യാത്രയ്ക്കിടെ വഴിയിൽ നിന്നും കിട്ടിയ തമിഴ് മുത്ത്… ഒരു നന്മയുടെ കഥ…

വിവരണം – മിഥുൻ മോഹൻ.

“ഒരു കഥ സൊല്ലട്ടാ ” തുടങ്ങുന്നേൻ മുൻപ് പറയാം ഇത് വായിച്ചു തീരുമ്പോൾ ഒരാളേലും മാറി ചിന്തിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.. “എന്റെ വിശ്വാസം എന്നെ കാക്കട്ടെ.”കുതിരാൻ തുരങ്കത്തിന്റെ പരിസരത്തു നിന്നും ആണ് അവൻ കൈ കാട്ടിയത് അതും തികച്ചും ദയനീയമായ മുഖഭാവത്തോടെ. വണ്ടിയിൽ ലിഫ്റ്റ് അടിച്ചു വരുന്നത് ഞങ്ങൾ തമിഴ് നാട്ടിൽ തിരുനെൽവേലിയിൽ പഠിച്ചപ്പോൾ മുതൽക്കേ ഒരു ഹരം ആരുന്നു കൂടുതലും ലോറിയിൽ തന്നെയാരുന്നു അതുകൊണ്ട് പൊതുവെ ഞാൻ ആരേലും കൈകാട്ടിയാൽ വണ്ടി അറിയാതെ അങ് നിർത്തും പ്രേത്യേകിച്ചു കൊച്ചുപിള്ളേർ ആണേൽ നല്ല രസമാ.. അതുപോലെ ഒന്ന് നിർത്തിയതാ പേര് – കുമാർ, സ്ഥലം-തൃച്ചി. ഇവിടെ കേരളത്തിൽ എങ്ങനെ എന്ന് ചോതിച്ചാൽ ട്രെയിൻ തെറ്റി കയറി, കോയമ്പത്തൂർ നിന്നും തൃച്ചി പോകേണ്ടതിനു പകരം തൃശ്ശൂർ രാത്രിയിൽ വന്നു പെട്ടു.. സ്റ്റേഷൻ നിന്നും രാവിലെ ഇറങ്ങി, കൈയിൽ കാശും ഇല്ല ഏകദേശം 15 km നടന്നു എങ്ങനെയൊക്കെയോ കുതിരാൻ വരെ എത്തിപ്പെട്ടു. എന്റെ ഒപ്പം ഡിയോയിൽ കയറി യാത്ര തുടങ്ങിയപ്പോൾ കിട്ടിയതാ ഇത്രേം..

ആൾക്ക് നല്ല വിക്കുണ്ട് പാവം എന്നെ കണ്ടത് ഉച്ചക്ക്. കൈയിൽ ക്യാഷ് ഇല്ലെന്നു അറിഞ്ഞപ്പോൾ ഇതുവരെയും അപ്പൊ ഒന്നും കഴിച്ചില്ലേ എന്നുള്ള എന്റെ ചോദ്യത്തിന് ഒരൽപ്പം വിക്കേറി അവൻ പറഞ്ഞു “ഇല്ല സേട്ടാ യഥുവുമെ സാപ്പിടലെ.” പിന്നെ ഒന്നും ചിന്തിച്ചില്ല ആദ്യം ആഹാരം,ആൾക്ക് പാതി ജീവൻ വന്നു. ആരും വണ്ടി നിർത്താത്തതിൽ അവനു നന്നേ വിഷമം ഉണ്ട്..

എന്താ അല്ലെ മനുഷ്യന്റെ കാര്യം സഹജീവികളെ ആണെന്ന് ഒന്ന് ചിന്തിച്ചാൽ ഒരുപക്ഷെ ഇങ്ങനെ ഒന്നും നമ്മുക്ക് ചുറ്റും നടക്കുല.. ജാതിയും,മതവും,മുടിയും, താടിയും, വർണ്ണവും നോക്കി, റോഡിൽ അപകടത്തിൽ പെട്ട് കിടക്കുന്നവനെ കണ്ടിട്ട് കൈയിൽ ഉള്ള വാഹനത്തിൽ കയറ്റിലായാൽ അത് തലവേദന ആകുമെന്ന് ആദ്യം ചിന്തിക്കുന്ന സമൂഹമേ നിങ്ങൾക്കും ഇതേ അവസ്ഥ വന്നുകൂടില്ല എന്ന് ഒന്ന് ഇടയ്ക്ക് ചിന്തിച്ചാൽ നന്ന്. ഇനിയാണ് ഈ കഥയിലെ ട്വിസ്റ്റ്‌ തുടങ്ങിയത്.. എനിക്ക് പോകേണ്ടത് കോയമ്പത്തൂർ. പക്ഷെ ഞാൻ പോകുന്ന പോക്കിൽ ലേശം തിരിഞ്ഞു നെല്ലിയാമ്പതി വരെ കറങ്ങിയേ പോകത്തുള്ളൂ. അപ്പൊ ആള് എന്ത് ചെയ്‌യും…

