അവധികൾ ആഘോഷമാക്കാൻ കാസർഗോഡ് ജില്ലയിലെ ഒരു കിടിലൻ ബീച്ച് റിസോർട്ട്

കണ്ണൂരിലെ കാഴ്ചകളൊക്കെ കണ്ടതിനു ശേഷം പിന്നീട് ഞങ്ങളുടെ യാത്ര കാസർഗോഡ് ഭാഗത്തേക്ക് ആയിരുന്നു. കാസർഗോഡ് ജില്ലയിലെ ബേക്കൽ ഫോർട്ടിന് സമീപമുള്ള മലബാർ ഓഷ്യൻ ഫ്രണ്ട് ബീച്ച് റിസോർട്ടിൽ താമസിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം.

അങ്ങനെ ഞങ്ങൾ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് റിസോർട്ടിൽ എത്തിച്ചേർന്നു. മലബാർ ഓഷ്യൻ ഫ്രണ്ട് ബീച്ച് റിസോർട്ട്, കിടിലൻ ബീച്ച് വില്ലയും കോട്ടേജുകളുമായി ഒരൊന്നൊന്നര സ്ഥലം. റിസോർട്ടിന്റെ ഏരിയയിൽ കിടിലൻ ബീച്ച് ആണ് ഉള്ളത്. ഒരു പ്രൈവറ്റ് ബീച്ച് എന്ന് വേണമെങ്കിൽ പറയാം. റിസോർട്ടിലെ താമസക്കാർ അല്ലാതെ മറ്റു സഞ്ചാരികളൊന്നും ഈ ബീച്ചിൽ വരാറില്ല.

റിസോർട്ടിലെ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തിട്ട് ഞങ്ങൾ റിസോർട്ടിന്റെ എന്ട്രന്സിലേക്ക് കയറി. പതിവുപോലെ ഞങ്ങൾക്ക് റിസോർട്ടുകാർ അവരുടെ രീതിയിൽ സ്വീകരണം നൽകി. മറ്റു ഹോട്ടലുകളിലും റിസോർട്ടുകളിലും കണ്ടതിനേക്കാൾ ഇവിടെ വ്യത്യസ്തമായി തോന്നിയത് ഞങ്ങളെ അണിയിച്ച ചെറിയ ശംഘുകളും ചിപ്പികളും കൊണ്ടുണ്ടാക്കിയ ‘ഹാരം’ ആയിരുന്നു.

ലഗേജുകളൊക്കെ അവിടെ വെച്ചതിനു ശേഷം ഞങ്ങൾ നേരെ ബീച്ചിലേക്ക് ആയിരുന്നു പോയത്. നിറയെ തെങ്ങുകളുള്ള മനോഹരമായ ആ ബീച്ചിൽ ഗോവയിലൊക്കെ കണ്ടിട്ടുളളതു പോലത്തെ ബീച്ചിലേക്ക് നോക്കിയിരുന്നു റിലാക്സ് ചെയ്യുവാൻ പറ്റിയ ചെറിയ ചെറിയ ഹട്ടുകൾ ഉണ്ട്. വളരെ സുന്ദരമായ സ്ഥലമായിരുന്നു അത്. ഗസ്റ്റുകളുടെ സുരക്ഷയ്ക്കായി റിസോർട്ടിലെ സെക്യൂരിറ്റിക്കാരും അവിടെയുണ്ട്.

ബീച്ചൊക്കെ ഒന്നോടിച്ചു കണ്ടശേഷം ഞങ്ങൾക്കായി തയ്യാറാക്കിയിരുന്ന വില്ലയിലേക്ക് നീങ്ങി. അത്യാവശ്യം വലിയൊരു വില്ല തന്നെയായിരുന്നു ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. ലിവിംഗ് റൂം, കിച്ചൻ, ബാത്ത് റൂം അറ്റാച്ചഡ് റൂമുകൾ എന്നിവയടങ്ങിയ അടിപൊളി വില്ല. വില്ലയുടെ സമീപത്ത് മനോഹരമായ തുളസിത്തറയും പിന്നിൽ കുട്ടികൾക്ക് കളിക്കുവാനുള്ള ഏരിയയും ഒക്കെയുണ്ട്. അതോടൊപ്പം വില്ലയുടെ പരിസരത്തിരുന്നു കൊണ്ട് ബീച്ച് ആസ്വദിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്.

വില്ലയിൽ മൊത്തം രണ്ടു ബെഡ് റൂമുകൾ ഉണ്ടായിരുന്നു. ഒരു റൂം മാത്രമായിട്ട് നമുക്ക് ബുക്ക് ചെയ്യുവാൻ സാധിക്കില്ല, ബുക്ക് ചെയ്യുമ്പോൾ ഒരു വില്ല മുഴുവനായും എടുക്കേണ്ടി വരും. ബെഡ്‌റൂമിൽ വളരെ വലിയ ബെഡ് ആയിരുന്നു സജ്ജീകരിച്ചിട്ടുണ്ടായിരുന്നത്. മൂന്നു പേർക്ക് സുഖമായി ആ ബെഡിൽ കിടന്നുറങ്ങാൻ സാധിക്കും. ബാത്ത് റൂമും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. എന്തെന്നാൽ ബാത്ത് റൂമിൽ ഒരു തെങ്ങ് നിൽക്കുന്നുണ്ട്. വേണമെങ്കിൽ തെങ്ങിനെ ചുറ്റി നടന്നുകൊണ്ട് കുളിക്കാം..(ചുമ്മാ പറഞ്ഞതാണ് കേട്ടോ..).

