വിവരണം – നിജിൻ അശോക്.
യാത്രകൾ ഒരുപാട് പോയിട്ടുണ്ടെങ്കിലും എന്നും എപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്നതാണ് Leh – Ladakh യാത്ര. Leh യുടെ സൗന്ദര്യത്തേക്കാളും, ആ യാത്രയിലുണ്ടായ മറക്കാൻ പറ്റാത്ത അനുഭവമാണ് Leh യെ എനിക്ക് പ്രിയപെട്ടതാക്കുന്നത്. ഇത് ഞങ്ങൾ 9 പേര് 2017 ൽ chandigarh ഇൽ നിന്ന് Kashmir sonmarg, Leh, Manali വഴി chandigarh ൽ അവസാനിപ്പിച്ച 13 ദിവസം കൊണ്ട് പൂർത്തിയാക്കിയ യാത്രയുടെ 4 ദിവസത്തെ കഥയാണ്.
തോമ, തുമ്പി, നമ്പൂതിരി, അജോൺ, rml, സെർജി, സായി, മനു സേട്ടൻ പിന്നെ ഞാനും, ഇവരാണ് ഈ യാത്രയുടെ കഥാപാത്രങ്ങൾ. ശകടം zoom car ൽ നിന്ന് ബുക്ക് ചെയ്ത ഒരു ക്രെറ്റയും, ഒരു ഹോണ്ട ജാസും. ഗ്രൗണ്ട് ക്ലീറെൻസ് ഒരു പൊടിക്ക് പോലുമില്ലാത്ത ജാസ് എടുത്ത് എന്തിനാണ് Leh കാണാൻ പോയത് എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അതിന് ഉത്തരവാദി zoomcar ആണ്. ആദ്യം 2 ക്രെറ്റ ബുക്ക് ചെയ്ത ഞങ്ങൾ, യാത്രയ്ക്ക് 2 ദിവസം മുന്നേ ക്രെറ്റ breakdown ആണെന്നും ecosport എടുക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. Chandigarh എയർപോർട്ടിൽ നിന്ന് 15 km ഓടിപ്പോയെക്കും ecosport ന്റെ bonettil നിന്ന് വെടിയും പുകയും വരാൻ തുടങ്ങി. ഒടുവിൽ അവർ തന്ന വണ്ടിയാണ് ജാസ്. അങ്ങനെ യാത്ര തുടങ്ങുന്നതിന് മുന്നേ തന്നെ zoomcar നല്ല നൈസ് പണി തന്നു.
ഒരുപാട് സ്ഥലങ്ങളിൽ ജാസിന്റെ ഗ്രൗണ്ട് ക്ലീറെൻസ് നമുക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും തട്ടിയും മുട്ടിയും leh വരെ എത്തി. അവിടെ മഞ്ഞ ബോർഡുള്ള വണ്ടിയുമായി കറങ്ങിയാൽ ടാക്സിക്കാർ പ്രശ്നമാക്കുന്നത് കൊണ്ട് 5 ബുള്ളറ്റ് എടുത്തു Leh കറങ്ങാൻ. Bikers ന്റെ സ്വപ്നമായ Leh യിൽ ആരും കീഴടക്കാൻ കൊതിക്കുന്ന Khardungla യിലേക്കാണ് ആദ്യം പോയത്. ബൈക്ക് ഓടിക്കാൻ അറിയാത്ത എനിക്ക് അത് പഠിക്കാത്തതിൽ ഇത്രയും കുറ്റബോധം തോന്നിയ വേറൊരു ദിവസമുണ്ടായിട്ടില്ല. യാത്ര പ്രണയിക്കുന്ന ആരും കൊതിക്കും ഇതിലൂടെ ബൈക്കുമായി യാത്ര ചെയ്യാൻ കാരണം അത്രയ്ക്ക് കൊതിപ്പിക്കും ഇവുടത്തെ പ്രകൃതി. അവിടത്തെ കോച്ചി പിടിക്കുന്ന തണുപ്പിൽ പട്ടാള കാന്റീനിൽ നിന്ന് കഴിച്ച മാഗിയുടെ രുചി 2 കൊല്ലം കഴിന്നിട്ടും ഇപ്പോളും മറന്നിട്ടില്ല.