പിന്നെ ഒറ്റ ചോദ്യം ആരുന്നു പോരുന്നോ കൂടെ ഇപ്പൊ വിശപ്പൊക്കെ മാറിയില്ലേ നിന്നെ ഞാൻ നേരം ഇരുട്ടുന്നെന് മുൻപ് സ്റ്റേഷനിൽ എത്തിക്കാം.. കേരളത്തിൽ എന്തായാലും നീ വന്നു പെട്ടു അതുകൊണ്ട് നിനക്ക് ഓർക്കാൻ നല്ല കുറച്ചു നല്ല നിമിഷങ്ങൾ ഞാൻ നൽകാം എന്തെ??. ശെരി ചേട്ടാ എന്നെ സ്റ്റേഷനിൽ വിടുമല്ലോ എങ്കിൽ പോയേക്കാം. പിന്നെ അങ്ങോട്ട്‌ സമയം പോയത് ഞാൻ അറിഞ്ഞില്ല പാലക്കാടിന്റെ സ്വന്ദര്യവും, അവന്റെ സന്തോഷവും എല്ലാം കൂടി ആയപ്പോൾ എന്തോ നേടിയെടുത്ത അനുഭൂതി ആരുന്നു മനസ്സിൽ. വിക്കിയുള്ള അവന്റെ ഓരോ ചോദ്യങ്ങളും നന്നായി കേട്ടു മറുപടി കൊടുത്തുകൊണ്ടേ ഇരുന്നു..

ഹൈ റേഞ്ച് കയറാൻ തുടങ്ങിയപ്പോൾ കേഴയെ കണ്ടു “സേട്ടാ മാൻ മാൻ..” എന്ന് കിടന്നു ചിലച്ചതും, എണ്ണിയാലും തീരാത്ത അത്രെയും ചെറു വെള്ളച്ചാട്ടങ്ങളും, കോട മൂടുന്നു മലകളും വഴികളും, എല്ലാത്തിനും ഉപരി കണ്ണാടിയിൽ കൂടി നോക്കുമ്പോൾ തലങ്ങും വിലങ്ങും തല തിരിച്ചു ചിരിച്ചു ഓരോന്നും ആസ്വദിക്കുന്ന അവന്റെ മുഖം കൂടിയായപ്പോൾ…. നെല്ലിയാമ്പതി എത്തി വേഗം അവനൊരു ഒരു ചായയും രണ്ടു കടിയും, എനിക്ക് ഒരു സുലൈമാനിയും പറഞ്ഞു..

ഞാൻ ക്യാഷ് കൊടുക്കുന്നത് കണ്ടിട്ടും വണ്ടിയുടെ രെജിസ്ട്രേഷൻ നമ്പർ നോക്കിയും ഒരു ചേട്ടൻ വന്നു ചോതിച്ചു ഏത് എസ്റ്റേറ്റ് ജോലിക്ക് ആണ് ഇവനെ എന്ന്… ഞാൻ ചിരിച്ചോണ്ട് പറഞ്ഞു ഇത് അതല്ല എനിക്ക് കളഞ്ഞു കിട്ടിയതാ ഭായ് എന്ന്… അങ്ങനെ ചോദിക്കാൻ പ്രധാന കാര്യം നമ്മുടെ വണ്ടി അടൂർ രെജിസ്ട്രേഷനും തൊട്ടടുതുള്ള എസ്റ്റേറ്റിൽ ആരെക്കെയോ പത്തനംതിട്ട ഉള്ളവരാണ് പോലും. ഞാൻ കാര്യം വിവരിച്ചപ്പോ ചേട്ടനും ഒരു പുഞ്ചിരി തന്നു. പിന്നെ പറഞ്ഞു ഇപ്പൊ തന്നെ ഇറങ്ങാൻ പോവാണോ മരങ്ങൾ ഒക്കെ വീണാൽ രണ്ടാളും ഇന്ന് പെടും എന്ന്. കുറ്റം പറയല്ലോ അത് ഒന്ന് ടെൻഷൻ അടിപ്പിച്ചു, പുള്ളി പറഞ്ഞത് വളരെ ശെരിയാണ് വന്ന വഴിയിൽ മൊത്തം മണ്ണിടിഞ്ഞും മരം പാതി മുറിച്ചും ഒക്കെ കിടക്കുന്നത് ശ്രെദ്ധിച്ചാരുന്നു..

