എഴുത്ത് – ടിജോ ജോയ്.
വളരെ യാദൃച്ഛികമായാണ് നാഷണൽ ജിയോഗ്രഫിയില്‍ Warlords Of Ivory എന്നൊരു ഫീച്ചർ കാണാനിടയായത്. രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആ ഫീച്ചറില്‍ നിന്നാണ് ഉഗാണ്ടയിലെ LRA യെ കുറിച്ചും ജോസഫ് കോനിയെ കുറിച്ചും അറിഞ്ഞത്. കൂടുതൽ അറിയാനുള്ള ആകാംക്ഷ അന്നത്തെ ഉറക്കം കെടുത്തി. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ വിക്കിപീഡിയയിലും യുട്യൂബിലും മറ്റു പല സെെറ്റുകളില്‍ നിന്നും ചില അറിവുകൾ ഈ വിഷയത്തില്‍ നേടാനായി. അതിശയകരവും ഭീകരവുമായ ആ വിവരങ്ങൾ അറിയാൻ താത്പര്യം ഉള്ളവർ തുടർന്ന് വായിക്കുക.
LRA എന്നാൽ Lords Resistance Army എന്നതിന്റെ ചുരുക്കപേരാണ്. ‘ദെെവത്തിന്റെ പ്രതിരോധഭടന്‍മാര്‍’ എന്നൊക്കെ വിവര്‍ത്തനം ചെയ്യാവുന്ന ഈ ആര്‍മിയുടെ ഉത്ഭവം ആഫ്രിക്കയിലെ ഉഗാണ്ടയിലാണ്. 1962 ല്‍ സ്വാതന്ത്ര്യം നേടിയ ഉഗാണ്ടയില്‍ പിന്നീടങ്ങോട്ട് നിലനിന്ന അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ ‘മുസെവെനി’യുടെ നേത്വതൃത്തിലുള്ള NRA (National Resistance Army) എന്ന റിബല്‍ സംഘം ഉഗാണ്ടയുടെ ഭരണം പിടിച്ചെടുത്തു. അന്നുവരെ നിലവിലുണ്ടായിരുന്ന മറ്റുപല റിബല്‍ ഗ്രൂപ്പുകളും ഇതോടെ NRA യില്‍ ചേർന്നു.
എന്നാൽ ആലീസ് ലക്ക്വേനയുടെ നേതൃത്വത്തിൽ അകോലി എന്ന ഗോത്രവര്‍ഗ്ഗക്കാരുള്‍പ്പെടുന്ന സാധാരണക്കാരുടെ പ്രതിരോധസംഘം തങ്ങളുടെ കലഹം തുടർന്നുകൊണ്ടിരുന്നു. ആലീസ്, താന്‍ ദെെവത്തില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്ന ഒരു പ്രവാചക ആണെന്നാണ് സ്വയം പറഞ്ഞിരുന്നത്. വടിയും കല്ലും മാത്രമായിരുന്നു അവരുടെ ആയുധം. ഷീനട്ട് എന്നൊരു കടലയുടെ എണ്ണ ദേഹത്ത് പുരട്ടിയാല്‍ ബുള്ളറ്റുകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് അവർ തന്റെ അനുയായികളെ ഉപദേശിച്ചു.
ഇതേ സമയത്താണ് സമാനചിന്താഗതിക്കാരനായ ജോസഫ് കോനി തന്റെ സംഘത്തെയും കൂട്ടി ആലീസിനോട് ചേർന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത്. എന്നാൽ ആക്രമണസ്വഭാവമുള്ള കോനിയുടെ സംഘത്തെ ആലീസ് ഒഴിവാക്കി. പിന്നീട് 1988 ല്‍ ആലീസിന്റെ സംഘം മുസെവനിയോട് പരാജയപ്പെടുകയും ആലീസ് തന്റെ ദൗത്യം ഉപേക്ഷിച്ച് കെനിയയിലേക്ക് പലായനം ചെയ്യുകയും ചെയ്തു..
കോനി ഈ അവസരം നന്നായി ഉപയോഗിച്ചു. ആലീസിന്റെ സംഘത്തിൽ അവശേഷിച്ചവരെ കോനി തന്റെ കൂടെ കൂട്ടി. അതോടെയാണ് ആ സംഘത്തിന് LRA എന്ന പേര് നല്‍കിയത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ഒരു ദെെവിക പരിവേഷമാണ് കോനി തന്റെ റിബല്‍ സംഘത്തിന് നല്‍കിയത്.
