വിവരണം – ജിതിൻ കുമാർ എൻ.
ജൂലൈ ലെ ലഡാക് .. തന്റെ ഗരിമയും പ്രൗഢിയും ഒപ്പം പ്രകൃതി തന്റെ നിറങ്ങളും ചായക്കൂട്ടുകളും കൊണ്ട് നിർലോഭം ഒരു സ്പടികപാത്രത്തിലന്യേന നിറച്ചുതന്ന പർവ്വത പുത്രി . വായിച്ചറിഞ്ഞതിൽനിന്നും , കേട്ടറിഞ്ഞതിൽനിന്നും എത്രയോ വ്യത്യസ്തയാണ് അനുഭവിച്ചറിഞ്ഞ നീ എന്ന സത്യം … കെട്ടഴിഞാലിംഗനം ചെയ്യുന്ന നനുനനുത്ത കാറ്റ് .. ഹിമശിഖരികളിൽ നിന്നടർന്നു തട്ടിത്തെറിച്ചുലഞ്ഞെത്തുന്ന ഉറവുകൾ .. ഞരമ്പിൽ തീ പടർന്നു കയറി പെരുക്കുന്ന തണുപ്പ് … വെറുതെയല്ല ,അസ്ഥികളിൽ പ്രണയംഉയിർക്കുന്ന കാഴ്ചകളാണ് ,അനുഭവങ്ങളാണ് നീ തന്നത് ..
ഇനിയൊരിക്കൽ കൂടി വരാമെന്നു പറഞ്ഞിറങ്ങുന്നവർ ഉണ്ടാകില്ല ..ഒരിക്കലും മതിയാകാതെ,വീണ്ടും വീണ്ടും ഈ പടികയറി വരുമെന്ന് ഉറപ്പിച്ചായിരിക്കും ഓരോ യാത്രികനും നിന്നെ വിട്ടു പിരിഞ്ഞിരിക്കുക … അതെ നിന്റെ പടിയിറങ്ങാനാർക്കാണ് സാധിക്കുക … ആ പടിഞ്ഞാറ്റിയിലെ ചായ്‌പിൽ എനിക്കുമൊരു മുറി കൂടി ഒരുക്കി വക്കുക പ്രിയ സഖി …..
Leh -Ladakh day -1 : ന്യൂ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ശീതികരിച്ച ലോഞ്ചിൽ രാത്രി ഒരുമണി മുതൽ നെറ്റ്‌വർക്ക് കിട്ടാത്ത മൊബൈലും പിടിച്ച് രണ്ടാമന്റെ വരവിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു.മുന്നിലൂടെ നടന്നകലുന്ന ഓരോ മുഖങ്ങളിലും സൂക്ഷിച്ചുനോക്കി ഒരു മലയാളി മുഖം തിരഞ്ഞു കണ്ടുപിടിക്കുക എന്ന കഠിനമായ പ്രവർത്തിയിലേർപ്പെട്ടിട്ടു ഇപ്പോൾ സമയം ഒരു പാടായിരിക്കുന്നു.ഒരു മയക്കത്തിനുള്ള ആഘോഷം കണ്ണുകളിൽ നിറഞ്ഞുലയുന്നു.സൗകര്യപൂർവ്വം ഒരു കുഞ്ഞു മയക്കം.
എപ്പോഴോ തോളിൽ പതിഞ്ഞ തണുത്ത കൈത്തലം എന്നെ ഉറക്കത്തിൽ നിന്നുണർത്തി.ജിതേഷ് അല്ലേ ?എന്ന ചോദ്യത്തിനുമുന്നിൽഒരു ചെറു ചിരിയോടെ Soni Justinഎന്ന രണ്ടാമന്റെ സൗഹൃദം പങ്കിട്ടെടുത്തു.എനിക്ക് കണ്ടെത്താനാവാതെ പോയ മുഖം എന്നെ തേടി വന്നപ്പോൾ ഞാൻ എന്റെ മലയാളി ശ്രീത്വം വിളങ്ങുന്ന മുഖകാന്തിയിൽ അഭിമാനിച്ചു .