Dressing ചെയ്തതിന് ശേഷം തോമയെ ഒരു മാരുതി വാനിൽ കയറ്റി Leh യിലെ ഹോസ്പിറ്റലിലേക്ക് പോയി. അവിടുത്തെ ഡോക്ടർ സ്കാൻ ഒക്കെ ചെയ്തിട്ട് ഒരു 2 ആഴ്ചത്തെ ബെഡ് റസ്റ്റ് അങ്ങ് പറഞ്ഞു. ഇനി കാറിൽ തിരിച്ഛ് തോമയെയും കൊണ്ട് chandigarh വരെ പോക്ക് നടക്കില്ല. പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല, തോമയെ Leh എയർപോർട്ടിൽ നിന്ന് പൂനെയിലേക്ക് ഷിപ്പ് ചെയ്യാൻ തീരുമാനിച്ചു. അടുത്ത ദിവസത്തെ രാവിലത്തെ ടിക്കറ്റ് തന്നെ എടുത്തു. അങ്ങനെ നമ്മുടെ Leh യിലെ യാത്ര ഏകദേശം ഒരു തീരുമാനമായത് പോലെയായി. പക്ഷെ ഇത്രയും ദൂരം വന്നിട്ട് Pangong കാണാതെ പോവുന്നത് ഒരു വലിയ നഷ്ടം തന്നെയാണ്. നമ്മുടെ പ്ലാൻ പ്രകാരം ഒരു ദിവസം കൂടി ഞങ്ങൾ Leh യിലുണ്ട്. എന്നാൽ നാളെ Pangong പോയി വന്നാലോ എന്ന് വട്ട മേശ സമ്മേളനത്തിൽ ഞാൻ മുന്നോട്ട് വെച്ചു. പക്ഷെ ബൈക്കിൽ ഒരു ദിവസം പോയി വരുന്നത് അപകടമാണ് എന്നാണ് എല്ലാവരുടെയും അഭിപ്രായം, പിന്നെ ഒരു അപകടം നടന്ന് പണി കിട്ടി നിൽക്കുകയാണ്. ഒടുവിൽ ഒരു Tempo Traveller ഇൽ പോവാൻ തീരുമാനമായി. ഹോട്ടൽകാരനോട് പറഞ്ഞ് സെർജി വണ്ടി റെഡിയാക്കി.
രാവിലെ തന്നെ തോമയെ എയർപോർട്ടിൽ കൊണ്ട് വിട്ടു. വീൽ ചെയറിൽ രാജകിയമായിട്ടാണ് ഇപ്രാവശ്യം തോമയുടെ വിമാന യാത്ര. തിരിച്ചു വരുമ്പോൾ മഞ്ഞ ബോർഡുള്ള ടാക്സി വണ്ടി കണ്ടിട്ട് Leh യിലെ ടാക്സിക്കാർ ചൊറിയാൻ വന്നു. Zoomcarൽ Leh യിൽ വണ്ടി ഓടിച്ചാൽ ഇത് സ്ഥിരം പ്രശ്നമാണ്, മഞ്ഞ ബോർഡുള്ള പുറത്ത് നിന്നുള്ള രെജിസ്ട്രേഷൻ ഇവർക്ക് ചതുർത്ഥിയാണ്. കൂട്ടുകാരനെ കൊണ്ട് വിടാൻ വന്നതാണ് എന്ന് പറഞ്ഞു തടിയൂരി. ഒരു 9 മണിക്ക് Pangongഇലേക്ക് യാത്ര ആരംഭിച്ചു. കിടിലൻ ഡ്രൈവർ. ആർക്കെങ്കിലും ഡ്രൈവിംഗ് നന്നായി അറിയാമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ പുള്ളിക്കാരന്റെ കൂടെ ഒന്ന് യാത്ര ചെയ്താൽ മതി, അത് മാറി കിട്ടും. മല മുകളിൽ അളന്നു മുറിച്ചുള്ള ഡ്രൈവിംഗ്. Pangong പോവാനുള്ള തീരുമാനം വെറുതെയായില്ല. പകുതി എത്തിയപ്പോൾ തന്നെ നല്ല ഒന്നാന്തരം snow fall, ജീവിതത്തിൽ ആദ്യമായാണ് snow fall കാണുന്നത്. അപ്ലോൾ തന്നെ ചാടിയിറങ്ങി അത് ആവോളം കൊണ്ട് അവിടെ നിന്നു. നല്ല തണുപ്പാണെങ്കിലും അതൊന്നും ഒരു പ്രശ്നമായേ തോന്നിയില്ല.
