എന്ത് കൊണ്ടാണ് വീൽ ചെയറിലുള്ളവർ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാൻ മടിക്കുന്നത്? ഒരിക്കലും മടിക്കരുത് എന്നാണു എല്ലാവരോടുമായി പറയുവാനുള്ളത്. തളർന്നു പോയാൽ വീടിനകത്തിരുന്നു ജീവിതം കഴിച്ചുകൂട്ടാതെ വീൽ ചെയറിന്റെ സഹായത്തോടെ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്ത് സന്തോഷം കണ്ടെത്തുന്ന ധാരാളമാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അപ്പോൾ നിങ്ങൾ വിചാരിക്കും എത്ര ദൂരം വീൽ ചെയറിൽ സഞ്ചരിക്കുവാൻ സാധിക്കുമെന്ന്. അതിനുമുണ്ട് ഒരു മാർഗ്ഗം.
കേരളത്തിലുടനീളം ഒഴുകിനടക്കുന്ന KURTC ലോഫ്ലോർ ബസ്സുകൾ കണ്ടിട്ടില്ലേ? ഇവയിൽ പിൻഭാഗത്തെ ഡോറിൽ ഒരു റാംപ് വീൽചെയറിൽ സഞ്ചരിക്കുന്നവർക്കായി പ്രവർത്തനസജ്ജമാണെന്ന് അധികമാർക്കും അറിയാത്ത കാര്യമായിരിക്കും. പിന്നിലെ ഡോർ തുറന്നു ഈ റാംപ് പുറത്തെടുത്താൽ എളുപ്പത്തിൽ വീൽചെയറുകൾ ബസ്സിനകത്തേക്ക് കയറ്റുവാൻ സാധിക്കും. ഇനി ബസ്സിനകത്തു കയറിയാൽ വീൽ ചെയർ ഉരുണ്ടുകളിക്കും എന്ന പേടിയും വേണ്ട. അതിനായി വീൽചെയർ ഒരു ഭാഗത്ത് ലോക്ക് ചെയ്യുന്ന സംവിധാനവും നമ്മുടെ ലോഫ്ളോർ വോൾവോ ബസ്സുകളിലുണ്ട്. ടെക്നോളജി എല്ലാവർക്കും ഉപകാരപ്പെടട്ടെന്നേ.
ലോഫ്ളോർ ബസുകളിലെ ഈ സൗകര്യം ഉപയോഗിച്ചുകൊണ്ട് വീൽചെയറിൽ കേരളത്തിലുടനീളം സഞ്ചരിക്കുന്ന ധാരാളമാളുകളുണ്ട്. ഭൂരിഭാഗമാളുകളും ഇലക്ട്രിക് വീൽചെയർ ഉപയോഗിക്കുന്നവരാണ്. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ പാർവ്വതി ഉപയോഗിക്കുന്ന വീൽചെയർ ഓർമ്മയില്ലേ? അതുതന്നെ സംഭവം. അല്ലാ, പറഞ്ഞു വന്നപ്പോഴാണ് ബസ്സിൽ വീൽചെയർ കയറ്റി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ കാണാവുന്നതാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്തിടെ കണ്ടക്ടർ ക്ഷാമം കാരണം ലോഫ്ളോർ ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കൊണ്ടുവന്നു സർവ്വീസ് നടത്തുവാനാരംഭിച്ചപ്പോൾ ഡ്രൈവർക്ക് സീറ്റിലിരുന്നുകൊണ്ടു തന്നെ എളുപ്പത്തിൽ ടിക്കറ്റ് കൊടുക്കുന്നതിനും ടിക്കറ്റ് എടുക്കാത്തവരെ ചെക്ക് ചെയ്യുന്നതിനുമായി പിന്നിലെ ഡോർ തുറക്കുവാൻ കഴിയാത്ത വിധം ബന്ധിപ്പിക്കുകയുണ്ടായി. പക്ഷേ ഈ പരിഷ്ക്കാരം പാരയായി മാറിയത് മുൻപ് പറഞ്ഞ വീൽചെയർ ഉപയോക്താക്കൾക്കാണ്.
