കേരളത്തിൽ പ്രൈവറ്റ് ബസ്സുകളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി ആയാലും പ്രൈവറ്റ് ആയാലും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകണം. അങ്ങനെയുള്ള ബസ് സർവീസുകൾക്ക് എന്നും ആരാധകരുണ്ടായിട്ടേയുള്ളൂ. അത്തരത്തിൽ കിടിലൻ സർവ്വീസ് കൊണ്ട് പേരെടുത്ത ഒരു പ്രൈവറ്റ് ബസ്സിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരി – തിരൂർ റൂട്ടിലോടുന്ന ലാവെർണ എന്ന ബസ്.
‘ലാവെർണ’ പേര് പോലെ തന്നെ മനോഹരമായി സർവീസ് നടത്തുന്ന ഒരു മൊഞ്ചത്തിയാണ് കോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള ഈ ബസ്. മുൻപ് പ്രവാസിയായിരുന്ന ഷാഫി ഗൾഫിലെ റോഡ് സുരക്ഷ സംവിധാനം അപകടങ്ങൾ കുറക്കുമെന്നത് കണ്ടറിഞ്ഞതോടെയാണ് നാട്ടിലെത്തിയപ്പോൾ ഇത്തരത്തിൽ ഒരു ബസ് സർവ്വീസ് തുടങ്ങിയത്. ഒട്ടേറെ പുതുമകൾ നിറഞ്ഞ ലാവെർണ ബസ്സിന്റെ വിശേഷങ്ങൾ കേട്ടാൽ ആരും ഒന്നമ്പരന്നു പോകും.
യാത്രക്കാരുടെ സൗകര്യങ്ങൾക്കാണ് എന്നും ലാവെർണ്ണ പ്രഥമ പരിഗണന നൽകുന്നത്. ശീതികരിച്ചതും ചൂടുള്ളതുമായ കുടിവെള്ളം, അൺലിമിറ്റഡ് വൈഫൈ എന്നിവ ബസ്സിനുള്ളിലുണ്ട്. മുൻഭാഗത്തെ വാതിലിനോട് ചേർന്ന് കൂളർ ഘടിപ്പിച്ചിപ്പാണ് കുടിവെള്ളം സജ്ജീകരിച്ചിട്ടുള്ളത്. സ്ത്രീകളേയും കുട്ടികളേയും കണക്കിലെടുത്താണ് ഇത് മുൻഭാഗത്ത് സജ്ജീകരിച്ചത്. യാത്രക്കാർ പലപ്പോഴും യാത്രക്കിടെ കുടിവെള്ളം ലഭിക്കാത്തത് മൂലമുള്ള പ്രയാസങ്ങൾ അനുഭവിക്കാറുണ്ട്. അതിനൊരു പരിഹാരമാവട്ടെ എന്നു കരുതിയാണ് ഈ സംവിധാനം.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ബസ്സിൽ CCTV ക്യാമറകൾ സജ്ജീകരിച്ചിരിട്ടുണ്ട്. ബസ്സിന് അകത്തും പുറത്തുമായി എട്ട് സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിലെ ദൃശ്യങ്ങൾ ബസിനകത്തെ വലിയ സ്ക്രീനിൽ പതിയും. മോഷണം, സ്ത്രീകളെ ശല്യംചെയ്യൽ തുടങ്ങിയവ തടയുന്നതിന് ഈ സൗകര്യം ഉപകാരപ്പെടും.
പൊതുവെ ബസ്സുകളിൽ കണ്ടക്ടർമാരും യാത്രക്കാരും തമ്മിൽ വഴക്കുണ്ടാകുന്ന ഒന്നാണ് ചില്ലറയെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ. എന്നാൽ ലാവെർണയിൽ ആ പ്രശ്നം ഇല്ലേയില്ല. കാരണം വർഷങ്ങൾക്ക് മുൻപേ തന്നെ ബസ്സിൽ കാർഡ് സ്വൈപ്പ് ചെയ്ത് ടിക്കറ്റെടുക്കുവാനുള്ള സൗകര്യം ഉണ്ട്. ചില്ലറയില്ലാത്തവർക്ക് എടിഎം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. യാത്രക്കാരും ഹാപ്പി കണ്ടക്ടറും ഹാപ്പി. ബസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കാൻ വാട്സാപ് നമ്പറും ഉണ്ട്.
പൊതുവെ എല്ലാ ബസ്സുകളിലും സ്റ്റോപ്പുകൾ ഏതൊക്കെയെന്ന് അറിയണമെങ്കിൽ ജീവനക്കാർ തന്നെ വിളിച്ചു പറയണം. എന്നാൽ ലാവെർണയിൽ ജി.പി.എസ് സൗകര്യം വഴി സ്റ്റോപ്പുകൾ, അനൗൺസ് ചെയ്യുകയും മോണിറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. 32 ഇഞ്ചിന്റെ എൽഇഡി സ്ക്രീൻ ആണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മെട്രോ ട്രെയിനുകളിലെപ്പോലെ അടുത്ത സ്റ്റോപ്പ് ഏതാണെന്നു യാത്രക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുകയും തൽഫലമായി നേരത്തെ തന്നെ ഇറങ്ങുവാൻ തയ്യാറെടുക്കുകയും ചെയ്യാം.
ഇതിനെല്ലാമപ്പുറം മറ്റൊരു കാര്യം കൂടെ ഉണ്ട്. ഒരു വിദ്യാർത്ഥി സൗഹൃദബസ് ആണ് ലാവെർണ. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്‌ളാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ബസിൽ സ്കൂൾ യാത്ര സൗജന്യമാണ്. വിദ്യാർഥി സൗഹൃദ ബസ് എന്ന സ്റ്റിക്കർ പതിച്ചാണ് ലാവർണയുടെ സഞ്ചാരം. കൂടാതെ റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട്, നിയമങ്ങൾ അനുസരിച്ചു തന്നെയാണ് ലാവെർണ സർവ്വീസ് നടത്തുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ ബോധവൽക്കരണ പരിപാടികളിലും ലാവെർണ ബസ് പങ്കാളിയാകാറുണ്ട്.
കേരളത്തിലെ എല്ലാ ബസ് മുതലാളിമാരും കെഎസ്ആർടിസി അധികൃതരുമെല്ലാം മലപ്പുറം ജില്ലയിലെ മഞ്ചേരി – തിരൂർ റൂട്ടിലോടുന്ന ലാവെർണ എന്നയീ ഹൈടെക് ബസ് സർവ്വീസിനെ മാതൃകയാക്കണം. ലാവെർണ പോലുള്ള ബസ് സർവ്വീസുകൾ കേരളത്തിലുടനീളം വരട്ടെ എന്നാശംസിക്കാം.