വിവരണം – Miharaj Mihru.
എന്‍റെ ആദ്യ ലക്ഷ്വദ്വീപ് യാത്രാവിവരണമാണ് ഇത്. ലക്ഷദ്വീപ് സമൂഹത്തിലെ ”ആന്ത്രോത്ത്” എന്ന ദ്വീപില്‍ നിന്നാണ് ഈയുള്ള വിനീതന്‍ വിവാഹം കഴിച്ചത്. (എങ്ങനെ ദ്വീപിലെത്തി എന്നത് ഞാന്‍ കമന്‍റില്‍ ഇടാം).അധികം പഠിച്ചിട്ടില്ലാത്ത ഒരു പാവം ചിരിക്കുടുക്കയാണ് എന്‍റെ പ്രിയതമ…പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഒരു പഴയകാല ദ്വീപുകാരിയെപ്പോലെ.
എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു എന്‍റെ വിവാഹം…എല്ലാവര്‍ക്കും അങ്ങനെ തന്നെയാകും…കാരണം ചെറുപ്രായത്തിലെ നമ്മുടെയൊക്കെ സ്വപ്നമാണ് നമ്മുടെ വിവാഹം…എനിക്കങ്ങനെയാണ് ട്ടോ… അങ്ങനെ എനിക്ക് വിവാഹാലോചന നടക്കുന്നസമയത്താണ് ഇപ്പോള്‍ ലണ്ടനില്‍ ഓക്സ്ഫോഡ് യൂനിവേര്‍സിറ്റിക്കടുത്ത് താമസിക്കുന്ന എന്‍റെ അമ്മായിയുടെ മകള്‍ നീതുമോള്‍ നാട്ടിലെത്തിയിട്ട് എന്നെ വിളിക്കുന്നത്… ”ഡാ…മിഹ്റുക്കാ…ഞാനിന്നലെ നടുവട്ടത്ത് ഒരു വീട്ടില്‍ എന്‍റെ ഇളയച്ചന്‍(ഭര്‍ത്താവിന്‍റെ അനുചന്‍) പെണ്ണ്കാണാന്‍പോയി…ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമായി…പക്ഷെ അവന്‍ വല്ലാതെ പെന്‍സില്പോലെയാണ്…അത്കൊണ്ട് അവര്തമ്മില്‍ ചേര്‍ച്ചകുറവാണ്…എനിക്കാണെങ്കില്‍ ആ കുട്ടിയെ വല്ലാണ്ട് ഇഷ്ടായി നീയൊന്ന്പോയിനോക്ക്…അവള്‍അല്‍പം തടിച്ചിട്ടാണ്..എന്താ പോയിനോക്കിക്കൂടെ…?അവളുടെ അനിയത്തിയെ അവള്‍ നഴ്സറിയില്‍ കൊണ്ടാക്കാന്‍ പോകുന്നസമയത്താണ് ഞാന്‍ പരിചയപ്പെട്ടത്.അങ്ങനെയാണ് ഇളയച്ചന് ആലോചിച്ചത്. നീയൊന്ന് പോയിനോക്ക്. ഞാന്‍പറഞ്ഞു അത് വേണ്ട…മെലിഞ്ഞ പെണ്ണാണെങ്കില്‍മതി… ”അവള്‍ ദ്വീപ്കാരിയാണെടാ.. നീതുവിന്‍റെ ആ ഒരൊറ്റഡയലോഗില്‍ ഞാന്‍ വീണു.”ലഢുപൊട്ടി ”എന്ന് പറയുന്നതാകും ശെരി.അവര്‍ക്ക് ഇവിടെ ഒരു വീടുണ്ട്. അതില്‍ ഇടയ്ക്ക്താമസിക്കുവാനെത്തുന്നതാണ്.പോയിനോക്ക്…എന്നും പറഞ്ഞ് അവള്‍ ഫോണ്‍ കട്ട്ചെയ്തു.
അങ്ങനെ അവള്‍ ഒരുഗ്ളാസ് ചൂടുവെള്ളവുമായി എന്‍റെഅടുത്ത് വന്നതും…”എന്‍റെ സാറെ….”ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റീല. (എനിക്കപ്പോഴെന്തോ പറ്റിയതാകണം…അള്‍സമേഴ്സോ…അങ്ങനെന്തോ ഒരു രോഗമുണ്ടല്ലോ…അവോ…അത്പോട്ടെ.) തടി എനിക്ക് കുഴപ്പമായില്ല.പഠിത്തം എനിക്ക് പ്രശനമേയല്ല….രണ്ട് പേരുടേയും പൊക്കം നോക്കാന്‍ അവളുടെ കൂടെയുള്ള ആരോ പറഞ്ഞു. അത് ശെരിയാണെന്ന് എനിക്കും തോന്നി.അതിന് കാരണവുമുണ്ട്…മുന്നെ ഒരു പെണ്ണ്കണ്ട് പൊക്കകൂടുതല്‍ കാരണം ഞാനൊന്ന് ചമ്മിയതാണ്.ഹൈറ്റ് റെഡി. ഇഷ്ടമായോ എന്ന് ചോദിച്ചില്ല.അവളുടെ നാണവും ചിരിയിലും ഞാനത് മനസ്സിലാക്കി.അങ്ങനെ കൂടെവന്ന എന്‍റെ അളിയനോടും ഉമ്മയോടും കച്ചോടം ഉറപ്പിച്ച് ടോക്കണ്‍കൊടുത്തിട്ട് അവിടുന്നു ഇറങ്ങിയാല്‍ മതി എന്ന് പറഞ്ഞ് ഞാന്‍ കടതുറക്കാനായി പോയി.(സ്ത്രീധനംവും സ്വര്‍ണവും ഞാന്‍ വേണ്ട എന്നും അത് തെറ്റാണ് എന്നും അവരെ പറഞ്ഞ് നേരത്തേ ബോധ്യപെടുത്തിയിരുന്നു.)
