വിവരണം – Vysakh Kizheppattu , Photos – Respected Owners.
ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ് ആനപ്രാന്തന്മാര് എല്ലാരും കൂടി ചേർന്ന് ഒരു യാത്ര. എല്ലാവർക്കും ഈ ആഗ്രഹം ഉള്ളതിനാൽ ഒരു മാസം മുന്നേ പ്ലാൻ തുടങ്ങി തിയ്യതി നിശ്ചയിച്ചു. എല്ലാവരുടെയും ഇഷ്ടപ്രകാരം മലക്കപ്പാറ വാൽപ്പാറ ആണ് സ്ഥലം തിരഞ്ഞെടുത്തത്. അവിടെ പോകാത്തവർ ആരും തന്നെ കൂട്ടത്തിൽ ഇല്ല. അങ്ങനെ 19 പേരുമായി ഒരു ഗ്രൂപ്പ് തുടങ്ങി കാര്യങ്ങൾ എല്ലാം പ്ലാൻ ചെയ്യാൻ.
ദിവസം അടുക്കും തോറും ആളുകൾ ഓരോന്നായി കൊഴിയാൻ തുടങ്ങി. അപ്പോഴേക്കും താമസിക്കാൻ ഉള്ള വീട് ബുക്ക് ചെയ്തിരുന്നു. പതിവ് പോലെ പോകാനുള്ള ദിവസം ആയപ്പോൾ എണ്ണം 7 ആയി ചുരുങ്ങി. മുന്നോട് വെച്ച കാല് മുന്നോട്ട് തന്നെ. ദൂരെ നിന്ന് ഉള്ളവർ ഞാനും ഹരിയും മാത്രേ ഒള്ളു. ബാക്കി അഞ്ചു പേരും തൃശ്ശൂര് ഗെഡികളാണ്. പാചകം ചെയ്യാൻ ഉള്ള ചിക്കനും പച്ചക്കറികളും ചപ്പാത്തിയും എല്ലാം ആയി രണ്ടു വണ്ടിയിൽ ചാലക്കുടി നിന്ന് യാത്ര തുടങ്ങി.
ചെക്‌പോസ്റ്റിൽ വിവരങ്ങൾ നൽകി കാട്ടിലേക്ക് കയറി. വൈകുന്നേരം 6 മണി വരെ കാറുകൾ കടത്തി വിടും. ഈ വഴി യാത്ര ചെയ്യുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു ആഗ്രഹം ആനയെ കാണാൻ കഴിയണേ എന്നുള്ളതാണ്. ആനപ്രാന്തന്മാരായ ഞങ്ങൾക്കു പിന്നെ പ്രത്യേകം പറയണ്ടല്ലോ. അല്പം ദൂരം കഴിഞ്ഞപ്പോൾ തന്നെ ആ ആഗ്രഹം സഫലമായി. ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു എന്ന പോലെ ഒരു കൂട്ടം ആനകൾ വഴിയരികിൽ.കൂട്ടുകുടുംബം ആണെന്ന് തോന്നുന്നു. അമ്മയും കുഞ്ഞുങ്ങളും അടക്കം ഒരുപാട് പേരുണ്ട്.
തുടക്കത്തിലേ കിട്ടിയ കാഴ്ച നല്ലൊരു അനുഭവം ആയി. തുടർന്നും കാണും എന്ന പ്രത്യാശയിൽ യാത്ര തുടർന്നു. മഴയത്ത് കാട്ടിലൂടെ ഉള്ള യാത്ര പ്രത്യേക അനുഭവം തന്നെയാണ്. അതുപോലെ അപകടവും. മണ്ണിടിച്ചിലും മരങ്ങൾ വീഴുന്നതും എല്ലാം യാത്രയെ തടസ്സപ്പെടുത്തും. പക്ഷെ നമ്മുടെ യാത്രയിൽ തടസങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ മഴയുടെയും കാടിന്റെയും സൗന്ദര്യം ആസ്വദിച്ച് പതിയെ ആണ് യാത്ര തുടർന്നത്. വൈകുന്നേരത്തോടെ മലക്കപ്പാറ എത്തി. അവിടെ വെച്ച് ബാംഗ്ലൂർ ജോലി ചെയുന്ന ഒറീസക്കാരായ കുറച്ചു യുവാക്കളെ പരിചയപെട്ടു. ബൈക്കിൽ ആണ് അവരുടെ സഞ്ചാരം. ചെക്‌പോസ്റ്റിൽ റിപ്പോർട്ട് ചെയ്ത് അവിടെ നിന്ന് ഒരു ചായയും കുടിച്ചാണ് പിന്നീട് യാത്ര തുടർന്നത്. അപ്പോഴും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.
