“ഇഡ്ഡലി ഇറ്റലിയും ക്രാബ് ഓംലറ്റും” – മധുരയിൽ വെറൈറ്റി തേടിയുള്ള ഒരു അലച്ചിൽ…

മധുരയിലെ മൂന്നാമത്തെ ദിവസം ഞങ്ങൾ വ്യത്യസ്തമായ ഇഡ്ഡലികൾ കഴിക്കുന്നതിനായാണ് ആദ്യം പുറപ്പെട്ടത്. FoodiesDayOut ന്റെ സൗന്ദർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇഡ്ഡലി ഇറ്റലി എന്നു പേരുള്ള ഒരു ചെറിയ കടയിലേക്കായിരുന്നു സൗന്ദർ ഞങ്ങളെ കൊണ്ടുപോയത്. മധുരയിലെ വസന്ത് നഗറിൽ ജയം തിയേറ്ററിനു എതിർവശത്തായാണ് ഈ ഷോപ്പ് സ്ഥിതി ചെയ്യുന്നത്.
‘ഇഡ്ഡലി ഇറ്റലി’ – കടയുടെ പേരിൽ നിന്നും തുടങ്ങുന്നു വ്യത്യസ്തത. പേര് കേൾക്കുമ്പോൾ വലിയൊരു റെസ്റ്റോറന്റ് ആണെന്നൊക്കെ തോന്നുമെങ്കിലും ആകെ നാലു ടേബിളുകൾ മാത്രമുള്ള ഒരു കുഞ്ഞു കടയാണിത്. കൂടുതലും ഓൺലൈൻ ഓർഡറുകളാണ് ഇവിടെ നിന്നും പോകുന്നത്. അത് Uber Eats ന്റെ ബോർഡ് അവിടെ വെച്ചിരിക്കുന്നതു കണ്ടപ്പോൾത്തന്നെ ഞങ്ങൾക്ക് മനസ്സിലായി.

ഇഡ്ഡലി കൊണ്ട് നമുക്ക് പല തരത്തിലുള്ള ഫുഡ് ഐറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. ആ വിഭവങ്ങളാണ് ഇഡ്ഡലി ഇറ്റലി എന്നയീ കടയിലെ സ്പെഷ്യൽ ഐറ്റങ്ങൾ. ഞങ്ങൾ ആദ്യം ഓർഡർ ചെയ്തത് ‘തന്തൂരി ഇഡ്ഡലി ഫ്രൈ’ ആയിരുന്നു. കാഴ്ചയിൽ നല്ല മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് പോലെ തോന്നിപ്പിക്കുന്ന ആ ഐറ്റം ചെറിയൊരു ബൗളിൽ ഞങ്ങളുടെ ടേബിളിൽ എത്തിച്ചേർന്നു. വിചാരിച്ചതു പോലെത്തന്നെ നല്ല മൊരിഞ്ഞ ഇഡ്ഡലിയായിരുന്നു അത്. ഇഡ്ഡലി ഫ്രൈ മുക്കി കഴിക്കുവാൻ മിന്റ് ചട്ണിയും റെഡ് ചില്ലി സോസും കൂടെയുണ്ടായിരുന്നു. എന്തായാലും സംഭവം ഉഗ്രൻ തന്നെ. തുടക്കം പൊരിച്ചു…

അതുകഴിഞ്ഞു അടുത്ത ഐറ്റം എത്തി. ചില്ലി ഇഡ്ഡലി ഫ്രൈ..ഏതാണ്ട് പിരി-പിരി മസാലയൊക്കെ കഴിക്കുന്ന ആ ഒരു ഫീൽ. ബാക്കിയൊക്കെ ആദ്യത്തേതു പോലെത്തന്നെ. അങ്ങനെ രണ്ടു ഇഡ്ഡലികൾ ഞങ്ങൾ രുചിച്ചു കഴിഞ്ഞിരിക്കുകയാണ്. അപ്പോഴാണ് മൂന്നാമത്തെ ഐറ്റം രംഗപ്രവേശനം ചെയ്യുന്നത്, ചീസി ഇഡ്ഡലി ഫ്രൈ. മൂന്നു തരത്തിലുള്ള ചീസുകൾ ഫ്രൈഡ് ഇഡ്ഡലിയുടെ മുകളിൽ ഒഴിച്ചുകൊണ്ടുള്ള ഒരു വിഭവമാണിത്. ചീസ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ ഇഡ്ഡലി ഇഷ്ടപ്പെടും. ചീസി ഇഡ്ഡലി കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങൾക്കായി പാസ്‌താ സാൻഡ്-വിച്ച് എത്തിച്ചേർന്നു. സാധാരണ നമ്മൾ കഴിച്ചിട്ടുള്ള സാൻഡ് വിച്ചുകളെക്കാൾ അൽപ്പം വ്യത്യസ്തമായൊരു രുചിയായിരുന്നു ഇതിന്.

