എഴുത്ത് – ജോഷ്‌ന ഷാരോൺ ജോൺസൺ.
ലഡാക്കിലേക്ക് ബസ്, ടാക്സി, ഫ്ലൈറ്റ്, ട്രെയിൻ മുഖേന വരാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ച് എനിക്ക് മെസ്സേജ് ചെയ്യാറുണ്ട്. ഇത് എല്ലാവര്ക്കും ഉപകാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിൽ ജനിച്ചു വളർന്ന സാധാരണ ഒരാൾക്ക് ഏപ്രിൽ മാസം മുതൽ ലേയിൽ വരാൻ സാധിക്കും. ഏപ്രിൽ എന്ന് പറയാൻ കാരണം, സഹിക്കാൻ പറ്റുന്ന രീതിയിലേക്ക് കാലാവസ്ഥ മാറുന്ന സമയമായതു കൊണ്ടാണ്. എന്നാൽ ഏപ്രിലിൽ ഫ്ലൈറ്റ് മാർഗം മാത്രമേ കഴിഞ്ഞ രണ്ടു വർഷത്തെ കാലാവസ്ഥ അപേക്ഷിച്ച് വരാൻ സാധിക്കൂ. ആദ്യ രണ്ടാഴ്ചയിൽ വരുന്ന എല്ലാ ദിവസവും എല്ലാ സ്ഥലങ്ങളും കാണാൻ പോകാൻ പറ്റണമെന്നില്ല. സ്നോഫാൾ ഏപ്രിൽ ആദ്യ ആഴ്ചകളിൽ ഉണ്ടാകുമെന്നതിനാൽ ചിലപ്പോൾ റോഡുകൾ ബ്ലോക്ക് ആകുന്നതാണ് കാരണം. നമ്മൾ പോകാൻ തയ്യാറാണെങ്കിലും പോലീസ്/ ആർമി കടത്തിവിട്ടില്ല. കൂടാതെ അത്തരം ദിവസങ്ങളിൽ യാത്ര ചെയ്യുന്നത് അപകടമാണ്. അതുകൊണ്ടു തന്നെ ഫ്ലൈറ്റ് മാർഗം വന്നാലും ഏപ്രിൽ പകുതിക്ക് ശേഷം വരുന്നതാണ് ഉത്തമം. ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ ക്യാൻസലേഷൻ റീഫണ്ട് കിട്ടുന്ന തരത്തിൽ ചെയ്യുന്നത് നല്ലതാണ്. കാരണം ഒരിക്കൽ സ്നോഫാൾ മൂലം ലഡാക് എയർപോർട്ടിൽ ഇറക്കാനാകാതെ എയർപോർട്ടിനടുത്തവരെയെത്തി തിരിച്ച് വീണ്ടും ഡെൽഹിൽ ചെന്നിറങ്ങേണ്ട അവസ്ഥ വന്നിട്ടുണ്ട്. അതുകൊണ്ടാണ് പറഞ്ഞത്.
സ്വന്തം വണ്ടിയിൽ, കാർ/ ബൈക്ക്/ വാൻ എന്നിവയിൽ വരാനാഗ്രഹിക്കുന്നവർക്ക് മെയിൽ വരാവുന്നതാണ്. (കഴിഞ്ഞ വര്ഷം ഏപ്രിൽ 26നാണു ശ്രീനഗർ സോജില്ല വഴി തുറന്നു കൊടുത്തത്. മണാലി വഴി മെയ് 20നു തുറന്നെങ്കിലും പിന്നീട് അടഞ്ഞു. മെയ് അവസാനത്തോടെയാണ് രണ്ടാമത് തുറന്നത്.) ശ്രീനഗർ സോജില്ല വഴി ലഡാഖ് വന്ന് മണാലി റോത്താങ് വഴി ഇറങ്ങുന്നവർക്ക് ജൂൺ ആദ്യം മുതലാണ് ആണ് ഏറ്റവും ഉത്തമമായ സമയം. ശ്രീനഗർ വഴി വന്ന്, ആ വഴി തന്നെ തിരിച്ചു പോകുന്നവർ മെയ് രണ്ടാമത്തെ ആഴ്ചയോടെ സോജില്ല കയറാൻ പാകത്തിന് വരുന്നതാണ് നല്ലത്. ഏപ്രിൽ അവസാനം അല്ലെങ്കിൽ മെയ് ആദ്യ ആഴ്ച വരുന്നവർക്ക്, വരുന്നതിനു മുൻപ് എന്നെയോ അല്ലെങ്കിൽ ലേയിൽ പരിചയമുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരെയോ വിളിച്ചു ചോദിക്കാം. മെയ് ആദ്യം അല്ലെങ്കിൽ ഏപ്രിൽ അവസാന ആഴ്ച വരുമ്പോൾ കാറിന് സ്നോചെയിൻ കരുതുന്നത് നല്ലതാണു.