2015 ൽ തിരുവനന്തപുരം സ്വദേശി മോനു വർഗ്ഗീസ് എന്ന വ്യക്തി KURTC ലോഫ്ളോർ ബസ്സുകളിൽ അംഗപരിമിതർക്ക് ഇലക്ട്രോണിക് വീൽചെയർ ഉപയോഗിച്ച് ബസ്സിൽ കയറുന്നതിനായി സൗകര്യം ഏർപ്പെടുത്തണം എന്നുകാണിച്ച് KSRTC മാനേജ്മെന്റിനും ബഹു. കേരള മുഖ്യമന്ത്രിയ്ക്കും നിവേദനം സമർപ്പിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ നിവേദനം സ്വീകരിച്ച KSRTC മാനേജ്മെന്റ് KURTC AC ബസ്സുകളിൽ പിന്നിലെ ഡോറിനു സമീപത്തായി സജ്ജമാക്കിയിട്ടുള്ള ഫോൾഡിംഗ് വീൽചെയർ റാംപ് നിവർത്തി അംഗപരിമിതരായ യാത്രക്കാർക്ക് ബസ്സിൽ കയറുന്നതിനു സൗകര്യം ഡ്യൂട്ടിയിലുള്ള കണ്ടക്ടർമാർ ഒരുക്കണമെന്നും ഇത്തരം സൗകര്യം ലഭ്യമാണെന്നു കാണിച്ച് ഡോറിനു സമീപത്തായി സ്റ്റിക്കർ പഠിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ടായിരുന്നു. എന്നാൽ ആ ഉത്തരവിനു മീതെയാണ് കെഎസ്ആർടിസിയുടെ ഈ ‘ഡോർ അടച്ചുകെട്ടൽ’ പ്രക്രിയ.
മുൻപ് ഇതേ കാര്യത്തിൽ പരാതി നൽകിയ മോനു വർഗ്ഗീസ് 2019 ഫെബ്രുവരി 7 നു തിരുവനന്തപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് പോകുവാനായി തൻ്റെ വീൽചെയറിൽ കേശവദാസപുരത്തു ബസ് കാത്തുനിൽക്കുകയായിരുന്നു. ബസ് വന്നു നിർത്തിയപ്പോൾ പിന്നിലെ ഡോർ തുറക്കുവാൻ ഇദ്ദേഹം ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ പിന്നിലെ ഡോർ അടച്ചുകെട്ടിയതിനാൽ ഡ്രൈവർക്ക് നിസ്സഹായനായി നിൽക്കുവാനേ സാധിച്ചുള്ളൂ. ഫലമോ ആ പാവം യാത്രക്കാരന്റെ യാത്ര മുടങ്ങുകയും ചെയ്തു. ഈ കാര്യം കെഎസ്ആർടിസിയുടെ തിരുവനന്തപുരം ഓഫീസിൽ വിളിച്ച് മോനു അന്വേഷിച്ചപ്പോൾ പിന്നിലെ ഡോർ അടയ്ക്കുവാനാണ് മാനേജ്മെന്റ് തീരുമാനമെന്നും തങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് അവർ അറിയിച്ചത്.
ഡ്രൈവർ കം കണ്ടക്ടർ എന്നത് നല്ലൊരു മാർഗ്ഗമാണെങ്കിലും നമ്മുടെ സമൂഹത്തിൽ നമ്മെപ്പോലെ സഞ്ചരിക്കുവാൻ കഴിയാത്ത, വീൽചെയർ ഉപയോഗിക്കുന്ന മോനുവിനെപ്പോലുള്ളവരുടെ യാത്രകൾക്കും സ്വപ്നങ്ങൾക്കും അവകാശങ്ങൾക്കും കടിഞ്ഞാണിടാൻ തക്കവിധത്തിലുള്ളതാകരുത് അവ. മോനുവിനെപ്പോലെ എത്രയോ ആളുകൾ KURTC ലോഫ്ളോർ ബസ്സുകളുടെ ഈ റാംപ് സംവിധാനത്തെ ആശ്രയിച്ചുകൊണ്ട് യാത്ര ചെയ്യുന്നു. അവർക്കെല്ലാം ഈ ഡോർ അടച്ചുകെട്ടൽ പ്രക്രിയ മൂലം സംഭവിച്ചിരിക്കുന്ന നഷ്ടവും വിഷമവും എത്രയോ വലുതായിരിക്കും എന്നാലോചിച്ചിട്ടുണ്ടോ?
എന്തായാലും കെഎസ്ആർടിസി മാനേജ്മെന്റ് ഇത്തരത്തിലുള്ള അംഗപരിമിതർക്കുള്ള യാത്രാ സൗകര്യങ്ങൾ അനുവദിച്ചു കൊടുത്തേ മതിയാകൂ. അതിനുള്ള പ്രായോഗിക നടപടികൾ എളുപ്പം എടുത്തുകൊണ്ട് ഇത്തരക്കാരുടെ യാത്രാക്ലേശത്തിനു ഒരു പരിഹാരം കെഎസ്ആർടിസിയും സർക്കാരും ചേർന്ന് കണ്ടെത്തുമെന്നു പ്രത്യാശിക്കുന്നു.