നമ്മളിൽ പലരും അപകടത്തിൽ നിന്നും മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടാകാം. “ഏതോ അദൃശ്യ ശക്തിയുടെ സഹായത്താൽ..” ഇങ്ങനെയായിരിക്കും എല്ലാവരും വിചാരിക്കുന്നതും. അത് എന്തെങ്കിലുമാകട്ടെ, ഈ ഒരു സിറ്റുവേഷൻ നേരിട്ടനുഭവിച്ചവർക്ക് അത് ജീവിതത്തിൽ എന്നും ഒരു വിറയാർന്ന ഓർമ്മയായി നിലനിൽക്കും. അവസാനം രക്ഷപ്പെട്ടെന്ന ആശ്വാസവും. ഇത്തരത്തിലൊരു അനുഭവം നമ്മോട് പങ്കുവെയ്ക്കുകയാണ് സഞ്ചാരപ്രിയനും എഴുത്തുകാരനുമായ ദയാൽ കരുണാകരൻ. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് വിവരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..
“പെട്ടെന്നാണ് ഞാൻ അത് കാണുന്നത്. ഒരു സ്വകാര്യ ബസ് ഞങ്ങളെയും ഹൈവെ അരികിൽ പാർക്ക് ചെയ്തിരുന്ന ഞങ്ങളുടെ കാറിനെയും ലക്ഷ്യമാക്കി പാഞ്ഞുവരുന്നു. മരണം മുന്നിൽ എത്തിക്കഴിഞ്ഞു. ഒന്നു നിലവിളിക്കാനുള്ള സമയം പോലും കിട്ടിയിട്ടില്ല. ഞാൻ അന്ധാളിച്ചു നില്ക്കുകയാണ്. വേണമെങ്കിൽ എനിക്ക് കഷ്ടിച്ച് ഇടത്തേക്ക് ചാടിവീഴാം. ആ ഭാഗത്തൂടെ ചിലപ്പോൾ വാഹനങ്ങൾ വന്നേക്കാം. ചിലപ്പോൾ പരിക്കുകളോടെ രക്ഷപെടാം. ഇടത്തൂടെ വാഹനം വരുന്നുണ്ടോ എന്ന് നോക്കാനായി മുമ്പിൽ നിന്നും കണ്ണെടുക്കാനും വയ്യ. പെട്ടെന്ന് ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കി. എന്റെ സഹയാത്രിക മരണം ഉറപ്പിച്ചു സ്തംബ്ധയായി നില്ക്കുകയാണ്. ഞങ്ങൾക്ക് തൊട്ടു പിന്നിലായി ഞങ്ങളുടെ കാറുണ്ട്. അതിന്റ്റെ പിൻസീറ്റിൽ ഞങ്ങളുടെ മക്കൾ തലങ്ങും വിലങ്ങും കിടന്നുറങ്ങുകയാണ്. അവർ ഇതൊന്നും അറിയുന്നില്ല.
നിയന്ത്രണം വിട്ട് പാഞ്ഞു വരുന്ന ബസ്സിനും എന്റെ ചിന്തകൾക്കും ഇടയിലുള്ള ദൂരം കഷ്ടിച്ച് 10 മീറ്ററിൽ താഴെ. ബിഗ് ബാംഗിന് അവശേഷിക്കുന്ന സമയം നാല് അഞ്ച് സെക്കന്റ് മാത്രം. എന്റെ പ്രോസസർ റാം സ്പീഡ് വേഗത്തിൽ അൺലിമിറ്റഡായി ഉയരുകയാണ്. ഹൈവെ അരികിലെ തിട്ടിനോട് ചേർന്നു നില്ക്കുന്ന എന്റെ സഹയാത്രികയെയും ഞങ്ങളുടെ മക്കളെയും രക്ഷപ്പെടുത്താൻ സാക്ഷാൽ ദൈവം വിചാരിച്ചാൽ പോലും നടക്കില്ല. കാരണം നിയന്ത്രണം വിട്ട് പാഞ്ഞു വരുന്ന ബസ്സിന്റ്റെ ഗതി അങ്ങനെയാണ്. ആ നാലഞ്ച് സെക്കന്റ് സമയത്തിൽ ഒരു തീരുമാനം നിശ്ചയിച്ചുറപ്പിച്ചു. ഇടതുഭാഗത്തേക്ക് ചാടി രക്ഷാശ്രമം വേണ്ട. അനിവാര്യമായ മരണത്തിൽ നിന്നും ഒരാൾ മാത്രം രക്ഷപ്പെട്ടിട്ട് എന്ത് കാര്യം? ജീവന്റ്റെ ജീവനായ ജീവനുകൾ പോയിട്ട് പിന്നെ എന്ത് ജീവിതം?