പബ്ലിക് ട്രാൻസ്‌പോർട് ജൂൺ പകുതിയോടെയാണ് മിക്യവാറും തുറക്കാറുള്ളത്. മണാലിയിലേക്കും കാർഗിൽ, ശ്രീനഗർ മുതലായ സ്ഥലങ്ങൾക്കെല്ലാം പബ്ലിക് ബസ്സുകൾ ഉണ്ടാകും. ലഡാക്കിലെ പാന്ഗോങ്, നുബ്ര, തുർതുക് മുതലായ പ്രധാന സ്ഥലങ്ങളെയിലേക്കും ബസ്സുകൾ ഉണ്ടാകും. സാധാരണ ഗവൺമെന്റ് ബസ്സുകൾക്ക് ശ്രീനഗർ മണാലിയിലോട്ടും ഏകദേശം 1000 രൂപയാണ് നിരക്ക്. കൂടുതൽ സൗകര്യമുള്ള പ്രൈവറ്റ് ബസ്സുകൾക്ക് അത് 3000 രൂപ വരെയാണ്. ഒരു രാത്രി ഇടയ്ക്കു നിർത്തി പോകുന്നതും, ഒരു ദിവസം കൊണ്ടെത്തുന്നതുമായ ബസ്സുകൾ ഇരു വഴിക്കും ഉണ്ട്. ഷെയർ ടാക്സി വഴി തുറക്കുന്നതോടെ തുടങ്ങും. 3000 രൂപയാണ് ഇരു വഴിക്കും ശരാശരി നിരക്ക്.
സ്വന്തം ടാക്സി വണ്ടികൊണ്ട് വരുന്നവരെ ഹൈവേയിലൂടെ മാത്രമേ കടത്തിവിടൂ. വണ്ടി സ്വന്തമാണെകിലും അല്ലെങ്കിലും ടാക്സിയാണ് എങ്കിൽ മറ്റു സ്റ്റേറ്റിലെ, യൂണിയൻ ടെറിട്ടറിയിലെ വണ്ടികൾ പാന്ഗോങ്, നുബ്ര മുതലായ ഹൈവേയിൽ അല്ലാത്ത സ്ഥലങ്ങളിലേക്ക് കടത്തിവിട്ടില്ല. റെന്റിന് ടു വീലർ മാത്രമേ ലഭിക്കൂ. മറ്റു വണ്ടികൾ ഡ്രൈവർ ഉൾപ്പെടെയാണ് ലഭിക്കുക. മറ്റൊരു സ്റ്റേറ്റിലെയും ഒരു തരത്തിലുള്ള ടാക്സി വണ്ടികളും ബൈക്കുകളും ലേയിൽ പാന്ഗോങ്, നുബ്ര മുതലായ ഹൈവേയിൽ അല്ലാത്ത സ്ഥലങ്ങളിലേക്ക് കടത്തിവിട്ടില്ല.
ലഡാക്കിലേക്ക് വരുന്നവർക്ക് സംശയങ്ങൾക്ക് വിളിക്കാം 8848392395.