4.50നു ആയിരുന്നു ഫ്ലൈറ്റ് .ഞങ്ങൾക്ക് രണ്ടിടങ്ങളിലായാണ് സീറ്റ് ലഭിച്ചത്.കൂടുതൽ പരിചയപ്പെടാൻ ഇനീം സമയമുണ്ടല്ലോ എന്ന് സമാധാനിച് ഒരു കുഞ്ഞുറക്കത്തിന് എതിരുനിൽകാതെ പെട്ടെന്ന് കീഴ്പെട്ടു. പരുക്കനെങ്കിലും തെളിമയുള്ള ശബ്ദത്തിൽ പൈലറ്റ് യാത്രയുടെ ആകാശകാഴ്ചകൾ വിവരിക്കുന്നുണ്ടായിരുന്നു.Pang gong lake എന്ന് കേട്ടപ്പോളാകണം എന്നിലെ കുഞ്ഞു സഞ്ചാരി ഉറക്കത്തെ ഗുലാൻ കൊണ്ട് വെട്ടിവീഴ്ത്തിയത്.നീലാകാശം നിറയെ അപ്പൂപ്പൻ താടി പോലെ ഒഴുകി പറക്കുന്ന വെള്ളി മേഘങ്ങൾ,അവക്കിടയിലൂടെ മുങ്ങാംകുഴി ഇട്ട് പറക്കുകയാണ് വിമാനം.ഇതിന് മുൻപും ഇത്തരം ആകാശ കാഴ്ചകൾ കണ്ടിരുന്നതിനാൽ കൗതുകം ഇച്ചിരി കുറവായിരുന്നു സഞ്ചാരിക്ക്.
കുറെ കൂടി താഴ്ന്നു പറക്കുന്നതിനിടയിലാണ് ഊത നിറത്തിലുള്ള മലനിരകൾ തെളിഞ്ഞു വന്നത്.ഹിമശിഖരങ്ങളിൽ തട്ടി പ്രകാശം ചിതറിത്തെറിക്കുന്നു. താഴ്വാരങ്ങളിൽ പച്ചപ്പിന്റെ സുലഭത,നീരൊഴുക്കില്ലാത്ത നദികളുടെ മനോഹരമായ meandering trails,glacial fans അങ്ങനെ എണ്ണമറ്റ ടോപോഗ്രാഫിക് കാഴ്ചകൾ.അവസാദ ശിലാ പാളികളിലെ അടരുകൾ തെളിമയോടെ കാണാം.മഞ്ഞയിലും ഊത നിറത്തിലും നിരനിര യായി നിൽക്കുന്ന മലനിരകൾ.
ലഡാക്കിന്റെ ആകാശകാഴ്കൾ ഏതൊരു സഞ്ചാരിയുടെയും ഹൃദയത്തിൽ ആഹ്ലാദം സൃഷ്ടിക്കുമെങ്കിലും,യാത്രികൻ ഒരു geologist ആണെങ്കിൽ അത് വേറെ ലെവൽ ആയിരിക്കും ഉറപ്പാണ്.5.30am,കൃത്യമായി കുഷോക് ഭക്‌ലെ റിംപോച്ചെ എയർപോർട്ടിൽ വന്നിറങ്ങിയ go air.യാത്രികരിൽ അധികവും വിദേശികളായിരുന്നു. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ വിദേശ യാത്രികർ കൂട്ടം കൂട്ടമായി എത്തുമെന്ന് ഞാൻ വായിച്ചിരുന്നു.ഫോട്ടോഗ്രഫി നിർബന്ധമായി തടഞ്ഞ യിടങ്ങളിൽ പോലും പലരും കൗതുകം സാഹിക്കവയ്യാഞ് ചിത്രങ്ങൾ പകർത്തുന്നുണ്ടായിരുന്നു.