അവസാനമായി മുമ്പിലെ ജാലക ചില്ലിലൂടെ ആ ബസ് ഡ്രൈവറുടെ കണ്ണുകളിലേക്ക് ഞാൻ നോക്കി. അയാളുടെ കണ്ണുകൾ സൂക്ഷം ഞങ്ങളെയും കാറിനെയുമാണ് ലക്ഷ്യം വക്കുന്നത്. സ്റ്റിയറിംഗ് വീൽ വിറകൊള്ളുകയാണ്. കഠിനമായ ഒരു കയറ്റം കയറി… അതും നിയന്ത്രണം വിട്ടുവെന്ന് ബോധ്യമാകാത്ത അവസ്ഥയിലുള്ള ബസ്. ഇറക്കത്തിലേക്ക് വരുമ്പോഴാണ് നിയന്ത്രണം പോയ ബസ്സ് ഇടത്തോട്ട് പാളുകയാണെന്ന വിവരം അറിയുന്നത് തന്നെ. പൊടുന്നനെ തൊട്ടു മുന്നിൽ ഞങ്ങളും കാറും. ഇടി ഒഴിവാക്കപ്പെടാനാവാത്തതെന്ന് അയാളുടെ കണ്ണുകളും പറയുന്നു!
അവസാനത്തെ സെക്കന്ഡുകളെത്തുകയാണ്. കണ്ണടക്കാനുള്ള സമയമില്ലാത്തതിനാൽ എന്റെ കണ്ണുകൾ തുറന്നു തന്നെ ഇരിക്കയാണ്. അവസാനം മനസ്സിന് ആശങ്കകൾ ഇല്ലാതായിരിക്കുന്നു. ഒരു നിമിഷം കൊണ്ടു ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടുന്നത് ഒരു കുഞ്ഞു കുടുംബം ഒന്നാകെയാണല്ലോ. തുടച്ചു നീക്കപ്പെടുമ്പോൾ പരലോകത്തും ഞങ്ങൾക്ക് ഒരുമിച്ച് യാത്ര തുടരാമല്ലോ. ആശ്വാസം. മനസ്സും ശരീരവും സീറോ ഗ്രാവിറ്റിയിലായിരിക്കുന്നു. അനാദിയായ മരണം ഞങ്ങളിലേക്ക് ക്രാഷ് ലാൻഡ് ചെയ്യപ്പെടാൻ പോകുകയാണ്. അടുത്ത നിമിഷം മുതൽ ആകാശത്തിലൂടെ ദേശാന്തരഗമനം നടത്തുന്ന വെൺകൊറ്റികളുടെ നിരയിൽ പുതുതായി ഒരു അച്ഛൻ കൊറ്റിയും ഒരു അമ്മ കൊറ്റിയും പിന്നെ രണ്ടു കുഞ്ഞു കൊറ്റികളും പങ്കുചേരും. മരണത്തെ മുഖാമുഖം കാണുമ്പോൾ മനസ്സിലേക്ക് വരുന്ന ഫ്രെയിമുകളുടെ വേഗത അനന്തമാണ്… ദാർശനികമാണ്… മരണത്തിന് നിറം ഇളം നീലയാണ്.
പെട്ടെന്നാണ് ഞാനത് കണ്ടത്. ആ ഡ്രൈവർ വളരെ ആയാസത്തോടെ സ്റ്റിയറിംഗ് വലത്തോട്ട് ഒടിക്കുകയാണ്. ഒരു 45° ക്ക് മേൽ തിരിഞ്ഞെങ്കിൽ മാത്രമേ എന്നെയും ഒഴിവാക്കി മുട്ടിമുട്ടിയില്ലാ പാകത്തിൽ ബസ്സിന് മുന്നോട്ട് പോകാൻ പറ്റുകയുള്ളൂ. അങ്ങനെ അങ്ങ് പോകാനും പറ്റില്ല. ബസ്സിന് ഹൈവേയുടെ മദ്ധ്യത്തിൽ വച്ച് വീണ്ടും ഇടത്തേക്ക് സ്റ്റിയറിംഗ് തിരിച്ചു നേരെ മുന്നോട്ട് പോകുകയും വേണം… ഈ സമയം എതിരെ നിന്നും വന്നാൽ ബസ് ആ വാഹനവുമായി ഇടിക്കുകയും ചെയ്യും. അതിന്റ്റെ വെപ്രാളമെല്ലാം ഡ്രൈവറുടെ മുഖത്തുണ്ട്.
