കാട്ടിലെ ആനയെ കാണാൻ ആനവണ്ടിയിൽ ഒരു യാത്ര

വിവരണം – Jasmin Nooruniza.

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു KSRTC യിൽ മലക്കപ്പാറ പോണം എന്നുള്ളത്. സഞ്ചാരിയിലെ മലക്കപ്പാറ യാത്രയുടെ, യാത്ര വിവരണം വായിക്കുമ്പോഴൊക്കെ ആഗ്രഹം കൂടി കൂടി വന്നു. അങ്ങനെ ഓഗസ്റ്റ് 15 ന് രാവിലെ 11.30 ന് ചാലക്കുടിയിൽ എത്തി. വണ്ടി പാർക്ക് ചെയ്തിട്ട് 12.45 ന് ഉള്ള വണ്ടിക്ക് വേണ്ടി കാത്തിരിപ്പായി. നേരത്തെ തന്നെ വന്നത് ആദ്യം കയറി ഫ്രണ്ട് സീറ്റ് പിടിക്കാനായിരുന്നു. അടുത്ത് എങ്ങും വേറെ യാത്രക്കാരെ കാണാഞ്ഞത് കൊണ്ട് ഫ്രണ്ട് സീറ്റ് എനിക്ക് തന്നെ എന്ന് ഉറപ്പിച്ചു സ്വപ്നം കണ്ട് ഇരിപ്പായി.

ഒരു വ്ലോഗും കൂടി ചെയ്യാം എന്ന ഉദ്ദേശത്തോടു കൂടി ആണ് പോയത്. അങ്ങനെ നിരന്ന് കിടക്കുന്ന KSRTC യുടെ മുന്നിൽ നിന്ന് വീഡിയോ എടുക്കുന്നത് കണ്ട്, ഒരു കണ്ടക്ടർ വന്ന് വ്ലോഗർ ആണോന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് സന്തോഷം. പിന്നെ KSRTC മലക്കപ്പാറ സർവീസിന്റെ ഫുൾ ഡീറ്റെയിൽസ് പറഞ്ഞു തന്നു. കുറെ ഡ്രൈവേഴ്സിനെയും പരിചയപ്പെടുത്തി. പിന്നെയും വണ്ടിക്ക് വേണ്ടി കാത്തിരിപ്പായി.

12.45 ആയപ്പോൾ ആനവണ്ടി അണിഞ്ഞൊരുങ്ങി വന്നു നിന്നു. ഓടിച്ചാടി ആദ്യം തന്നെ കയറി, ഫ്രണ്ട് സീറ്റിൽ എത്തി. എന്റെ എല്ലാ പ്ലാനുകളും തകർത്തു കൊണ്ട്, ഒരു ബാഗ് ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നു. ബസിൽ ആണെങ്കിൽ വേറെ ആരും ഇല്ലതാനും. ഇതെങ്ങനെ സംഭവിച്ചു എന്നറിയാതെ നോക്കി നിന്നപ്പോൾ, ബാഗിന്റെ ഉടമസ്ഥൻ കയറി വന്നു.

ഞാൻ പറഞ്ഞു കുറെ നേരമായി ഈ സീറ്റ് പിടിക്കാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു. വേറെ ആരേം ഇവിടെ കണ്ടതും ഇല്ല. പിന്നെങ്ങനെ താൻ ഇവിടെ സീറ്റ് പിടിച്ചൂന്ന്? അപ്പോഴാണ് അറിയുന്നത് എന്റെ അതേ ആഗ്രഹവും ആയിട്ടാണ് ആ പുള്ളിയും വന്നത്, അത്കൊണ്ട് രാവിലെ വണ്ടി അങ്കമാലിയിലേക്ക് ഡീസൽ അടിക്കാൻ പോയപ്പോൾ തന്നെ കയറി സീറ്റ് പിടിച്ചൂന്ന്.