വിചാരിച്ചതിനെക്കാളും നേരത്തെ pangong Lake ൽ എത്തി. Lake ന്റെ ശുദ്ധമായ വെള്ളം ആകാശത്തെ ഭൂമിയിൽ വരച്ഛ് വെച്ചിരിക്കുകയാണ്. പെട്ടന്ന് കണ്ടാൽ മുകളിലും താഴെയും ആകാശം ആണെന്ന് തോന്നിപ്പോവും. അവിടുന്ന് എടുത്ത ഫോട്ടോസിന്റെ എല്ലാം ബാക്ക്ഗ്രൗണ്ട് കണ്ടാൽ ഒരു പെൻസിൽ വെച്ച് വരച്ചതാണെന്നേ പറയൂ. ഒരു 2 മണിക്കൂർ അവിടെ ചിലവഴിച്ചു രാത്രി 8 മണിയോടെ തിരിച്ചു Leh എത്തി. ഇന്ന് Leh യോട് വിട പറഞ്ഞ് Sarchu ലേക്കുള്ള യാത്രയാണ്. ഏകദേശം Jispa എത്തുന്നത് വരെ മൊബൈൽ നെറ്റ്വർക്ക് ഇല്ല. Sarchu 250 km ഉം Jispa 350 Km ഉം ഉണ്ട് Leh യിൽ നിന്ന്. എന്റെ ഇന്നത്തെ ശകടം ജാസാണ്. നല്ല റോഡ്, ചുറ്റും ഇത് വരെ കാണാത്ത landscape. ബൈക്ക് ഓടിക്കാൻ പറ്റാത്ത വിഷമം ഞാൻ ഈ പ്രകൃതി രമണീയമായ റോഡിൽ കാർ ഓടിച്ച് തീർക്കുകയാണ്. പതിവ് പോലെ തന്നെ സായി സ്വിച്ചിട്ട പോലെ പിന്നിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി. നല്ല റോഡ് ആയത് കൊണ്ട് അത്യാവശ്യം സ്പീഡിലാണ് പോവുന്നത്. മനു സേട്ടൻ ക്രറ്റയുമായി എന്നെ മറികടന്ന് മുന്നിൽ പറന്നു പോയിട്ടുണ്ട്. ഫോട്ടോ എടുക്കാൻ പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ടായിരുന്നു, പക്ഷെ മുന്നിലുള്ള ക്രറ്റയെ കാണാനേ ഇല്ല. അത് കൊണ്ട് ഞങ്ങളും നിർത്താതെ വെച്ച് പിടിച്ച് പോയി.
പിന്നീട് റോഡ് മോശമായി തുടങ്ങി. 20 സ്പീഡ്ന് മുകളിൽ പോവാൻ പറ്റാത്ത മോശം റോഡ്. ഏകദേശം ഒരു മണിക്കൂറോളം റോഡിന്റെ സ്ഥിതി ഇത് തന്നെ. 3 മണിക്കൂറായി ക്രീറ്റയെ കാണാത്തത്. ഇവന്മാർ ഇത് എവിടെ പോയി എന്ന് ഓർത്തിരിക്കുമ്പോളാണ് rml വെറുതെ ഒന്ന് മണാലിലേക്കുള്ള ദൂരം നോക്കിയത്. ദാണ്ടെ കിടക്കുന്നു, 500 കിലോമീറ്റർ. Leh നിന്ന് നോക്കിയപ്പോളും അതെ ദൂരം. അപ്പോൾ നമ്മൾ 3 മണിക്കൂറായി ഓടിച്ചത് എവിടെ പോയി? വിശ്വസിക്കാൻ പറ്റാത്തത് കൊണ്ട് കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ കണ്ട ടൂറിസ്റ്റിനോട് ചോദിച്ചു. അപ്പോളാണ് അവർ പറഞ്ഞത് ഇത് മണാലിലേക്കുള്ള വഴി അല്ലെന്നും ഇതിലൂടെ മണാലി പോവാൻ രണ്ട് ദിവസമെടുക്കുമെന്നും. നമ്മൾ ഈ 3 മണിക്കൂർ ഓടിച്ചത് തെറ്റായ വഴിലൂടെയാണ്.
വണ്ടി തിരിച്ചു, ഇനി ഏകദേശം 2 മണിക്കൂറുണ്ട് ശരിക്കുള്ള വഴി എത്താൻ. റോഡ് മോശവും, കുഴിയിൽ ജാസും, എങ്ങനെ പോയാലും ക്രെറ്റയുമായി ഒരു 5 മണിക്കൂർ വ്യത്യാസമുണ്ട്. അവരുമായി ബന്ധപ്പെടാൻ ഒരു മാർഗവുമില്ല. Upshi യിൽ നിന്നുള്ള വലത് വളവാണ് ഞങ്ങൾക്ക് മിസ്സായത്. Upshi യിൽ ഒരു വലിയ sign board ഉണ്ട് മണാലി വലത്തോട്ട് പോവണമെന്ന്. അത് ഞങ്ങൾക്ക് എങ്ങനെ മിസ്സ് ആയി ആവോ. എന്തായാലും 6 മണിക്കൂർ വണ്ടി ഓടിച്ചെങ്കിലും Leh യുടെ 50 km അകലെ മാത്രമാണ് ഞങ്ങൾ ഇപ്പോഴും ഉള്ളത്. ഇടക്ക് കൈയിൽ എത്ര കാശുണ്ടെന്ന് നോക്കിയപ്പോളാണ് അടുത്ത പണി. എല്ലാവരുടെയും കൂടെയായിട്ട് കഷ്ടിച്ച് 500 രൂപയുണ്ട്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രധാന ഖജാൻജി സെർജിയാണ്, അത് കൊണ്ട് വേറെ ആരും കാശ് കരുതിയില്ല. അയാളാണെങ്കിൽ ക്രെറ്റയിലും. ഇനി അവരെ കണ്ടേ മതിയാവൂ, അല്ലെങ്കിൽ തണുപ്പത് വണ്ടിയും സൈഡാക്കി ഇന്ന് രാത്രി ഉറങ്ങേണ്ടി വരും.
