ലക്ഷദ്വീപ് എന്ന കൊച്ചു സുന്ദരിയെ കാണാൻ ആദ്യമായി ഒറ്റക്കൊരു കപ്പൽ യാത്ര

വിവരണം – രേഷ്‌മ രാജൻ.

എല്ലാവരെയും പോലെ തന്നെ അനാർക്കലി എന്ന സിനിമ കണ്ടതിനു ശേഷം മനസ്സിൽ കയറിക്കൂടിയ സ്വപ്നമാണ് ലക്ഷദ്വീപ്. കടമ്പകൾ ഏറെ ഉണ്ടെന്ന് ഒരു കേട്ടറിവ് ഉള്ളതിനാൽ ആ സ്വപ്നം അധികം വളർത്താൻ നിന്നില്ല. കഴിഞ്ഞ ഏപ്രിൽ മാസം അച്ഛനോട് സംസാരിക്കുന്നതിനിടയിൽ ലക്ഷദ്വീപ് പോകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു…. ഞാൻ ഇങ്ങനെ നാട് ചുറ്റി നടക്കുന്നതിനോടു വലിയ താല്പര്യം ഇല്ലാത്ത ആൾ ആണ് അച്ഛൻ..പക്ഷെ പതിവിലും വിപരീതം ആയിരുന്നു അച്ഛന്റെ മറുപടി.. ” നിനക്കു അത്രയ്ക്കു ആഗ്രഹം ഉണ്ടെങ്കിൽ പൊയ്ക്കോളൂ ” എന്നായിരുന്നു. ആദ്യം എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞിരുന്നില്ല.

അങ്ങനെ ഇരിക്കെയാണ് നുമ്മ റൈഡർ & സഞ്ചാരി അസ്‌ലം ചേട്ടൻ ലക്ഷദ്വീപ് പോയ വിവരണം ഞാൻ കാണാൻ ഇടയായത്.. അപ്പോൾ തന്നെ ചേട്ടനെ വിളിച്ചു പോകുന്ന കാര്യങ്ങൾ ഒകെ ചോദിച്ചു മനസിലാക്കി. ഇൻവിറ്റേഷൻ കിട്ടി പോകണം എന്നായിരുന്നു എന്‍റെ പ്ലാൻ… Invite ചെയ്യാൻ ലക്ഷദ്വീപിൽ ആരും ഇല്ലാത്തതിനാൽ പോകുന്ന കാര്യം സംശയമായി.. അങ്ങനെയിരിക്കെ ആണ് എന്‍റെ ഈ ആഗ്രഹം നുമ്മ അനുഷി എന്ന കോയിക്കോടൻ ചങ്കിനോട് പറയുന്നത്… ഉടൻ തന്നെ റിപ്ലൈ തനത് ചങ്കിന്റെ ലക്ഷദ്വീപിലെ ഒരു തിരിച്ചറിയൽ കാർഡ് ആയിരുന്നു.. അങ്ങനെ… അനുഷിയുടെ കവരതിയിലെ കളിക്കൂട്ടുകാരനെ എനിക്ക് പരിചയപ്പെടുത്തി തന്നു.. പിന്നീട് എന്തെല്ലാം ഡോക്യൂമെന്റസ് ആണ് വേണ്ടത് എന്നെല്ലാം ആ കൂട്ടുകാരൻ പറഞ്ഞു.

എന്‍റെ വീട് ആലപ്പുഴയിൽ ആണ് .ഞാനും എന്‍റെ അനിയനും പോകാനായിരുന്നു പ്ലാൻ… ഞാൻ അങ്ങ് കണ്ണൂരും അനിയന് എറണാകുളതും ആയതിനാൽ പോലീസ് ക്ലീരെൻസ് സർട്ടിഫിക്കറ്റ് ഒരു അല്പം വല്യ കടമ്പ ആയിരുനെങ്കിലും നുമ്മ മാന്നാർ പോലീസ് സ്റ്റേഷനിലെ സർ അത് ശരിയാക്കി തന്നു. ലക്ഷ്യദ്വീപുകാര് സ്നേഹ സമ്പന്നർ ആണെന്ന് പണ്ടേ എനിക്കൊരു കേട്ടറിവ് ഉണ്ട്… ദ്വീപിലെ താമസകാർ ആണേലും അവർക്കു കടലോളം ആണ് സ്നേഹം..അത് മറ്റുള്ളവരെ പോലെ കപട സ്നേഹം അല്ല… ഉള്ളിൽ നിന്നുള്ള കറ പുരളാത്ത സ്നേഹം…

വിജയദശമി ദിവസം പോകാൻ ആയിരുന്നു ആദ്യ പ്ലാൻ.. പക്ഷെ ആ സമയത് അവിടെ ചുഴലിക്കാറ്റ് ഉണ്ടായതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആർക്കും തന്നെ പെർമിറ്റ് കൊടുത്തില്ല. ആയതിനാൽ എനിക്ക് പിന്നീടു ഒരുപാട് ലീവ് എടുക്കാൻ കഴിയാത്തതിനാൽ അഡ്മിനിസ്റ്ററിനോട് കാര്യം അവതരിപ്പിചു.. പിന്നീട് ഞാൻ പറഞ്ഞ തീയതിയിൽ എനിക്ക് ബസി പെർമിറ്റ് റെഡി ആക്കി തന്നു.
ആദ്യമായിട്ടു കപ്പലിൽ കയറാൻ പൊകുന്നതിനാൽ എനിക്ക് ഒരുപാട് സംശയങ്ങൾ ബസിയോട് ചോദിക്കേണ്ടതുണ്ടായിരുന്നു..എന്ത് ചോദിചാലും ഒരു മറുപടി മാത്രം… ” നീ ഒന്നും അറിയേണ്ട എല്ലാം ഞാൻ റെഡി ആകിയിട്ടുണ്ട് ” എന്നായിരുന്നു.. ജംഷി എന്നൊരു യാത്രയെ നേഹിക്കുന്ന കൊച്ചു സുന്ദരിയോട് എന്‍റെ അവിടുത്തെ താമസ സൗകര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ” ഞാൻ ഇപ്പോ തന്നെ ഉമ്മാനെ വില്ച്ചു പറയാം” എന്നായിരുന്നു മറുപടി.. അവിടെയും സ്നേഹം കൊണ്ട് എന്നെ തോൽപ്പിച്ച് കളഞ്ഞു ആ പഹയത്തി

അങ്ങനെ ആ ദിവസം വന്നെത്തി. 2018 നവംബർ 5 തിങ്കൾ..ഇനി യാത്രയുടെ വിശേഷങ്ങൾ – നേരത്തെകൂട്ടി കണ്ണൂരിൽ നിന്നും ഞാൻ കൊച്ചിയിലേക്ക് വോൾവോ ബുക്ക് ചെയ്തിരുന്നു.. രാത്രി 8.30 ആയപ്പോൾ എന്‍റെ ബസ് എത്തി. അതിൽ ഞാൻ എന്‍റെ യാത്ര ആരംഭിച്ചു.. വളരെനാളത്തെ എന്‍റെ പ്രയത്നത്തിന്റെ ബലമായി എന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷത്തിൽ ഞാൻ ഉറങ്ങി.. ഹൈവേ ലൈറ്റിന്റെ പ്രകാശത്തിൽ കണ്ണ് തുറന്നു നോക്കിയപ്പോൾ ചാലക്കുടി എത്തി..

ഞാൻ കണക്കുകൂട്ടിയതിലും വളരെ നേരത്തെ ഞാൻ കൊച്ചിയിൽ എത്തും എന്ന് എനിക്ക് മനസിലായി. ആയതിനാൽ കടവന്തറയിൽ യിൽ താമസിക്കുന്ന ബസിയുടെ ചേച്ചി തസ്നി ചേച്ചിയെ വിളിച്ചു പറഞ്ഞു 5 മണിക് ഞാൻ കൊച്ചി എത്തും എന്ന്. ഇന്നേ വരെ ഞാൻ കണ്ടിട്ടില്ലാത്ത ചേച്ചിയും ഭർത്താവും എന്നെ വിളിക്കാനായി സൗത്ത് സ്റ്റേഷൻ ഇന്റെ മുൻപിൽ എത്തിയിരുന്നു.. അവിടെ നിന്നും അവരുടെ വീട്ടിൽ പോയി.. രാവിലെ 8 ആയപ്പോൾ ഞാൻ യാത്ര പോകാൻ തയ്യാറായി.. എനിക്കുമുന്പിൽ കഴിക്കാനായി ചേച്ചി തീൻമേശ നിറയെ കറികളും അപ്പവും തയ്യാറാക്കി തന്നു. അതിൽ ഞാൻ മീൻകറി ഒന്ന് രുചിച്ചു നോക്കി.. ഇന്നേവരെ ഞാൻ ഇത്ര രുചിയുള്ള മീൻകറി കഴിച്ചിട്ടില്ല…അത്രയ്ക്കു രുചി ആയിരുന്നു..