അവസാന സെക്കന്റ്റിന്റ്റെ അവസാന പാദമെത്തി. മിറക്കിളുകളുടെ വരവായി. ബസ് മുട്ടിമുട്ടിയില്ലാ നിലയിൽ എന്നെ കടന്നു പോകുന്നു. യൂണിവെഴ്സൽ ബ്ളോക്ബസ്റ്റർ ഓസ്കാർ മൂവി ടൈറ്റനിക് രണ്ടാം തവണ കാണുമ്പോൾ നാം മനസ്സിൽ ഒരു 90° ട്വിസ്റ്റ് ആഗ്രഹിക്കാറില്ലേ. ആ ഐസ് ബർഗ്ഗിൽ മുട്ടാതെ ആ പ്രണയ കപ്പൽ വന്ന നിലയിൽ തിരിഞ്ഞു പോകണമെന്ന്. ടൈറ്റാനിക്കിൽ ഏവരും ആഗ്രഹിച്ച പോലത്തെ ട്വിസ്റ്റ് ഇവിടെ സംഭവിച്ചിരിക്കുന്നു. ഞാനും എന്റെ ഞങ്ങളും അവിശ്വസനീയമായ നിലയിൽ ലൈഫ് സ്ക്രീനിൽ ഡിലീറ്റഡ് ആവാതെ നില്ക്കുകയാണ്.
അബ്രപ്റ്റ്ലി ദി കമാൻഡ് ഈസ് വിത്ഡ്രോൺ ഫ്രം ദ ഡീപ്പർ ഹൈറ്റ്സ്. ജ്ഞാതമല്ലാത്ത പ്രകാശവർഷങ്ങൾക്കകലെ എവിടെയോ ഒരു സുതാര്യമായ സിസ്റ്റത്തിൽ അരൂപമായ ഊർജ്ജം വീഴ്ത്തുന്ന അൺഡൂ കമാൻഡുകൾ. ബൈനറി ഭാഷകൾ. ചിപ്പുകളുടെ സംഗീതം. എല്ലാം എന്റെ ശ്രവണേന്ദ്രിയങ്ങളിൽ ഇരമ്പലു പോലെ പതിക്കുകയാണ്. ഞാൻ ആദ്യം എന്നെ തന്നെ ഒന്നു കൺഫേം ചെയ്തു. ചുറ്റിനും നോക്കി. എന്റ്റെ സഹയാത്രിക… കാർ… മക്കൾ… എവരി തിംഗ് ഈസ് അൺഡലീറ്റഡ്… മീൻസ് നോട്ട് ഡിസ്മാന്റ്റ്ൽഡ്.
സെക്കന്റുകൾക്കുള്ളിൽ ഉഗ്രമായ ശബ്ദവും നിലവിളികളുമുയർന്നു. മുന്നോട്ട് കുതിച്ചു പാഞ്ഞുപോയ ബസ്സിനു പിന്നെയും മുന്നിൽ തടസ്സങ്ങളുണ്ടായിരിക്കണം… അയാൾ പിന്നെയും വെട്ടിത്തിരിച്ചു കാണണം. അവസാനം ആ ബസ് ഹൈവെയുടെ മദ്ധ്യത്തിൽ തന്നെ വശമടിച്ചു വീണിരിക്കുന്നു. ഹൈവേയുടെ ഇടതു വശം നിർമ്മാണത്തിന്റ്റെ ഭാഗമായി പത്തടിക്ക് മേൽ കുഴിച്ചിട്ട കാര്യം പിന്നീടാണ് ഞാൻ കണ്ടത്. ഓടിവന്ന വണ്ടികളൊക്കെ നിർത്തി ആളും ആരവങ്ങളും അങ്ങോട്ടു പായുന്നു. ഞാനും നിർവ്വികാരനായി അവിടേക്ക് വേച്ചുവേച്ചു പോകുന്നു. എനിക്ക് പിന്നാലെ എന്റെ സഹയാത്രികയുടെ നിഴലും വരുന്നു. ഒന്നുമറിയാതെ ഞങ്ങളുടെ കുട്ടികൾ കാറിൽ കിടന്നുറങ്ങുന്നു.