എവിടെയെങ്കിലും ക്രെറ്റ ഞങ്ങളെയും കാത്ത് നിൽക്കും എന്ന പ്രതീക്ഷയിൽ മുന്നോട്ട് പോയി. Leh നിന്ന് മണാലി പോവുന്ന വഴിയിൽ ഓരോ 30-50 kmലും ചെറു ഗ്രാമങ്ങളുണ്ട്. ഗ്രാമങ്ങൾ എന്ന് വെച്ചാൽ ചെറിയ 2-3 കടകളും, അവർ ഒരുക്കുന്ന പരിമിതമായ സൗകര്യമുള്ള Home stay യും കിട്ടും. ഇങ്ങനെ ഉള്ള ഓരോ ഗ്രാമത്തിലും ഞങ്ങൾ അവരെ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. Landscape കൾ മാറി മാറി വന്നു കൊണ്ടേ ഇരിക്കുന്നു. കിലോമീറ്ററുകളോളം നീണ്ട് നിവർന്ന് നിൽക്കുന്ന നീളൻ റോഡുകളും, അത് കഴിഞ്ഞ ഉടൻ വളഞ്ഞു പുളഞ്ഞു നിൽക്കുന്ന ചുരങ്ങളും. മലകൾ കയറിയും ഇറങ്ങിയും ഞങ്ങൾ ജാസിൽ നിർത്താതെ പോയി കൊണ്ടിരിക്കുകയാണ്. എവിടെയെങ്കിലും നിർത്തി ഫോട്ടോ എടുക്കണമെന്നുണ്ട്, പക്ഷെ അവരെ കാണാതെ ഒന്നും നടക്കില്ല.
ഒടുവിൽ വൈകുന്നേരമായപ്പോൾ Pang എത്തി. Pang ഈ പറഞ്ഞ പോലെ ഒരു ചെറു ഗ്രാമമാണ്. രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല. ഒരു കടയിൽ കയറി വല്ലതും കഴിക്കാം എന്ന് വിചാരിച്ച് അവിടെ ഇറങ്ങിയപ്പോൾ “നിർത്തല്ലേ നിർത്തല്ലേ” എന്ന് പറഞ്ഞ് ഒരു അമ്മച്ചി ഓടി വന്നു. നമ്മുടെ ക്രെറ്റയിലെ കൂട്ടുക്കാർ പുള്ളിക്കാരിനെ പറഞ്ഞു ഏല്പിച്ചായിരുന്നു ക്രെറ്റയിലെ പോലെ എഴുത്തുള്ള ഒരു ചുവപ്പ് വണ്ടി (zoom car എന്ന് എഴുതിയത്) വരുമെന്നും അവരോട് അവർ മുന്നിൽ പോയിട്ടുണ്ടെന്ന് പറയണമെന്നും. അമ്മച്ചി പറഞ്ഞതനുസരിച്ചു ഒരു 3 മണിക്കൂർ വ്യത്യാസമുണ്ട് ഇപ്പോയും ക്രീറ്റയുമായി. അമ്മച്ചി ഞങ്ങളെ ഇറങ്ങാൻ പോലും വിട്ടില്ല, വേഗം വെച്ച് പിടിക്കാൻ പറഞ്ഞു. അമ്മച്ചിയോട് നന്ദിയും പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. എന്തായാലും ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. ക്രെറ്റയ്ക്കും ഞങ്ങളെ പോലെ വഴി തെറ്റിക്കാണും എന്ന്. എന്തായാലും അത് മാറി കിട്ടി. Pang തൊട്ട് തേരാളി നമ്പൂതിരിയാണ്. നല്ല ഐശ്യര്യം എന്ന് പറഞ്ഞപോലെ റോഡ് മോശമായി തുടങ്ങി. വഴി തെറ്റിയ റോഡ് ഒഴിച്ചു Pang വരെ റോഡ് തരക്കേടില്ലാത്തതായിരുന്നു.