പക്ഷെ ആ എല്ലാ പ്രതീക്ഷകളും അണച്ച്കൊണ്ട് അവളുടെ ഉപ്പ കല്യാണത്തിന് തടസ്സം നിന്നു. അതിന് കാരണമുണ്ട് മൂപ്പര് കെട്ടിയത് അതായത് എന്‍റെ അമ്മായിയമ്മ കരക്കാരിയാണ്. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ….അതാണ് അന്ന് ഞാന്‍ മനസ്സിലാക്കിയത്.(സത്യത്തില്‍ മൂപ്പര്‍ക്ക് കരയിലെ അപകടമരണം പേടിയാണ്.അതാണ് കാരണം എന്നാണ് പിന്നീട് എന്നോട് പറഞ്ഞത്.അത്കേട്ടപ്പോള്‍ ഇതിലും വലിയ അപകടം നിങ്ങളുടെ മോള്‍ക്ക് ഇനി എന്ത് വരാന്‍ എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു.പക്ഷെ പറഞ്ഞീല്ല.) അവള്‍ക്കാണെങ്കില്‍ കരയിലാണ് വിവാഹംകഴിക്കുവാന്‍ ഇഷ്ടം ബാപ്പയ്ക്കിഷ്ടം ദ്വീപിലും.
പിന്നെ മറ്റൊരുകാരണം എന്താണെന്ന്വച്ചാല്‍ പെണ്‍വീട്ടുകാര്‍ക്ക് കായ്ചെലവ് ദ്വീപില്‍ കുറവാണ് ആണിന്‍റെ വീട്ടില്‍ നിന്നും ശെനിയാഴ്ച പണപെട്ടിയും പെണ്ണിനുള്ളവസ്ത്രവും ആണ്‍വീട്ടുകാര്‍ കൊടുക്കണം. വിവാഹം കഴിഞ്ഞാല്‍ ചെക്കന്‍റെ വീട്ടുകാരാണ് പെണ്ണിന് സ്വര്‍ണ്ണവും കൊടുക്കേണ്ടത്.എന്നാല്‍ ഇവിടെ എല്ലാം തലതിരിച്ചാണ്.അത്കൊണ്ട്തന്നെ മൂപ്പര്‍ക്ക് അല്‍പം താത്പര്യകുറവ്. എങ്കിലും സംസാരിക്കുവാനായി എന്‍റെ വീട്ടിലെത്തിതിരിച്ച്പോകുന്ന സമയത്തിനുള്ളില്‍ മൂപ്പര് ഫ്ളാറ്റ്.അതിന് ശേഷം എല്ലാം ശടപടേ…ഷടപടേന്നായിരുന്നു. കരയില്‍ വച്ച്തന്നെ കല്യാണം. ദ്വീപിലുള്ളവരെല്ലാം കുടുമ്പക്കാര്‍ എല്ലാരും കൂടി കരയിലെത്തി ആകെ ലക്ഷദ്വീപ് മയം അങ്ങനെ ആവേശജനകവും ഉദ്വേഗഭരവുമായ ഈ ഉള്ളവന്‍റെ വിവാഹം അതി ഘംഭീരമായി ചെറിയരീതിയില്‍ നടത്തി.
ലക്ഷദ്വീപ് എല്ലാവരേയുംപോലെ എനിക്കും ഒരു കൗതുകവും അത്ഭുതവുമായിരുന്നു. ഒരു പക്ഷെ ചിത്രങ്ങളില്‍കണ്ട മനോഹരമായ ആഴകടലും പവിഴപുറ്റുകളുമാകാം അതിന് കാരണം. വിവാഹം കഴിഞ്ഞ ഉടനേ എനിക്ക് പോകേണ്ടിയിരുന്നത് ഭാര്യയുടെ നാടായ”ആന്ത്രോത്ത്” ദ്വീപിലേക്കായിരുന്നു. പക്ഷെ അതിന് പല കടമ്പകളുമുണ്ട് എന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.