അവിടെ നിന്നും ഞങ്ങൾ കാറിൽ ബസിയുടെ 3 ആമത്തെ ചേച്ചിയുടെ വീട്ടിൽ പോയി അവിടെ നിന്നും അവരെ കൂട്ടി നേരെ ലക്ഷദ്വീപ് ചെക്കിങ് ബ്ലോക്കിൽ പോയി. അവിടെ എന്‍റെ അനിയനും എത്തി. ഞാൻ ആദ്യം ഒന്ന് അമ്പരന്നു പോയി.. എന്തുമാത്രം ജനങ്ങൾ ആണ് കപ്പലിൽ കയറാൻ നില്കുന്നത്. പണ്ട് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. “യാത്രകൾ നമ്മുടെ മുൻവിധികളെ ഇല്ലാതാക്കും എന്ന്. ” അത് സത്യമാണെന്ന് എനിക് അപ്പോൾ തോന്നിപോയി..

ലക്ഷദ്വീപിനെക്കുറിച് എനിക്ക് ചുരുങ്ങിയ അറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഞാൻ കരുതിയിരുന്നത് 400-500 ആളുകൾ മാത്രമേ കവരതിയിൽ ഉണ്ടാകു എന്നാണ്.. ആ എന്‍റെ മുൻപിൽ ഇത്ര അധികം ആളുകളെ കണ്ടപ്പോൾ ഞാൻ അമ്പരന്നു പോയി. ബാസിയുടെ അളിയൻ എല്ലാവരുമായി നല്ല ചങ്ങാത്തം ആണ്.. ചെക്കിങ്ങിനു വേണ്ടി നില്കുന്നവരിൽ പലരും ആൾടെ പരിചയക്കാരാണ്.. ആയതിനാൽ പരിചയക്കാരോടെല്ലാം പറഞ്ഞു ” ഇത് ബാസിയുടെ കൂട്ടുകാരി ആണ് , ദ്വീപ് കാണാൻ പോവുകയാണ്, ഒറ്റക്കായതുകൊണ്ടു ഒന്ന് നോക്കികൊണേ ” എന്ന്… ബാസിയുടെ കൂട്ടുകാരി എന്ന്. കേട്ടപ്പോൾ എല്ലാര്ക്കും എന്നോട് ഭയങ്കര കാര്യം ആയിരുന്നു.. എന്‍റെ ബാഗ് എടുക്കാനും ഒക്കെ എല്ലാരും എന്നെ സഹായിച്ചു..

അവിടെ ക്യൂ ഇല് നിന്ന് ഞാൻ ടിക്കറ്റും ബാഗ്ഗിന്റെയും പരിശോധനയ്ക്കു ശേഷം നേരെ ചെന്നപ്പോൾ… കോറൽസ് കോറൽസ് എന്ന് ഒരു ബസിന്റെ മുൻപിൽ നിന്നും ഒരാൾ പറയുന്നുണ്ടായിരുന്നു. കോറൽസ് എന്ന ഷിപ്പിൽ കയറേണ്ട ആളുകൾ അതിൽ കയറണം. എന്നിട്ടു മറ്റൊരു വണ്ടിയിൽ നമ്മുടെ ബാഗ്ഗുകൾ വെക്കണം… കൊച്ചിയിൽ നിന്നും ദ്വീപിലേക്ക്‌ പോകണമെങ്കിൽ ഒരുപാട് പ്രോസസ്സ് ഉണ്ട്..

ആ ബസ് നിറയെ ദ്വീപിലെകുള്ള ആളുകളെ കയറ്റി നേരെ വാർഫിലേക്കാണ് പോയത്. അവിടെ എത്തിയപ്പോൾ എനിക്കൊരു ആഗ്രഹം കപ്പലിനടുത് നിന്നൊരു ഫോട്ടോ എടുക്കണം എന്ന്. കൂടെ ആരും ഇല്ലാത്തതിനാൽ അത് സാധിക്കില്ലെന്നും മനസിലായി. അപ്പോൾ കപ്പലിൽ കയറാൻപോയ ദ്വീപിലെ ഒരു പയ്യനോട് ഞാൻ ചോദിച്ചു 1 ഫോട്ടോ എടുത്ത് തരുമോ എന്ന്.. ചോദിച്ചു തീരുന്നതിനു മുൻപ് ഒരു മടിയും ഇല്ലാതെ കുറെ ഫോട്ടോസ് എടുത്തു തന്നു..

അപ്പോൾ ബസി എന്നെ ഫോണിൽ വിളിച്ചിട് പറഞ്ഞു കപ്പലിൽ ബസിയുടെ ഒരു കൂട്ടുകാരൻ ജോലി ചെയ്യുന്നുണ്ട് കയറിയ ഉടനെ അവനെ വിളിച്ചാൽ മതി എന്ന്. ബസിയുടെ നിർദ്ദേശപ്രകാരം ഞാൻ യാത്രയിൽ കൂടുതൽ നല്ല അനുഭവങ്ങൾ കിട്ടാൻ വേണ്ടി ബങ്ക് ക്ലാസ്സിൽ ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കപ്പലിലേക്ക് ആദ്യ പടി ചവിട്ടിയപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി. ഞാൻ നേരെ എത്തിയത് കപ്പലിലെ ഇൻഫർമേഷൻ സെന്ററിന്റെ മുൻപിൽ ആയിരുന്നു.. “ഷാരു” എന്ന ആ കപ്പലിൽ ജോലി ചെയുന്ന കൂട്ടുകാരനെ വിളിച്ചിട്ടു കിട്ടിയില്ല. അതിനാൽ കയറിയതിനു ശേഷം എങ്ങോട്ടു പോകണം എന്ന് അറിയാതെ ഒരു നിമിഷം ഞാൻ അവിടെ നിന്നു.

അപ്പോൾ കപ്പലിൽ ജോലി ചെയുന്ന ഒരാൾ വന്നിട്ടു ചോദിച്ചു ഏത് ക്ലാസ് ടിക്കറ്റ് ആണ് എടുത്തതെന്നു..ഞാൻ ബങ്ക് ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്‍റെ ബാഗ് എടുത്ത് അങ്ങൊട് പോകാൻ ഒരുങ്ങി.. ഞാൻ പറഞ്ഞു വേണ്ട…എനിക്ക് അറിയാവുന്ന ഒരാൾ ഈ കപ്പിൽ ആണ് ജോലി ചെയുന്നത് ആള് ഇപ്പോ വരും എന്ന്..അൽപനേരം കഴിഞ്ഞു ഷാരു എത്തി.. ഷാരു കപ്പലിലെ 3rd ഓഫീസർ ആണ്. ഷാരുന്റെ കൂടെ വന്ന അതിൽ ജോലി ചെയ്യുന്ന ആൾകാർ എന്‍റെ ബാഗും എടുത്ത് ബങ്കിലേക്ക് നടന്നു..

ബങ്ക് ക്ലാസ്സിൽ എന്‍റെ നമ്പർ 292 ആയിരുന്നു.. എന്നെ അവിടെ കൊണ്ടിരുത്തിയതിന് ശേഷം അല്പം കഴിഞ്ഞു വരാം എന്ന് പറഞ്ഞു അവർ പോയി.. പോകുന്നതിനിടയിൽ ഷാരു കൂടെ വന്ന ആളോട് പറയുകയുണ്ടായി. ” ആളൊരു സഞ്ചാരി ആണെന്ന കേട്ടത്.. നോർത്ത് ഇന്ത്യ മൊത്തം കറങ്ങിയിട്ടു ഇപ്പോ ദ്വീപ് കാണാൻ ഒറ്റക്ക് പോവുകയാണ്” എന്ന്. അല്പനേരം കഴിഞ്ഞപ്പോൾ അനൗൺസ്‌മെന്റ് കേട്ട്.. ഉച്ച ഭക്ഷണം തയ്യാറായി എല്ലാവരും മെസ്സിലോട്ടു വരാൻ.. എങ്ങനെയാ അങ്ങോട്ട് പോകേണ്ടത് എന്ന് എനിക്ക് അറിയില്ല. ഞാൻ ആദ്യം അവിടെ കുറെ കിടന്നു കറങ്ങി. എവിടെ നോക്കിയാലും ഒരുപോലെയിരിക്കുന്നു. അവസാനം എങ്ങനൊക്കെയോ മുകളിലത്തെ നിലയിലെ മെസ്സിൽ എത്തി..