നേരം ഇരുട്ടി തുടങ്ങി. രാത്രിയാത്ര ഇത്രയും അപകടം പിടിച്ച വേറൊരു ഇടമില്ല. നാട്ടുകാര് പോലും രാത്രിയാത്ര ഒഴിവാക്കുന്ന റോഡ്. ഞങ്ങളാണെങ്കിൽ ആദ്യമായിട്ടാണ് ഇത് പോലത്തെ മലമുകളിൽ വണ്ടി ഓടിക്കുന്നത്. പക്ഷെ എങ്ങനെയെങ്കിലും Sarchu എത്തണം, അവർ അവിടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. രണ്ടും കല്പിച്ചു മുന്നോട്ട് തന്നെ. ഞങ്ങളുടെ കണക്ക്കൂട്ടലിനെക്കാളും മോശമായിരുന്നു റോഡ്. ജാസിന്റ ഹെഡ്ലൈറ്റിന് തീരെ വെളിച്ചവുമില്ല. ചുറ്റും എന്താണെന്ന് പോലും അറിയില്ല, പക്ഷെ വലിയ ചുരമാണ് കയറിക്കൊണ്ടിരിക്കുന്നത്. പല സ്ഥലത്തും ജാസിന്റെ അടിഭാഗത്തു വലിയ ഉരുളൻ കല്ല് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങൾ, ഞാനും സായിയും പിറകിൽ ശ്വാസമടക്കിപ്പിടിച്ഛ് ഇരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും വലിയ ഗർത്തത്തിലേക്ക് ഞങ്ങൾ വീണ് പോവും എന്ന് തോന്നുന്ന നിമിഷങ്ങൾ. മുകളിലെത്തിയപ്പോൾ വണ്ടി ഇരമ്പിച്ചൊന്ന് നിന്നു. മലയിൽ നിന്ന് വെള്ളം റോഡിൽ കൂടി താഴെ ഒഴുകി പോവുകയാണ്. അതിനിടയിലുള്ള വലിയ ഉരുളൻ കല്ലിൽ ടയർ തട്ടി നിൽക്കുകയാണ്. ഒരു 15 മിനിറ്റ് ശ്രമത്തിൽ കല്ലുകളൊക്ക മാറ്റി ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഇടക്ക് ഒരു ചെക്ക് പോസ്റ്റ് വന്നു. അതിൽ എൻട്രി ചെയ്ത് പട്ടാളക്കാരനോട് സംസാരിച്ചപ്പോളാണ് മനസ്സിലായത് ക്രെറ്റയ്ക്ക് ഞങ്ങളെക്കാളും പണി കിട്ടിട്ടുണ്ടെന്ന്. ക്രെറ്റയുടെ ഡീസൽ ടാങ്ക് പൊട്ടിയിട്ടുണ്ട്, ചെറിയ ചോർച്ചയുമുണ്ട്. ക്രെറ്റ പോലെ ക്ലീറെൻസ് ഉള്ള വണ്ടിയിൽ ഡീസൽ ടാങ്ക് പൊട്ടണമെങ്കിൽ അതെന്തായാലും മനു സേട്ടന്റെ പണിയാവും. Shewag ടെസ്റ്റും ട്വന്റി ട്വന്റിയും കളിക്കുന്നത് പോലെയാണ് അങ്ങേരുടെ ഡ്രൈവിംഗ്, മല മുകളിലായാലും ഹൈവേയിലായാലും ഒരേ സ്പീഡാ. ഡീസൽ ടാങ്ക് പൊട്ടിയപ്പോൾ ആദ്യം ഓർമ വന്നത് നമ്മുടെ Thoufeeq Aslam leh യിൽ വെച്ച് ഇന്നോവയുടെ ഡീസൽ ടാങ്ക് പൊട്ടി സഞ്ചാരിയിൽ എഴുതിയ കഥയാണ്.
ഞങ്ങൾ എങ്ങനെയൊക്കെയോ sarchu എത്തി. പക്ഷെ അവിടെയും നിരാശയായിരുന്നു ഫലം. ക്രെറ്റ അവിടെയുമില്ല. ക്രെറ്റയിൽ ഉള്ളവന്മാരെ ഞങ്ങൾ മനസ്സിൽ വിളിക്കാത്ത തെറിയില്ല. പക്ഷെ ഒന്നു തിരിച്ചു ചിന്തിച്ചപ്പോൾ അവരുടെ ഭാഗത്തു തെറ്റൊന്നുമില്ല. അവർ ഞങ്ങളെ പല സ്ഥലത്തും കാത്ത് നിന്ന് കാണും, പക്ഷെ 5 മണിക്കൂർ വ്യത്യാസം ഒരിക്കലും കണക്ക്കൂട്ടി കാണില്ല. ഞങ്ങൾക്ക് അവർ മുന്നിലുണ്ടെന്ന് ചെക്ക്പോസ്റ്റിൽ നിന്നും അമ്മച്ചിയിൽ നിന്നും മനസ്സിലായിട്ടുണ്ട്. പക്ഷെ ഞങ്ങൾക്ക് എന്ത് സംഭവിച്ചെന്ന് ഒരു ധാരണയും അവർക്കില്ല. എന്തെങ്കിലും അപകടം പറ്റിയോ, അതോ തിരിച്ചു പേടിച്ചു Leh യിൽ പോയോ… പിന്നെ ഡീസൽ ടാങ്ക് പൊട്ടിയിട്ടുമുണ്ട്, അത് കൊണ്ട് അടുത്ത ടൗണായ Jispa ലക്ഷ്യമാക്കി പോയതാവും.