ബേയ്പ്പൂരിലെ ലക്ഷദ്വീപ് അതോററ്റിയിലെ ടിക്കറ്റ്കൗണ്ടറില്‍ നിന്നും ”സ്പീട് വെസലിനുള്ള” ടിക്കറ്റെടുക്കുവാനായി പാന്‍റും കാള്‍സറായിയുമിട്ട് ഞാന്‍ നല്ല സ്റ്റൈലായി ബൈക്കില്‍ ചെന്നിറങ്ങിനോക്കിയപ്പോള്‍ കണ്ട കാഴ്ചകണ്ട് എന്‍റെ കണ്ണ് തള്ളിപ്പോയി. വാലിന്‍റെ അറ്റംകാണാത്ത തീവണ്ടിയേപോലെയുള്ള നീണ്ട ”ക്യൂ”.
ഞാന്‍ ടിക്കറ്റിനായി നിന്ന ഒരാളോട് ചോദിച്ചു. ഇക്കാ…നാട്ടിലേക്കുള്ള അഞ്ച് ടിക്കറ്റ് വേണമല്ലോ എന്ത് ചെയ്യേണ്ടത്? ആ പാവം മനുഷ്യപറഞ്ഞത് കേട്ടപ്പോള്‍ ആകെ ഞാന്‍ തളര്‍ന്നു.”നാനും മൂന്ന്നാള് കാത്ത് നില്‍ക്ക്ന്‍റെ…നാക്കും ടിക്കറ്റ് കിട്ടിയേല…” ആദ്യം ആ മനുഷ്യന്‍റെ സംസാരം എനിക്കൊന്നും മനസ്സിലായില്ല…പിന്നെ ഒന്ന് ഓര്‍ത്ത് നോക്കിയപ്പോഴാണ് സംങ്ങതി പിടിത്തം കിട്ടിയത്.മൂന്ന് ദിവസമായി ക്യൂ നില്‍ക്കുന്നു അവര്‍ക്കും ടിക്കറ്റ്കിട്ടിയില്ല എന്ന്.
എന്‍റെ ആവേശം കാറ്റൊഴിഞ്ഞ ബലൂണ്‍പോലെയായി.എങ്കിലും ക്യൂവില്‍ നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. കാരണം ടിക്കറ്റിന് രാത്രിയിലും സ്ത്രീകള്‍വരെ ഉറങ്ങാതിരിക്കുന്നവരുണ്ടായിരുന്നു എന്ന് കേട്ടു. അങ്ങനെയാകുമ്പോള്‍ പുരുഷവര്‍ഗ്ഗത്തിന്‍റെ മാനംകാക്കേണ്ടത് എന്‍റെയും ദൗത്യമാണല്ലോ.ഒരാള്‍ക്ക് ഒരുഫോമില്‍ അഞ്ച് ടിക്കറ്റ് നിരക്കിലാണ് ടിക്കറ്റ്കൊടുക്കുക. അങ്ങനെ വച്ച് നോക്കിയപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി.”സ്പീഡ് വെസലില്‍”ആകെ സീറ്റ് 150. എന്നാല്‍ ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നവരുടെ എണ്ണം 200ന് മുകളില്‍.ങ്ഹാ…എന്നാലും അടുത്ത വെസലുണ്ടാകുമല്ലോ…എന്ന് സ്വയം ഞാന്‍ പറഞ്ഞത്കേട്ട ഒരു കോയ ഒരു പരിഹാസചിരിയോടെ എന്നോട് പറഞ്ഞത്.