അവനോടു വേഗം ഗ്ലാസ്‌ വെച്ചിട്ടുണ്ട് വരാൻ പറഞ്ഞ് അവിടെ കണ്ട ചേട്ടനോട് ടാറ്റയും കൊടുത്തു താഴ്വാരം പിടിക്കാൻ തുടങ്ങി.. വന്നവഴിയിൽ ഇടയ്ക്ക് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നവരെ കണ്ടപ്പോൾ ചെക്കന് ഒരു ഇളക്കം. കുളിച്ചാൽ കുളിരുമോ പനി പിടിക്കുമോ എന്ന്, ഒന്നും നോക്കിയില്ല രണ്ടും നടക്കുമെന്നും നിങ്ങളുടെ കാലാവസ്ഥ അല്ല, വെള്ളം അല്ല എന്നും അങ് കാച്ചി.. പിന്നെ ഓറഞ്ചിനെ കുറിച്ചും അവിടുത്തെ തണുപ്പിനെ കുറിച്ചും തുടങ്ങി, സത്യം പറയാല്ലോ ഇടയ്ക്ക് മറുപടി കൊടുക്കുമ്പോൾ ഞാനും അറിയാതെ വിക്കാൻ തുടങ്ങിയോന് ഒന്ന് തോന്നി പോയി…

ആള് പത്താം ക്ലാസ്സ്‌ വരെ പോയിട്ട് ഉള്ളു. വീട്ടിൽ ഒറ്റ മകൻ. ഏതോ ഹോട്ടലിൽ ജോലി ചെയ്യുന്നു. അച്ഛന് കൃഷി, അമ്മ വീട്ടിൽ തന്നെ. എന്തായാലും ഇങ് താഴെ പാലക്കാട്‌ ഹൈവേ പിടിച്ചപ്പോ ആള് എപ്പോ സ്റ്റേഷൻ എത്തുമെന്ന് ചോദ്യം തുടങ്ങി. അങ്ങനെ അവിടുന്ന് വാളയാറും കടന്നു ഞങ്ങൾ കോയമ്പത്തൂർ സിറ്റി എത്തി പിന്നെ അങ്ങോട്ട്‌ എന്റെ ഗൂഗിൾ മാപ്പ് അവൻ ആരുന്നു… അങ്ങനെ സ്റ്റേഷനിൽ എത്തിയപ്പോൾ ഏകദേശം 6:50 കഴിഞ്ഞു പിന്നെ അവനോടു പോയി വണ്ടിയുടെ സമയം തിരക്കാൻ ഞാൻ പറഞ്ഞു കേട്ട പാതി ആള് ഓടി പോയി തിരക്കിയിട്ടു വന്നു പറഞ്ഞു. “സേട്ടാ തൃച്ചിക്ക് ഒര് ട്രെയിൻ ഇറുക്കെ അന അത് വന്തു 12 മണി ആയിടും..”

അപ്പൊ എന്ത് ചെയ്‌യും.. “നാൻ ഈറോഡ് പോയി അംഗേ ഇരുന്ത് ബസ് എയറി വിട്ടുക്ക് പോയിടലാം…”എങ്കിൽ വേഗം പോയി എടുക്കാൻ ഞാൻ പറഞ്ഞു, ആൾ ഓടി പോയി ടിക്കറ്റ് എടുത്തിട്ട് അതിലും വേഗം ഓടി വരുന്നത് കണ്ടു. “സേട്ടാ ട്രെയിൻ 4 പ്ലാറ്റഫോമിൽ കിടപ്പുണ്ട് ഇപ്പൊ എടുക്കുമെന്ന്..” പെട്ടന്നൊരു താങ്ക്സും ഒരു കെട്ടിപിടുത്തവും തന്നിട്ട് ഒറ്റ ഓട്ടം. കൂട്ടത്തിൽ തിരിഞ്ഞു നോക്കി പാവത്തിന്റെ ഒരു ചിരിയും… മറക്കില്ല.. എന്തായാലും ആള് ഓടി പോയിട്ട് ഉണ്ട്, ഇന്ന് ഇനി അവൻ പട്ടിണിയും കിടക്കില്ല ആരോടും കൈ നീട്ടാനും നിൽക്കുകയും ഇല്ല അതിനുള്ള മാജിക്‌ ഞാൻ ചെയ്തിട്ടുണ്ട്… ഏറെക്കുറെ കുതിരാൻ വരെ ഇത് എന്റെ മാത്രം യാത്ര ആരുന്നു. ശേഷം ഞങ്ങളുടെ ആയി അത് പരിണമിച്ചു.