ഷോളയാർ ഡാം എത്തുന്നതിനു മുന്നേ ആണ് താമസം. ഒരു വീട്. 3 മുറികളും 6 വലിയ കട്ടിലും ഒരു അടുക്കളയും എല്ലാം ആയി നല്ല സൗകര്യം ഉള്ള വീട്. തുടക്കത്തിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നത്കൊണ്ടാണ് ഇങ്ങനെ സൗകര്യം തിരഞ്ഞെടുത്തത്. ഇതിപ്പോൾ ഓരോ ആളിനും ഓരോ ബെഡ് എന്ന നിലയിൽ ആയി. റൂമിൽ എത്തിയപാടെ പാചകം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ ആയി. ചിക്കൻ മസാല ചേർത്ത് നാട്ടിൽ നിന്ന് തന്നെ കൊണ്ടുവന്നാൽ ബാക്കി ജോലികൾ മാത്രം ചെയ്താൽ മതിയായിരുന്നു. അങ്ങനെ എല്ലാരും ചേർന്ന് പാചകം ഗംഭീരമാക്കി. ഞങ്ങൾ ഉണ്ടാക്കിയത്കൊണ്ട് പറയുകയല്ല നല്ല അടിപൊളി കറി ആയിരുന്നു. ഫുട്ബോൾ മത്സരം ഉള്ളതിനാൽ ഇടക്ക് ശ്രദ്ധ അതിലേക്കും കൊടുത്തു.
മലക്കപ്പാറ ഇപ്പോൾ ആനകൾ വരാറില്ല, പകരം കാട്ടുപോത്തുകൾ ആണ് കൂടുതലും ഉണ്ടാകാറ്. അതിനെ കാണാൻ ആണെങ്കിൽ പുലർച്ചെ ഉൾ ഭാഗത്തേക്ക് പോയാൽ കാണാൻ കഴിയും എന്ന് അവിടെ നിന്ന കാരണവർ അറിയിച്ചു. അങ്ങനെ പുലർച്ചെ 5 മണിക്ക് പോകാനുള്ള അറിയിപ്പ് എല്ലാവര്ക്കും നൽകി. തണുപ്പും മഴയും എല്ലാം കൂടെ ആയപ്പോൾ ആ അറിയിപ്പ് പലരും ചെവികൊണ്ടില്ല. അങ്ങനെ ഞാനും വിപിയും ഹരികുട്ടനും മാത്രമായി ഈ പുലർകാല യാത്രയിൽ. കാർ എടുത്തു യാത്ര തുടങ്ങി.തേയില തോട്ടങ്ങൾക് ഇടയിലൂടെ ഉള്ള വഴി. റോഡ് പല ഭാഗത്തും വളരെ മോശം ആണ്. സ്ഥിരം കാട്ടുപോത്തിനെ കാണുന്ന സ്ഥലത്തൊന്നും മരുന്നിനു പോലും ഒന്നിനെ കാണുന്നില്ല. എന്നിരുന്നാലും യാത്ര തുടർന്നു.
തോട്ടത്തിനു നടുവിൽ ഒരു ഫാക്റ്ററി യും അതിനടുത്തായി ഒരു ചായക്കടയും ശ്രദ്ധയിൽപെട്ടു. ഓരോ ചായ പറഞ്ഞു അവിടത്തെ ചേട്ടനോട് കാര്യം തിരക്കി. ഞങ്ങൾ വന്ന വഴി തന്നെയാണ് പ്രധാന ഏരിയ എന്ന് തന്നെ ആയിരുന്നു പുള്ളിയുടെ മറുപടിയും. സംസാരത്തിനിടയിൽ ആണ് പുള്ളിക്കാരൻ തലേ ദിവസത്തെ പൊറോട്ട ചെറിയ കഷ്ണങ്ങൾ ആക്കുന്നതായി കണ്ടത്. ഇനി വേറെ എന്തെങ്കിലും ഉണ്ടാക്കാൻ വേണ്ടി ആണോ എന്നറിയാൻ അത് ശ്രദ്ധിച്ചിരുന്നു. അല്പം സമയത്തിന് ശേഷം പുള്ളിക്കാരൻ കടയുടെ മുന്നിൽ ചെന്ന് മുറ്റത്തു വിതറി. പിന്നീട് കണ്ട കാഴ്ച് മനോഹരമായിരുന്നു. നൂറിനും ഇരുന്നൂറിനും ഇടയിൽ വരുന്ന അത്രയും മൈനകൾ നിമിഷ നേരംകൊണ്ട് ആ ഭക്ഷണം എല്ലാം അകത്താക്കി. അത് അവിടത്തെ ഒരു പതിവ് കാഴ്ചയാണ് എന്ന് പിന്നീട് മനസിലായി.
