വിവരണം – Prajoth kkd.
പുരാണകഥയും, ചരിത്ര നിർമ്മിതിയും ഒത്തുചേർന്ന കരിങ്കൽ ശില്പങ്ങൾ ചുരുക്കി പറഞ്ഞാൽ അതാണ് ലേപാക്ഷി ക്ഷേത്രം. കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ ഹിന്ദ്പൂർ പട്ടണത്തിൽ നിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ചാൽ ലേപാക്ഷിയിൽ എത്തിച്ചേരാം.
ശില്പചാരുതയിൽ വേറിട്ടുനിൽക്കുന്ന ഈ ക്ഷേത്രം ഐതിഹ്യങ്ങളുടെയും, കരിങ്കൽ കൊത്തുപണികളുടേയും, ചിത്രകലകളുടേയും ഒരു വലിയ ലോകം തന്നെയാണ്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ സവിശേഷതകൾ മുഴുവനും വിജയനഗര ശൈലിയിലാണ് അത് ക്ഷേത്രത്തിന്റെ എല്ലാ ഉപരിതലങ്ങളിലും കൊത്തുപണികളിലും, പെയിന്റിംഗുകളിലും ധാരാളിച്ചുകാണാം.
ആദ്യം ഐതിഹ്യം : ലേപാക്ഷി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി അകലേ ഇടതുവശത്തായി ഒരു കൂറ്റൻ പാറക്കെട്ടിനു മുകളിലായി ചിറകുവിരിച്ചു നിൽക്കുന്ന ജടായുപക്ഷിയുടെ പ്രതിമയാണ് പുരാണകഥയുടെ പ്രതീകമായി നിലകൊള്ളുന്നത്. രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്ന വേളയിൽ ജടായു മാർഗ്ഗതടസ്സം സൃഷ്ടിച്ചു രക്ഷപ്പെടുത്തുന്നതിനിടെ രാവണനാൽ ചിറകരിഞ്ഞ് വീണു നിലംപതിച്ച സ്ഥലമാണ് ഇവിടം. തന്റെ പത്നിയായ സീതയെ രക്ഷിക്കാൻ ശ്രമിച്ച ജടായുവിനു രാമൻ മോക്ഷം നൽകിയ ഐതിഹ്യമാണ് ലേപാക്ഷിയിലേത്. (ലേ പാക്ഷി – ഉയരൂപക്ഷി എന്നർത്ഥം).
ചരിത്ര നിർമ്മിതി : വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കാലത്താണ് [1530 – 40] ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. വാസ്തുവിദ്യയുടെ ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞ വിശാലമായ ക്ഷേത്രാങ്കണമാണ് ലേപാക്ഷി. ക്ഷേത്രാങ്കണത്തിനു പുറത്തായി ഒറ്റക്കല്ലിൽ തീർത്ത ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി പ്രതിമ ശില്പകലയുടെ മഹിമ വർദ്ധിപ്പിക്കുന്നു.
ശിവപാർവതി സ്വയംവരം നടന്നുവെന്നു കരുതപ്പെടുന്ന കല്യാണമണ്ഡപമാണ് പ്രദക്ഷിണ വഴി വലയം ചെയ്ത് അകത്തു കടന്നാൽ ആദ്യ കാഴ്ച്ച. വീണ്ടും നടന്നാൽ വലിയൊരു പാറയിൽ കൊത്തിയെടുത്ത ഗണപതിവിഗ്രഹവും അതിനോടു ചേർന്ന നിലയിൽ ഏഴു തലകളുള്ള നാഗലിംഗവും, മറ്റു കൊത്തുപണികളും ചേർന്ന അപൂർവ്വമായ ശില്പനിർമ്മിതിയുടെ കാഴ്ച്ചകളും.
ഇനിയുള്ളത് നൃത്ത മണ്ഡപമാണ്. സങ്കീർണ്ണമായ ചിത്രപണികളാൽ നിറഞ്ഞ കൽത്തൂണുകൾ, അതിനു മുകളിലായി മേൽക്കൂരയിൽ പുരാണ കഥാസന്ദർഭങ്ങൾ ആലേഖനം ചെയ്ത ഛായാചിത്രങ്ങൾ, ഇതിനെല്ലാറ്റിനുമുപരിയായി നിലംതൊടാതെ നിൽക്കുന്ന കരിങ്കൽ തൂൺ. കൽത്തൂണിന്റെ ശിലാദ്ഭുതത്തെ കൗതുകത്തോടെ അല്ലാതെ വീക്ഷിക്കാൻ സാധ്യമല്ല. ലേപാക്ഷിയിലെ ഒരോ കൽത്തൂണിലും പുരാണകഥയെ ഓർമ്മിപ്പിക്കും വിധം ശില്പങ്ങളാക്കി കൊത്തിവെച്ചിരിക്കുകയാണ്, വിവരിച്ചാൽ തീരാത്തത്രവിധം.
എത്ര ചിത്രങ്ങൾ ഒപ്പിയെടുത്താലും മതിവരാത്ത കാഴ്ച്ച ലോകമാണ് ലേപാക്ഷി വീരു ക്ഷേത്രം. ഭാരതീയ വാസ്തുവിദ്യയുടെ മഹിമ തെളിയിക്കുന്ന ആന്ധ്രാപ്രദേശിലെ ഈ ക്ഷേത്രം ചരിത്ര നിർമ്മിതികൾ തേടി പോകുന്ന സഞ്ചാരികൾക്ക് ഒരു അധ്യായം തന്നെയാണ്. കാണണമെന്ന് മനസ്സിൽ ആഗ്രഹിച്ച ഒരു യാത്ര പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ലേപാക്ഷിയിലെ പടിയിറങ്ങിയത്.
യാത്രാമാർഗ്ഗം – ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ഹിന്ദുപൂർ തന്നെയാണ്. ബാംഗ്ലൂരിൽ നിന്നു ഹിന്ദുപൂരിലേക്ക് ഒരുപാടു ട്രെയിനുകൾ ഉണ്ട്. ട്രെയിൻ ചാർജ്ജുകൾ – മെമു Rs.25,എക്സ്പ്രസ്സ് Rs.50, ബസ് ചാർജ്ജ് – Rs.155.
ഹിന്ദുപൂരിൽ നിന്നു ലേപാക്ഷിയിലേക്ക് ലോക്കൽ ബസ് അല്ലെങ്കിൽ ലോക്കൽ ഓട്ടോ [Rs. 15] ആണ് സഞ്ചാരമാർഗ്ഗം. കേരളത്തിൽ നിന്നും ഹിന്ദുപൂരിലേക്ക് നേരിട്ട് ഒരേ ഒരു ട്രെയിൻ മാത്രമേയുള്ളൂ. ട്രെയിൻ നമ്പർ 16332 Mumbai CSMT Weekly Express.ഈ ട്രെയിൻ ശനിയാഴ്ചകളിൽ മാത്രമാണുള്ളത്.
താമസ സൗകര്യം – ആന്ധ്രാപ്രദേശ് ടൂറിസത്തിന്റെ കീഴിൽ വരുന്ന [APTDC] ടൂറിസം ഹോട്ടൽ മാത്രമേ ലേപാക്ഷിയിൽ ലഭ്യമായുള്ളൂ. കോൺടാക്ട് നമ്പർ – 7095536663, 09000282897.