വില്ല ചുറ്റിക്കാണുന്നതിനിടെ ഞങ്ങൾ മുൻപ് ഓർഡർ ചെയ്തിരുന്ന ഫുഡ് എത്തി. പ്രോൺസ് ബിരിയാണിയും വെജ് ബിരിയാണിയും ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തിരുന്നത്. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ശ്വേത ഫുഡ് വന്നപ്പോൾ കഴിക്കുവാൻ തയ്യാറായിത്തുടങ്ങി. വില്ല മുഴുവനും ഷൂട്ട് ചെയ്തിട്ടു കഴിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ ആ പാവം വിശപ്പ് അല്പസമയത്തേക്ക് മാറ്റി നിർത്തി.

ഭക്ഷണത്തിനു ശേഷം പിന്നീട് ഞങ്ങൾ പുറത്തെ കാഴ്ചകൾ കാണുവാനായി ഇറങ്ങി. കേരളത്തിൽ ഇതുപോലുള്ള മനോഹരമായ ബീച്ച് റിസോർട്ടുകൾ കുറവായതിനാൽ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു ഞങ്ങളെ അവിടെ കാത്തിരുന്നത്. ബീച്ചിലും പരിസരത്തും കൂടി വേണമെങ്കിൽ നമുക്ക് ഒരു സൈക്കിൾ സവാരിയുമാകാം. അതിനായുള്ള സൈക്കിൾ റിസോർട്ടിൽ നിന്നും ഫ്രീയായിത്തന്നെ ലഭിക്കും.

സാധാരണ റിസോർട്ടുകളിൽപ്പോയാൽ മിക്കവാറും ആളുകൾ ഒന്നു റിലാക്സ് ആകുന്നതിനായി വിവിധതരം മസ്സാജുകൾ നടത്താറുണ്ട്. അതുപോലെതന്നെ ഈ റിസോർട്ടിലും ഒരു മസ്സാജ് സെന്റർ കം സ്പാ ഉണ്ട്. ഞാൻ പതിവുപോലെ മസ്സാജുകൾ തിരഞ്ഞെടുത്ത് ആസ്വദിച്ചു റിലാക്സ് ചെയ്യുകയുണ്ടായി.

അങ്ങനെ സമയം പോയിപ്പോയി രാത്രിയായി. ചുറ്റിനും കടലിന്റെയും ചീവീടിന്റെയും ശബ്ദം മാത്രം. മറ്റു ശബ്ദകോലാഹലങ്ങളോ തിരക്കോ ഒന്നുമില്ല. ഹണിമൂൺ ആഘോഷിക്കുവാനും ഫാമിലി പാർട്ടികൾ നടത്തുവാനും അനുയോജ്യമായ സ്ഥലം തന്നെയാണിത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ‘സ്‌പെഷ്യൽ കാന്താരി കരിമീൻ’ ഉൾപ്പെടെയുള്ള വിഭവങ്ങളടങ്ങിയ ഇവിടത്തെ കിടിലൻ ഡിന്നറും ഞങ്ങൾ ആസ്വദിച്ചു. പിന്നെ ഞങ്ങൾ കിടക്കുവാനായി വില്ലയിലേക്ക് പോയി.

പിറ്റേദിവസം രാവിലെ ഞങ്ങൾ റിസോർട്ടിലെ മനോഹരമായ സ്വിമ്മിങ് പൂളിൽ ചെല്ലുകയും അവിടെക്കിടന്നു കുറേനേരം ആസ്വദിക്കുകയും ചെയ്തു. സ്വിമ്മിംഗ് പൂളിൽ ഞങ്ങളെക്കൂടാതെ കുറച്ച് വിദേശികളും ഉണ്ടായിരുന്നു. എന്തായാലും ഞങ്ങളുടെ ഈ മലബാർ യാത്രയിൽ ഇങ്ങനെയൊരു കിടിലൻ റിസോർട്ട് അനുഭവം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ വളരെയേറെ സന്തുഷ്ടരായിരുന്നു.

7000 രൂപ മുതൽ ഡീലക്സ്, ലക്ഷ്വറി റൂമുകൾ ലഭ്യമാണ് (2 പേർക്ക് ബ്രെക്ക്ഫാസ്റ്റ് സഹിതം), ബീച്ച് വില്ലയ്ക്ക് 15000 രൂപ മുതൽ. (7 പേർക്ക് വരെ) സീസൺ അനുസരിച്ച് റേറ്റിൽ വ്യത്യാസം വരാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9656373863, 0467 2288317 അല്ലെങ്കിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാം, Website: http://www.malabarresort.com/.