ഒരാൾ അപ്പോ എന്റടുത്തേക്കു ഒരു പുഞ്ചിരിയോട് കൂടി വന്നു. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്… അപ്പോൾ എന്നോട് ചോദിച്ചു.. രേഷ്മ അല്ലെ.. ബസി പറഞ്ഞിരുന്നു.. അവന്‍റെ കൂട്ടുകാരി വരുന്നു എന്ന്.. ഞാൻ ഇവിടുത്തെ മെസ്സിന്റെ മാനേജർ ആണ്.. രേഷ്മ അവിടെ പോയിരുന്നു ഫുഡ് കഴിച്ചോളൂ.. ഇനി ബങ്കിൽ സ്റ്റേ ചെയ്യണ്ട പകരം ഷാരുവിന്റെ ക്യാബിൻ യൂസ് ചെയ്തോളു. അവൻ റേഡിയോ ഓഫീസറിന്റെ റൂമിൽ സ്റ്റേ ചെയ്തോളും എന്ന്.. മറ്റുള്ള യാത്രക്കാർക് ഈ കപ്പൽ യാത്ര അത്രയ്ക്കു കൗതുകം അല്ലാതിരുന്നെങ്കിലും എനിക്ക് അതൊരു മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു..

മെസ്സിൽ ഇരുന്നു ഞാൻ പുറത്തേക്കു നോക്കിയിരുന്നു.. അപ്പോളും കപ്പൽ യാത്ര തുടങ്ങിയിട്ടില്ല.. അവിടുന്ന് ഭക്ഷണം കഴിച്ചിട്ടു നേരെ ഞാൻ ഷാരുവിന്റെ റൂമിൽ എത്തി.. അല്പം കഴിഞ്ഞപ്പോൾ ഷാരുവും ഒരു എഞ്ചിനിയറും എന്‍റെ ബാഗ്ഗുകൾ അവിടെ കൊണ്ട് തന്നു.. ബങ്കിനെ സമ്മന്തിച്ചെടുത്തോളം ഷാരുവിന്റെ ക്യാബിൻ കിടിലം ആയിരുന്നു.. അപ്പോൾ ഷാരു കയറി വന്നിട്ട് പറഞ്ഞു.. ഇവിടെ ഏത് ഡ്രോ തുറന്നാലും ഇയാൾക്കു കഴിക്കാനുള്ള എന്തെങ്കിലും ഒകെ കാണും.. എന്ത് വേണമെങ്കിലും കഴിച്ചോളൂ.. പിന്നെ കുറേ ട്രോപിക്കണോ ഇരുപ്പുണ്ട് അതും എടുത്തോളൂ എന്ന്..

സമയം 2.30 അവിടെ ഒരു ചില്ലു ജനാല ഉണ്ടായിരുന്നു…അതിലെ കർട്ടൻ ഞാൻ നീക്കി നോക്കിയപ്പോൾ കപ്പൽ ഒരല്പം നീങ്ങി തുടങ്ങിയിരുന്നു… അതില്കൂടെ ഞാൻ പുറത്തെ കാഴ്ചകൾ കണ്ടു ആസ്വദിച്ചു നോക്കി നിന്നു. കപ്പൽ ഏകദേശം കായലിൽ നിന്നും കടലിലേക്ക് നീങ്ങി തുടങ്ങി.. ഷാരു വീണ്ടും വന്നിട്ട് പറഞ്ഞു ടാബ്ലറ്റ് എന്തെങ്കിലും വേണമെങ്കിൽ ഇവിടെ ആശുപത്രി ഉണ്ട്..എന്നോട് പറഞ്ഞാൽ മതി എന്ന്. കപ്പൽ യാത്ര തുടങ്ങിയത് ഏകദേശം 2 മണിക്കൂർ ആയിട്ടുണ്ടാകും. ഷാരുവിനോടു കപ്പലിന്റെ മുകളിലേക്കുള്ള വഴി ചോദിച്ചു ഞാൻ ഒറ്റയ്ക്കു അങ്ങോട്ടു പോയി…

ആദ്യ കാഴ്ചയിൽ തന്നെ എന്‍റെ മനം കവരുന്ന ഭംഗി ആയിരുന്നു അത്.. കുറച്ചു കസേരകൾ അവിടെ ഉണ്ട്.. അതിൽ ചില ആളുകൾ ഇരിപ്പുണ്ട്. ചിലർ നിലത്തു ഇരുന്നു ആ യാത്ര ആസ്വദിക്കുന്നതും കാണാം.. അവർ എല്ലാം ലക്ഷദ്വീപുകാർ ആണെന്ന് എനിക്ക് മനസിലായി.. കപ്പലിന്റെ കൈവരിയുടെ അടുത്ത് ആദ്യം എനിക്ക് പോയി നിൽക്കാൻ ഒരല്പം പേടി ആയിരുന്നു.. പതുക്കെ പതുകെ ഞാൻ അരികത്തു പോയി നിന്ന്.. ഒറ്റയ്ക്കു ആണെങ്കിലും എനിക്ക് ബോറിങ് ഒന്നും തോന്നിയില്ല.. ഫോണിൽ പാട്ടൊക്കെ കേട്ട് ഞാൻ ആയ യാത്ര അങ്ങ് ആസ്വദിച്ചു നിന്നു…

ഇടക്കൊക്കെ നിറയെ ജെല്ലി ഫിഷ് ഒകെ കാണാൻ ഇടയായി…നേരം അല്പം വൈകി തുടങ്ങി….അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യന്റെ ഭംഗി ആസ്വധിക്കാൻ ബങ്കിലെ ആളുകളൊക്കെ മുകളിലേക്ക് വന്നു തുടങ്ങി… പല വർണങ്ങളാൽ കാഴ്ചക്കാർക്ക് വിരുന്നൊരുക്കി വിശാലമായി കിടക്കുന്ന മേഘങ്ങൾക്കിടയിൽ കൂടി പതിയെ.. അസ്തമിക്കുന്ന സൂര്യൻ.. ചുറ്റിനും ഇരുട്ട് മൂടി വന്നു.. സൂര്യന്റെ അസ്തമയത്തോട് കൂടി വർണ ശോഭനിറച്ച മേഘങ്ങൾ ല്ലാം ചിതറി പോയതുപോലെ തോന്നി..

അല്പം കഴിഞ്ഞു വീണ്ടും ഒരു അനൗൺസ്‌മെന്റ്.. ഭക്ഷണം കഴിക്കേണ്ടവർ ഒക്കെ മെസ്സിലേക്കു വരിക എന്ന്.. ഷാരു നേരത്തെ പറഞ്ഞിരുന്നു.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മുകളിലെ ഇൻഫർമേഷൻ സെന്ററിൽ പോയി ഷാരുനെ വിളിക്കാൻ പറഞ്ഞാൽ മതി എന്ന്. ആയതിനാൽ ഞാൻ അത്പോലെ ഷാരുനെ അന്വേഷിച്ചു അവിടെ എത്തി.. അവർ അന്വേഷിച്ചിട്ടും കാണാത്തതിനാൽ ഷാരുവിന്റെ കൂട്ടുകാരി ആയതിനാൽ എന്നെ നേരെ ഫസ്റ്റ് ക്ലാസ് മെസ്സിൽ കൊണ്ടുപോയി.. അവിടിരുന്നു ഫുഡ് കഴിച്ചിട് ഞാൻ റൂമിൽ എത്തിയപ്പോൾ ഷാരു അവിടെ ഉണ്ട്… എന്നെ ഒരല്പം ശകാരിച്ചു… ഇനി മെസ്സിൽ ഒന്നും പോകേണ്ട.. ഇവിടെ ഇരുന്നാൽ മതി.. ഓഫീസിർസിന് ഉണ്ടാക്കുന്ന ഫുഡ് എനിക്ക് ക്യാബിനിൽ കൊണ്ട് തരും എന്ന് പറഞ്ഞു ..

അതിനു ശേഷം, എന്നെയും കൂട്ടി കപ്പലിന്റെ ബ്രിഡ്ജ് റൂം എന്ന് അറിയപ്പെടുന്ന നാവിഗേഷൻ റൂമിലേക്ക് പോയി.. അവിടെ പാസഞ്ചേഴ്‌സ് റെസ്ട്രിക്ടഡ് ഏരിയ ആണ്.. അവിടെ അവരുടെ ചീഫ് ഉണ്ടായിരുന്നു.. ഷാരു എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു.. ” സർ, ഇതൊരു ട്രാവലർ ആണ്, എന്‍റെ കൂട്ടുകാരി, ദ്വീപ് കാണാൻ പോവുകയാണെന് പറഞ്ഞു.” ചീഫ് പറഞ്ഞു ഇവിടുത്തെ എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുക്കാൻ. അങ്ങനെ ഷാരു എല്ലാം പറഞ്ഞു തന്നു.. ഷിപ്പിംഗ് & ലോജിസ്റ്റിക് പ്രധാന വിഷയമായി പഠിച്ച എനിക്ക് വളരെ പെട്ടന്നു എല്ലാം മനസിലാക്കാൻ സാധിച്ചു… തിരിച്ചു റൂമിൽ കൊണ്ട് വിട്ടിട്ടു ഷാരു പറഞ്ഞു.. ” ഇനി എവിടേം ഇറങ്ങി പോകരുത്.. ഇവിടെ ഇരിക്കണം.. ഓ.. അതെങ്ങനെയാ ഒരു സഞ്ചാരിയോട് അടങ്ങി ഇരിക്കണം എന്ന് പറയുന്നത് അതും കപ്പലിൽ…” എന്ന് പറഞ്ഞു ഒരു ചിരിയോടു കൂടി നടന്നു പോയി.