ആലീസിനെപോലെതന്നെ താനും ദെെവത്തില്‍ നിന്ന് സന്ദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രവാചകനാണെന്നാണ് കോനിയും പറഞ്ഞിരുന്നത്. വെടിയുണ്ട ഏറ്റാലും കോനി മരിക്കില്ലെന്ന് അയാളുടെ അടുത്ത അനുയായികൾ വിശ്വസിക്കുന്നു. LRA യുടെ ലോഗോയില്‍ ദെെവത്തിന്റെ പത്തു കല്പനകളുടെ ഫലകം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റേത് ഒരു റിബല്‍ ഗ്രൂപ്പല്ലെന്നും ഉഗാണ്ടയില്‍ സമ്പൂര്‍ണ്ണജനാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് താങ്കളെന്നുമാണ് കോനി അവകാശപ്പെടുന്നത്. എന്നാൽ കോനിയുടെ പ്രവര്‍ത്തികള്‍ ആ പ്രസ്താവനുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ NRA ഗവണ്‍മെന്റ് വളരെ ശക്തമായി കോനിക്കെതിരെ തിരിഞ്ഞു. പക്ഷേ LRA അതിനെ തടയുന്നതില്‍ വിജയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് നടത്തിയ സന്ധിസംഭാഷണവും പരാജയപ്പെട്ടതോടെ ശത്രുത മൂര്‍ച്ചിച്ചു. അവിടെ നിന്നാണ് LRA അതിന്റെ തനിരൂപം വെളിവാക്കാന്‍ തുടങ്ങിയത്. അയല്‍രാജ്യങ്ങളായ കോംഗോയിലും സുഡാനിലും വരെ LRA വേരുകൾ സ്ഥാപിച്ചു.
ആഫ്രിക്കയിലേക്കും വച്ച് വലുതെന്ന് വിശേഷിപ്പിക്കാവുന്ന കോംഗോയിലെ ഗരമ്പ നാഷനൽ പാര്‍ക്കിലെ വന്യമൃഗങ്ങളെ അവർ വേട്ടയാടാന്‍ തുടങ്ങി. ആനകളായിരുന്നു പ്രധാന ഇരകൾ. ആനകളെ കൊന്ന് അവയുടെ കൊമ്പ് മുറിച്ച് അത് സുഡാൻ ഗവണ്‍മെന്റിന് കെെമാറി. അതിനു പകരമായി സുഡാൻ ഗവണ്‍മെന്റ് അവർക്ക് ആയുധങ്ങളും സെെനികപിന്‍ബലവും നല്‍കിപോന്നു. അതോടെ LRA ഒരു വലിയ ശക്തിയായി. ഗരമ്പ പാര്‍ക്കില്‍ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം ആനകൾ ഓരോ വര്‍ഷം ചെല്ലുംതോറും പത്തു ശതമാനം എന്ന നിരക്കിൽ അപ്രത്യക്ഷമായികൊണ്ടിരുന്നു.
അംഗബലം വര്‍ധിപ്പിക്കുന്നതിനും സിവിലിയസിനെ തങ്ങളുടെ കൂടെ നിര്‍ത്തുന്നതിനും വേണ്ടി വലിയ തോതിൽ അവർ അക്രമങ്ങള്‍ അഴിച്ചുവിട്ടു. 1996 ല്‍ അട്യാക് ഗ്രാമത്തിലെ സ്കൂളില്‍ നിന്നും 160 പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി ലെെംഗിക അടിമകളാക്കി. ആണ്‍കുട്ടികളെ ഭയപ്പെടുത്തി സംഘത്തിലെ അംഗങ്ങളാക്കി ആയുധപരിശീലനം നല്‍കി.
2002 ല്‍ UPDF (Uganda Peoples Defense Force) എന്ന് പേര് മാറ്റിയ പഴയ NRA ‘ഓപ്പറേഷന്‍ അയണ്‍’ എന്ന പേരിൽ LRA ക്കെതിരെ രംഗത്ത് വന്നു. അതിനെതിരെ കോനിയുടെ പ്രതികരണം വളരെ വേദനിപ്പിക്കുന്നതായിരുന്നു. വടക്കേ ഉഗാണ്ടയിലും തെക്കേ സുഡാനിലുമുണ്ടായിരുന്ന സിവിലിയൻ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആക്രമിച്ചു ഒരുപാട് പേരെ വധിച്ചു. 2004 ല്‍ മാര്‍പ്പാപ്പ ജോൺ പോൾ രണ്ടാമനും, കാര്‍ട്ടര്‍ സെന്റർ എന്ന സംഘനയും ചേർന്ന് നടത്തിയ സമാധാനശ്രമത്തിന് കോനി ഒരു വിലയും നല്‍കിയില്ല.
തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ഉഗാണ്ട ഗവണ്‍മെന്റ് LRA യുമായി ഒരു ധാരണകരാറില്‍ ഒപ്പുവച്ചു. ഇനി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകില്ലെന്നും LRA സംഘം ഉഗാണ്ട വിട്ടുപോകണമെന്നുമായിരുന്നു ധാരണ. അതംഗീകരിച്ച കോനിയും സംഘവും ഉഗാണ്ട വിട്ട് ഗരമ്പ പാര്‍ക്കിന്റെ പുറംപ്രദേശങ്ങളില്‍ തമ്പടിച്ചു. അവിടത്തെ സിവിലിയൻസിന്റെ ജീവിതക്രമം താളം തെറ്റിച്ച LRA ക്കുമേല്‍ 2008ന്റെ അവസാനത്തോടെ ഉഗാണ്ടന്‍, കോംഗോ, സുഡാൻ ഗവണ്‍മെന്റുകള്‍ ചേർന്ന മിലറ്ററിസംഘം ആക്രമണം അഴിച്ചുവിട്ടു.