പൊറോട്ടയും ചപ്പാത്തിയുമൊക്കെ മസാല ഇട്ടു സ്റ്റഫ് ചെയ്തുകൊണ്ടുള്ള വിഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും, ചിലപ്പോൾ കഴിച്ചിട്ടുമുണ്ടാകും. എന്നാൽ ഇതുപോലെ ഇഡ്ഡലിയും ഇവിടെ സ്റ്റഫ് ചെയ്തു കിട്ടും എന്നു മനസിലായത് ഞങ്ങൾ ഓർഡർ ചെയ്ത പനീർ ഇഡ്ഡലി ടേബിളിലെത്തിയപ്പോഴാണ്. സംഭവം കുശാൽ… അതേപോലെ തന്നെ മഞ്ഞ നിറമൊക്കെയുള്ള ഒരു ഇഡ്ഡലി വിഭവവും കൂടെയുണ്ടായിരുന്നു. മധുരമുള്ള പാൽഗോവ ഇഡ്ഡലിയായിരുന്നു അത്. മധുരയിൽ വന്നിട്ട് മധുരമുള്ള ഇഡ്ഡലി കഴിക്കാൻ പറ്റിയല്ലോ, മുജ്ജന്മ സുകൃതം അല്ലാണ്ടെന്തു പറയാൻ. ഇതെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ നാട്ടുചക്കര ഉപയോഗിച്ചുള്ള കട്ടൻ ചായയും എത്തി. ഇഡ്ഡലി ഇറ്റലി എന്നയീ ഷോപ്പിൽ ഇഡ്ഡലി വിഭവങ്ങൾ കൂടാതെ മറ്റു വ്യത്യസ്തമായ വെജ്/നോൺ വെജ് ഇൻഡോ – കോണ്ടിനെന്റൽ വിഭവങ്ങൾ ലഭ്യമാണ്. ഞങ്ങൾ നാലുപേർക്ക് മൊത്തത്തിൽ 661 രൂപ ചാർജ്ജായി അവിടെ. ബിൽതുക കേട്ടു ഞെട്ടണ്ട, ഇതയധികം വിഭവങ്ങൾ കഴിച്ചില്ലേ? അതിന്റെയാണ്.

ഇഡ്ഡലി വിഭവങ്ങൾ കഴിച്ച വയറു ദഹിക്കുന്നതിനായി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ചുമ്മാ തെരുവിലൂടെ നടക്കുവാനാരംഭിച്ചു. അങ്ങനെ ഉച്ചയോടെ ഇഡ്ഡലി കഴിച്ച ക്ഷീണമൊക്കെ മാറിയ ശേഷം ഞങ്ങൾ ലഞ്ച് കഴിക്കുവാനായി അളഗർ കോവിൽ റോഡിലെ ‘അമ്മാ മെസ്സ്’ എന്ന ഹോട്ടലിലേക്ക് പോയി. ചിക്കൻ മുതൽ പ്രാവ്, മുയൽ വരെയുള്ള ബിരിയാണികൾ അവിടെ ലഭ്യമായിരുന്നു. ഇവിടത്തെ മെനു കണ്ടുകഴിഞ്ഞാൽ നിങ്ങൾ ഉറപ്പായും ഞെട്ടിപ്പോകും. മട്ടന്റെ മാംസം കൂടാതെ കിഡ്‌നി, ബ്രെയിൻ തുടങ്ങി എല്ലാ അവയവങ്ങളും വിഭവങ്ങളാണ് അവിടെ ലഭിക്കും. ബിരിയാണി കഴിക്കാനുള്ള വിശപ്പ് ഇല്ലാതിരുന്നതിനാൽ ഞങ്ങൾ ക്രാബ് ഓംലറ്റ് ആയിരുന്നു ഓർഡർ ചെയ്തത്. അതായത് ഞണ്ടിന്റെ മാംസവും മുട്ടയും ചേർത്തുണ്ടാക്കിയ ഓംലറ്റ്. 190 രൂപയാണ് ഈയൊരു ഓംലറ്റിന്റെ ചാർജ്ജ്. വില അൽപ്പം കൂടുതലായി തോന്നുമെങ്കിലും രുചിച്ചു കഴിഞ്ഞാൽ ആ വിഷമം അങ്ങു മാറിക്കോളും.

ക്രാബ് ഓംലറ്റും കഴിച്ചു ബിരിയാനികൾ പിന്നീട് പരീക്ഷിക്കാം എന്നുവെച്ചു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഹോട്ടലിന്റെ പുറത്തായി ഒരു പാൻ കച്ചവടക്കാരൻ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ നിന്നും ഓരോ മീട്ടാ പാൻ വാങ്ങി ചവച്ചുകൊണ്ടു നടന്നു.