എയർപോർട്ടുകൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് അടിപൊളി ടെർമിനലുകളും, വലിയ റൺവേയും, പരന്നുകിടക്കുന്ന സ്ഥലവും ഒക്കെയായിരിക്കും. എന്നാൽ ഈ വിശേഷണങ്ങൾക്കതീതമായി അപകടകരം എന്നു ചിന്തിപ്പിക്കുന്ന ചില എയർപോർട്ടുകളും ലോകത്തുണ്ട്.
അപകടകരമായവയിൽ ഏറ്റവും എടുത്തുപറയേണ്ട ഒരു എയർപോർട്ടാണ് നേപ്പാളിലെ ലുക്ല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ടെൻസിംഗ് ഹിലാരി എയർപോർട്ട്. ലുക്ല എയർപോർട്ട് എന്നും അറിയപ്പെടുന്ന ഈ എയർപോർട്ട് ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും പേടിപ്പിക്കുന്നതുമാണ്.
ഏകദേശം 9,500 അടി ഉയരത്തിൽ, വലിയ മലനിരകൾക്കിടയിലായാണ് ഈ എയർപോർട്ട് സ്ഥിതിചെയ്യുന്നത്. ടേബിള്‍ ടോപ് റണ്‍വേയുള്ള ഇവിടെ ലാന്‍ഡിംഗും ടേക്ക് ഓഫുമെല്ലാം ബുദ്ധിമുട്ടേറിയ കാര്യമാണ്. രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ മണ്ണിട്ട് നിറച്ച് നിരപ്പാക്കി ഉണ്ടാക്കുന്നവയാണ് ടേബിള്‍ ടോപ് റണ്‍വേകൾ. നമ്മുടെ കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ഇപ്രകാരമുള്ളതാണ്.
നേര്‍ത്ത വായു, റൺവേയുടെ നീളക്കുറവ്, പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടത് എന്നിവയൊക്കെ ഇവിടെ (ലുക്ല) പൈലറ്റുമാര്‍ക്ക് കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പരിചയസമ്പന്നരായ പൈലറ്റുമാർക്ക് മാത്രമേ ഇവിടെ വിമാനം നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളൂ.
ഹിമാലയൻ പർവതങ്ങളിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, കുത്തനെയുള്ള റൺവേ ഉപരിതലം, ലംബമായ ഡ്രോപ്പ് ഓഫ് എന്നിവ ലോകത്തിലെ ഏറ്റവും ഉയർന്ന വിമാനത്താവളങ്ങളിലൊന്നായ ഇത് നേരിടുന്ന പ്രതിസന്ധികളില്‍ ചിലത് മാത്രമാണ്.
ആദ്യമായി എവറസ്റ്റ് കൊടുമുടി കയറിയ ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലരിയുമാണ് ഈ വിമാനത്താവളം നിർമ്മിക്കുവാനായി മുൻകൈയെടുത്തത്. 1964 ലാണ് ലുക്ല ഗ്രാമത്തിൽ വിമാനത്താവളം യാഥാർഥ്യമായത്. പിന്നീട് 2008 ലാണ് ലുക്ല വിമാനത്താവളത്തെ ടെന്‍സിംഗ്-ഹിലരി എയർപോർട്ട് എന്ന് പുന:നാമകരണം ചെയ്തത്.
റോഡുകളോ വാഹനങ്ങളോ കടന്നുചെല്ലാത്ത ഒരു ഗ്രാമമാണ് ലുക്ല. ആയതിനാൽ ഇവിടത്തുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ വിമാനമാർഗ്ഗം തന്നെയാണ് ആശ്രയം. കൂടാതെ എവറസ്റ്റ് യാത്രികർ, ലുക്ലയിലേക്ക് വരുന്ന സഞ്ചാരികൾ എന്നിവരൊക്കെയാണ് ഈ എയർപോർട്ടിലെ യാത്രികർ.
ആധുനിക എയര്‍ ട്രാഫിക് നിയന്ത്രണ സവിശേഷതകളില്ലാത്ത വിമാനത്താവളത്തിന് വളരെ കുറച്ച് വൈദ്യുതി മാത്രമേയുള്ളൂ. അതും സോളാർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു വിമാനത്താവളത്തിൻ്റെ യാതൊരു ഭാവവുമില്ലാതെ പ്രവർത്തിക്കുന്ന ഈ എയർപോർട്ട് ടെർമിനൽ പുറമെ നിന്നും കണ്ടാൽ വേറെന്തോ കെട്ടിടമാണെന്നേ തോന്നൂ.
2010 ൽ 20 വർഷത്തെ കാലയളവിൽ ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി ഹിസ്റ്ററി ചാനൽ ലുക്ല എയർപോർട്ടിനെ വിലയിരുത്തിയിരുന്നു. ഈ എയർപോർട്ടിൽ പല അപകടങ്ങളിലായി ധാരാളമാളുകൾ മരണപ്പെട്ടിട്ടുണ്ട് എന്ന കാര്യം ഞെട്ടിക്കുന്നത് തന്നെയാണ്.
2008 ഒക്ടോബര്‍ 8 ന് ഇവിടെവെച്ച് യെതി എയര്‍ലൈന്‍സിൻ്റെ വിമാനത്തിന് തീപിടിക്കുകയും 18 പേര്‍ മരിക്കുകയും ചെയ്തു. അന്ന് ആ അപകടത്തിൽ വിമാനത്തിന്റെ ക്യാപ്റ്റന്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്. കൂടാതെ 2019 ൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങിയ ഒരു ചെറുവിമാനം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഹെലികോപ്റ്ററിൽ ഇടിച്ച് കോ-പൈലറ്റും 2 പൊലീസുകാരും മരണമടഞ്ഞിരുന്നു. സംഭവസമയത്തെ പ്രതികൂല കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണം. ഇതുവരെ പത്തിലേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
സിതാ എയർ, സമ്മിറ്റ് എയർ, താര എയർ എന്നീ എയർലൈനുകളാണ് ലുക്ല എയർപോർട്ടിലേക്ക് നിലവിൽ സർവ്വീസ് നടത്തുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ എയർപോർട്ട് ഒരു സംഭവം തന്നെയാണ് എന്നു പറയാതെ വയ്യ. സാഹസികപ്രിയരായിട്ടുള്ളവർ ഒരിക്കലെങ്കിലും ഇവിടത്തെ ലാൻഡിംഗും ടേക്ക്ഓഫും ഒന്ന് എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്. സഞ്ചാരികൾക്ക് താമസിക്കുവാനായി ധാരാളം ഹോംസ്റ്റേകളും എയർപോർട്ടിന് തൊട്ടടുത്തായുണ്ട്.