9 മണിയൊക്കെ ആയപ്പോൾ ഒരു ഓഫീസർ എനിക്ക് കഴിക്കാൻ ഫുഡ് കൊണ്ട് തന്നു. ഒരു രാജകീയ യാത്രപോലൊക്കെ എനിക്ക് തോന്നി പോയി.. ഷാരു വീണ്ടും വന്നിട്ടു പറഞ്ഞു 10 മണിയാകുമ്പോൾ ബ്രിഡ്‌ജിലേക്കു വരാൻ… ഞാൻ അവിടെ പോയി.. ഷാരു, വേറെ 2 ഓഫീസറും ഉണ്ടായിരുന്നു. ഷാരു എനിക്ക് ബ്രിഡ്‌ജിനോട് ചേർന്ന ഒരു ബാൽക്കണി പോലത്തെ സ്ഥലത്തേക്കു കൊണ്ടുപോയി. കപ്പലിന്റെ പുറം ഭാഗം ആണ് അത്.. ആകാശത്തേക്ക് നോക്കിയപ്പോൾ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത്.. നല്ല ഇരുട്ടുമൂടിയ ആകാശത്തു നിറയെ നക്ഷത്രങ്ങൾ..ആകാശം നമ്മളിലേക്കു കൂടുതൽ അടുത്തപോലെ തോന്നി.. ഓരോ നക്ഷത്രവും നിന്ന് തിളങ്ങുന്നുണ്ടായിരുന്നു. കൂട്ടത്തിൽ കടലിലെ തണുത്ത കാറ്റുംകൂടി ആയപ്പോൾ ആ നിമിഷം ഏറ്റവും പ്രിയപ്പെട്ടതായി തോന്നി. നക്ഷത്രങ്ങളെ കണ്ട ആ കാഴ്ച എനിക്ക് ഇപ്പോളും ഒരു വിസ്മയിപ്പിക്കുന്ന അനുഭവം ആയിരുന്നു.

അടുത്ത ദിവസം രാവിലെ ഞാൻ അല്പം വൈകി ആണ് എഴുന്നേറ്റത്.. നോക്കിയപ്പോൾ കപ്പൽ നിർത്തിയിട്ടിരിക്കുന്നു.. അമിനി എന്നൊരു ദ്വീപിനോട് ചേർന്നാണ് നിർത്തിയത്.. ഞാൻ പെട്ടെന്നു മുകളിൽ പോയി നോക്കിയപ്പോൾ ആ ദ്വീപിലെ ആളുകളൊക്കെ ഒരു ബോട്ടിലേക്ക് അവരുടെ സാധനങ്ങളുമായി കയറിക്കൊണ്ടിരിക്കുന്നു. അപ്പോൾ അതിലേക്കു എനിക്ക് കൊച്ചിയിൽ വെച്ച് ഫോട്ടോ എടുത്തുതന്ന പയ്യനും കയറിപോകുന്നതും കണ്ടു. ഉച്ചയോടു കൂടി ഷാരുന്‍റെ ഡ്യൂട്ടി ടൈം കഴിഞ്ഞു. എനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി എത്തി. കഴിച്ചു കഴിഞ്ഞു ഞങ്ങൾ നേരെ കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് പോയി.

ആദ്യമേതന്നെ ഷാരു അവിടുത്തെ ഓഫീസിർസിനെ എല്ലാം പരിചയപ്പെടുത്തി തന്നു. അതിൽ ഒരാൾ ഞങ്ങളുടെകൂടെ വന്നു എല്ലാം പറഞ്ഞു തന്നു. ഷിപ്പിന്റെ ടൈമിംഗ് ട്രെയിനിനെ പോലെയല്ല.. പക്കാ ടൈമിംഗ് ആണ്.. വൈകുനേരം ഏകദേശം 4 മണിയോട് കൂടി ഞങ്ങൾ കവരത്തി ദ്വീപിന്റെ അടുത്തെത്തി. ഞാനും ഷാരുവും പുറത്തേക്കു ഇറങ്ങുന്ന കവാടത്തെക്ക് ചെന്നു.. കപ്പലിൽ നിന്നും ബോട്ടിലേക്കു ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.. ബസി ബോട്ടിൽ വരാമെന്നു പറഞ്ഞതിനാൽ ഞങ്ങൾ 2 ആൾക്കാരും കവാടത്തിന്റെ അവിടെ കാത്തു നിന്നു..

അല്പം കഴിഞ്ഞു ബസിയുടെ ബോട്ട് എത്തി… കപ്പലിലേക്ക് കയറുന്ന ആളുകളുടെ ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ കാമറ ലെൻസിൽ കൂടിയാണ് ഞാൻ ബസിയെ ആദ്യമായി കാണുന്നത്..ഒരു നിഷ്ക്കളങ്ക പുഞ്ചിരിയോട് കൂടി ബസി എത്തി. ഷാരു ” വീണ്ടും നമ്മൾ കാണും ചങ്ങാതി.. ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കൈതന്നു പിരിഞ്ഞു.. കപ്പലിൽ 2 കയറുകൾ തൂക്കിയിട്ടിട്ടുണ്ട്.. ആളുകൾ അതിൽ പിടിച്ചു വേണം കയറാനും ഇറങ്ങാനും.. അതിൽ ജോലി ചെയ്യുന്നവർ അവരെ കൈപിടിച്ചു സഹായിക്കുന്നുമുണ്ടായിരുന്നു..

ഞാനും ബോട്ടിലേക്ക് കയറി.. അല്പം നീങ്ങി കഴിഞ്ഞു.. തിരിഞ്ഞ കപ്പലിലേക്ക് നോക്കിയപ്പോൾ ഒരു അല്പം വിഷമം തോന്നി പോയി… ഇത്ര നേരം ഞാൻ ആസ്വദിച്ച ആ ആദ്യ കപ്പൽ യാത്ര കഴിഞ്ഞല്ലോ എന്നും… അതെ സമയം.. എന്‍റെ കൂട്ടുകാരനെ കണ്ടത്തിലുള്ള സന്തോഷവും.. പിന്നെ നേരെ നോക്കുമ്പോൾ വളരെ നാളത്തെ സ്വപ്നമായ കവരത്തി എത്തിയല്ലോ എന്നൊരു സന്തോഷവും.. ആ നിമിഷം എല്ലാത്തിന്റെയും ഒരു കൂടിച്ചേരൽ ആയിരുന്നു..

ബോട്ടിൽ ഇരുന്നുതന്നെ എനിക്ക് കവരത്തി ദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു.. തെങ്ങുകളാൽ നിറഞ്ഞ ഒരു ദ്വീപ്… ചുറ്റിനും ആഴം കുറഞ്ഞ തെളിഞ്ഞ നീല നിറത്തോടു കൂടിയ കടൽ തീരം.. ഞങ്ങളുടെ ബോട്ട് ദ്വീപിലേക്ക്‌ അടുത്ത്.. അതിൽ നിന്നും ഇറങ്ങിയ ശേഷം അൽപനേരം ഞാനും ബസിയും അവിടെ നിന്നു.. ആ സമയം കൊണ്ടു ഞാൻ ആ ദ്വീപിനെ ഒന്ന് വീക്ഷിച്ചു നിന്നുപോയി… അവിടുന്ന് നേരെ ഞങ്ങൾ ബസിയുടെ വീട്ടിലേക്ക് ആണ് പോയത്..

ബസിയുടെ ചേച്ചിമാരും കുട്ടികളും എല്ലാരുമായി നിറഞ്ഞൊരു സ്നേഹവീട്. അവിടെ അൽപ നേരം സംസാരിച്ചിരുന്നതിനു ശേഷം ബസി എന്നെ ജംഷിടെ വീട്ടിലേക്ക് ഒരു ഓട്ടോയിൽ കൊണ്ടു പോയ്. അപ്പോൾ ഏകദേശം 6 മണി ആയിരുന്നു. അവിടെ ജംഷിയുടെ ഉമ്മയും ഉമ്മുമ്മയും എന്നെ നോക്കി നില്പുണ്ടായിരുന്നു.. ഒരു നിറ പുഞ്ചിരിയോടുകൂടി.. ജംഷിടെ ഉമ്മ എന്നെ വീട്ടിലേക്ക് സ്വീകരിച്ചു.. ജംഷിക്കു 2 അനിയത്തി ഉണ്ട്. അവരും അവിടെ ഉണ്ടായിരുന്നു. വീട്ടിലേക്ക് കയറിയപ്പോൾ അവിടെ നിറയെ ചിത്രങ്ങൾ ചുമരിൽ തൂക്കിയിട്ടിരികുന്നു.. ജംഷിയുടെ 2 അനിയത്തിമാരും നന്നായി ചിത്രം വരയ്ക്കും.