2009 മാര്‍ച്ച് വരെ നീണ്ടുനിന്ന ആ പോരാട്ടത്തിനൊടുവില്‍ LRA യെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ അവര്‍ക്കായില്ല. സുഡാൻ ഗവണ്‍മെന്റിലെ പഴയ ഉദ്യോഗസ്ഥര്‍ പലരും കോനിക്ക് വേണ്ടിയാണ് ആ പോരാട്ടത്തില്‍ നിലകൊണ്ടതെന്ന ആരോപണമുണ്ടായി. ശേഷം അമേരിക്കൻ സഹായത്തോടെ നടത്തിയ ഓപ്പറേഷന് മറുപടിയായി LRA ആയിരത്തോളം കോംഗോ നിവാസികളുടെ ജീവനെടുത്തു.
അവിടന്നങ്ങോട്ട് അവർ തട്ടികൊണ്ടുപോയ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും, വധിച്ചു കളഞ്ഞ ആളുകൾക്കും, ആക്രമിക്കപ്പെട്ട പള്ളികള്‍ക്കും, വന്യമൃഗങ്ങള്‍ക്കും കണക്കില്ല. ആളുകളുടെ ചുണ്ടും, മൂക്കും, ചെവിയും മുറിച്ചു കളയുന്നത് കോനിക്ക് ഒരു വിനോദമായിരുന്നു. 2012 ല്‍ നാലു ആഫ്രിക്കന്‍ രാജ്യങ്ങൾ ചേർന്ന് രൂപികരിച്ച സെെന്യം കോനിയുടെ LRA യെ മുഴുവനായും തകര്‍ക്കാന്‍ മറ്റു ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. പക്ഷെ അതേ വര്‍ഷം LRA പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു.
ഏകദേശം 60 ഭാര്യമാരും 46 മക്കളും കോനിക്കുണ്ടായിരുന്നു എന്നാണ് നിഗമനം. 66000 കുട്ടികളെ തട്ടികൊണ്ടുപോകുകയും അത്രയും തന്നെ കൊലപാതകങ്ങളും നടത്തിയ കോനിയുടെ LRA യെ അമേരിക്ക ടെററിസ്റ്റ് ഗ്രൂപ്പായി പ്രഖ്യാപിക്കുകയും കോനിക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ ആഫ്രിക്കൻ മിലിറ്ററികളുമായി സഹകരിച്ച് നടത്തിവരികയും ചെയ്തു. എന്നാൽ കോനിയെ പിടികൂടാൻ ഇനിയും ആയിട്ടില്ല. 2013 ല്‍ കോനി ശാരീരികമായി അവശനായെന്നും കീഴടങ്ങാനായുള്ള സന്നദ്ധത പ്രകടിപ്പിച്ചുവെന്നും അന്നത്തെ കോംഗോ പ്രസിഡന്റ് അറിയിച്ചു. പക്ഷേ പിന്നീടൊന്നും സംഭവിച്ചില്ല.
2017 ല്‍ അമേരിക്കയും ആഫ്രിക്കന്‍ മിലിറ്ററിയും സംയുക്തമായി നടത്തിവന്ന ‘കോനി വേട്ട’ നിര്‍ത്തിയതായി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി കോനിയുടെ ഭാഗത്ത് നിന്നും പ്രകോപനപരമായി ഒന്നും സംഭവിക്കാഞ്ഞതിനാലാണ് ഇങ്ങനൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു അവരുടെ നിലപാട്. കോനി മരിച്ചു പോയിരിക്കാം എന്ന് ഏതാണ്ട് ഉറപ്പിച്ചതുകൊണ്ടാണ് ഓപ്പറേഷന്‍ നിര്‍ത്തിയതെന്നും പറയപ്പെടുന്നു. എന്നാൽ മധ്യസുഡാനില്‍ എവിടെയോ തന്റെ നൂറോളം വരുന്ന അനുയായികളോടൊത്ത് കോനി സുഖജീവിതം നയിക്കുന്നു എന്നൊരു വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.
ഇത്രയും ഒന്നുമല്ല കോനി എന്ന ഭീകരമനുഷ്യന്റെ ചെയ്തികള്‍. മനുഷ്യമനസാക്ഷിക്ക് ദഹിക്കാനാവുന്നതിന് അപ്പുറം ഒരുപാട് ചെയ്തുകൂട്ടിയിട്ടുണ്ട് അയാൾ. ശേഖരിച്ച അറിവുകളുടെ പ്രധാന കാര്യങ്ങൾ മാത്രമാണ് ഇവിടെ പങ്കുവച്ചത്. ഇനിയും അറിയണമെന്നുള്ളവര്‍ LRA, Joseph Kony എന്നീ കീവേഡുകള്‍ ഉപയോഗിച്ച് ഗൂഗിളിൽ പരതിയാല്‍ ഇനിയുമൊരുപാട് കഥകൾ കാണാം!!