”ഈ വെസല് ഫോയിച്ചും ബന്നാല് താ നാ ഫോകേണ്ടത്” ഇത്കേട്ടപ്പോഴാണ് എനിക്ക് തിരിഞ്ഞത്. ഒരു വെസലും കൊണ്ടാണ് ഈ പാവങ്ങളേയുംകൊണ്ട് അങ്ങട്ടും ഇങ്ങട്ടും കൊണ്ടാക്കണത്. ചില പുഴയിലെ തുഴവഞ്ചിപോലെ. ബാക്കിയുള്ള രണ്ട് വെസല്‍ ദ്വീപുകളില്‍ മാത്രം സര്‍വ്വീസ് നടത്തുന്നു. എന്തായാലും ടിക്കെറ്റെടുത്തിട്ട് തന്നെകാര്യമെന്ന് ഞാനും ഉറപ്പിച്ചു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി മൂന്ന് ദിവസം ടിക്കറ്റ്കൗണ്ടറില്‍ കിടന്നുറങ്ങി. മൂന്നാം ദിവസം ടിക്കെറ്റെടുക്കുന്നതിന് മുംമ്പായി അവിടെ കൂടിയ ഒരുമാതിരിപെട്ടവരുമായി ഞാന്‍ പരിചയപെട്ടിരുന്നു. മാത്രമല്ല ഞാന്‍ ദ്വീപിലെ പുതിയാപ്ളയുമാണല്ലോ…അതിന്‍റെ സ്നേഹം അവരെല്ലാവരും കാണിക്കുകയും ചെയ്തിരുന്നു. ആ മൂന്ന് ദിവസംകൊണ്ട് ദ്വീപിനെകുറിച്ചും അവരുടെ സംസ്കാരത്തെകുറിച്ചും അവരുടെ സ്നേഹവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു.അങ്ങനെ മൂന്നാം നാള്‍ ടിക്കറ്റ്കിട്ടിയ ഞാന്‍ ഒരു വലിയ വിജയിയെപോലെ തലയുയര്‍ത്തി വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് രാവിലെ 6.30നായിരുന്നു ബോര്‍ഡിം ടൈം.അല്‍പം നേരത്തേതന്നെ ഞങ്ങള്‍ ഇറങ്ങിയിരുന്നു. ടിക്കറ്റ്ചെക്കിംങ്ങ് കഴിഞ്ഞ് വെസലിനകത്തെത്തിയ എനിക്ക് അനുഭവപ്പെട്ടത് ഒരു ചെറിയ വിമാനത്തിനകത്തെത്തിയ പ്രതീതിയായിരുന്നു.ഫുള്‍ ഏസി,ടിവി,പരുപരുത്ത കുഷ്യനുള്ള ഇരിപ്പിടം,അകത്ത് ചെറിയ ഒരു കാന്‍റീനും. സീറ്റില്‍ ഇരുന്ന എന്‍റെ അടുത്ത് ഒരു ”സീ മാന്‍”(വെസലിലെ ജോലിക്കാരന്‍) അളിയാ…എന്നും പറഞ്ഞ് കെട്ടിപിടിച്ചു. ഇവനേതടാ…എന്ന് അന്തം വിട്ട് നില്‍ക്കുന്ന എന്നോട് എന്‍റെ ഭാര്യപറഞ്ഞു.”ഇത് ഞെങ്ങ ബാട്യേള്ളതാ…ഇക്കാ…” ഞാന്‍ ചോദിച്ചു.”വാടിയതോ…എന്ത് വാടിയത്”? എന്‍റെ ചോദ്യം അല്‍പം ശബ്ദത്തിലായത്കൊണ്ട് കേട്ടവരെല്ലാം ഉറക്കെ ചിരിച്ചു.
ചിരിയടക്കി അവള്‍ തിരുത്തിപറഞ്ഞു.”വാടിയതല്ലാ…ബാട്യേ…തറവാട്ടിലുള്ളത്” അങ്ങനെ അവരുടെ ഭാഷ അറിയത്തതിന്‍റെ ആദ്യ ചമ്മല്‍ അവിടെ തുടങ്ങുകയായിരുന്നു.പിന്നീടാചമ്മലൊരു ശീലമായി. വെസല്‍ പുറപ്പെടുന്നതിന് മുംമ്പ് വിമാനത്തില്‍ ടിവിയില്‍ വെസല്‍ അപകടത്തില്‍ പെട്ടാല്‍ എന്ത് ചെയ്യണം എന്നുള്ളതിന്‍റെ ട്രയല്‍ കാണിച്ചുള്ള വീഡിയോ ഓണായി. പണ്ട് ദുബായില്‍ പോകുന്ന സമയത്ത് ഒരു വെളുത്തസുന്ദരി വിമാനം പുറപ്പെടുന്നതിന് മുംമ്പ് കാണിച്ചപോലുള്ള ഒരു കോപ്രായംപോലെ എനിക്ക് തോന്നി.
ഭാര്യ ചോദിച്ചു ”ഇങ്ങക്ക് പേടിണ്ടാ…”?ഞാന്‍ ധൈര്യം സംഭരിച്ച് പറഞ്ഞു.”ഹേയ്…ഹെനിക്കോ..” ഇങ്ങക്ക് നീന്താനറിയോ..? അവളുടെ ചോദ്യം അസ്ഥാനത്തായിരുന്നു.”ഇല്ല” ഇത് കേട്ട അവള്‍ ചിരിച്ച്കൊണ്ട് പറഞ്ഞു. അപ്പോ നിങ്ങള് പേടിക്കേണ്ട. എനിക്ക് നീന്താനറിയാം. അവളുടെ വാക്കുകള്‍ എന്‍റെ നെഞ്ചിലാണ് കൊണ്ടത്. തന്‍റെ ഭര്‍ത്താവ് നീന്തലറിയാത്ത ഒരു കൊച്ഞാണനാണ് എന്നവള്‍ കരുതികാണുമോ?അത് ചോദിക്കണോ…?അല്ലെങ്കില്‍ വേണ്ട ഉള്ള വില കളയേണ്ട എന്ന് കരുതി ഞാന്‍ മൗനം ഭജിച്ചു.