ഓടിക്കൂടിയ ആളുകൾ വീണുകിടക്കുന്ന ബസ്സിൽ നിന്നും മുറിവുപറ്റിയ മനുഷ്യരെ എടുത്തു നീക്കുന്നു. ചിലരൊക്കെ അലമുറയിടുന്നു. ആരും മരിച്ചിട്ടില്ല. ഹൈവെ ആയതിനാൽ എവിടെ നിന്നോ ആംബുലൻസുകളുമെത്തി. ഹൈവെ പട്രോളിംഗ് പോലീസുമെത്തി. നിമിഷ നേരം കൊണ്ട് ഹൈവെ കട്ട ബ്ളോക്കുമായി. ആരൊക്കെയോ ചേർന്ന് ഡ്രൈവറെ ബസ്സിൽ നിന്നും പുറത്തെത്തിച്ചു. അയാൾക്ക് വലിയ കുഴപ്പമില്ല. ഞാൻ അയാളോട് പരിക്കുകളോ അസ്വസ്ഥതകളോ ഉണ്ടോയെന്ന് തിരക്കി. അയാൾക്ക് എന്നെ മനസ്സിലായതായി തോന്നിയില്ല. ഉടൻ സ്ഥലത്തെത്തിയ പട്രോൾ പോലീസ് ഡ്രൈവറോട് എന്തൊക്കെയോ ചോദിക്കുന്നു. ചുറ്റും കൂടി നിന്ന ചിലർ പറയുന്നത് ഡ്രൈവർ അമിതവേഗതയിലാണ് ബസ് ഓടിച്ചിരുന്നതെന്നാണ്. ആരോ പറയുന്നു… ഡ്രൈവർ മദ്യപിച്ചതാണെന്ന്. കൂടിനിന്നവർ എല്ലാം സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തെ കുറിച്ചും കുറ്റങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നത്.
ആരും ആ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ ഞങ്ങളെ രക്ഷപ്പെടുത്തിയ കാര്യം അറിഞ്ഞിട്ടില്ല. അതൊക്കെ ആരോടെങ്കിലും പറയണമെന്നുണ്ട്. പക്ഷെ ആർക്കും ഇതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയല്ല. എനിക്ക് ഇത് ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്. ഞാൻ ആ ഡ്രൈവറെ ഒന്നു കൂടി നോക്കി. അയാളാകട്ടെ വണ്ടി മറിഞ്ഞിട്ടും അയാൾക്ക് അപകടമൊന്നും പറ്റാഞ്ഞതിലുള്ള ആശ്വാസത്തിലാണെന്ന് തോന്നുന്നു. എനിക്ക് ആ ഡ്രൈവറോട് നന്ദി പറയണമെന്നുണ്ട്. പക്ഷെ എന്റെ ‘അപ്രീസിയേഷൻ’ ഇവിടെ ആരും പ്രതീക്ഷിക്കുന്നതായി തോന്നുന്നില്ല. ഞാൻ വല്ലാത്ത അവസ്ഥയിലായി. പോരാൻ നേരം ഞാൻ ആ ഡ്രൈവറുടെ തോളിൽ തട്ടി വീണ്ടും ചോദിച്ചു “നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ.” അയാൾ ചിരിച്ചു കൊണ്ട് ഇല്ലായെന്ന് തലയാട്ടി. അടുത്ത് നിന്ന പട്രോൾ പോലീസുകാരോട് ഞാൻ പറഞ്ഞു. “സർ… ഈ മനുഷ്യൻ ബസ് വെട്ടിത്തിരിച്ച് ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഞാനും എന്റെ കുടുംബവും ഇപ്പോൾ ജീവനോടെ ഉണ്ടായിരിക്കില്ലായിരുന്നു”. ഞാൻ കാറിനടുത്തേക്ക് നടന്നു. അപ്പോൾ മനസ്സിൽ ഓർത്തത്. ഈ യാത്രയിലെ മറ്റൊരു കൂട്ട മരണ സാദ്ധ്യതയെ ആയിരുന്നു. ഇതിനും രണ്ടു ദിവസം മുമ്പ് ഡിസംബർ 30 ന്, പാതിരാത്രിയിൽ പൂന നഗരത്തിലെ ഒരു ഫ്ളൈഓവറിൽ വച്ച് പാഞ്ഞു വന്ന ഒരു ബസ്സ് ഞങ്ങളെ മൊത്തത്തിൽ തുടച്ചു നീക്കുമായിരുന്നു.