തലേന്നേ ഞാൻ ടെൻസിങ് നെ വിളിച്ച് റൂം ബുക്ക് ചെയ്യാൻ പറഞ്ഞിരുന്നു. എയർപോർട്ട് നു പുറത്ത് ജിതേഷ് കുമാർ എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് ഡ്രൈവർ നില്കുന്നത് കണ്ടു കുളിരുകോരിയത്, 3km ദൂരത്തിനു 700രൂപ വാങ്ങിയപ്പോൾ മാറി കിട്ടി.മല്ലിക് റെസിഡൻസി യിൽ 1800രൂപ നിരക്കിൽ റൂം ലഭിച്ചു.നല്ല ചൂട് വെള്ളത്തിൽ കുളിച്ച് ഉഷാറായതിനു ശേഷം ബൈക്ക് എടുക്കുവാനായി ടെൻസിങ് ന്റെ കടയിൽ പോയി.ഒരു 350ക്ലാസ്സിക് തന്നിട്ട് പറഞ്ഞു ഇന്നത്തെ കറക്കം ഇതിലാവട്ടെ ഞാൻ വൈകിട്ടോടെ 500cc സ്റ്റാൻഡേർഡ് റെഡി ആക്കി തരാം.AMS പേടി ഉള്ളതിനാൽ കൂടുതൽ ആക്ടിവിറ്റീസ് ഒന്നും വേണ്ടെന്നു ഒരു ഉപദേശം കൂടി കിട്ടി.
FasalRazi Punnilath നെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു.അവന്റെ മൊബൈലും സ്വിച്ച്ഓഫ് കാണിക്കുന്നു.10ദിവസങ്ങളായി ഡൽഹിയിലും ജമ്മുവിലും ശ്രീനഗറിലും ചുറ്റിക്കറങ്ങി കാർഗിൽ വഴി ഇന്ന് ഞങ്ങളോടൊപ്പം കൂടേണ്ടവൻ ആണ്.എന്തായാലും സോണിയും ഞാനും ലേയിലെ ആദ്യ ദിവസം ആഘോഷിക്കാൻ തീരുമാനിച്ചു.AMS പേടി ഉള്ളതുകൊണ്ട് രണ്ടുദിവസമായി കഴിക്കുന്ന diamox കഴിച്ച് വണ്ടിയും കൊണ്ട് ലേ പട്ടണം കാണാൻ ഇറങ്ങി.
ആദ്യ ലക്ഷ്യം spituk gonpa യും Hall of Fame ആണ്.വഴിയിലെ അവസാന ലക്ഷ്യമായതിനാൽ ആദ്യം gonpa കണ്ടിട്ട് മടങ്ങി വരാം എന്ന് തീരുമാനിച്ചു.Leh -kargil റോഡിൽ ആണ് രണ്ടും സ്ഥിതി ചെയ്യുന്നത്.വഴിയുടെ ഇരു വശങ്ങളിലും ഇന്ത്യൻ ആർമിയുടെ വിവിധ ബറ്റാലിയനുകൾ ക്യാമ്പ് ചെയ്തിട്ടുണ്ട്.ഫോട്ടോഗ്രഫി കര്ശനമായി നിരോധിച്ചിരിക്കുന്നു ഈ വഴിയിൽ.Hall of Fame കടന്ന് മുന്നോട്ടു പോയാൽ spituk gonpa കാണാം.ആരോടും വഴിചോദിക്കാതെ തന്നെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ടാറിടാത്ത റോഡ് ആ മലമുകളിലെ മൊണാസ്ട്രിയിൽ യാത്രികരെ എത്തിക്കും.മുകളിലെത്തിയാൽ താഴെ ഹരിതാഭയാർന്ന ലെഹ് വാലി യും ഒറ്റ നിലകളുള്ള കെട്ടിടങ്ങളും നീലഭയാർന്ന ആകാശവും വെള്ളിമേഘ കെട്ടുകളും കാണാം.ഞങ്ങളിലെ ഫോട്ടോഗ്രാഫർ ഉണർന്ന് മാറി മാറി soni ആൽഫയിലും,cannon 80d യിലും ആ ദൃശ്യഭംഗികളെ ആവോളം ഫ്രെമുകളിൽ പകർത്തി.എടുത്തിട്ടും എടുത്തിട്ടും മതിയാകാത്ത മനോഹരദൃശ്യങ്ങൾ.ഒരു ക്യാമറയിലും ഒതുക്കാനാവാത്ത പ്രകൃതി വശ്യത.
