കുട്ടനാട്ടിൽ നിന്നും സിംഗപ്പൂർ വഴി ചൈനയിലേക്ക് ഞങ്ങളുടെ യാത്ര

ബോൺവോയുമായൊത്തുള്ള ചൈനയിലെ ബിസിനസ്സ് ട്രിപ്പിനു ശേഷം രണ്ടുമൂന്നു ദിവസം വീട്ടിൽ സ്വസ്ഥമായി ഇരിക്കുവാനാണ് താല്പര്യപ്പെട്ടത്. അതിനു ശേഷം വീണ്ടും ചൈനയിലേക്കാണ് യാത്ര. ഇത്തവണ കഴിഞ്ഞ യാത്രയെ അപേക്ഷിച്ച് ഒരു പക്കാ ടൂർ തന്നെയാണ് പ്ലാൻ ചെയ്തിരുന്നത്. എൻ്റെ കൂടെ പ്രമുഖ ഓട്ടോമോട്ടീവ് ജേർണലിസ്റ്റ് ആയ ബൈജു ചേട്ടനും (ബൈജു എൻ.നായർ) ഉണ്ട് യാത്രയിൽ.

യാത്ര തുടങ്ങുന്ന ദിവസം ഞാൻ കോഴഞ്ചേരിയിൽ നിന്നും യാത്രയാരംഭിച്ചു. കുറച്ചായി നാട്ടിലെ കാഴ്ചകൾ ആസ്വദിച്ചിട്ട് എന്നതിനാൽ ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ അൽപനേരം വണ്ടി നിർത്തിയിട്ട് ഞാൻ കാഴ്ചകൾ കണ്ടു. അങ്ങനെ നിൽക്കെ നല്ല മഴ ആരംഭിച്ചു. പെട്ടെന്ന് വണ്ടിയും എടുത്തുകൊണ്ട് ഞാൻ നേരെ എറണാകുളം ജില്ലയിലെ കളമശ്ശേരി ലക്ഷ്യമാക്കി യാത്രയായി. കളമശ്ശേരിയ്ക്ക് അടുത്തുള്ള എംജി മോട്ടോർസ് സർവ്വീസ് സെന്ററിൽ കാർ സർവ്വീസിന് കൊടുത്ത ശേഷം ബൈജു ചേട്ടന്റെ വീട്ടിലേക്ക്പോകാൻ ആയിരുന്നു പ്ലാൻ.

വൈറ്റിലയിലെയും പാലാരിവട്ടത്തെയും ബ്ലോക്കുകൾ താണ്ടി ഒടുവിൽ ഞാൻ കളമശ്ശേരിയിൽ എത്തിച്ചേർന്നു. ഷോറൂമിൽ വണ്ടി കൊടുത്തിട്ട് ഞാൻ ബൈജു ചേട്ടന്റെ വീട്ടിലേക്ക് പോയി. ബൈജു ചേട്ടന്റെ പാസ്സ്‌പോർട്ട് കണ്ടപ്പോൾ എൻ്റെ കിളിപോയി എന്നു പറയാം. അന്നത്തെ ഡിന്നർ ബൈജു ചേട്ടന്റെ വീട്ടിലായിരുന്നു റെഡിയാക്കിയിരുന്നത്. ഡിന്നർ കഴിച്ചതിനു ശേഷം ഞങ്ങൾ ഒരു യൂബർ ടാക്സി വിളിച്ചു എയർപോർട്ടിലേക്ക് യാത്രയായി.

എയർപോർട്ട് ടെർമിനലിൽ കയറി ചെക്ക് ഇൻ നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യൻ രൂപ യു.എസ്. ഡോളർ ആക്കി മാറ്റി. ഇമിഗ്രെഷൻ, സെക്യൂരിറ്റി ചെക്കുകൾ എന്നിവയ്ക്കു ശേഷം ഞങ്ങൾ ഗേറ്റിനരികിലേക്ക് നീങ്ങി. അവിടെ ബോർഡിംഗിനായി കാത്തിരുന്ന സമയത്ത് ബൈജു ചേട്ടൻ നാല് വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് റോഡ് മാർഗ്ഗം സഞ്ചരിച്ച വിശേഷങ്ങളൊക്കെ പങ്കുവെച്ചു. എല്ലാം കേട്ട് ഒരു കിടിലൻ റോഡ് മൂവി കാണുന്ന ഫീലോടെ ഞാനും.