യാത്രതുടങ്ങിയതും എല്ലാവരും തുടങ്ങി ചര്‍ദ്ദിക്കുവാന്‍…ഇതൊരു മത്സര ഇനമായി തിരഞ്ഞെടുത്തിരുന്നെങ്കില്‍ അതില്‍ ഒന്നാം സമ്മാനം ആ വെസലില്‍ യാത്രചെയ്തവര്‍ക്ക് ഉറപ്പായും കിട്ടും. അത്രയും റഫ്ഫായിരുന്നു അന്ന് കടല്‍. കാറ്റിന്‍റെ വേഗതയാല്‍ കടല്‍ ഓളം തല്ലുമ്പോള്‍ ‘വെസല്‍ ‘താഴ്ന്നും പൊങ്ങിയും കളിച്ച്കൊണ്ടിരുന്നു.ഒരുതരം ‘യന്ത്രഊഞ്ഞാലില്‍ ആടുന്ന പ്രധീതി. എനിക്ക് ചര്‍ദ്ദിക്ക് പകരം അതി കലശലായ തലവേദനയായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും വൈകിട്ടോടെ ദൂരെ കടലില്‍ ചെറിയ പൊട്ട്പോലെ ദ്വീപ് കണ്ടു. ആശ്വാസം…മണിക്കൂറുകള്‍ വീണ്ടും ഓടി വെസല്‍ വാര്‍ഫിലേക്ക് അടുപ്പിച്ചു.അല്‍പം സമയത്തിന് ശേഷം ഞങ്ങളിറങ്ങി. ദോഷം പറയരുതല്ലോ…നല്ല സ്റ്റൈലന്‍ സ്വീകരണം. ഇറങ്ങിയുടനെ തുടങ്ങി ഭാര്യവീട്ടുകാരുടെ സത്കാരം.
ഞങ്ങളുടെ നാട്ടിലെ പ്രഗത്ഭരായ പ്രാസംങ്ങികരേക്കാള്‍ തിരക്കായി എനിക്ക്. കാരണം എല്ലായിടത്തും ‘പിയാപ്ളയെ’സല്‍ക്കാരിക്കല്‍.ചില ദിവസങ്ങളില്‍ മൂന്ന് നേരം വരെ മൂന്ന് വീടുകളിലേക്ക് സല്‍ക്കാരത്തിന് പോകേണ്ടിവന്നിട്ടുണ്ട്.(വീണ്ടും സത്കാരം വിളിക്കുവാന്‍ വന്നവരോട് ഡേറ്റില്ലാ എന്ന് വരെ പറയേണ്ടിവന്നത് മറ്റൊരു തമാശ) .’പിയാപ്ളയെ’സത്കരിച്ചില്ലെങ്കില്‍ അവര്‍ക്കതൊരു കുറച്ചിലാണ് എന്നാണവരുടെ ഭാശ്യം.ഞാന്‍ അത് വരെ കരുതിയിരുന്നത് കോഴിക്കോട്ട്കാരാണ് വലിയ സത്കാരപ്രിയര്‍ എന്നാണ്.എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണെന്ന് എനിക്ക് അവിടെചെന്നപ്പോള്‍ മനസ്സിലായി.
തെളിഞ്ഞ് വെട്ടിതിളങ്ങുന്ന പവിഴപുറ്റുകളാല്‍ അലംങ്കരിച്ച കടല്‍പോലെ തന്നെയായിരുന്നു ദ്വീപ് നിവാസികളുടെ സ്വഭാവം.അവരെന്തിനേയും സ്നേഹിക്കുന്നു. ചെറിയചെറിയ കാര്യങ്ങള്‍ക്കായി കൊച്ച്കുട്ടികളേപോലെ പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്നു. തിരക്കുള്ള ജീവിതം എന്നത് അവര്‍ക്കെന്താണെന്നറയില്ല. ആളുകളെ ബഹുമാന പുരസ്കരം വിളിക്കുന്നപേരും അന്നെനിക്ക് കൗതുകമായിരുന്നു.മൂത്തോന്‍,ഇളയോന്‍,ബംമ്പന്‍, ഫെങ്ങള്‍, സഹോദര ഭാര്യയെ സഹോദരി വിളിക്കുക, ആങ്ങള ബീഡര്‍ എന്നിങ്ങനെ കൂട്ടിയാണ് വിളിക്കുക.മുതിര്‍ന്നവരെ ‘ആറ്റ’എന്നും കൂട്ടിവിളിക്കാറുണ്ട്.കടകള്‍ കുറവാണെങ്കിലും ഉള്ളകടയില്‍ എല്ലാ വിഭവങ്ങളുമുണ്ടാകും. എന്തിനതികം ‘പെട്രോള്‍’വരെ നമുക്ക് കിട്ടും.(ലിറ്ററിന് 250രൂപയായിരുന്നു ഞാന്‍ പോയ സമയത്തെ വില)വിലപേശല്‍ ഇല്ലാത്ത ഒരു നാടുണ്ടെങ്കില്‍ അത് ദ്വീപില്‍ മാത്രമാകും ഉണ്ടാവുക.