ദ്വീപിൽ എത്തിയാൽ 24 മണിക്കൂറിനുള്ളിൽ അവിടുത്തെ പോലീസ് സ്റ്റേഷനിൽ പോയി അറിയിക്കണം എന്നുണ്ട്. ആയതിനാൽ അടുത്ത ദിവസം രാവിലെ തന്നെ ബസിയും ഒരു കൂട്ടുകാരനും (അക്കു ) എന്നെ വിളിക്കാൻ എത്തി.. ഞങ്ങൾ നേരെ പോലീസ് സ്റ്റേഷനിൽ എത്തി.. എടുത്തു പറയേണ്ട മര്യാദയോടും സ്നേഹത്തോടും ആണ് അവിടുത്തെ പോലീസുകാർ നമ്മളോട് സംസാരിക്കുന്നത്.. നമ്മളെ സമ്മന്ധിച്ചടുത്തോളം അവർക്കു യൂണിഫോമിൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ ഒക്കെ ഉണ്ട്. അവിടെ എന്‍റെ പെർമിറ്റ് എന്റർ ചെയ്ത പൊലീസുകാരി ചേച്ചി ഞാൻ ആലപ്പുഴക്കാരി ആണെന്ന് അറിഞ്ഞപ്പോൾ ആള് പണ്ട് അവിടെയാ പഠിച്ചത് എന്നൊക്കെ പറഞ്ഞു..

അവിടെ ഒപ്പിട്ടതിനു ശേഷം ഞാനും ബസിയും ആക്കുവും പിന്നെ അവരുടെ കൂട്ടുകാരൻ പോലീസും നേരെ ഹെലിപാഡിലേക്കു ചെന്നു.. അവിടെയാണ് ലക്ഷദ്വീപിലെ എയർ ആംബുലൻസ് ആയ ഹെലികോപ്റ്റർ ഉള്ളത്.. അവിടെ പ്രവേശിക്കണമെങ്കിൽ ഒരു പോലീസിന്റെ പെർമിഷൻ വേണം.. എന്‍റെ ഭാഗ്യത്തിനാണ് ബസിയുടെ കൂട്ടുകാരൻ പോലീസ് ഞങ്ങളുടെ കൂടെ വന്നത്.. ആയതിനാൽ ഞങ്ങൾക്ക് അകത്തു കയറി കാണാൻ സാധിച്ചു.

അന്ന് വൈകുനേരം ഞാനും ഉമ്മയും കൂടി എൻ. ഐ.ഓ. ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷേൻ ടെക്നോളജി )യുടെ അവിടെ പോയി… കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ആണ്.അവിടെ ഒരു കടൽ പാലം പോലെയുണ്ട്. അതിന്റെ നടത്തിപ്പുകാരൻ പോയി കണ്ടതിനുശേഷം അദ്ദേഹത്തിന്റെ കൂടെ ഞങ്ങളും ആ പാലത്തിൽ കൂടി നടന്നു അതിന്റെ തുമ്പത്തു എത്തി.. അദ്ദേഹം അതിന്റെ പ്രോസസ്സിംഗ് എല്ലാം വിശദീകരിച്ചു. കൂട്ടത്തിൽ പറഞ്ഞു.. 100 ലിറ്റർ വെള്ളം കടലിൽ നിന്നും എടുത്താൽ ശുദ്ധീകരിച്ചു കിട്ടുന്നത് ” 1 ലിറ്റർ ” ആണ് എന്ന്.. ഒരു നിമിഷം ഞാൻ ഓർത്തു പോയി..നമ്മൾ എല്ലാം എന്ത് ഭാഗ്യവാന്മാർ ആണെന്ന്.. ഈ പാലത്തിനു കരയിൽ നിന്നും ഏകദേശം ഒരു 800 മീറ്റർ ദൂരം ഉണ്ട്..

അവിടെ നിന്നു നോക്കിയാൽ ദ്വീപിന്റെ ഒരു ഭാഗം മുഴുവൻ കാണാൻ സാധിക്കും.. താഴെ കടലിൽ പല വർണ്ണത്തിലുള്ള മീനുകൾ. തുമ്പത്തു ആയതിൽ അല്പം പേടിയുണ്ടെങ്കിലും ഞാൻ അൽപനേരം അവിടെ നിന്നു.വൈകുംനേരം ഒരു 4.30 ആയപ്പോൾ ഞങ്ങൾ ആ ബീച്ചിൽ കൂടി നടന്നു… വൈകുംനേരങ്ങളിൽ കടൽ ഉള്ളിലേക്ക് വലിയും… ഏകദേശം ഒരു 4,5 മീറ്റർ അകത്തേക്ക് വലിയും… ആ നേരത്തു നമുക്കു അവിടേക്കു നടന്നു ചെല്ലാൻ സാധിക്കും… കടൽ തീരം നിറയെ കക്കയും , കവിടിയും ആണ്.. അതെടുക്കാൻ നിറയെ ആളുകൾ അവിടെ എത്താറുണ്ട്. ലിസാന എനിക്ക് ഏറു സ്റ്റാർ ഫിഷിനെ എടുത്തു തന്നു.. ഞാൻ അൽപ നേരം അതിനെ കൈയിൽ വെച്ചു. സിനിമയിൽ കാണിക്കുന്ന സ്ഥലങ്ങളൊക്കെ ഞാൻ അന്ന് അവിടെ കണ്ടു.

അടുത്ത ദിവസം വെള്ളിയാഴ്ച.. നമുക് ഇവിടെ ഞായറാഴ്ചകളിൽ അല്ലെ അവധി. അവിടെ വെള്ളിയാഴ്ചയാണ്. ആയതിനാൽ ബസിയും ആക്കുവും പള്ളിയിൽ പോകണം എന്ന് പറഞ്ഞു. അന്ന് എനിക്ക് അനാർകലിയിൽ പറഞ്ഞ ഡയലോഗ് ഓർമ്മ വന്നു ” ഒരു സൈക്കിൾ എടുത്ത് ഇറങ്ങിയാൽ 2 മണിക്കൂർകൊണ്ട് ഈ ദ്വീപ് മൊത്തം കറങ്ങി വരാം എന്ന്. ഞാൻ എന്‍റെ ആ ആഗ്രഹം ഉമ്മാനോട് പറഞ്ഞു ഉമ്മ എനിക്ക് 1 സൈക്കിൾ ഒപ്പിച്ചു തന്നു കൂട്ടത്തിൽ അമീറ അവളുടെ സൈക്കിളിയും എടുത്തു , ഞങ്ങൾ ഇറങ്ങി….

നട്ടുച്ചക്ക് കട്ട വെയിലത്ത് ഒരു സൈക്ലിംഗ്..അന്നാണ് ഞാൻ ദ്വീപ് മൊത്തത്തിൽ ഒന്ന് കാണുന്നത്.. ചിലയിടത്തൊക്കെ ഞങ്ങൾ ബീച്ചിനോട് ചേർന്നുള്ള തെങ്ങിന്തോപ്പുകളിൽ അൽപനേരം ഞങ്ങൾ നില്കുമായിരുന്നു.. അവിടെ ഇരുന്നുകൊണ്ട് അങ്ങകലെ പോകുന്ന കപ്പലുകളെ കാണാൻ ഒരു ഒന്നൊന്നര ഭംഗി ആണ്.. വീണ്ടും എന്‍റെ മുൻവിധികളെ എല്ലാം തെറ്റിച്ചായിരുന്നു ദ്വീപിലെ കാഴ്ചകൾ.. നിറയെ വീടുകൾ ഉണ്ട് അവിടെ.. ചിലതൊക്കെ ബഹുനിലകളും.. അങ്ങനെ ഞങ്ങൾ ലൈറ്റ് ഹൗസിനോട് ചേർന്നുള്ള കടൽ പാലത്തിലോട്ടു പോയി… അവിടെ ആരും ഇല്ല.. വെയിലിന്റെ കാഠിന്യം കാരണം ഒരല്പനേരം പോലും നിൽക്കാൻ പറ്റുന്നില്ലായിരുന്നു.. എന്നാലും പാലത്തിന്റെ അറ്റത്തു പോയി നോക്കിയപ്പോൾ നിറയെ പല നിറത്തിലുള്ള മീനുകളെ കാണാൻ സാധിച്ചു.. അതും കണ്ടു അൽപനേരം അങ്ങനെ അങ്ങ് നിന്നു..

അവിടുന്ന് അമീറ എന്നെ ഏതൊക്കെയോ ഇടവഴിയില്കൂടെ വീട്ടിൽ എത്തിച്ചു.. 3 മണി ഒകെ ആയപ്പോൾ ബസി വിളിച്ചിട്ടു പറഞ്ഞു ഒരുസ്ഥലം വരെ പോകാം എന്ന്.. അങ്ങനെ ബസിയും ആക്കുവും ഒരു ബൈക്കിലും ബുള്ളെറ്റിലും വന്നു. ബസിയുടെ കാലിനു ഒരല്പം പരിക്ക് പറ്റിയിരിക്കുന്നതിനാൽ ഫുൾ ടൈം ഞാൻ അക്കുവിന്റെ ബൈക്കിൽ ആയിരുന്നു യാത്ര. ഞങ്ങൾ നേരെ ലൈറ്റ് ഹൗസിൽ പോയി.. ബസിക്കു പടികൾ കയറാൻ ഒരല്പം ബുദ്ധിമുട്ടായതിനാൽ ഞാനും ആക്കുവും ടിക്കറ്റ് എടുത്ത് നേരെ ലൈറ്റ് ഹൗസിന്റെ മുകളിൽ എത്തി..