ഇത് 2017 ജനുവരി 2 ന് ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര. ന്യൂഇയറും കഴിഞ്ഞുള്ള യാത്ര. പാലക്കാട് തൃശൂർ അതിർത്തിയിലെ കുതിരാനിൽ വച്ച് നേരിടേണ്ടി വന്ന അപകടത്തിൽ നിന്നും മൈക്രോണുകൾക്ക് രക്ഷപ്പെട്ട കഥ. കുതിരാനിൽ എത്തിയപ്പോൾ സായാഹ്നമായിട്ടില്ലായിരുന്നു. അവിടെ എത്തിയപ്പോൾ കുതിരാനിലെ ടണൽ പണി എന്തായെന്ന് നോക്കണമെന്ന് തോന്നി. കുതിരാൻ പണി തുടങ്ങിയ കാലം മുതലേയുള്ള ദുശ്ശീലമാണിത്. എന്തോ കുതിരാനിലെ ടണൽ എന്റെ കുടുംബ മരാമത്താണെന്നാണ് എന്റെ ഉപബോധ മനസ്സ് ധരിച്ചു വശായിരിക്കുന്നത്. തൃശൂർ ഭാഗത്തെ ടണലിന് അടുത്ത് ഹൈവെ അരികിൽ കാറൊതുക്കി. ഞാനും എന്റെ സഹയാത്രികയും പുറത്തിറങ്ങി. കാറിൽ കിടന്നുറങ്ങുന്ന കുട്ടികളെ പിന്നീട് വിളിച്ചു കാണിക്കാമെന്നും കരുതി. കാറിന് പിന്നിൽ നിന്ന് ടണൽ കാണാമെന്നും കുറച്ചു ‘ഷോട്സ് ‘ എടുക്കാമെന്നും കരുതി കാറിന് പിന്നിലേക്ക് വന്നു. അങ്ങനെ ആലോചിച്ചു നിലക്കുമ്പോൾ അതാ ഞങ്ങളെ ലക്ഷ്യമാക്കി ആടിയുലഞ്ഞ് ഒരു ബസ്സ് വരുന്നു… ബാക്കി എല്ലാം മുകളിൽ പറഞ്ഞപോലെ…”
വാൽക്കഷ്ണം : അന്നത്തെ ആ സംഭവത്തിൽ യഥാർത്ഥത്തിൽ ബസ്സിനു ബ്രെയ്ക്ക് നഷ്ടപ്പെട്ടതായിരുന്നു നിയന്ത്രണം വിടാനുണ്ടായ കാരണം എന്ന് പിന്നീടുണ്ടായ അന്വേഷണത്തിൽ കണ്ടെത്തി. ഗോവിന്ദാപുരത്തുനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാവിലമ്മ എന്ന ബസ്സായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. തുടക്കത്തിൽ മിക്കവരും ഡ്രൈവറെ കുറ്റം പറഞ്ഞെങ്കിലും പിന്നീട് ഡ്രൈവറുടെ സമയോചിതമായ ഇടപെടലായിരുന്നു കൂടുതൽ അപകടത്തിലേക്ക് വഴിവെക്കാതെ നോക്കിയത് എന്ന് വ്യക്തമായി. മംഗലം ഡാം സ്വദേശിയായ ഷിബു ആയിരുന്നു ആ ഡ്രൈവർ. കുതിരാന്‍ അമ്പലത്തിന് സമീപത്തുവെച്ചാണ് ബ്രേക്ക് നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടര്‍ന്ന് ഷിബു ബസിന്റെ മുന്‍ഭാഗത്തിരുന്ന യാത്രക്കാരോട് പിറകിലേക്ക് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബ്രേക്ക് നഷ്ടമായ വിവരം ബസ് ജീവനക്കാര്‍ യാത്രക്കാരെ അറിയിക്കുകയും പരിഭ്രാന്തരാകാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അമ്പലത്തിന് 250 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ ബസിന്റെ ഇടതുഭാഗം ഇടിച്ചുനിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍, ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു.