ജലഗതാഗത വകുപ്പിൻ്റെ പുതുവര്‍ഷ സമ്മാനമായി’ലക്ഷ്യ’ സ്റ്റീൽ ബോട്ടുകൾ


കേരളത്തിന് ഉപയോഗപ്പെടുത്താവുന്ന ഏറ്റവും പ്രധാന മേഖലകളിലൊന്നാണ് ജലഗതാഗതം. ഇന്ധനക്ഷമതയുള്ളതും കാര്യമായി സ്ഥലം ഏറ്റെടുക്കേണ്ടാത്തതും, കൂടുതല്‍ സുരക്ഷിതത്വമുള്ളതുമായ യാത്രാസംവിധാനമാണ് ജലഗതാഗതം.  കേരളത്തിൽ ബോട്ട് സർവ്വീസുകൾ കൂടുതലായുള്ളത് ആലപ്പുഴ ജില്ലയിലാണ്. അവിടെ സർവ്വീസ് നടത്തുന്നതോ കേരള സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും. മറ്റേത് സർവ്വീസുകളെക്കാളും ചാർജ്ജ് കുറവാണെന്നതാണ് യാത്രക്കാരെ സർക്കാർ ബോട്ട് സർവ്വീസുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

പണ്ടൊക്കെ ശോചനീയാവസ്ഥയിലുള്ള ബോട്ടുകളായിരുന്നു സർവ്വീസ് നടത്തിയിരുന്നതെങ്കിൽ ഇന്ന് കാലത്തിനനുസരിച്ച് ബോട്ടുകളുടെ രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യാസങ്ങൾ ഒത്തിരി വന്നിട്ടുണ്ട്. ഇപ്പോഴിതാ 2019 ലെ പുതുവത്സര സമ്മാനമായി അഞ്ച് ആധുനിക സ്റ്റീൽ ബോട്ടുകളാണ് സർവ്വീസ് ആരംഭിക്കുന്നത്. ‘ലക്ഷ്യ’ എന്നു പേരിട്ടിട്ടുള്ള ഈ ബോട്ടുകൾ ഇന്നു (04-01-2019) മുതൽ സർവ്വീസ് ആരംഭിക്കും. ഗതാഗതമന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം എല്ലാവരെയും അറിയിച്ചത്.

2019 ജനുവരി നാലിന് രാവിലെ 11.30-ന് ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് സമീപം നടക്കുന്ന ചടങ്ങില്‍ പുതിയ 5 ലക്ഷ്യബോട്ടുകളുടെയും കൈനകരി സര്‍ക്കുലര്‍ സര്‍വ്വീസിന്റെയും ഉദ്ഘാടനം ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. ജി. സുധാകരന്‍ നിര്‍വ്വഹിക്കും.

ഒരേ സമയം 75 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ‘ലക്ഷ്യ’ ബോട്ടുകളില്‍ യാത്ര സുഖപ്രദമാക്കുന്നതിന് ആവശ്യമായ ആധുനിക രീതിയിലുള്ള സീറ്റുകള്‍, ശബ്ദം കുറഞ്ഞതും വൈബ്രേഷന്‍ കുറഞ്ഞതുമായ 127 HP എഞ്ചിന്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.

അത്യാധുനിക സുരക്ഷാ ഉപകരങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബോട്ടുകള്‍ ഗുണമേന്‍മയില്‍ മികവുറ്റതാക്കുന്നതിന് ലോകോത്തര നിലവാരത്തില്‍ IRS ക്ലാസില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 7 നോട്ടിക്കല്‍ മൈല്‍ (13 km/hr) സ്പീഡില്‍ സഞ്ചരിക്കുന്നതിന് ഡിസൈന്‍ ചെയ്ത ‘ലക്ഷ്യ’ ബോട്ടുകള്‍ക്ക് അനുകൂല സാഹചര്യത്തില്‍ 8.5 നോട്ടിക്കല്‍ മൈല്‍ (16km/hr) വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ബയോ ടോയ്‌ലറ്റുകള്‍ ബോട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എഞ്ചിന്‍ ഡ്രൈവര്‍ ബില്‍ജ് പമ്പ്, ഫയര്‍ പമ്പ്, അന്തരാഷ്ട്ര നിലവാരത്തില്‍ ഉള്ള ലൈഫ് ജാക്കറ്റുകള്‍ എന്നിവ ‘ലക്ഷ്യ’ ബോട്ടുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
അരൂരിലെ യാർഡിൽ പൊതുമേഖലാസ്ഥാപനമായ സ‌്റ്റീൽ ഇൻഡസ‌്ട്രിയൽസ‌് കേരള  ലിമിറ്റഡ‌് (സിൽക്ക‌്) ആണ് ഈ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.

രാജ്യത്തെ ആദ്യ സോളാര്‍ ഫെറി ബോട്ടായ ‘ആദിത്യ’, അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളോട് കൂടിയ ‘ജല ആംബുലന്‍സ്’ , സൂപ്പര്‍ഫാസ്റ്റ് എ.സി ബോട്ടായ ‘ വേഗ 120’ എന്നിവയ്ക്ക് ശേഷം പുതുലക്ഷ്യങ്ങളുമായി നീറ്റിലിറങ്ങുന്ന ‘ലക്ഷ്യ’ സ്റ്റീൽ ബോട്ടുകൾ ജലഗതാഗതത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നുറപ്പാണ്.

കടപ്പാട് – ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്,