എല്ലാവരുടേയും ജോലി സന്ധ്യയാകുമ്പോഴേക്കും കഴിയുന്നു. വൈകിയിട്ട് ആന്ത്രോത്ത് മൂല ബീച്ചിലെത്തി തമാശകള്‍പറഞ്ഞ് രസിക്കുന്നു. വല്ലാത്തൊരു വശ്യതയാണ് ദ്വീപിലെ കടലോരങ്ങള്‍ക്ക്.പഞ്ചസാരപോലുള്ള മണല്‍തരികള്‍. എങ്ങും പവിഴപുറ്റുകള്‍. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കടല്‍മത്സ്യങ്ങള്‍.അതില്‍ ചിലതിന്‍റെ പേരുകള്‍ രസകരമാണ്.കറുത്ത ബലൂണ്‍ വീര്‍ത്തപോലുള്ള ഒരു ജീവി,പേര് ”കോക്ക”.അതങ്ങനെ അനങ്ങാതെ കിടക്കും.ഉപദ്രവിക്കുകയില്ല.അടുത്തത്”കാര”.കടല്‍പാറയുടെയും കടലിലെ കല്ലുകള്‍ക്കിടയിലും ഒളിഞ്ഞിരിക്കും.കണ്ടാല്‍ ഒരു മുള്ളന്‍പന്നിയുടെ ചേലുണ്ട്.കാലില്‍ കുത്തിയാല്‍ വിശമാണ്.
അടുത്തമത്സ്യം”കോഞ്ഞറാണ്ട”ഒരു പാവം മത്സ്യം.അതിനെപിടിച്ച് നമ്മുടെ ചെവിക്കടുത്ത്വച്ചാല്‍ പാട്ട്പാടുന്നപോലെ നമുക്ക്തോന്നും.(പാവം ശ്വാസംകിട്ടാത്തെ നമ്മളെ പ്രാകുന്നതാകും ചിലപ്പോള്‍)അടുത്തതാണ് ”മലഞ്ഞി”.അതല്‍പം കടുത്ത ജീവിയാണ്.കടല്‍പാമ്പാണ് സാദനം. മത്സ്യങ്ങളേക്കാള്‍ സൗന്ദര്യമാണ് മലഞ്ഞിക്ക്.പലവര്‍ണ്ണത്തിലുള്ളവ. അവയേ ചവിട്ടിയാല്‍ മാത്രമേ അവറ്റിങ്ങള്‍ നമ്മളെ കടിക്കുകയുള്ളു.അടുത്തത് ഇരുപുറം കാണുന്ന ജല്ലിഫിഷ്.പിന്നെ എന്നെ ഏറെ അത്ഭുതപെടുത്തിയത്. പറക്കുന്ന മത്സ്യമാണ്.”ഫ്ളൈയിം ഫിഷ്.”കിളികളെപോലെ പറന്ന് ചാടുന്നവ.നീണ്ട് വിടര്‍ന്ന ചിറകുകള്‍.അങ്ങനെ പറഞ്ഞറിയിക്കാനാകാത്ത ഒരായിരം വര്‍ങ്ങളുടെ കൂടാരമാണ് ലക്ഷദ്വീപ് സമൂഹം.
അവര്‍ക്ക് ആരെയും ഭയക്കുവാനില്ല.വര്‍ഗ്ഗീയതയും,കള്ളന്‍മാരും,കൊള്ളക്കാരും ഇല്ല.(ആകെയുള്ളത് കുറേ രാഷ്ട്രീയക്കാര്‍)പാമ്പും,നായയേയും അവിടെ ഇല്ലാത്തതിനാല്‍ ഏത്പാതിരാത്രിയിലും ഇറങ്ങിനടക്കാം.എവിടെയും ചെറിയ ചെറിയ കൊപ്രാകളം കാണാം.അതാണ് ദ്വീപ്കാരുടെ വരുമാനത്തിന്‍റെ സ്രോതസ്സ്.വേണ്ടപോലെ ”ഫൊങ്ങ്”തിന്നുകയും ചയ്യാം.നമ്മുടെ നാട്ടില്‍ അത് വില്‍പനയ്ക്ക് കാണാറുണ്ട്.(പൊങ്ങ് എന്നാണ് നമ്മുടെനാട്ടില്‍പറയുക) ആന്ത്രോത്ത് ദ്വീപില്‍ ഒരു ‘ഗവണ്‍മെന്‍റ് ഹോസ്പിറ്റലാണ്’ഉള്ളത്. വളരേ ചെറുത്.(നമ്മുടെ നാട്ടിലെ ഡിസ്പന്‍സറിയുടെ വലുപം).ചികിത്സ പൂര്‍ണ്ണമായും സൗജന്യവുമാണ്. ഇനി വല്ല അത്യാഹിതവുമാണെങ്കില്‍ ‘ഹെലികോപ്പ്റ്ററില്‍ ‘കരയിലേക്ക് കൊണ്ട് വരും. അല്ലെങ്കില്‍ അഗത്തി ദ്വീപിലോ…ദ്വീപിന്‍റെ തലസ്ഥാനമായ കവരത്തിയിലെ ഹോസ്പിറ്റലിലോ കൊണ്ട്പോകും.