അവിടെ നിന്ണ് നോക്കിയാൽ കവരത്തി ദ്വീപിന്റെ 2 അറ്റവും കാണാൻ സാധിക്കും. തെളിഞ്ഞ നീല നിറത്തിലെ കടൽ വൈകുംനേരം ആയതിനാൽ ഉള്ളിലേക്ക് വലിഞ്ഞ സമയം ആയിരുന്ണ്. ആയതിനാൽ കടലിന്റെ സൗന്ദര്യം അല്പം കൂടിയതു പോലെ തോന്നി.. അത്രയും ഉയരത്തിൽ നിന്ണ്ം ആ കടലിന്റെ ഭംഗി എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു. അതിണ് ശേഷം ഞങ്ങൾ നേരെ മറ്റൊരു സ്ഥലത്തേക്കാണ് പോയത്. അവിടെ 12 വർഷമായിട്ടു 1 കപ്പൽ വന്ണ് അടിഞ്ഞു കൂടിയിരിക്കുവാണ്. അത് മൊത്തത്തിൽ തുരുമ്പടിച്ചു നശിച്ചു പോയ അവസ്ഥയാണ്.കവരത്തി ദ്വീപിനും മറ്റേതോ ഒരു ദ്വീപിനും ഒരു പ്രത്യേകതയുണ്ട്.. റോഡിൽ കൂടിപോകുമ്പോൾ 2 സൈഡിലും കടൽ കാണാൻ കഴിയും.. നുമ്മ കുട്ടനാട് റോഡ് പോലെയൊക്കെ ഇരിക്കും.. ഈ റോഡിനോട് ചേർന്നാണ് ഹെവൻസ്‌ എന്നൊരു റെസ്റ്ററന്റ് , കടലിന്റെ സൗന്ദര്യം ഒപ്പിയെടുക്കാനും പാകത്തിൽ ആണ് അത് സ്ഥിതി ചെയുന്നത്.

സ്‌ക്യൂബാ ഡൈവിംഗ് വിശേഷങ്ങൾ – അടുത്ത ദിവസം രാവിലെ ബസിയും ആക്കുവും എന്നെ വിളിക്കാൻ എത്തി.. ഞങ്ങൾ നേരെ സ്‌ക്യൂബാ ചെയുന്നിടത്തേക്കാണ് ചെന്നത്. അവിടെ കുറെ ഗസ്റ്റ് ഉണ്ടായതിനാൽ അവരുടെ കൂടെ എന്നെയും കൊണ്ട് പോകാനായിരുന്നു അവരുടെ പ്ലാൻ. ഡൈവിംഗ് സെന്ററിയിൽ ആദ്യം നമ്മൾ ഒരു ഫോം ഫിൽ ചെയ്തു കൊടുക്കണം. അതിനു ശേഷം ഇൻസ്‌ട്രക്ടർ നമുക് എല്ലാം പറഞ്ഞു തരും എങ്ങനെയാണു ചെയേണ്ടത്, കടലിനുള്ളിൽ എങ്ങനെ ശ്വസിക്കണം , എമർജൻസി സിമ്പൽസ് തുടങ്ങിയവ.

അതിനു ശേഷം ഒരു ജാക്കറ്റ് നമുക് തരും അത് ഇട്ടു കഴിഞ്ഞാൽ കടലിൽ നമ്മൾ പൊങ്ങി കിടന്നോളും.. ആദ്യമേ ഒരിക്കലും നമ്മളെ സ്‌ക്യൂബാ ചെയ്യാൻ കൊണ്ടുപോകില്ല… പകരം അധികം ആഴം ഇല്ലാത്തിടത്തു നമ്മളെ പ്രാക്ടീസ് ചെയ്യിപ്പികും.. അതിനു ശേഷമാണു ഒരു ബോട്ടിൽ നമ്മളെ കടലിൽ ദൂരത്തേക്ക് കൊണ്ടുപോകുന്നത്. അവിടെ എത്താൻ ഏകദേശം 5..10 മിനിറ്റ് എടുക്കും…എന്നിട്ടു ഒരു ഏണി ബോട്ടിനോട് ഘടിപ്പിക്കും അതിൽകൂടി instructors ഇറങ്ങും.

അല്പം കടലിന്റെ അടിയിലേക്ക് താഴാനായിട്ടു ഭാരമുള്ള കട്ടികൾ അവരുടെ ജാക്കറ്റിൽ അവർ ഇടും.. ശേഷം ഓരോരുത്തരെ കടലിനടിയിലേക്കു കൊണ്ടുപോകും.എനിക്ക് കൂട്ടിനു ആക്കുവും ബോട്ടിൽ വന്നായിരുന്നു. എല്ലാവരും സ്‌ക്യൂബാ ചെയ്തതിനു ശേഷം എനിക്കായിരുന്നു അവസാന ഊഴം. എനിക്ക് ഒരു അല്പം പേടി ഇല്ലാതിരുനില്ല. 4മീറ്റർ ഡെപ്ത് സ്‌ക്യൂബാ ആണ് ഞാൻ ചെയ്തത്. ഞാൻ ആ ഏണിയിൽ കൂടി താഴേക്കു ഇറങ്ങി.. അപ്പോൾ instructor ഓസ്‍യ്ഗൻ മാസ്‌കോടു കൂടിയ ജാക്കറ്റ് ഇട്ടു തന്നു. എന്നിട് എന്നെയും കൊണ്ട് കടലിനുള്ളിലേക്കു പോയി..

സമുദ്രത്തിനടിയിലും ഒരു ലോകം ഉണ്ടെന്നു അന്ന് എനിക്ക് മനസിലായി.. ആദ്യമേ എനിക്ക് ഒരല്പം ബുദ്ധിമുട്ടു തോന്നിയിരുന്നു.. അപ്പോളൊക്കെ എമർജൻസി സിംബൽ ഞാൻ കാണിക്കുമ്പോൾ instructor 1 നിമിഷം കൊണ്ട് എന്നെ മുകളിലേക്ക് കൊണ്ടവരുമായിരുന്നു. ശേഷം ഒരു 10 പ്രാവശ്യം അതെ അവസ്ഥ ആയിരുന്നു. അവസാനം എല്ലാം ശരിയായി.. എന്നേയും കൊണ്ട് ഒന്നുകൂടി ആഴത്തിലേക്ക് പോയി.. അവിടെ നിറയെ പല നിറത്തിലുള്ള മീനുകളെ കാണാൻ സാധിച്ചു.എടുത്തു പറയാനും മാത്രം പേരുകൾ അറിയാത്തത്ര മീനുകളെ ഞാൻ അവിടെ കണ്ടു.. ശേഷം മുകളിൽ എത്തി ബോട്ടിൽ കേറി കരയ്ക്കു എത്തി.

കടലിൽ പോയാൽ നല്ലപോലെ ഉറക്കം വരും എന്ന് ജംഷിടെ ഉമ്മ പറഞ്ഞു. അത്പോലെ തന്നെ സംഭവിച്ചു.വന്നിട്ടു ഞാൻ നന്നായി ഉറങ്ങിപോയി. വൈകുംനേരം ഒരു 4.30 ആയപ്പോൾ അക്കു വിളിച്ചിട്ടു പറഞ്ഞു പെട്ടെന്ന് റെഡി ആകു. “കയാക്കിങ് ” ഇന് പോകാം എല്ലാരും ഇവിടെ റെഡി അയി നിൽകുവാ എന്ന്. അത് കേട്ടതും പെട്ടന്ന് ഞാൻ റെഡി ആയി. അക്കു അപ്പോഴുത്തെക്കും എന്നെ വിളിക്കാൻ വന്നായിരുന്നു. നേരെ ഞങ്ങൾ സ്‌ക്യൂബാ ഒക്കെ ചെയുന്ന അവിടെ എത്തി.

