ശ്രീലങ്കയിലെ മൂന്നാമത്തെ ദിവസത്തെ ആദ്യ യാത്ര സിഗിരിയ എന്ന സ്ഥലത്തേക്ക് ആയിരുന്നു. സിഗിരിയയെക്കുറിച്ച് പറയുകയാണെങ്കിൽ, ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ് സിഗരിയ. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇത് 400-ഓളം മീറ്റർ ഉയരമുള്ള ഒരു കൂറ്റൻ പാറക്കു മുകളിൽ നാലേക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന രാജകൊട്ടരത്തിന്റേയും ബുദ്ധവിഹാരത്തിന്റേയും ചരിത്രാവശിഷ്ടങ്ങളാണ്. ഏറെ സാങ്കേതിക മികവു കാട്ടുന്ന പ്രകൃതി ജലസംഭരണ സംവിധാനങ്ങളും, ഇന്ത്യയിലെ അജന്തയിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ചുവർചിത്രങ്ങളും ചേർന്ന ഈ ചരിത്രാവശിഷ്ടം ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.
ഞങ്ങൾ സിഗിരിയയിൽ എത്തിയയുടനെ ആദ്യം പോയത് അവിടത്തെ മ്യൂസിയത്തിലേക്ക് ആയിരുന്നു. ഇന്ത്യക്കാർക്ക് ഏകദേശം 1000 ഇന്ത്യൻ രൂപയായിരുന്നു അവിടേക്കുള്ള പ്രവേശന പാസിന്റെ ചാർജ്ജ്. സിഗിരിയയെക്കുറിച്ചുള്ള വിശദമായ മാപ്പ് അടക്കമുള്ള വിവരങ്ങൾ അവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായിട്ടുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് സിഗിരിയ. ഞങ്ങൾ ചെല്ലുന്ന സമയത്ത് വലിയ തിരക്കുകളൊന്നും അനുഭവപ്പെട്ടില്ല.
സിഗിരിയയിലെ പാറയിലേക്ക് സഞ്ചാരികൾ നടന്നു തന്നെ ചെല്ലേണ്ടതായുണ്ട്. അവിടേക്ക് പോകുന്ന വഴിയിൽ ധാരാളം കാഴ്ചകളും വിശാലമായി പരന്നു കിടക്കുന്ന സ്ഥലങ്ങളുമൊക്കെ കാണുവാൻ സാധിക്കും. തിരക്കില്ലാത്ത സമയമായിരുന്നതിനാൽ അവിടെയെല്ലാം ശാന്തമായി വന്നിരിക്കുവാൻ സാധിക്കും. പലയിടങ്ങളിലും പഴയ നിർമ്മിതിയുടെ അവശിഷ്ടങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. ഇവയെല്ലാം നിർമ്മിച്ചത് കശ്യപ രാജാവിന്റെ കാലത്താണെന്നാണ് പറയപ്പെടുന്നത്.
ഏക്കറുകളായി പരന്നു കിടക്കുന്ന ആ സ്ഥലങ്ങളിൽ പലയിടത്തും വെള്ളം സംഭരിക്കുന്നതിനായുള്ള പലതരത്തിലുള്ള വലിയ കുളങ്ങൾ കാണുവാൻ സാധിക്കും. ഒരു കിലോമീറ്റർ ചുറ്റളവിൽ അഞ്ചോളം ഇത്തരം കുളങ്ങൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. അതിലൂടെ നടക്കുന്നതിനിടയിൽ കുറച്ചു ദൂരെയായി തലയുയർത്തി നിൽക്കുന്ന ആ പ്രശസ്തമായ പാറയുടെ ദൃശ്യം ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞു വന്നു. അവിടെ വരെ നടന്നിട്ട്, പാറയിലേക്ക് നടന്നു തന്നെ കയറണം. പോകുന്ന വഴിയിൽ ആ സ്ഥലത്തിൻ്റെ ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് അവ വായിച്ചു മനസ്സിലാക്കാവുന്നതാണ്.
നടന്നു നടന്ന് ആ കൂറ്റൻ പാറയുടെ താഴ്വാരത്തേക്ക് അടുത്തപ്പോഴേക്കും ശ്വേത ക്ഷീണിച്ചു പോയിരുന്നു. ഞങ്ങൾക്ക് മുന്നിൽ വഴികാട്ടിയായി ‘ഡ്രൈവർ കം ഗൈഡ്’ ആയ ജനക നടക്കുന്നുണ്ടായിരുന്നു. പാറയുടെ താഴ്‌വരയിൽ ചെന്ന് കുറച്ചു സമയം വിശ്രമിച്ചിട്ട് ഞങ്ങൾ പതിയെ മുകളിലേക്ക് കയറുവാൻ ആരംഭിച്ചു. പോകുന്ന വഴിയിൽ ചിലയിടങ്ങളിൽ ചെറിയ ഗുഹകൾ കാണുവാൻ സാധിക്കും. ഒറ്റയടിക്ക് കുത്തനെയുള്ള കയറ്റം അല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് ആശ്വാസത്തോടെ കയറുവാൻ സാധിക്കുകയുണ്ടായി. എന്നാൽ കുറച്ചങ്ങോട്ടു ചെന്നു കഴിഞ്ഞപ്പോഴേക്കും കുത്തനെയുള്ള കയറ്റം ആരംഭിച്ചു.