കൊച്ചിയിൽ നിന്നും സിംഗപ്പൂർ വഴിയായിരുന്നു ഞങ്ങൾ ചൈനയിലേക്ക് പോകുന്നത്. സിൽക്ക് എയർ വിമാനത്തിലായിരുന്നു ഞങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. സാധാരണ ഒരു വിമാനം, അതിൽക്കവിഞ്ഞു പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്തു കുറച്ചു സമയത്തിനു ശേഷം ഭക്ഷണം എത്തി. ഫുഡൊക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ അല്പം ഉറങ്ങി. ഒടുവിൽ സിംഗപ്പൂർ എയർപോർട്ടിൽ ഞങ്ങളുടെ വിമാനം ലാൻഡ് ചെയ്തു.

ആദ്യമായിട്ടായിരുന്നു ഞാൻ സിംഗപ്പൂരിൽ കാല് കുത്തുന്നത്. ഇനി സിംഗപ്പൂരിൽ നിന്നും ചൈനയിലേക്ക് അടുത്ത വിമാനത്തിൽ കയറി യാത്രയാകണം. സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലായിരുന്നു സിംഗപ്പൂർ – ഷാങ്‌ഹായ്‌ (ചൈന) റൂട്ടിൽ ഞങ്ങളുടെ യാത്ര. സമയമായപ്പോൾ ഞങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിലേക്ക് കയറി. ഞങ്ങൾ വന്ന വിമാനത്തേക്കാൾ വലിയ ഫ്‌ളൈറ്റ് ആയിരുന്നു അത്. അങ്ങനെ ഞങ്ങൾ സിംഗപ്പൂരിൽ നിന്നും ഷാങ്ഹായിലേക്ക് പറന്നു.

ഞാൻ ഇൻഫോടെയ്ൻമെന്റിൽ ‘ഞാൻ പ്രകാശൻ’ എന്ന സിനിമ കണ്ടുകൊണ്ടിരുന്നു. അതിനിടെ ഞങ്ങൾക്കായി ബ്രേക്ക്ഫാസ്റ്റ് എത്തിച്ചേർന്നു. വ്യത്യസ്തമായ ആ ബ്രേക്ക്ഫാസ്റ്റ് ഞങ്ങൾ കഴിച്ചു. കുറച്ചു സമയത്തിനകം ഞങ്ങൾ ഷാങ്‌ഹായ്‌ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഒരു ഒന്നൊന്നര എയർപോർട്ട് ആയിരുന്നു ഷാങ്‌ഹായിലേത്. ബാഗുകളൊക്കെ എടുത്ത് ഞങ്ങൾ നടപടിക്രമങ്ങൾക്കു ശേഷം ടെർമിനലിന് പുറത്തേക്ക് ഇറങ്ങി.

ഞങ്ങളെ കാത്ത് ഒരാൾ അവിടെ നിൽക്കുമെന്ന് അറിയിച്ചിരുന്നതിനാൽ ഞങ്ങൾ അയാളെയും നോക്കി നടപ്പായി. ഞങ്ങളുടെ പേര് ബോർഡിൽ ഉണ്ടോയെന്നു നോക്കിയിട്ടും രക്ഷയില്ല. അവസാനം ഒരുകണക്കിന് ആളെ കണ്ടെത്തി. അപ്പോഴാണ് രസം. ആള് അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ മുന്നിലൂടെയായിരുന്നു ഞങ്ങളും അങ്ങോട്ടുമിങ്ങോട്ടും നടന്നതും. സംഭവം കോമഡിയായിരുന്നു. ബോർഡിൽ ‘Passenger Name’ എന്ന് ഇംഗ്ലീഷിലും ‘ബൈജു’എന്ന് ചൈനീസിലും ആയിരുന്നു എഴുതിയിരുന്നത്. ഓരോരോ അവസ്ഥകളേ.. എന്തു പറയാനാ?

ഷാങ്ഹായിൽ നിന്നും യിവു എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങൾ പോയത്. ആ യാത്രയിൽ ബൈജു ചേട്ടൻ അവരുടെ ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയുണ്ടായി. പോകുന്ന വഴി പലയിടത്തും നിർത്തി ഞങ്ങൾ കാഴ്ചകൾ കാണുകയും മാർക്കറ്റുകൾ സന്ദർശിക്കുകയുമൊക്കെയുണ്ടായി. അങ്ങനെ രാത്രിയോടെ ഞങ്ങൾ യിവുവിൽ എത്തിച്ചേർന്നു. അവിടെ ബൈജു ചേട്ടന്റെ സുഹൃത്തായ സഹീർ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. സഹീറിനൊപ്പം ഞങ്ങൾ താമസ സ്ഥലത്തേക്ക് യാത്രയായി. To contact Saheer Bhai in China, https://www.instagram.com/saheerchn/, Whatsapp: 008615669591916.