ഒരു നിർണായക തീരുമാനം എടുക്കണ്ട സമയമാണ്. ജീവൻ പണയം വെച്ച് മുന്നോട്ട് പോണോ, അതോ ഇവിടെ ആരോടെങ്കിലും കടം പറഞ്ഞു വല്ല ഹോംസ്റ്റേയിലും കൂടെണോ? പേടിച്ച് നിൽകുമ്പോൾ എപ്പോഴും വിഡ്ഢി തീരുമാനങ്ങളെല്ലേ ഉണ്ടാവുക, ഇല്ലാത്ത ധൈര്യം കാണിക്കാൻ ഞങ്ങൾ മുന്നോട്ട് പോവാൻ തീരുമാനിച്ചു. “നാശത്തിലേക്കാ നിങ്ങൾ പോവുന്നത്” എന്ന് നെടുമുടി മുന്നിൽ നിന്ന് പറയുന്നുണ്ടോ എന്നൊരു സംശയം. നമ്മുടെ എല്ലാവരുടെയും ജീവന്റെ താക്കോൽ നമ്പൂതിരിക്കും കൊടുത്ത് യാത്ര തുടർന്നു.
പക്ഷെ ഞങ്ങൾക്ക് അറിയില്ലാരുന്നു ഞങ്ങൾ കാലെടുത്ത് വെച്ചത് Bara lacha la മല നിരകളിലേക്കാണെന്ന്. Rohtang പാസ്സ് കഴിഞ്ഞാൽ leh മണാലി ഹൈവേയിലെ ഏറ്റവും ഉയരവും അപകടവും പിടിച്ച റോഡ്. ഹെയർ പിൻ വളവുകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു പിന്നീട് അങ്ങോട്ട്. പല സ്ഥലത്തും റോഡിന്റെ വളവ് മനസ്സിലാവുന്നത് അതിന്റെ അറ്റത്ത് എത്തുമ്പോളാണ്. ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ പോയാൽ താഴെ വീണ് ഞങ്ങളെല്ലാവരും പടമാവും. നമ്പൂതിരിക്ക് മനസ്സിലാവാത്ത ഹെയർ പിൻ വളവുകൾ Rml മാപ്പ് നോക്കി മനസ്സിലാക്കി പറഞ്ഞ് കൊടുക്കയാണ്. ഓരോ വളവിലും ബ്രേക്ക് പിടിക്കുമ്പോൾ നെഞ്ചിടിപ്പോടെ ഞാനും സായിയും പുറത്തേക്ക് നോക്കും, വണ്ടി ഇപ്പോഴും റോഡിൽ തന്നെയെല്ലേ എന്ന് ഉറപ്പു വരുത്താൻ. ഇത് പല തവണ ആവർത്തിച്ചപ്പോൾ ഞങ്ങളുടെ എല്ലാ ധൈര്യവും ഒലിച്ചു പോയി…
ഒടുവിൽ അടുത്ത എവിടെയെങ്കിലും ടെന്റ് കണ്ടാൽ അവിടെ തങ്ങാൻ തീരുമാനിച്ചു, കടമെങ്കിൽ കടം. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ടെന്റ് സെറ്റപ്പ് കണ്ടു. ഞാൻ ഇറങ്ങി അവിടെ വിളിച്ച് ചോദിച്ചപ്പോൾ ഒരു നാല്പത്തഞ്ചു കഴിഞ്ഞയാൾ ഒരു കൈയിൽ പെഗ് ഗ്ലാസും പിടിച്ച് ഒരു കുഞ്ഞ് ട്രൗസറും ഇട്ട് ഇറങ്ങി വന്നു. ഇവിടെ താമസിക്കാൻ വല്ല