അക്കു പെട്ടന്നു ഒരു കയാക്കിങ് ബോട്ട് ഒകെ എടുത്തിട്ടു വന്നു.. ഞങ്ങൾ അതിൽ തുഴഞ്ഞു തുഴഞ്ഞു ” കുപ്പ് ” എന്നൊരു സ്ഥലത്തേക്ക് തുഴഞ്ഞു പോയി. കുപ്പ് എന്ന് പറഞ്ഞാൽ പെട്ടെന്ന് ആർക്കും മനസിലാകില്ല. അനാർകലി സിനിമയിൽ കടലിനു നടുവിൽ അവൾ ഒരു വൃത്താകൃതിയിൽ ഒരിടത്തു നിൽക്കില്ലേ.. സ്ഥലം അവിടെ തന്നെ..നടുവിനു അല്പം പ്രശ്നമുള്ള എനിക്ക് കായാക്കിങ്ങിലെ ഇരിക്കുന്ന രീതി അത്ര സുഖപ്പെട്ടില്ല. അതിനാൽ അക്കു ആണ് തുഴഞ്ഞത്.കുപ്പിലേക്കു പോകുമ്പോൾ ഞാൻ നോക്കിയപ്പോൾ അവിടെ കടലിനു അധികം ആഴം ഇല്ല.. കടലിന്റെ അടിത്തട്ടൊക്കെ നല്ലപോലെ കാണാൻ സാധിച്ചു.

ഞങ്ങൾ അങ്ങനെ കുപ്പിൽ എത്തി.. അവിടെ നിറയെ പലതരത്തിലുള്ള കക്ക ഉണ്ടായിരുന്നു.. സൂര്യൻ അസ്തമിക്കുന്ന സമയം ആയതിനാൽ നല്ലൊരു കാഴ്ച അവിടെ നിന്ന് ആസ്വദിക്കാൻ കഴിഞ്ഞു. എവിടുന്നോ അക്കു ഒരു ഗോപ്രോ ക്യാമറ എടുത്തിട്ടു വന്നിരുന്നു.അതിൽ ഞങ്ങൾ കുറെ ഫോട്ടോ ഒകെ എടുത്തിട്ട നില്കാനേരം മുകളിൽ കൂടി ലക്ഷദ്വീപിന്റെ എയർ ആംബുലൻസ് പോകുന്നത് കണ്ടു. ബാങ്ക് വിളിച്ചതിനു ശേഷം ബോട്ടിൽ അധികം ആരും കടലിൽ പോകാറില്ല എന്ന് പറഞ്ഞത് കാരണം ഞങ്ങൾ തിരികെ തുഴഞ്ഞു തുഴഞ്ഞു വന്നു.

അടുത്ത ദിവസം ഞായറാഴ്ച ആയതിനാൽ പ്രേത്യേകിച് പണി ഒന്നും ഇല്ലാതെ ജംഷിടെ വീട്ടിൽ ഇരുന്നപ്പോൾ ഉമ്മ പറഞ്ഞു മീൻ അച്ചാർ ഉണ്ടാക്കി തരാം എന്ന്. അന്ന് ഉച്ച വരെ ഞങ്ങൾ അതിന്റെ പിറകെ ആയിരുന്നു. ഉച്ച കഴിഞ് ഞാനും ലിസ്നയും ബീച്ച് റോഡിൽ കൂടെ ഒന്ന് കറങ്ങാൻ ഇറങ്ങി ആ വഴി ഖജുരാ പള്ളിയുടെ അടുത്തൊക്കെ പോയി. നുമ്മ ചങ്കൻ അനൂപിന്റെ ഒരു പരിചയക്കാരൻ ഇവിടെ ഉണ്ട്.. അങ്ങനെ ആളിനെയും പോയി കണ്ടു. പോകുന്ന വഴിയിൽ എല്ലാം ആളുകൾ എന്നോട് വന്നു ചോദിച്ചു ബസിയുടെ കൂട്ടുകാരിയല്ലേ. കരയിൽ നിന്നാണല്ലേ.. ബസി പറഞ്ഞിരുന്നു എന്ന്. അന്ന് വൈകുനേരം ഉമ്മാന്റെ ചേട്ടന്റെ വീട്ടിൽ ആയിരുന്നു എനിക്ക് അത്താഴം. ഞങ്ങൾ അവിടെ പോയപ്പോൾ തീൻമേശ നിറയെ മീനിന്റെ പല വിഭവങ്ങൾ. കണ്ണടച്ച് തുറക്കുമ്പോളേക്കും അതെല്ലാം തീർത്തു. ആദ്യമായി ഞാൻ കാണുന്ന പലരിൽ നിന്നും നിറയെ സ്നേഹം കിട്ടുന്നപോലെ തോണി പോയി.

അന്ന് രാത്രി എനിക്ക് ഒരു ആഗ്രഹം തോന്നി. എന്തായാലും അടുത്ത ദിവസം വൈകുനേരം ഞാൻ കപ്പലുകേറിവല്ലേ.. ഇനി ദ്വീപിലേക്ക്‌ വരൻ പറ്റുമോ എന്ന് പോലും അറിയില്ല.. ആയതിനാൽ, ആദ്യമേ ഞാൻ അല്പം പേടിയോടു കൂടി ചെയ്ത സ്‌ക്യൂബാ ഒന്നും കൂടി ചെയ്യണം എന്നൊരു അടങ്ങാത്ത പൂതി. ഞാൻ അത് ബസിയോട് പറഞ്ഞു. സ്‌ക്യൂബാ ചെയ്യിപ്പിക്കുന്ന ഒരു കൂട്ടുകാരനെ വിളിച്ചു ചോദിച്ചതിന് ശേഷം ബസി പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10 ആകുമ്പോൾ എത്തിയാൽ സ്‌ക്യൂബാ ചെയ്യാം എന്ന്.

ഞാൻ തിരിച്ചു പോകുന്ന ദിവസം ആയതിനാൽ ഒരല്പം തിരക്ക് ഉണ്ടായിരുന്നു എനിക്ക്.. ഞാൻ ആദ്യം പോലീസ് സ്റ്റേഷനിൽ പോയി ഞാൻ തിരിച്ചു കരയിലേക്കു പോവുകയാണെന്ന് അവിടെ എഴുതി ഒപ്പിട്ടു കൊടുക്കണം.. അപ്പോൾ അവിടെ ഞാൻ അന്ന് കണ്ട പോലീസ് ചേച്ചി ഉണ്ടായിരുന്നു. ഞങ്ങൾ ഒരു സെൽഫി ഒക്കെ അങ്ങ് എടുത്തു. ഞാൻ എന്നിട് നേരെ സ്‌ക്യൂബാ ചെയുന്നിടത്തു എത്തി. ബസി പറഞ്ഞായിരുന്നു അവിടെ റഷീ എന്നൊരു ചേട്ടനുണ്ട് ആളെ പോയി കണ്ടാൽ മതി എന്ന്.

നേരത്തെ പേര് അറിയില്ലെങ്കിലും ആളെ എനിക്ക് അറിയാമായിരുന്നു. സ്‌ക്യൂബാ ചെയ്യുംനേരം ഒരു instructor നമ്മുടെ ഫോട്ടോ എടുത്തു തരും.. അത് ഈ ചേട്ടൻ ആയിരുന്നു. ഞാൻ ചെന്നപ്പോൾ പറഞ്ഞു അവർ ഒരു സ്‌ക്യൂബാ ചെയ്യാൻ പോവുകയാ, വെയിറ്റ് ചെയ്യാൻ പറഞ്ഞു. അവർ പോകുന്നതും നോക്കി ആ കടൽ തീരത്തു ഞാൻ അങ്ങ് ഇരുന്നു. ഒരു മണി ഒക്കെ ആയപ്പോൾ അവർ തിരിച്ചു വന്നു. എന്നിട്ടു എന്നെയും കൂടി സ്‌ക്യൂബാ ചെയ്യാൻ പോയി.

ബോട്ടിൽ ഇരുന്നു നോക്കിയപ്പോൾ അതാ അങ്ങ് അവിടെ നുമ്മ അടുത്ത വണ്ടി.. ” ലഗൂൺസ് ” എന്ന് പേരുള്ള കപ്പൽ.. ഇനി 1.30 മണിക്കൂർ കൂടിയേ ഓള് കപ്പലെടുക്കാൻ അപ്പോൾ ആണ് ഞാൻ സ്‌ക്യൂബാ ചെയ്യാൻ വന്നത്. എന്തായാലും മുന്പത്തേക്കാളും നല്ലപോലെ എനിക്ക് സ്‌ക്യൂബാ ചെയ്യാൻ സാധിച്ചു എന്നുള്ളതാണ്. instructor ഇനെ അധികം ബുദ്ധിമുട്ടിക്കേണ്ടി വന്നില്ല. റഷി ചേട്ടൻ ആണ് ഫോട്ടോ ഒകെ എടുത്തത്. കൂടുതൽ മീനുകളെയും കോറൽസും ഒക്കെ കാണാൻ സാധിച്ചു. ശെരിക്കും പറഞ്ഞാൽ അപ്പോൾ ആണ് ഞാൻ കടലിന്റെ ഭംഗി ശരിക്കും കാണുന്നത്. ഈ ലോകത്തെ എത്ര നിശബ്ദവും സുന്ദരവുമായ ഒരു ലോകം ആണ് അവിടെ.. അവിടം ആണ് നമ്മൾ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ വലിച്ചെറിഞ്ഞു നശിപ്പിക്കുന്നത് എന്ന് ഓർത്തപ്പോൾ സങ്കടം തോണി.