ദ്വീപ് നിവാസികളുടെ പ്രധാന വാഹനം ‘സൈക്കിള്‍’തന്നെ. ബൈക്കുണ്ട് പക്ഷെ പെട്രോളാണ് വില്ലന്‍.കാറുകളുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രം.നമ്മുടെ നാട്ടില്‍ 1980കളില്‍ എത്തിയ പോലെ തോന്നും. അധികം വീടുകളും ഓട് മേയ്ഞ്ഞതാണ്.കോണ്ക്രീറ്റ്കെട്ടിടങ്ങള്‍ വളരേ കുറവാണ് അവിടം.
ഞാന്‍ ദ്വീപിലെ പോലീസുകാരെ കണ്ട് ശെരിക്കും അത്ഭുതപെട്ടു…കാരണം ജനമൈത്രീ എന്നാല്‍ ദ്വീപ് പോലീസാണ്. നബിദിന റാലി നടക്കുന്നസമയത്ത് പോലീസുകാര്‍ ജീപ്പിലെത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മിഠായി വിതരണം നടത്തുന്നതും തമാശകള്‍പറയുന്നതും കണ്ടപ്പോള്‍ വല്ലാതെ അതിശയം തോന്നി. പിന്നെ കാണേണ്ടത് ദ്വീപിലെ മത്സ്യസമ്പത്താണ്.
ചൂരമത്സ്യമാണ് ദ്വീപുകാരുടെ ”കടല്‍ ചിക്കന്‍”. ചൂര മത്സ്യം ഉണക്കിയുണ്ടാക്കുന്നതാണ്’ ‘മാസ്സ്”. ഒരുപാട് കാലം മാസ്സ് കേട് വരാതെ ഉപയോഗിക്കാമെന്നതാണ് മാസ്സിന്‍റെ പ്രത്യേകത. മാസ്സ് അധികവും കയറ്റുമതിയാണ് ചെയ്യുന്നത്.അത്കൊണ്ട്തന്നെ മാസ്സിന് നല്ല വിലയും നല്‍കണം.മാസ്സ്കൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങളും ദ്വീപില്‍ കാണാം.ഉദാഹരണത്തിന്,മാസ്സച്ചാറ്,മാസ്സ് അട,മാസ്സ് ബിരിയാണി,മാസ്സ് നീറ് വച്ചത്….അങ്ങനെ പല ഐറ്റങ്ങള്‍.പിന്നെയുള്ളത് തെങ്ങില്‍ നിന്നുമെടുക്കുന്ന ”മീരയാണ്”(നമ്മുടെ നാട്ടില്‍ നീര എന്നാണ് പറയുക).നീര എടുത്ത് അധികം വൈകാതെകുടിച്ചാല്‍ നല്ലമധുരമാണ്. നീര കലത്തിലൊഴിച്ച് വച്ച്,മൂപ്പിച്ച് ,പുളിവന്നാല്‍ അത്കൊണ്ട് ദ്വീപുകാര്‍ ചൂരമത്സ്യം വറ്റിച്ച് കറിവെക്കുന്നത് വല്ലാത്തൊരു രുചിയാണ്.ചൂരമത്സ്യം ചുട്ടുതിന്നുന്നതും നാവില്‍ രുചിയൂറുന്നത് തന്നെ.ദ്വീപില്‍ സുലഭമായി ലഭിക്കുന്നതും വിലകുറച്ച്കിട്ടുന്നതും ചൂരമത്സ്യം തന്നെ.(മത്സ്യലഭ്യതയ്ക്കനുസരിച്ച് വിലയില്‍ മാറ്റംവരാറുണ്ട്).
തെങ്ങില്‍ നിന്നെടുക്കുന്ന നീരകൊണ്ട് തന്നെയാണ് ”ദ്വീപ് ചക്കര ”ഉണ്ടാക്കുന്നത്.ഏത് പ്രമേഹരോഗിക്കും നിര്‍ഭയം ദ്വീപ് ചക്കര കഴിക്കാം.ദ്വീപ് ചക്കരഎന്നത് നാട്ടിലെ ചക്കരപോലെ കട്ടിയുള്ളതല്ല. മറിച്ച് ലേഹ്യംപോലെ ഒരു ചെറിയ തവികൊണ്ട് കോരി കഴിക്കുവാന്‍ പറ്റുന്നതാണ്. അത് ഉണ്ടാകകുന്നരീതി എഴുത്ത് നീണ്ട് പോകുമോ എന്ന ഭയം ഉണ്ടെങ്കിലും എഴുതാതെ വയ്യ എന്നെനിക്ക്തോന്നുന്നു. മീര വലിയ കന്നാസില്‍ വാങ്ങികൊണ്ട് വന്ന് വലിയ ഉരുളിയില്‍ ഒഴിക്കുന്നു.(മീര ലഭിക്കുക ദ്വീപിലെതന്നെ സൊസൈറ്റിയില്‍ നിന്നാണ്…നേരത്തേതന്നെ ബുക്ക് ചെയ്യുകയുംവേണം എങ്കിലേ ലഭിക്കു).