അഞ്ചു രൂപയ്ക്കു നല്ല ഒന്നാംതരം ചായയും കുടിച്ച് മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു. ഇടുങ്ങിയ വഴി ആയതിനാൽ കൂടുതൽ പോകാതെ തിരിച്ചു പോന്നു. അപ്പോഴാണ് ദൂരെ ഒരു കാട്ടുപോത്ത് വിപ്പിന്റെ കണ്ണിൽ പെട്ടത്. അങ്ങനെ അവസാനം ഒന്നിനെ കണ്ടു. ദൂരെ ആയതിനാൽ അധികം നേരം നില്കാതെ തിരിച്ചു. എന്തായാലും ഒന്നിനെ എങ്കിലും കണ്ടല്ലോ എന്ന ആശ്വാസത്തിൽ റൂം ലക്ഷ്യമാക്കി വണ്ടി തിരിച്ചു. അപ്പോഴാണ് പ്രവേശനം ഇല്ല എന്നൊരു ബോർഡും അതിന്റെ വശത്തുകൂടെ ഒരു റോഡും കാണുന്നത്. പുലർച്ചെ ആയതിനാൽ ചീത്ത പറയാൻ ആരും ഉണ്ടാകില്ല എന്ന ഉറപ്പിൽ ആ വഴി സഞ്ചരിച്ചു. ഇരു വശവും കാട് ആണ്.അൽപ്പം ദൂരം പോയപ്പോൾ ഒരു പാലത്തിൽ എത്തി.
അവിടെ നിന്ന് വണ്ടി തിരിച്ചു വരുമ്പോൾ ആണ് രണ്ടു കൊമ്പുകൾ എന്റെ കണ്ണിൽ പെട്ടത്. വണ്ടി മെല്ലെ ഒതുക്കി നോക്കിയപ്പോൾ 10 അടി ദൂരെ ഒരു കിടുക്കൻ കാട്ടുപോത്ത്. പ്രഭാത ഭക്ഷണത്തിന്റെ തിരക്കിൽ ആണ് പുള്ളി.അതിനാൽ അടുത്തുള്ള ഞങളെ ശ്രദ്ധിച്ചില്ല. അല്പം നേരം അവിടെ നിന്നു വിപി അവന്റെ ക്യാമെറയിൽ ചിത്രങ്ങൾ പകർത്തി. കൂടുതൽ നിന്ന് അതിനെ ബുദ്ധിമുട്ടിക്കണ്ട കരുതി മെല്ലെ മുന്നോട് പോയി. അപ്പോഴാണ് ഒന്നല്ല ഒരു കൂട്ടം അവിടെ ഉള്ളതായി കണ്ടത്. അതിൽ രണ്ടുപേര് ഞങളെ തന്നെ സൂക്ഷിച്ചു നോക്കി. ബാക്കി എല്ലാരും കഴിക്കുന്ന തിരക്കിൽ ആണ്. ഏകദേശം 15 ഓളം കാട്ടുപോത്തുകൾ ആണ് അവിടെ ഉണ്ടായിരുന്നത്. കൂടുതൽ സമയം നിൽക്കുന്നത് അപകടം വിളിച്ചു വരുത്തുന്ന പോലെയാകും എന്നുള്ളത്കൊണ്ട് മെല്ലെ നീങ്ങി.
ആഗ്രഹങ്ങൾ നല്ലതാണെങ്കിൽ അത് നമ്മുടെ മുന്നിൽ തന്നെ വരും. എന്തായാലും രാവിലത്തെ വരവ് മോശമായില്ല. എന്ത് പ്രതീക്ഷിച്ചു വന്നോ അത് ഭംഗിയായി കാണാൻ സാധിച്ചു. തിരിച്ചു റൂമിൽ എത്തിയപ്പോഴും മറ്റുള്ളവർ നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു. സമയം നമ്മളെ കാത്തുനിൽക്കാത്തതിനാൽ എല്ലാവരെയും വിളിച്ചുണർത്തി. ഇനി ഒന്ന് ഫ്രഷ് ആയി വാൽപ്പാറ വരെ പോകണം തിരിച്ചു വൈകീട്ട് നാട്ടിലേക്കും. ഫ്രഷ് ആയി ഇറങ്ങാൻ സമയം ആയപ്പോഴേക്കും മഴ റെഡി ആയി വന്നിരുന്നു.
