ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമുള്ള ബസ് റൂട്ട് ഏതെന്നറിയാമോ?

ബസ്സുകളിൽ സഞ്ചരിച്ചിട്ടുള്ളവരാണ് നമ്മളെല്ലാവരും തന്നെ. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എവിടെ പോകുവാനും ബസ്സുകൾ മാത്രമാണ് ശരണം. പക്ഷെ എത്ര സമയം ഒരു ബസ്സിൽ നാം സഞ്ചരിച്ചിട്ടുണ്ട്? കൂടി വന്നാൽ 10 -15 മണിക്കൂറുകൾ ആയിരിക്കും ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ സമയം ബസ് യാത്ര ചെയ്തിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരമുള്ള സർവ്വീസ് തിരുവനന്തപുരം – കൊല്ലൂർ മൂകാംബികയാണ്. അപ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമുള്ള ബസ് റൂട്ട് ഏതാണെന്നു അറിയാമോ?

കൂടുതൽ ആലോചിച്ചു വിഷമിക്കേണ്ട, ബെംഗളൂരുവിൽ നിന്നും രാജസ്ഥാനിലെ ജോധ്പൂരിലേക്ക് ആണ് ഇന്ത്യയിലെ നിലവിലുള്ള ഏറ്റവും കൂടുതൽ ദൂരമുള്ള ബസ് റൂട്ട്. ഏകദേശം 2000 കിലോമീറ്ററിനടുത്ത് ദൂരമാണ് ബെംഗളൂരുവിൽ നിന്നും ജോധ്പൂരിലേക്ക് ബസ് സഞ്ചരിക്കുന്നത്. ഇതിനായി ശരാശരി 36 -38 മണിക്കൂറുകളോളം എടുക്കും. പറഞ്ഞു വരുമ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും ദൂരമുള്ള ബസ് റൂട്ടുകളിൽ ഒന്നാണിത്.

SRS ട്രാവൽസ്, VRL ട്രാവൽസ്, ജക്കാർ ട്രാവൽസ്, എം.ആർ. ട്രാവൽസ് തുടങ്ങിയ പ്രൈവറ്റ് ഓപ്പറേറ്റർമാരാണ് ഈ റൂട്ടിൽ സർവ്വീസുകൾ നടത്തുന്നത്. ഏകദേശം 2000 – 2500 രൂപയോളം വരും ഈ റൂട്ടിലെ ഒരു ഫുൾ ടിക്കറ്റിന്. സീസൺ അനുസരിച്ച് ഇതിൽ മാറ്റങ്ങളും ഉണ്ടാകും. മെഴ്‌സിഡസ്, സ്‌കാനിയ, വോൾവോ തുടങ്ങിയ ലക്ഷ്വറി ബസ്സുകളാണ് ഈ റൂട്ടിൽ ഓടുന്നത്.

മൊത്തത്തിൽ നാല് സംസ്ഥാനങ്ങളിലൂടെയാണ് ഈ ബസ്സുകൾ സഞ്ചരിക്കുന്നത്. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് അവ. നിലവിൽ ഈ സർവീസുകളിൽ രണ്ടു ഡ്രൈവർമാർ ഉണ്ടായിരിക്കും. ഒരാൾ ക്ഷീണിക്കുമ്പോൾ അടുത്തയാൾ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കും.

കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? നമ്മളൊക്കെ എറണാകുളത്തു നിന്നും കോയമ്പത്തൂർ വരെ പോകുമ്പോൾത്തന്നെ മതിയാകും. അപ്പോഴാണ് 36 മണിക്കൂർ… പക്ഷേ ഒരു കാര്യം കൂടിയുണ്ട്. നാല് സംസ്ഥാനങ്ങളുടെ വ്യത്യസ്തമായ കാഴ്ചകളൊക്കെ ആസ്വദിച്ചുകൊണ്ടങ്ങു പോകുകയാണെങ്കിൽ ഈ യാത്ര ഏതൊരാൾക്കും അടിപൊളിയാക്കാം. പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കുവാനായി ധാബകളിലും മറ്റും കയറി വ്യത്യസ്തമായ വിഭവങ്ങൾ രുചിക്കുകയും ചെയ്യാം.

അതുപോലെ തന്നെ യാത്രയ്ക്കിടയിൽ ബസ് ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ കേട്ടുകൊണ്ട് പുതിയ ചില സുഹൃത് ബന്ധങ്ങളും സ്ഥാപിക്കാം. വിവിധ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ മുഖേന ഈ റൂട്ടിലെ ബസുകളിൽ സീറ്റ് റിസർവ്വ് ചെയ്യുവാൻ സാധിക്കും. അപ്പോൾ എങ്ങനെയാ, ഈ റൂട്ടിൽ ഒരു കിടിലൻ ബസ് ട്രിപ്പിന് താല്പര്യമുണ്ടോ?