിറന്ന് ഹൽവാപ്രിയരുടെ തലത്തൊട്ടപ്പന്മാരായി വിരാജിക്കുന്ന കോഴിക്കോടൻ ഹൽവകളുമാണ്.

എന്നാൽ ഇതൊന്നുമല്ലാതെ കഴിഞ്ഞ നാൽപ്പത് വർഷങ്ങൾക്ക് മേലെയായി തിരുവനന്തപുരത്തിന്റെ തനതായ ചേരുവയിൽ, നല്ല കിണ്ണം കാച്ചിയ രുചിയിൽ ലഭിക്കുന്ന ഒരുകൂട്ടം ഹൽവയുണ്ട്.. എന്താ അറിയോ ?? അറിയില്ലേൽ അറിഞ്ഞോളൂ അതാണ് ‘കുറുപ്പിന്റെ അലുവ അഥവാ കല്ലറ ഹൽവ’. തിരുവനന്തപുരത്തു നിന്നും സുമാർ 38 കിലോമീറ്റർ മാറിയാണ് ‘കല്ലറ’ എന്ന ഗ്രാമം. പ്രകൃതിഭംഗികൊണ്ടും ഗ്രാമത്തിന്റെ വിശുദ്ധിയും നേർമ്മ എന്നിവ കൊണ്ടും ഏവരെയും ഹഠാദാർഷിക്കുന്ന പച്ചപ്പിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു കുഞ്ഞു ഗ്രാമം. ഇവിടുന്നു ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ അയൽജില്ലയായ ‘കൊല്ലത്ത്’ എത്തിച്ചേരാം. ഇപ്പോൾ പോയാൽ വഴിനീളെ ‘സമ്പത്തിന്റെ ശോഭയാൽ പ്രകാശിച്ചു’ നിൽക്കുന്ന കല്ലറയെ നമുക്ക് കാണാം. ജില്ല മാറിയിട്ടില്ലെന്നുള്ളത്തിന് ഒരുറപ്പുമാണത്.

80 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് സർക്കാരിന്റെ ഊക്കംപേറി കല്ലറ – വെഞ്ഞാറമൂട് – നന്ദിയോട് ചന്തകളിൽ നടന്നു വന്ന ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരുടെ ഭരണക്കാലത്തെ അനധികൃത ചുങ്കപ്പിരിവിനെതിരെ കർഷകരുടെ പ്രതിഷേധാഗ്നി ആളിക്കത്തിച്ച കല്ലറ – പാങ്ങോട് വിപ്ലവത്തെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ. അന്ന് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട കൃഷ്ണപിള്ളയുടെയും കൊച്ചുനാരായണന്റെയും, ശേഷം വിപ്ലവത്തിന് ചുക്കാൻ പിടിച്ചെന്ന പേരിൽ ദിവാന്റെ കൂലി പോലീസാൽ തൂക്കിലേറ്റപ്പെട്ട കൊച്ചാപ്പിപിള്ളയുടേയും പട്ടാളം കൃഷ്ണന്റെയും അനശ്വര സ്മരണകൾ നിലനിൽക്കുന്ന കല്ലറയുടെ മണ്ണ്. രുചിയിടങ്ങൾ തേടിപ്പോകുമ്പോൾ ആ മണ്ണിനും കാറ്റിനും പറയാനുള്ള ഒരിറ്റ് ചരിത്രവും കൂടെയാകുമ്പോൾ അതൊരു അഡാർ സംഭവമാണ്. നവ്യമായൊരു അനുഭൂതിയാണ്. അറിവുകളെന്നും ഉറവവറ്റാത്തവയാണെന്നുള്ള തിരിച്ചറിവുകളാണ്.

അങ്ങനെ പല പുതിയ കഥകളും വഴികളും കടന്ന് അവസാനം ഞാൻ കല്ലറ ഗവർണമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ എതിരെയുള്ള ‘ഷീജാ ബേക്കറിയിൽ’ എത്തിച്ചേർന്നു. 37 വർഷങ്ങൾക്ക്(1982ൽ) മുമ്പ് കൃഷ്ണക്കുറുപ്പ് എന്ന വ്യക്തി സ്ഥാപിച്ച സ്ഥാപനമാണിത്. ഇവിടെയാണ് പ്രസിദ്ധമായ കുറുപ്പിന്റെ അലുവയുടെ ഉത്ഭവവും. വലിയൊരു കൂട്ടുകുടുംബത്തിന്റെ കണ്ണികളിലൊരാളായിരുന്നു ശ്രീമാൻ കൃഷ്ണക്കുറുപ്പ്. അന്നൊക്കെ കുടുംബത്തിൽ നടക്കുന്ന വിവാഹം,നൂലുകെട്ട് ഇത്യാദി വിശേഷാവസരങ്ങളിൽ ഹൽവ ഉണ്ടാക്കുന്ന ചുമതല ശ്രീമാൻ.കൃഷ്ണക്കുറുപ്പിനായിരുന്നു. അങ്ങനെ നേടിയ അനുഭവത്തിന്റെ തഴക്കവും പഴക്കത്തിന്റെയും കൂടെ തന്റേതായ ചില പൊടിക്കൈകൾ കൂടെ ചേർന്നപ്പോൾ ഇന്ന് നാം കാണുന്ന ‘കല്ലറ ഹൽവ’ ആവിർഭവിച്ചു. കൃഷ്ണക്കുറുപ്പിന്റെ കൈപ്പുണ്യത്തിൽ വിരിഞ്ഞതിനാൽ കാലക്രമേണ ‘കുറുപ്പിന്റെ അലുവ’ എന്ന വിശേഷണം ചാർത്തിക്കിട്ടുകയും ചെയ്തു.