സ്‌ക്യൂബാ കഴിഞ് ഞങ്ങൾ ജംഷിടെ വീട്ടിൽ എത്തിയപ്പോൾ ഉമ്മ എനിക്ക് കൊണ്ടുപോകാനുള്ളതെല്ലാം നന്നായി പാക്ക് ചെയ്ത വെച്ചിട്ടുണ്ടായിരുന്നു. ജംഷിടെ ഉമ്മുമ്മകും എന്നെ ഭയങ്കര ഇഷ്ടാണ്. ഞാൻ പോകാൻ ഇറങ്ങിയപ്പോൾ കെട്ടിപിടിച്ചിട് പറഞ്ഞു ഇനിയും വരണം മോളെ എന്ന്. അമ്മുമ്മേടെ കണ്ണിൽ നിന്ന് വെള്ളമ്മ് വരുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി. ഉമ്മ എന്നെ കൊണ്ട് വിടാൻ ബോട്ടിന്റെ അവിടം വരെ വന്നു.

ആദ്യമേ അങ്ങോട്ടു പോയപ്പോൾ ‘വെൽകം റ്റു കവരത്തി’ എന്ന് കണ്ട ആ ബോർഡ് വീണ്ടും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോൾ എനിക്ക് ഒരല്പം വിഷമം തോന്നി.. ഈ ഉമ്മാനേം ഉമ്മുമ്മാനേം അനിയത്തിമാരേം അവിടെ പോയി പരിചയപ്പെട്ട ആളുകളെ ഒകെ വിട്ടു പോകുന്നതിന്റെ ഒരു വിഷമം.ഇതിനിടക് സ്‌ക്യൂബാ ചെയ്ത് വരാനേരം ആണ് ഞാൻ സ്പോൺസറിനെ കാണുന്നത്. നുമ്മ ഡോക്ടർ ഭായ്. ബസി എന്നെ വിളിച്ചു കാണിച്ചു താന് ഇതാണ് എന്‍റെ സ്പോൺസർ എന്ന്. ആള് കോയിക്കോട് പോയി ഡോക്ടർ ആയ ഒരു ഡോക്ടർ ആണ്.. കവരത്തിയുടെ സ്വന്തം ഡോക്ടർ.

ഞാനും ബസിയും ഡോക്ടറും ഒക്കെ ബോട്ടിൽ കയറി കപ്പലിനടുത്തേക്കു യാത്ര തിരിച്ചു. മനസ്സിൽ ഭയങ്കര വിഷമം തോന്നിയ ഒരു നിമിഷം ആയിരുന്നു അത്. ദ്വീപിലുണ്ടായിരുന്ന ആ കുറച്ചു നാൾ ആണ് ഞാൻ സ്നേഹസമ്പന്നരുടെ ഇടയിൽ ജീവിച്ചത്. ബോട്ട് കരയിൽ നിന്നും അകന്നു കൊണ്ടേ ഇരുന്നു. വെള്ളത്തിന്റെ ഓളങ്ങൾക്ക് പഴയതിനേക്കാൾ ശക്തി കൂടുതൽ ഉള്ളതായി തോന്നി പോയി.. ബോട്ട് തിരമാലയുടെ ശക്തിയിൽ നന്നായി ഉലയുന്നുണ്ട്. ബോട്ടിൽ നിറയെ ദ്വീപുകാർ. അതിൽ ഞാൻ മാത്രം കരക്കാരി.

ബോട്ട് നിറയെ അവശ്യ സാദാനങ്ങളുമായി വിവാഹത്തിനും മറ്റും കോഴിക്കോടൊക്കെ പോകുന്ന ആളുകൾ ഉണ്ട്, പഠിക്കാനായും , ജോലിക്കും മറ്റു ആവശ്യങ്ങൾക്കായി കൊച്ചിയെയും കോഴിക്കോടിനേയും ആശ്രയിക്കുന്ന ആളുകൾ ആണ് ബോട്ട് നിറയെ. ബോട്ട് കപ്പലിനോട് അടുത്ത നിർത്തി.. കപ്പലിലെ ജോലിക്കാർ എല്ലാരേയും കപ്പലിലേക്ക് പിടിച്ചു കയറ്റി. അപ്പോളും ” ബങ്ക് ” ക്ലാസ് ബുക്ക് ചെയ്ത എന്‍റെ മുന്നിലേക്ക് ഒരാൾ പ്രത്യക്ഷപെട്ടു. നുമ്മ ഡാൻസർ ബ്രോ. ആദ്യം അല്ലെ എനിക്ക് മനസിലായില്ല. അവിടെയും ഇങ്ങോട്ടു വന്നു ചോദിച്ചു “ബസിയുടെ ഫ്രണ്ട് അല്ലെ.. ഞാൻ ദ്വീപിൽ വെച്ച് കണ്ടിട്ടുണ്ട്.. ബങ്ക് ക്ലാസ് ആണല്ലേ എടുത്തത്. ഒരു കാര്യം ചെയ്യൂ.. എന്‍റെ 2 ക്ലാസ് ആണ്.. അതിൽ സ്റ്റേ ചെയ്തോളു ഞാനും ബസിയും ഡോക്ടറും ബാങ്കിൽ സ്റ്റേ ചെയാം എന്ന്.” അത് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.. അവിടെയും ഈ ദ്വീപുകാരുടെ സ്നേഹത്തിനു മുന്നിൽ നിന്ന് പോയി..

വീണ്ടും കപ്പൽ നിറയെ ബസിയുടെ പരിചയക്കാർ. എല്ലാരും എന്നോടും വന്നു സംസാരിച്ചു. ഞങ്ങൾ കപ്പലിന്റെ ഏറ്റവും മുകളിൽ പോയി നിന്നും അപ്പോ ബസി എനിക്ക് “ഡോൾഫിൻസ് ” പോകുന്നത് കാണിച്ചു തന്നു.. രാത്രി ഞങ്ങൾ മെസ്സിൽ പോയി ഫുഡ് കഴിക്കാനേരം അവിടെ ടീവി യിൽ ” അനാർക്കലി ” ഫിലിം എല്ലാംകൊണ്ടും പറ്റിയ കോമ്പിനേഷൻ എന്ന് എനിക്ക് തോന്നി പോയി.. രാത്രി ആയപ്പോൾ കപ്പലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ കാറ്റുകൊള്ളാൻ ഞങ്ങൾ പോയപ്പോൾ അവിടെ ദ്വീപുകാർ എല്ലാം വട്ടത്തിനു നിലത്തു ഇരുന്നു ദ്വീപിലെ പാട്ട് കൈകൊട്ടി പാടുന്നുണ്ടായിരുന്നു.. ദ്വീപിലെ ഭാഷ ആയതിനാൽ എന്താണെന്നു എനിക്ക് മനസിലായില്ല.. കേട്ട് കഴിഞ്ഞാൽ അറബി പാട്ട് പോലൊക്കെ തോന്നിക്കും.. എന്താണെങ്കിലും അതുംകൂടി ആയപ്പോൾ എല്ലാം അങ്ങട്ട് കളർ അയി. കുറെ നേരം അതും ആസ്വദിച്ചു നിന്നു..

ആ കപ്പലിലെ 3rd ഓഫീസർ നുമ്മടെ പണ്ടത്തെ ഷാറൂന്റെ കൂട്ടുകാരൻ ആണ്. ഷാരു പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങൾ ലഗൂൺസിൽ ആണ് വരുന്നതെന്ന്. ആയതിനാൽ രാത്രി ആയപ്പോൾ ആ കപ്പലിന്റെയും നാവിഗേഷൻ റൂമിൽ കയറാൻ പെര്മിഷൻ കിട്ടി.ഞാനും ബസിയും ഡോക്ടറും ഡാന്സറും എല്ലാരും കൂടി അവിടെ പോയി. അദ്ദേഹവും ഞങ്ങള്ക് എല്ലാം പറഞ്ഞു തന്നു. ഞങ്ങൾ പതുകെ ആ ബാൽക്കണി ഏരിയയിൽ പോയി നിന്നു…നിറയെ നക്ഷത്രങ്ങളെ കാണാൻ സാധിച്ചു..

കുറെ നേരം ഞങ്ങൾ അവിടെ നിന്നതിനു ശേഷം തിരിച്ചു വന്നു. അടുത്ത ദിവസം രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ കപ്പൽ കൊച്ചി കായലിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.. ” ഓ എത്തിയോ ” എന്നൊരു പുച്ച ഭാവം ആയിരുന്നു എനിക്ക്.. വളരെ സങ്കടത്തോട് കൂടി ഞാൻ കപ്പലിൽ നിന്നും ഇറങ്ങി. വീണ്ടും ഞാൻ പോകും.. ആ സ്വപ്നം ഞാൻ കണ്ടു തുടെങ്ങിയിരിക്കുന്നു. കൈക്കുമ്പിൾ നിറയെ ഓർമകളും കൂട്ടുകാരുമായാണ് ഞാൻ തിരികെ എത്തിയത്.