വണ്ടിയുടെ RC ബുക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? എങ്ങനെ ഡ്യൂപ്ലിക്കേറ്റ് എടുക്കാം?

ഒരു വാഹനത്തിന്റെ ഉടമസ്ഥതയും രജിസ്‌ട്രേഷനും തെളിയിക്കുന്ന ഒരു രേഖയാണ് ആർസി ബുക്ക്. യാത്രയ്ക്കിടയിൽ പോലീസ് ചെക്കിംഗോ മറ്റോ ഉണ്ടെങ്കിൽ നമ്മൾ നമ്മുടെ വണ്ടിയുടെ ആർസി ബുക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എന്നാൽ ഈ ആർസി ബുക്ക് നഷ്ടപ്പെട്ടാലോ? കുറച്ചു നാൾ മുൻപ് എനിക്കൊരു അനുഭവമുണ്ടായി. അതിൽ നിന്നും ഉൾക്കൊണ്ട വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കുന്നത്. ഇനി കാര്യത്തിലേക്ക് കടക്കാം.

രണ്ടു മാസം മുൻപാണ് സംഭവം. ഞാൻ ബെംഗളൂരുവിലുള്ള സുഹൃത്ത് വിപിനെയും കൊണ്ട് ബെംഗളൂരുവിൽ നിന്നും എൻ്റെ സ്വന്തം വാഹനമായ ഫോർഡ് ഇക്കോസ്പോർട്ടുമായി വരികയായിരുന്നു. പാലക്കാട് – തമിഴ്‌നാട് അതിർത്തിയിലുള്ള ആനക്കട്ടിയിൽ എത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിഞ്ഞത്. എൻ്റെ വണ്ടിയുടെ ആർസി ബുക്ക് കാണുവാനില്ല. ബാഗിലും വണ്ടിയിലും എല്ലാം നോക്കി. രക്ഷയില്ല. ഉടനെ വീട്ടിലേക്ക് വിളിച്ചു അവരെക്കൊണ്ട് വീട്ടിലാകെ തിരയിപ്പിച്ചു. എന്നിട്ടും നോ രക്ഷ. പണി പാളിയെന്നു മനസ്സിലായി. ബെംഗളൂരു പോലുള്ള സ്ഥലത്തു നിന്നും ആർസി ബുക്ക് കയ്യിലില്ലാതെ ഇവിടെവരെ വണ്ടിയോടിച്ച് വന്ന കാര്യം ഒന്നോർക്കണേ. എവിടെയെങ്കിലും ചെക്കിംഗ് ഉണ്ടായിരുന്നെങ്കിൽ എട്ടിന്റെ പണി തന്നെ കിട്ടിയേനെ.

അങ്ങനെയിരിക്കെയാണ് മോട്ടോർ വാഹനവകുപ്പിൽ ജോലിചെയ്യുന്ന പരിചയമുള്ള ഒരു സുഹൃത്തിനെ ഞാൻ വിളിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് ആർസി ബുക്കിനായി അപേക്ഷിക്കുവാനാണ് അദ്ദേഹം എന്നോട് നിർദ്ദേശിച്ചത്. പിന്നീട് അങ്ങോട്ട് അതിനായുള്ള ഓട്ടമായിരുന്നു. നമ്മുടെ ആർടി ഓഫീസ് ഏതാണോ അവിടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ആദ്യം നമ്മൾ ചെയ്യേണ്ടത് ഏതെങ്കിലും മലയാളം ദിനപ്പത്രത്തിൽ ആർസി ബുക്ക് നഷ്ടപ്പെട്ടതായി കാണിച്ച് ഒരു പരസ്യം നൽകുക എന്നതാണ്. ഇതിനായി പത്രം ഏജന്റുമാരെ സമീപിച്ചാൽ അവർ സംഭവം ഭംഗിയായി ചെയ്തു തരും. മാതൃഭൂമി, മനോരമ പോലുള്ള വമ്പൻ പത്രങ്ങളിൽ കൊടുക്കുകയാണെങ്കിൽ നല്ല റേറ്റ് ആകുമെന്നതിനാൽ മംഗളം, വീക്ഷണം പോലുള്ള പത്രങ്ങളിൽ പരസ്യം ചെയ്യുന്നതായിരിക്കും നല്ലത്.