ഇടവും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എന്നെ അടുമുടി ഒന്ന് നോക്കി, ചുണ്ടൊക്കെ കടിച്ചു നാണത്തോടെ അയാളുടെ ബെഡിൽ ചൂണ്ടിയിട്ട് പറഞ്ഞു “പിന്നെന്താ എന്റെ കൂടെ ആ ബെഡിൽ കിടന്നോ”. അയാളോട് തിരിച്ഛ് ഒന്നും പറയാതെ ഞാൻ വണ്ടിയിലേക്ക് ഓടി കയറി പറഞ്ഞു, “എടാ ഇവിടെ കിടന്നാൽ മാനം പോവും, അതിലും ഭേദം ഈ മലയാണ്, വണ്ടി വിട്ടോ…” ഞാൻ ഇത്തിരി മുടി നീട്ടി വളർത്തിയത് കൊണ്ട് അയാൾ തെറ്റിധരിച്ചതാണോ ആവോ. ഒടുവിൽ ഒരുപാട് വളവുകൾ കയറിയതിനും ഇറങ്ങിയതിനും ശേഷം മലമുകളിൽ നിന്ന് ദൂരെ താഴ്വാരത്ത് വൈദ്യുതി വെളിച്ചം കണ്ടു തുടങ്ങി. അതെന്തായാലും dharcha യോ Gyspa യോ ആണ്. ഞങ്ങളുടെ ലക്ഷ്യം അടുത്ത് തുടങ്ങി. മനസ്സിൽ വല്ലാത്ത സന്തോഷം, ഇനി ഈ മല ഇറങ്ങി കഴിഞ്ഞാൽ മൊബൈലിനെങ്കിലും റേഞ്ച് കിട്ടും, പിന്നെ അവരെ കണ്ടെത്താൻ വലിയ പ്രയാസം കാണില്ല. അങ്ങനെ ചുരം ഞങ്ങൾ ഇറങ്ങി തുടങ്ങി.
പെട്ടന്നാണ് വണ്ടിന്റെ അടിയിൽ നിന്ന് “കട കട” ശബ്ദം വരാൻ തുടങ്ങിയത്. ഞങ്ങളുടെ സന്തോഷത്തിന് വലിയ ആയുസ്സ് ഉണ്ടായില്ല, പിന്നിലെ ടയർ പഞ്ചറാണ്. എല്ലാവരും പരസ്പരം നോക്കി, ആർക്കും ഇത് വരെ ടയർ മാറ്റി പരിചയമില്ല. ഒരു ഇറക്കത്തിൽ റോഡിന്റെ നടുക്കാണ് വണ്ടി കിടക്കുന്നത്. അങ്ങനെ വിജ്രംബിച്ഛ് ആ ചുരത്തിൽ തണുപ്പത്ത് നിൽക്കുമ്പോളാണ് 3 ലോറി പിന്നിൽ വന്നത്. 4-5 മണിക്കൂറിന് ശേഷമാണ് നമ്മുടെ യാത്രയിൽ വേറൊരു വണ്ടി കാണുന്നത്. ഭാഗ്യം ഇനി അവർ വന്ന് നമ്മുടെ ടയർ മാറ്റി തരും എന്നുള്ള പ്രതീക്ഷയിൽ നമ്മൾ അവിടെ നിന്നു. പക്ഷേ അവർ ഇറങ്ങിവന്നത് സഹായിക്കാൻ ആയിരുന്നില്ല, അവരുടെ ലോറിക്ക് പോകാൻ പാകത്തിൽ നമ്മുടെ വണ്ടി മാറ്റിടാൻ പറയാൻ വന്നതാണ്. പറഞ്ഞത് ഇത്തിരി കലിപ്പിൽ ആയതുകൊണ്ട് നമ്മൾ അങ്ങോട്ട് സഹായം ചോദിക്കാൻ പോയതുമില്ല. ഞങ്ങൾ വണ്ടി തള്ളി സൈഡിലേക്ക് മാറ്റി. രാവിലെ മുതലേ പട്ടിണിയായത് കൊണ്ടാവും, തള്ളാൻ ഇത്തിരി പണിപ്പെട്ടു.