ഇനി അടുത്ത ലക്ഷ്യത്തിലേക്കു.Hall of Fame. ഇന്ത്യൻ ആർമി യുടെ വാർ മെമ്മോറിയലും മ്യൂസിയവുമാണ് അത്.കാർഗിൽ യുദ്ധത്തിന്റെയും 1962-63ലെ ഇന്ത്യ – ചൈന യുദ്ധത്തിന്റെയും ചരിത്രങ്ങളും ചിത്രങ്ങളും കൂടാതെ, ലഡാക്കിന്റെ സംസ്കാരവും, ജീവന -അതിജീവന ചരിത്രങ്ങളും ചില്ലിട്ട കൂടിനുള്ളിൽ ഉറങ്ങി കിടക്കുന്നു. ഇൻഡോ -ചൈന യുദ്ധത്തിലും ഇൻഡോ- പാക് യുദ്ധത്തിലും പിടിച്ചെടുത്ത ആയുധങ്ങളും യന്ത്ര സാമഗ്രികളും പ്രദർശനത്തിന് വെച്ചിട്ടുണ്ട് ഇവിടെ.ആ യുദ്ധങ്ങളിൽ വീര ചരമം അടഞ്ഞ ജവാൻമാരുടെ ചിത്രങ്ങൾ ആദരപൂർവ്വം വിവരണത്തോടൊപ്പം ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.ഒരു മണിക്ക് ലഞ്ച് ബ്രേക്ക് ആയതിനാൽ മ്യൂസിയം അടക്കണം എന്നും രണ്ടുമണിക്ക് തുറന്നു തരുന്നതാണ് എന്നും ക്യൂറേറ്റർ അറിയിച്ചതിനാൽ ഞങ്ങൾ പുറത്തിറങ്ങി.
പുറത്താകട്ടെ മനോഹരമായി ഒരുക്കിവെച്ചിരിക്കുന്ന വാർ മെമ്മോറിയൽ .ജവാൻ മാരുടെ പേരെഴുതി കൊത്തിയ ഗ്രാനൈറ്റ് ശിലാ സ്മാരകം.വിവിധ ബറ്റാലിയനുകളുടെ ഫ്ലാഗുകൾ പാറിക്കളിക്കുന്ന വാർ മെമ്മോറിയൽ.വിശപ്പ് വന്നു കയറിയപ്പോൾ തിരികെ റൂമിലേക്കും ഭക്ഷണത്തിലേക്കും ഒരു മടക്കം.അല്പം കഴിഞ്ഞപ്പോൾ Fazalrazi Punnilath ന്റെ കാൾ വന്നു.സോണി അവനെ കൂട്ടാനായി വെളിയിലേക്കു ഇറങ്ങി.ഞാൻ ഒരു കുഞ്ഞ് പൂച്ച ഉറക്കത്തിലേക്കും.
പരീക്ഷീണിതനായിരുന്നു ഫസൽ.യാത്രയുടെ കാഠിന്യം കണ്ണുകളിലും മുഖത്തും പ്രകടമായിരുന്നു .വിശ്രമിക്കാനൊരുക്കമില്ലാത്ത അവനിലെ സഞ്ചാരി ഞങ്ങളെയും കൊണ്ട് വീണ്ടും പുറത്തേക്ക്.രണ്ടാമത്തെ ബൈക്കും എടുത്ത് നേരെ ലേ പാലസിലേക്ക്. ലേ പട്ടണത്തിൽ അധികദൂരത്തിൽ അല്ലാതെ ആണ് ആ മനോഹരമായ പാലസ്.മാർക്കറ്റിനു ഒടുവിൽ ഇടത്തേക്കുള്ള വഴി തിരിഞ്ഞു അല്പം വളഞ്ഞൊഴുകി പോയാൽ കുന്നിൻ മുകളിലെ പാലസിൽ എത്താം.തവിട്ടു നിറത്തിൽ മണ്ണിന്റെ നിറമുള്ള ലേ പാലസ്.ചുടാത്ത ഇഷ്ടികകൾ കൊണ്ട് പടുത്ത നാല് നിലകളുള്ള കെട്ടിടം ഒരു മലയുടെ അരികത്തു നിറഞ്ഞു നില്കുന്നു.