അങ്ങനെ കയറിക്കയറി ഞങ്ങൾ പാറയുടെ ഏതാണ്ട് പകുതിയോളമായി. അവിടെ നിന്നുള്ള വ്യൂ അതിമനോഹരം തന്നെയായിരുന്നു. കുറച്ചു കൂടി കയറിക്കഴിയുമ്പോൾ നമ്മൾ താഴെ നിന്നും എടുത്ത ടിക്കറ്റ് അവിടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതായുണ്ട്. കുത്തനെയുള്ള കയറ്റം ആയിരുന്നതിനാൽ ഞങ്ങൾ ചിലയിടങ്ങളിൽ നന്നായി കഷ്ടപ്പെടേണ്ടി വന്നു. ഏറ്റവും മുകളിൽ എത്തുന്നതിനു മുൻപായി ശ്വേത ‘ഇനി കയറുവാനില്ല’ എന്നു പറഞ്ഞുകൊണ്ട് അവിടെ വിശ്രമിച്ചു. അങ്ങനെ ഞാൻ ഒറ്റയ്ക്ക് പാറയുടെ ഏറ്റവും മുകൾ ഭാഗത്തേക്ക് കയറി.
പാറയുടെ മുകളിലെത്തിയപ്പോഴേക്കും ഞാനും കിതച്ചു പോയിരുന്നു. ശ്വേത വരാതിരുന്നത് നന്നായി എന്ന് എനിക്ക് അപ്പോൾ തോന്നി. മുകളിൽ നിന്നുള്ള 360 ഡിഗ്രി കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ അതിമനോഹരമായിരുന്നു. ഇന്ത്യക്കാരായ സഞ്ചാരികളെയൊന്നും അവിടെ അങ്ങനെ കാണുവാൻ സാധിച്ചിരുന്നില്ല. കൂടുതലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ ആയിരുന്നു അവിടെയെല്ലാം. അവിടത്തെ തണുത്ത കാറ്റേറ്റുകൊണ്ട് കുറേനേരം ഞാൻ ആ മലമുകളിൽ നിന്നു.
കുറച്ചുനേരം അവിടെ ചെലവഴിച്ചതിനു ശേഷം ഞാൻ തിരികെയിറങ്ങുവാൻ തുടങ്ങി. കയറുന്നതിനേക്കാൾ അൽപ്പം ബുദ്ധിമുട്ടായിരുന്നു ഇറക്കം. അങ്ങനെ ഒടുവിൽ ഞങ്ങൾ ആ വലിയ പാറയിൽ നിന്നും വന്ന വഴിയെ തന്നെ താഴേക്ക് എത്തിച്ചേർന്നു. ശ്രീലങ്കയിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് സിഗിരിയ എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.
സിഗിരിയയിൽ നിന്നും ഞങ്ങൾ പിന്നീട് പോയത് കാൻഡി എന്ന സ്ഥലത്തേക്ക് ആയിരുന്നു. അവിടെ ഒരു ഹോട്ടലിൽ ഞങ്ങൾക്ക് താമസ സൗകര്യം ഏർപ്പാടാക്കിയിരുന്നു. സിഗിരിയയിലെ കയറ്റം കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്തതിനാൽ ഞങ്ങൾ അന്ന് വല്ലാതെ ക്ഷീണിതരായിരുന്നു. അതുകൊണ്ട് അന്നത്തെ ദിവസം പിന്നീട് ഹോട്ടലിൽത്തന്നെ ചെലവഴിച്ചു റെസ്റ്റ് എടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ഹോട്ടലിൽ ഞങ്ങളുടെ റൂമിലെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ച മനോഹരമായിരുന്നു. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഹോട്ടലിലെ മനോഹരമായ സ്വിമ്മിംഗ് പൂളിൽ ഞങ്ങൾ ഇറങ്ങിക്കുളിച്ചു. എന്തായാലും ഇനി ഇന്നത്തെ ദിവസം ഫുൾ റെസ്റ്റ് തന്നെ. ബാക്കി കാരകഃവും വിശേഷങ്ങളുമെല്ലാം അടുത്ത എപ്പിസോഡിൽ കാണാം.