സാധാരണ ഹൽവാ നിർമാണത്തിനായി ഉപയോഗിക്കുന്ന ഗോതമ്പ്, മൈദ, റവ എന്നിവയ്ക്ക് വിഭിന്നമായി അരിപ്പൊടിയാണ് കുറുപ്പിന്റെ അലുവയ്ക്ക് പഥ്യം. കൂടാതെ സാധാരണ ഹൽവകൾ നെയ്യിന്റെ ചേരുവയ്ക്ക് ഊന്നൽ കൊടുക്കുമ്പോൾ കുറുപ്പ് വെളിച്ചെണ്ണയ്ക്കും മിതമായി നെയ്യിനും പ്രാധാന്യം നൽകി. കൂടെ നല്ല ഒന്നാം ക്ലാസ് ‘മറയൂർ ശർക്കരയും’ മറ്റു കിടുപിടികളും കൂടെയായപ്പോൾ കുറുപ്പിന്റെ അലുവ ഭക്ഷണപ്രിയരുടെ നാവിൽ താമസം വിനാ രുചിയുടെ തേരോട്ടം തുടങ്ങി.

ആദ്യമാദ്യം ശ്രീ.കുറുപ്പ് താൻ നടത്തിവന്നിരുന്ന ചായക്കടയിൽ തന്നെയായിരുന്നു ഹൽവാ നിർമ്മാണവും കച്ചവടവും. ക്രമേണ ആവശ്യകത വർദ്ധിച്ചതോടെ 1982ൽ ഷീജാ ബേക്കറിയെന്ന സ്ഥാപനം തുടങ്ങുകയായിരുന്നു. ഒറ്റനോട്ടത്തിൽ കട ചെറുതെന്നു തോന്നുമെങ്കിലും അകത്തോട്ട് നല്ല രീതിയിൽ സ്ഥലമുണ്ട്. ജ്യൂസും പഫ്സുമടക്കം നഗരത്തിലെ ബേക്കറികളിൽ കിട്ടുന്ന ഒട്ടുമുക്കാൽ എല്ലാ വിഭവങ്ങളെല്ലാം ഇവിടെ ലഭ്യവുമാണ്. പ്രായത്തിന്റേതായ അവശതകൾ കുറുപ്പദ്ദേഹത്തെ അലട്ടാൻ തുടങ്ങിയതിനാൽ കഴിഞ്ഞ ഏഴെട്ടു വർഷമായി അദ്ദേഹത്തിന്റെ മകനായ ശ്രീ.അജയനാണ് ഷീജാ ബേക്കറിയുടെ ഇപ്പോഴുള്ള സാരഥി. ഇന്നും കല്ലറയിലെയും ചുറ്റുപാടുമുള്ള തദ്ദേശിയരുടെ പ്രിയപ്പെട്ട രുചിയിടങ്ങളിലൊന്നാണ് ഷീജാ ബേക്കറി. വിശപ്പിനു രുചിഭേദങ്ങൾക്കും അതിർവരമ്പുകളിടാൻ കഴിയാത്തതിനാൽ തിരുവനന്തപുരത്തെയും കൊല്ലത്തെയും ഭക്ഷണപ്രേമികൾക്കൊപ്പം പല ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികളും നാടിന്റെ നന്മയോടൊപ്പം നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒന്നാണ് ‘കുറുപ്പിന്റെ ഹൽവ.’

രണ്ടു തരത്തിലാണ് കുറുപ്പിന്റെ ഹൽവ ലഭിക്കുന്നത്. മധുരത്തിനായുള്ള ശർക്കരയുടെയും പഞ്ചസാരയുടെയും ഉപയോഗമനുസരിച്ച് യഥാക്രമം കറുത്ത ഹൽവാ – വെള്ള ഹൽവാ എന്നിങ്ങനെ തരം തിരിക്കാം.. കൃത്രിമ നിറങ്ങളും മറ്റും ഇതിൽ പടിക്ക് പുറത്താണ്. രുചിച്ചു നോക്കിയതിൽ കേമൻ കറുത്ത ഹൽവ തന്നെ. നല്ല മൃദുത്തം കിടുക്കാച്ചി രുചി. ചെറിയൊരു കഷ്ണം മുറിച്ചെടുത്തു നാവിൽ വച്ചാൽ നുണഞ്ഞിറങ്ങിപ്പോകുന്ന അനുഭൂതി. ഒരുപക്ഷേ തിരുവനന്തപുരത്തു കിട്ടുന്ന ഹൽവകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഹൽവാ അഥവാ അലുവ… ഒരു രക്ഷയില്ലാത്ത രുചി. ഇങ്ങനൊരു സംഭവം ഇത്രയും നാൾ അറിയാതെ പോയത് വലിയൊരു നഷ്ടമായി തോന്നി,അത്രയ്ക്കുണ്ട് ഇതിന്റെ മേന്മ…