വ്യത്യസ്തമായ നിർമ്മാണ സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തികൾക്ക് മുകളിൽ പോപ്ലാർ മരത്തിന്റെ തടി നിരത്തി അതിന് മുകളിൽ മണ്ണ് കുഴച്ചു തേച്ചു പിടിപ്പിച്ചാണ് നിലം ഒരുക്കിയിരിക്കുന്നത്.ചെറിയ ചെറിയ മുറികൾ,കാറ്റും വെളിച്ചവും കടക്കാത്ത കുടുസു മുറികൾ ആണ് താഴെ നിലയിൽ അധികവും.രണ്ടും മൂണും നിലകളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ബാൽക്കണി ഉണ്ടു്. ഈ ബാൽക്കണികൾ ലേ നഗരത്തിന്റെ ദൃശ്യ ഭംഗികളിലേക്കാണ് മിഴികൾ തുറക്കുന്നത് .ഓരോ നിലകളിൽ നിന്നും പുറത്തോട്ടു നോക്കുമ്പോൾ വ്യത്യസ്ത നാഗരാനുഭവം ആണ് കാഴ്ചക്കാരന് നൽകുക.
സ്വദേശി യാത്രികരാണ് അധികവും.6മണിയോടെ ഞങ്ങൾ ഫോട്ടോ ഷൂട്ട് അവസാനിപ്പിച് അടുത്ത ലക്ഷ്യമായ ശാന്തി സ്തൂപ കാണുവാനായി പുറപെട്ടു.മനോഹരമായ ബൗദ്ധപാരമ്പര്യ നിർമ്മിതി.വെളുത്ത നിറത്തിൽ ഗോളാകൃതിയിലുള്ള സ്തൂപം ലേ നഗരത്തിൽ എവിടെ നിന്നാലും കാണാവുന്ന ഉയരത്തിലാണ് നിലനിക്കുന്നതു.അതൊക്കെ ചുറ്റിക്കറങ്ങി കണ്ടു നിൽക്കുമ്പോളാണ് ഒരുകൂട്ടം മലയാളി ചെറുപ്പക്കാർ കടന്നുവന്നത്.ഡൽഹിയിൽ നിന്നും റൈഡ് ചെയ്തു വന്നവരാണ് അവർ.സഞ്ചാരി ഗ്രൂപ്പിലെ അംഗങ്ങളായ അവർ എറണാകുളം സ്വദേശികൾ ആയിരുന്നു.Kardungla ,nubra valley യാത്രകളിലെ സംശയങ്ങൾ നിവർത്തിച്ചശേഷം ഒരു കപ്പ് ചായക്ക് ക്ഷണിച്ചെങ്കിലും സ്നേഹപൂർവ്വം നിരസിച് അവർ യാത്ര പറഞ്ഞു.എന്തായാലും നാളെ പെർമിറ്റ് വാങ്ങി kardung la യിലേക്കും ഹുൻഡർ ലേക്കും കഴിയുന്നത്ര നേരത്തെ ഇറങ്ങണം എന്ന് വിചാരിച്ചു മനോഹരമായ ഡിന്നർ കഴിച്ച് ഉറങ്ങാൻ കിടന്നു. സോണിയുടെ മാരകമായ കൂർക്കം വലിയിൽ എപ്പോഴോ ഞാനും ഉറങ്ങി പോയി.