വിവരണം – Nasee Melethil.
2015-ലെ വസന്ത കാലത്തിനു ശേഷം ക്യോട്ടോ കാണുന്നത് ഈ കഴിഞ്ഞ ആഴ്ച്ചയാണ്. തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 450 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി പസഫിക് തീരത്താണ് ക്യോട്ടോയുടെ സ്ഥാനം. ജപ്പാൻ സ്വന്തം ഹൃദയം സൂക്ഷിച്ചു വച്ചിരിക്കുന്നത് ക്യോട്ടോയിലാണെന്നു വായിച്ചതെവിടെയായിരുന്നു?.
1896 വരെ ഒരായിരം കൊല്ലത്തോളം ജപ്പാന്റെ തലസ്ഥാനമായിരുന്നു പടിഞ്ഞാറൻ ജപ്പാനിലെ ഈ പുരാതന നഗരം . പ്രശാന്തി കളിയാടുന്ന ദേവാലയങ്ങളും, നിശബ്ദമായ ഇടവഴികളും, പരമ്പരാഗത ശൈലിയിലുള്ള വീടുകളും നടക്കുമ്പോൾ രാപ്പാടി സംഗീതം മൂളുന്ന തറയുള്ള അന്തപുരങ്ങളും തുടങ്ങി എത്ര കണ്ടാലും മതിവരാത്തത്രയും കാല്പനിക സൗന്ദര്യം ക്യോട്ടോക്കു സ്വന്തം!
രണ്ടാം ലോക മഹായുദ്ധാന്ത്യത്തിൽ നാഗസാകിക്കു പകരം ബോംബിടാൻ പരിഗണയിലുണ്ടായിരുന്ന നഗരമായിരുന്നുവത്രേ ക്യോട്ടോ.ക്യോട്ടോയിൽ മധുവിധു ആഘോഷിച്ച യുദ്ധ സെക്രട്ടറി ഹെൻറി സ്റ്റിoസൺ അവസാന നിമിഷം ഈ സാംസ്‌കാരിക നഗരത്തെ പട്ടികയിൽ നിന്നും വെട്ടിക്കളയുകയായിരുന്നു. അങ്ങനെ നാഗസാക്കിയുടെ കണ്ണീർ തുള്ളികൾ ക്യോട്ടോയുടെ മഹാഭാഗ്യമായി മാറി. രണ്ടായിരത്തോളം ബുദ്ധ-ഷിന്റോ ദേവാലയങ്ങളുടെ ഇരിപ്പിടമായ ക്യോട്ടോയിൽമാത്രം പതിനേഴോളം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങൾ ഉണ്ട്.അതൊക്കെയും കണ്ടു തീർക്കാൻ ഇനിയുമെത്ര യാത്രകൾ വേണ്ടി വരുമോ എന്തോ?
ഹിഗാഷിയാമ-യിലെ മലഞ്ചരുവിലെ കിയോമിസു ദേവാലയത്തിനു ചുറ്റുമുള്ള വിശാലമായ, പൂർണ്ണമായും മരംകൊണ്ടുണ്ടാക്കിയ മുറ്റത്തു ഒരൊറ്റ ആണി പോലും ഇല്ലത്രെ. അരാശിയാമയിലെ കൊടും വേനലിലും കുളിർമ്മയുടെ തണലായി ഇടതൂർന്നു നീണ്ട മുളംകാടുകളുടെ സംഗീതം അനിർവ്വജനീയമാണ് .
ഫുഷിമി ഇനാരിയിലെ പതിനായിരം ചുവന്ന ഗൈറ്റിടനാഴികളും, സമീപത്തെ കുളത്തിൽ കണ്ണാടി നോക്കി നിൽക്കുന്ന സുവർണ്ണ ക്ഷേത്രവും , നിജോ കൊട്ടാര സമുച്ചയങ്ങളിലെ സമുറായ് ഓർമ്മകളും, ഒരു നൂറായിരം ജാപ്പനീസ് ഉദ്യാനങ്ങളും , പഴമ മണക്കുന്ന ഇടുങ്ങിയ തെരുവുകളിലെ കളിമൺ പത്രങ്ങളും ശില്പങ്ങളും, പയറുപുഴുക്കു മധുരങ്ങളും, ചുടു നീരുറവുകളുടെ കുളിക്കടവുകളും, കിമോണോ അണിഞ്ഞൊരുങ്ങിയെത്തിയ സൗന്ദര്യവസന്തവും, നടക്കുന്നതിനിടക്ക് ഉരുമ്മി നിന്ന മാൻ കുട്ടികളും, സ്വർഗ്ഗത്തിന്റെ ഒരു ഭാഗം അടർന്നു വീണതായിരിക്കുമോ ക്യോട്ടോ?
കാമോനദിക്കരയിലെ സ്വർണ്ണസായന്തനത്തിൽ ചെറിപ്പൂക്കൾ വരച്ചിട്ട കളിമൺ കപ്പിലെ കോഫിയിലേക്ക് കാലംതെറ്റി പഴുത്ത ഒരു മേപ്പിളില അടർന്നു വീണു. ഇടതു വശത്തെ വൈക്കോൽ കൊണ്ടുണ്ടാക്കിയ തത്താമി നിലത്തു കുനിഞ്ഞിരുന്ന് ഗീഷാചമയമണിഞ്ഞ ഒരു ജാപ്പനീസ് പെൺകുട്ടി തൻറെ മെലിഞ്ഞുനീണ്ട കൈവിരലുകൾ പുറത്തിട്ടു ഗ്രീൻടീ ഒഴിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഓഫീസിലെ ചിരിക്കുമ്പോൾ മാത്രം നാണമൊഴുകുന്ന കണ്ണുകളുള്ള ഇതോ-സാൻ ക്യോട്ടോ വരെ ചെന്നാണത്രെ മൂന്നരകൊല്ലക്കാലം മനസ്സിലൊളിപ്പിച്ച പ്രണയം തുറന്നു പറഞ്ഞത്.
കണ്ണടച്ചിരുന്നപ്പോൾ കണ്ടു, ഇനിയുമൊരു മാസത്തിൽ ക്യോട്ടോ ശിശിരത്തിന്റെ ചുവപ്പും മഞ്ഞയുമണിയുന്നത്. തിരിച്ചു പോവണ്ടേ , പൂച്ചക്കണ്ണൻ കണ്ണിറുക്കി. പ്രണയത്തിൻറെ, ഓർമ്മകളുടെ ക്യോട്ടോ എൻറെ ഹൃദയത്തോട് മന്തിച്ചു . “ഞാനും വരാം കൂടെ, കണ്ണടച്ചിരുന്നാൽ മതി, എന്നെ കാണാം”. അടുത്ത യാത്ര വരെ മനസ്സിൽ സൂക്ഷിക്കാൻ ഒരു നൂറു ക്യോട്ടോ കാഴ്ചകൾ !!