എഴുത്ത് – വൈശാഖ് ഇരിങ്ങാലക്കുട.
നമ്മൾ ഇത്ര നാളും കണ്ടു വന്നിരുന്ന നീല നിറമുള്ള കോച്ചുകൾ ICF കോച്ചുകളെ എന്നാണ് പറയുക. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയുടെ ചുരുക്ക പേരാണ് ICF. LHB കോച്ചുകൾ ഇന്ത്യയിൽ വന്നത് 2000ൽ ആണ്. ജർമ്മൻ കമ്പനി ആയ ലിങ്ക് ഹോഫ്മാൻ ബുഷ് എന്ന കമ്പനിയുടെ ചുരുക്ക പേരാണ് LHB. 2000 ൽ ജർമനിയിൽ നിന്നും 24 കോച്ചുകൾ ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഭൂരിഭാഗവും എ.സി കോച്ചുകൾ ആയിരുന്നു. ന്യുഡൽഹി – ലക്‌നൗ ശതാബ്‌ദി എക്സ്പ്രസ് കോച്ചുകൾ ആയിട്ടാണ് LHB ട്രയൽ റൺ നടത്തിയത്.
പിന്നീട് ജർമ്മൻ കമ്പനി ടെക്‌നോളജി ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറുകയും കപൂർത്തയിലെ ആർ സി എഫ് കോച്ച് ഫാക്റ്ററി കോച്ചുകൾ നിർമിച്ചു തുടങ്ങി. ആദ്യ സർവിസ് 2003 ൽ ഡൽഹി മുംബൈ രാജധാനി ആയിരുന്നു. തുടർന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയും റായ്‌ബറേലി മോഡേൺ കോച്ച് ഫാക്ടറിയും കോച്ചുകൾ നിർമിച്ചു തുടങ്ങി.
രാജധാനി, ശതാബ്‌ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ ആണ് ഇത് പ്രധാനമായും ഉപയോഗിച്ച് തുടങ്ങിയത്. കേരളത്തിന് ആദ്യമായി കോച്ചുകൾ ലഭിച്ചത് 2011 ൽ ന്യു ഡൽഹി തിരുവനന്തപുരം രാജധാനിയുടെ രൂപത്തിൽ ആയിരുന്നു. ഈ കോച്ചുകൾ 160 – 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതാണ്.180 വരെ ടെസ്റ്റ് റൺ നടത്തിയിട്ടുണ്ട്. പഴയ കോച്ചുകൾ 110 ആയിരുന്നു പരമാവധി വേഗത.
പഴയ കോച്ചുകളിൽ 72 സ്ലീപ്പർ ബെർത്ത് മാത്രം ഉളളപ്പോൾ പുതിയ കോച്ചുകളിൽ 80 ബെർത്ത് ഉണ്ട്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അത് മൂലം സാധിക്കുന്നു. ആന്റി ടെലിസ്കോപ്പിക് ഫീച്ചർ ഉള്ള ഈ കോച്ചുകൾ അപകടം ഉണ്ടായാൽ ഒന്നിന് മുകളിൽ കയറില്ല എന്ന പ്രത്യേകതയും ഉണ്ട്.
സ്റ്റെയിൻലെസ്സ് സ്റ്റീലിൽ ഉണ്ടാക്കിയിരിക്കുന്ന കോച്ചുകളുടെ ഇന്റീരിയർ അലുമിനിയം ആണ്. പഴയ കോച്ചുകൾ മൈൽഡ് സ്റ്റീൽ ആണ് ഉപയോഗിച്ചിരുന്നത്. അത് മൂലം പെട്ടെന്ന് തുരുമ്പു എടുക്കുമായിരുന്നു. അത്യാധുനിക ഡിസ്ക് ബ്രെക്ക് സിസ്റ്റം, 60 ഡെസിബെൽ മാത്രം ശബ്ദം, മൈക്രോ പ്രോസസ്സർ നിയന്ത്രിക്കുന്ന എയർ കണ്ടീഷണർ എന്നിവ ഈ കോച്ചുകളുടെ പ്രത്യേകതയാണ്.
ഇന്ത്യൻ റയിൽവേയുടെ തീരുമാനപ്രകാരം 2018 ജനുവരി മുതൽ പഴയ ICF കോച്ച് നിർമാണം അവസാനിപ്പിച്ചു. ഇനിയിറങ്ങുന്ന കോച്ചുകൾ എല്ലാം LHB കോച്ചുകൾ ആയിരിക്കും.
നിലവിൽ LHB കോച്ചുകൾ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകൾ രാജധാനി, ശതാബ്‌ദി, ഹംസഫർ, ഉദയ് ഡബിൾ ഡെക്കർ , തുരന്തോ, അന്ത്യോദയ എന്നിവയാണ്. 2011 ൽ തിരുവനന്തപുരം രാജധാനിക്ക് കോച്ചുകൾ ലഭിച്ചതിനു ശേഷം കേരളത്തിന് പിന്നീട് ലഭിക്കുന്നത് 2017 ൽ ചെന്നൈ മെയിലിനു ആണ്. തുടർന്ന് കൂടുതൽ വണ്ടികൾ LHB കോച്ചുകൾ ആയി അപ്ഗ്രേഡ് ചെയ്തു കൊണ്ടിരിക്കുന്നു.
കേരളത്തിൽ നിലവിൽ LHB കോച്ചുകൾ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകൾ ഇനി പറയുന്നവയാണ്. തിരുവനന്തപുരം – ന്യു ഡൽഹി രാജധാനി – 12431 / 12432, തിരുവനന്തപുരം – ന്യു ഡൽഹി കേരള എക്സ്പ്രസ് – 12625 / 12626, തിരുവനന്തപുരം – ചെന്നൈ മെയിൽ – 12624 / 12623, കൊച്ചുവേളി – ബാനസ്വാടി ഹംസഫർ – 16320 / 16319, കൊച്ചുവേളി – ബാംഗ്ലൂർ എക്സ്പ്രസ് – 16316 / 16315, കന്യാകുമാരി – ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ് – 16525 / 16526, കണ്ണൂർ – യെശ്വന്തപുർ എക്സ്പ്രസ് – 16528 / 16527, കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് – 16355 / 16356, എറണാകുളം – ഹൗറ അന്ത്യോദയ എക്സ്പ്രസ് – 22878 / 22877, എറണാകുളം ഹാത്തിയ ധർത്തി ആഭ എക്സ്പ്രസ് – 22838 / 22837, മംഗളൂരു – ചെന്നൈ എക്സ്പ്രസ് – 12686 – 12685, തിരുവനന്തപുരം – വെരാവൽ എക്സ്പ്രസ് – 16334 – 16333, തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസ് – 12698 / 12697, എറണാകുളം – ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ് – 12224 / 12223, എറണാകുളം – ഹസ്രത്ത് നിസാമുദിൻ തുരന്തോ എക്സ്പ്രസ് – 12283 / 12284.
അടുത്തതായി അപ്ഗ്രഡ് ചെയ്യാൻ പോകുന്നത് നേത്രാവതി എക്സ്പ്രസ് ആയിരിക്കും. ആവശ്യമുള്ള കോച്ചുകൾ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇത് കൂടാതെ ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ്സും LHB ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ചവയാണ്. കേരളത്തിൽ ഈ വണ്ടികൾ ഇല്ല. ബാംഗ്ലൂർ – കോയമ്പത്തൂർ റൂട്ടിലാണ് ഇത് ഓടുന്നത്. എ സി ചെയർ കാർ കോച്ചുകളാണ് ഈ വണ്ടികളിൽ ഉള്ളത്.