കടയിലൊന്ന് ചുറ്റിയടിച്ചു നടന്നാൽ ബേക്കറിയിൽ നിർമ്മിച്ചു വെളിച്ചെണ്ണ തകരപ്പാട്ടയിൽ സൂക്ഷിച്ചിരിക്കുന്ന പലതരം ഹൽവകൾ കാണാം. എവിടെയൊക്കെയോ കാലചക്രങ്ങൾ പുറകോട്ടോടുന്ന കാഴ്ചകൾ. ആകെയൊരു ന്യൂനതയായി തോന്നിയത് സാധാരണം ഹൽവ പോലെ ഒരുപാട് നാൾ കുറുപ്പിന്റെ ഹൽവ സൂക്ഷിക്കാൻ പറ്റില്ല എന്നുള്ളതാണ്. കൂടിപ്പോയാൽ ഒന്നോ രണ്ടോ ദിവസം അതിനു ശേഷം ചെറിയ രീതിയിൽ മണത്തിനും രുചിക്കും വ്യത്യാസം വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഹൽവാ മൊത്തമായി നിർമ്മിച്ച് ആവശ്യാനുസരണം മുറിച്ചു കൊടുക്കുന്ന പതിവാണ് ഇവിടുള്ളത്. അതിനാൽ ഭീകര പാക്കിങ്ങും മുഴക്കോൽ പിടിച്ചുള്ള അളന്നു കുറിച്ചുള്ള മുറിക്കലും ഇവിടെ അന്യമാണ്. പറയുന്ന അളവിന് തൂക്കി മുറിച്ചുതരും അതിനാൽ കോണും കോലുമെല്ലാം വ്യത്യസ്തമായിരിക്കും. ഹൽവ മാത്രമല്ല സ്വന്തം ബോർമ്മയിൽ നിർമ്മിക്കുന്ന ചിപ്പ്സും, മൈദാ ഹൽവകളും, തുടങ്ങി ഒട്ടുമുക്കാൽ എല്ലാ വിധ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. എന്തൊക്കെ ഉണ്ടായാലും ശെരി ഇല്ലെങ്കിലും ശെരി ഇവിടുത്തെ അനിതരസാധാരണമായ ‘കുറുപ്പിന്റെ ഹൽവ’ തന്നെയാണ് കേമൻ.

ആവശ്യക്കാരേറിയതിനാൽ ഗോകുലം മെഡിക്കൽ കോളേജിന് അടുത്തുള്ള അശ്വതി ബിൽഡിങ്സിലും ഷീജാ ബേക്കറിയുടെ മറ്റൊരു ശാഖ തുടങ്ങിയിട്ടുണ്ടെന്നാണ് അറിവ്. വിലവിവരം : കുറുപ്പിന്റെ ഹൽവ :- ₹.150/-(കിലോയ്ക്ക്). അച്ഛന്റെ സ്വപ്നം മുറുകെപ്പിടിക്കുന്ന മകനോടൊപ്പം മുപ്പതിനോടടുത്ത് തൊഴിലാളികളുംകൂടെ ചേരുമ്പോൾ ഷീജാ ബേക്കറി അക്ഷരംപ്രതിയൊരു രുചിയരങ്ങായി വിളങ്ങിടുന്നു. ദിവസവും ഏതാണ്ട് 50-75 കിലോ വരെ ഹൽവ നിർമ്മിക്കാറുണ്ട്(ഓർഡർ ഉണ്ടെങ്കിൽ ഇതിലും കൂടുതൽ നിർമ്മിക്കാറുണ്ട്),മുഴുവനും വല്യ കാലതാമസമില്ലാതെ തീരുകയും ചെയ്യും. പോയി വാങ്ങാൻ താൽപര്യമുള്ളവർ നേരത്തെ പോവുകയോ വിളിച്ചു പറഞ്ഞിട്ട് പോവുകയോ ചെയ്യുക. കല്ലറയ്ക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ മറ്റുള്ള കുറുപ്പന്മാരുടെ ഹൽവകൾ ലഭ്യമാണെന്നിരിക്കലും യഥാർത്ഥ കുറുപ്പിന്റെ ഹൽവ കഴിക്കണമെങ്കിൽ ഷീജാ ബേക്കറിയിൽ തന്നെ പോകണം…

ലൊക്കേഷൻ :- Sheeja Bakery, Kallara, Kerala 695608, 085939 35018, Map –
https://maps.app.goo.gl/Tc4u8.