ഷോളയാർ ഡാം കണ്ട് വാൽപ്പാറ വരെ ഒരു യാത്ര. ഡാം ന്റെ വശത്തുകൂടെ ഉള്ള യാത്ര മനോഹരമാണ് കൂടെ മഴ കൂടെ ഉള്ളപ്പോൾ അത് ഒന്നുടെ കൂടും. വാൽപ്പാറ ചെന്നപ്പോൾ ആണ് നല്ലമുടി യെ പറ്റി ഓര്മ വന്നത്. 10 കിലോമീറ്റര് സഞ്ചരിച്ചാൽ നല്ലമുടി പൂഞ്ചോല എത്താം. വന്ന സ്ഥിതിക്ക് കാണാതെ പോകുന്നത് മോശമല്ലേ കരുതി അങ്ങോട്ട് പോയി. അഞ്ചു മിനിറ്റ് കൂടുമ്പോൾ മഴ വന്നും പോയി ഇരിക്കുകയാണ്. കോട നല്ലപോലെ ഉള്ളതിനാൽ ഈ യാത്ര വെറുതെ ആകും എന്ന് തുടക്കത്തിലേ തോന്നിയിരുന്നു. ആ തോന്നൽ വെറുതെയായില്ല. നല്ലമുടി എത്തിയപ്പോൾ നല്ല അസ്സൽ കോട കൂടെ നല്ല മഴയും. അതിനാൽ അതുവരെ ചെന്ന് തിരിച്ചു പോകേണ്ടി വന്നു.
അവിടെ നിന്ന് മൂന്നാർ അടുത്താണ്. 18 km സഞ്ചരിച്ചാൽ കേരള അതിർത്തി ആണ്. ആഗ്രഹങ്ങൾ പലരുടെയും മനസ്സിൽ ഉണ്ടെങ്കിലും അത് നടപ്പിലാക്കാൻ കഴിയില്ല കാരണം ബാഗുകൾ എല്ലാം റൂമിൽ വെച്ചാണ് വാൽപ്പാറ വന്നത്. വാൽപ്പാറ നിന്ന് മലക്കപ്പാറ റോഡിലേക്കു തിരയുമ്പോൾ ഒരു അമ്മൂമ്മ നടത്തുന്ന ചെറിയ ഒരു കട കാണാം .അവിടെ നിന്ന് ചൂട് പലഹാരം വാങ്ങിയാണ് തിരിച്ചു പോയത്. 13 പലഹാരത്തിനു വെറും 20 രൂപ മാത്രം. കേരളത്തിൽ ഒരിക്കൽ പോലും ചിന്തിക്കാൻ പറ്റാത്ത വിലക്ക് സ്വാദിഷ്ടമായ ചെറുപലഹാരങ്ങൾ. പിന്നീടുള്ള യാത്ര ആ സ്വാദ് ആസ്വദിച്ചായിരുന്നു. തിരിച്ചു ഡാം എത്തിയപ്പോഴേക്കും മഴയുടെ ശക്തി കൂടിയിരുന്നു.പിന്നീടുള്ള കാഴ്ചകളെ വണ്ടിയിൽ ഇരുന്നു തന്നെ കണ്ടു.
റൂമിൽ എത്തി ബാഗുകൾ എല്ലാം എടുത്തു നാട്ടിലേക്ക് തിരിക്കാൻ തയ്യാറായി. 5000 രൂപയാണ് ആ വീടിനു വാടക ആയി വന്നത്.10 -15 പേര് അടങ്ങുന്ന ടീമിന് അടിപൊളിയായി താമസിക്കാം.വടക്കൻ കോട്ടേജ് അതാണ് പേര്. ചെക്‌പോസ്റ് എത്തിയപ്പോഴേക്കും വഴി കോട വന്നു മൂടിയിരുന്നു. നാലരക്കു ശേഷം ആണ് അവിടെ നിന്ന് പാസ് ചെയ്തത്. പതിയെ പോയാൽ ആനകളെ കാണാമല്ലോ എന്ന് ഓർത്തു മെല്ലെയാണ് തിരിച്ചത്. പക്ഷെ വാഹനങ്ങളുടെ തിരക്കും മഴയും കോടയും എല്ലാം ചേർന്നപ്പോൾ ആ കാഴ്ച അന്യമായി തന്നെ നിന്നു. ഒടുവിൽ ചാലക്കുടിയിൽ നിന്ന് നാട്ടിലേക്കു ആനവണ്ടി കയറുമ്പോൾ മനസ്സിൽ എന്നും സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു യാത്രയായി അപ്പോഴേക്കും ഇത് മാറിയിരുന്നു..