നേരത്തേതയ്യാറാക്കിവച്ച തീ അടുപ്പില്‍ മീര ഒഴിച്ച് വച്ച ഉരുളിവച്ച് പാകത്തിന് തീ കത്തിച്ച് തവികൊണ്ട് ഓരുവശത്തേക്ക്മാത്രം കൈ നിര്‍ത്താതെ ചുറ്റി ഇളക്കികൊണ്ടിരിക്കുന്നു.(മറുവശത്തേക്ക് ഇളക്കിയാല്‍ ശര്‍ക്കര ആവുകയുമില്ല) മീരയില്‍ പ്രത്യകിച്ച് ഒരു മിശ്രിതവും കൂട്ടുന്നില്ല. അതില്‍ രസകരമായ സംഭവം ദ്വീപ്ശര്‍ക്കര ഉണ്ടാക്കുവനായി മീര ഉരുളിയിലേക്ക് ഒഴിക്കുന്നതിന്‍റെ കൂട്ടത്തില്‍ ദ്വീപിലെതന്നെ കടപ്പുറത്ത്കാണുന്ന സാധാരണ കല്ല് വ്രിത്തിയായി കഴുകി അതിലിടുന്നു.(മീരയിലെ പുളിരസം കല്ല് വലിച്ചെടുക്കുന്നതിനാണ് കല്ല്.അത്തരമൊരുകല്ല് നമ്മുടെ കരയില്‍ ഞാന്‍ കണ്ടിട്ടില്ല.)തീയില്‍ ഉരുളി ചൂടാകുന്നതിനനുസരിച്ച് മീര കട്ടിയുള്ള ദ്രവകരൂപത്തിലാകുന്നു.അത് ഒരു കുപ്പിയിലാക്കി ആവിശ്യമായ പലഹാരത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.(ഓര്‍ക്കേണ്ടകാര്യം ഇത് ഒരുപാട് സമയവും അദ്ധ്വാനവും ഉള്ളതാണ് എന്ന്).
ദ്വീപ് ചക്കരകൊണ്ടുണ്ടാക്കുന്ന”ഹലുവ”അഥവാ ”ദ്വീപ് ഉണ്ട”എന്ന പലഹാരം ഏവര്‍ക്കും പ്രീയപെട്ട ഒന്നാണ്.നാട്ടിലേക്ക് തിരിച്ച് വരുന്നതിന് മുംമ്പായി ഭാര്യവീട്ടിനടുത്തുള്ള ”ആറ്റ” എന്ന അയല്‍വാസി ഞങ്ങള്‍ക്ക് വീടിന് ഉമ്മറത്ത് വച്ച് ”ദ്വീപ് ഉണ്ട” ഉണ്ടാക്കിതന്നു.കാഴ്ചയില്‍ സിനിമാനടന്‍ ‘മാമുക്കോയയെ പോലെ ആയിരുന്നു എനിക്ക് തോന്നിയത്. കൂടെ ഞാനും കൂടി…ദ്വീപിലെ പലഹാരത്തിനും കരക്കാരന്‍റെ കയ്യുള്ളത് നല്ലതാണല്ലോ.”ദ്വീപ്ണ്ട”പാകംചെയ്യുന്ന രീതി മറ്റൊരു ദിനത്തില്‍ എഴുതാം.
അങ്ങനെ 28ദിനങ്ങള്‍ ഓടിപ്പോയത് അറിഞ്ഞില്ല.ഇനിതിരിച്ച് അല്‍പം നേരത്തേ എത്താം എന്ന് വിചാരിച്ചാലും കാലാവസ്ഥാ മാറ്റംകാരണം വെസല്‍ പ്രോഗ്രാം ഇടയ്ക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു.ഒരുപക്ഷെ അവിടെതന്നെകൂടിയാലോ എന്ന് തന്നെ ചിലസമയങ്ങളില്‍ എനിക്ക് തോന്നിപ്പോയി.അവിടുത്തനാട്ടുകാര്‍ക്ക് പണിയാക്കണ്ടല്ലോ എന്ന് കരുതി നാട്ടിലേക്കുള്ള ടിക്കറ്റെടുത്തു.അങ്ങനെ ഒരു വലിയ ഹണിമൂണ്‍ ട്രിപ്പും കഴിഞ്ഞ് ഒരായിരം നല്ല ഓര്‍മകളെയും കൊണ്ട് നാട്ടിലേക്ക് കപ്പല്‍ കയറി.ഇപ്പോഴും ഓരോ സീസണില്‍ ദ്വീപ് സമൂഹം എന്നെ മാടിവിളിക്കാറുണ്ട്.ഞാന്‍ മണ്ടിചെല്ലാറുമുണ്ട്