ഞാൻ അവിടെ വണ്ടിയിൽ കിടക്കാം എന്ന തീരുമാനം പറഞ്ഞു. പക്ഷെ ഒരു ടയറിനോട് കീഴടങ്ങാൻ rml ഉം നമ്പൂതിരിയും തയ്യാറായിരുന്നില്ല. കൂരാ കൂരിരുട്ടിൽ നമ്മൾ ടയർ മാറ്റി തുടങ്ങി. ജാക്കി എവിടെ വെക്കണമെന്ന് പോലും ആദ്യം ഒരു പിടിത്തവുമുണ്ടായിരുന്നില്ല. ഒരുപാട് പരീക്ഷണങ്ങൾക്ക് ഒടുവിൽ ജാക്കി കറക്റ്റ് വെച്ചു. പിന്നെ ചില ബോൾട്ടിന് ഞങ്ങളോട് തീരെ സ്നേഹമുണ്ടായിരുന്നില്ല, അവന്മാരെ ഊരി എടുക്കാൻ ഒരുപാട് പണിപ്പെട്ടു. അങ്ങനെ ഒരു ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ജീവിതത്തിൽ ആദ്യമായി ടയർ മാറ്റി വീണ്ടും യാത്ര തുടങ്ങി. ഒടുവിൽ Darcha എത്തി. ഞങ്ങൾ പതുക്കെ ചുറ്റും നോക്കികൊണ്ടാണ് പോവുന്നത്. പെട്ടെന്നാണ് ഒരു ടെന്റിനോട് ചേർത്ത് നിർത്തി ഒരു മഞ്ഞ ബോർഡുള്ള ഡൽഹി രെജിസ്ട്രേഷൻ വണ്ടി കാണുന്നത്. അത് ഞങ്ങളുടെ ക്രെറ്റ ആവണേ എന്നുള്ള പ്രാർത്ഥനയിൽ അടുത്ത് പോയി, അതെ അത് ഞങ്ങളുടെ ക്രെറ്റയാണ്, അടുത്ത് ഫോണും വിളിച്ച് സർജിയും നിൽപ്പുണ്ട്. ഞങ്ങൾ ചാടി ഇറങ്ങി, പിന്നെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു, കെട്ടി പിടിയും, ആർപ്പ് വിളിയും, തെറി വിളിയുമൊക്കയായി ഞങ്ങൾ അവിടെ ഒരു പൂരപ്പറമ്പാക്കി.
അവർ ഒരു മണിക്കൂർ കൂടി നോക്കി പോലീസ് സ്റ്റേഷനിൽ പോവാൻ നിൽക്കുകയായിരുന്നു ഞങ്ങളെ കാണുന്നില്ലെന്ന പരാതിയുമായി. ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ ഞങ്ങളെക്കാളും ടെൻഷൻ അടിച്ചത് അവരാണ്. അവർ ഇടക്ക് പട്ടാള ക്യാമ്പിൽ കയറി satellite ഫോൺ ഉപയോഗിച്ച് ഞങ്ങളെ വിളിക്കാൻ ശ്രമിച്ചായിരുന്നു, ഞങ്ങൾ തിരിച്ചു Leh യിലേക്ക് പോയോ എന്നുള്ള സംശയത്തിൽ. പക്ഷെ ഞങ്ങൾ റേഞ്ചിൽ ഇല്ലാത്തത് കൊണ്ട് ഫലം കണ്ടില്ല. പിന്നെ ടാങ്ക് പൊട്ടുന്നത് വരെ പല സ്ഥലങ്ങളിലും ഒരുപാട് നേരം കാത്തു നിന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഒടുവിൽ Darcha എത്തിയതിനു ശേഷം zoom car ന്റെ കസ്റ്റമർ കയറിൽ വിളിച്ച് ഞങ്ങളെ ട്രാക്ക് ചെയ്യാമോ എന്ന് ചോദിച്ചു. Zoom കാറിന്റ എല്ലാ വണ്ടിയിലും Gps സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്, അങ്ങനെ ഞങ്ങളെ ട്രാക്ക് ചെയ്യാനായിരുന്നു ശ്രമം.
പക്ഷെ zoom കാർ വണ്ടി എടുത്തയാൾ വിളിച്ചാൽ മാത്രമേ അത് പറഞ്ഞു തരൂ എന്നുള്ള നിയമം ഉള്ളത് കൊണ്ട് അത് നടന്നില്ല. എടുത്തയാളെയാണ് കാണാത്തത് എന്ന് പറഞ്ഞിട്ടൊന്നും അവർ വഴങ്ങിയില്ല. ഒടുവിൽ ഞാനാണ് വിളിക്കുന്നത് എന്ന് പറഞ്ഞു വിളിച്ചെങ്കിലും അവരുടെ വെരിഫിക്കേഷൻ ചോദ്യങ്ങൾ പറയാൻ പറ്റിയില്ല. ഒടുവിൽ എല്ലാ വഴികളും അടഞ്ഞു. ഞങ്ങൾക്ക് എന്ത് പറ്റിയെന്നു അറിയാതെ നിൽക്കുകയായിരുന്നു അവിടെ. അങ്ങനെ ഒരു സംഭവ ബഹുലമായ ദിവസത്തിന് അവിടെ തിരശീല വീണു. പിന്നീട് leh യെക്കാളും സൗന്ദര്യമുള്ള തവാങ് ഇലും സിക്കിമിലും ഒക്കെ വണ്ടിയും എടുത്ത് പോയെങ്കിലും ഒരിക്കലും മറക്കാത്തതാണ് Leh യിലെ ഈ ദിവസങ്ങൾ.