ഇതിനുശേഷം ഒരു നോട്ടറി വക്കീലിനെ സമീപിച്ച് കാര്യങ്ങൾ സൂചിപ്പിക്കുക. വിവരങ്ങളും നിശ്ചിത ഫീസും നൽകിയാൽ നിങ്ങൾക്ക് നോട്ടറി സർട്ടിഫിക്കറ്റ് ലഭിക്കും. പിന്നീട് പത്രപ്പരസ്യവും നോട്ടറി സർട്ടിഫിക്കറ്റും ആർസി ബുക്കിന്റെ കോപ്പിയും മറ്റു വിവരങ്ങളുമൊക്കെ വെച്ചുകൊണ്ട് ഒരു പരാതി എഴുതി നമ്മളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെല്ലുക. നമ്മുടെ വണ്ടിയ്ക്ക് ഫിനാൻസ് (ലോൺ) ഉണ്ടെങ്കിൽ എടുത്തിട്ടുള്ള ബാങ്കിൽ നിന്നും ഒരു ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ കൂടി വാങ്ങി ഈ രേഖകൾക്കൊപ്പം വെക്കേണ്ടതാണ്. ഈ കാര്യത്തിൽ പോലീസുകാരുടെ ഒരു എൻക്വയറി ഉണ്ടായിരിക്കും. ചിലപ്പോൾ മൂന്നോ നാലോ ദിവസം ഇതിനായി വേണ്ടി വന്നേക്കാം. ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും നമ്മൾ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ/കൗൺസിലർ ന്റെ ഒരു സാക്ഷ്യപത്രം കൂടി ആവശ്യപ്പെട്ടേക്കാം. എൻക്വയറിയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും നമുക്ക് ‘ലോസ്റ്റ് സർട്ടിഫിക്കറ്റ് എന്നൊരു രേഖ ലഭിക്കും.

ഇതെല്ലാം കഴിഞ്ഞശേഷം ഈ പറഞ്ഞിരിക്കുന്ന രേഖകൾ എല്ലാം ചേർത്ത് നമ്മുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ആർടി ഓഫീസിൽ ചെന്ന് ഡ്യൂപ്ലിക്കേറ്റ് ആർസി ബുക്കിനായി അപേക്ഷ നൽകണം. ഈ രേഖകളെല്ലാം അവർ പരിശോധിച്ച ശേഷം ജോയിൻ്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് നമ്മുടെ വണ്ടി ഇൻസ്‌പെക്ഷൻ നടത്തുവാൻ നിർദ്ദേശിക്കും. ആർടി ഓഫീസിൽ നിന്നും അറിയിക്കുന്ന ദിവസം പറഞ്ഞിരിക്കുന്ന സ്ഥലത്ത് നമ്മുടെ വണ്ടിയുമായി പരിശോധനയ്ക്ക് എത്തിച്ചേരുക. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വണ്ടിയെല്ലാം പരിശോധിച്ച ശേഷം എല്ലാം കറക്ടാണ് എന്നൊരു സാക്ഷ്യപത്രം ആർടിഒയ്ക്ക് നൽകും. വീണ്ടും ആർടി ഓഫീസിലെ നടപടിക്രമങ്ങൾക്ക് ശേഷം നമുക്ക് ഡ്യൂപ്ലിക്കേറ്റ് ആർസി ബുക്ക് ആർടി ഓഫീസിൽ നിന്നും ലഭ്യമാക്കും. ഇങ്ങനെ ലഭിക്കുന്ന ആർസി ബുക്കിൽ ‘ഡ്യൂപ്ലിക്കേറ്റ്‌’ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും.

കണ്ടില്ലേ ഒരൽപം ബുദ്ധിമുട്ടുള്ള ഒരു പരിപാടിയാണ് ഡ്യൂപ്ലിക്കേറ്റ് ആർസി ബുക്ക് കരസ്ഥമാക്കുക എന്നത്. അതുകൊണ്ട് നിങ്ങളുടെ വാഹനത്തിന്റെ ആർസി ബുക്ക് സൂക്ഷിച്ചു വെക്കുക. സംസ്ഥാനത്തിനു പുറത്തേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ നിർബന്ധമായും ഒറിജിനൽ ആർസി ബുക്കും മറ്റു രേഖകളും വാഹനത്തിൽ സൂക്ഷിക്കേണ്ടതാണ്.