എങ്കിൽ പിന്നെ തൊട്ട് പുറകിൽ ഇരിക്കാം എന്ന് വെച്ചിട്ട് ചോദിച്ചപ്പോൾ പറയുവാ; രണ്ട് ഫ്രണ്ട്സും അവിടെ സീറ്റ് പിടിച്ചൂന്ന്. അവർ ഈ യാത്രയോടുള്ള ഇഷ്ടം കൊണ്ട് മിക്കപ്പോഴും പോകുന്നതാണ്. അപ്പോഴെല്ലാം ഫ്രണ്ട് സീറ്റ് അവര് നേരത്തെ പിടിക്കും എന്ന്. ആഹാ.. അകെ മൊത്തം തേഞ്ഞുന്ന് പറയാം.

പിന്നെ രണ്ടും കൽപ്പിച്ചു ചോദിച്ചു, നിങ്ങൾ എപ്പോഴും പോകുന്നതല്ലേ, ഈ പ്രാവശ്യം എനിക്ക് ആ സീറ്റ് തരാൻ പറഞ്ഞു. അപ്പോൾ ആ കൂട്ടുകാരൻ, ഡ്രൈവറിന്റെ ബാക്ക് സീറ്റ് കാണിച്ചിട്ട് അവിടെ ഇരുന്നോളൂ, അതും നല്ല വ്യൂ കിട്ടുന്ന സീറ്റ് ആണെന്ന് പറഞ്ഞു. ഒരു രക്ഷയും ഇല്ലന്ന് കണ്ടപ്പോൾ അവിടെ തന്നെ ഇരുന്നു.

അവരും ഒരുപാട് ആഗ്രഹിച്ചു വന്നതല്ലേ, അതും ഈ യാത്രയോടുള്ള ഇഷ്ടം കൊണ്ട്, സമയം കിട്ടുമ്പോഴൊക്കെ ഈ വണ്ടിയിൽ കയറി മലക്കപ്പാറക്ക് പോകും. അതൊക്കെ കേട്ടപ്പോൾ ശെരിക്കും സന്തോഷം തോന്നി. അവര് സ്ഥിരമായി പോകുന്നത് കൊണ്ട് വണ്ടിയിലെ ജീവനക്കാരുമായി നല്ല കൂട്ടാണ്. കുറച്ചു കഴിഞ്ഞപ്പോൾ നേരത്തെ കണ്ട കണ്ടക്ടർ ചേട്ടൻ വന്ന് ഡ്രൈവർ ചേട്ടനോട് എനിക്ക് വീഡിയോ എടുക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തരണം എന്ന് പറഞ്ഞു. ഫ്രണ്ട് സീറ്റിലെ കൂട്ടുകാരോടും പറഞ്ഞു. അങ്ങനെ എല്ലാവരുമായും സൗഹൃദം ആയി യാത്ര ആരംഭിച്ചു.

ഏകദേശം മൂന്നര മണിക്കൂർ എടുക്കുന്ന ഒരു കാനന യാത്ര. ഒരുപാട് വെട്ടം ഈ റൂട്ട് പോയിട്ടുണ്ടെങ്കിലും ബസിൽ ഇരുന്ന് കാട് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെ ആണ്. ഈ യാത്രയിൽ ഉള്ള 90% ആളുകളും മലക്കപ്പാറ പോയിട്ട് ഈ യാത്ര ആസ്വദിച്ചു തിരിച്ചു പോകാൻ വന്നവരാണ്. വളരെ കുറച്ചു പേർ മാത്രമേ എന്തെങ്കിലും ആവശ്യത്തിന് വരുന്നവർ കാണൂ. അത് തന്നെയാണ് ഈ യാത്രയുടെ പ്രത്യേകതയും. എല്ലാ യാത്രക്കാർക്കും ഒരേ മനസ്സാണ്. ഓരോ നിമിഷവും എന്താണ് കാണാൻ പോകുന്നത് എന്ന ആകാംഷയാണ്.

കാടിനെ കൺകുളിർക്കെ കണ്ട്, മൂന്നര മണിക്കൂർകൊണ്ട് മലക്കപ്പാറ എത്തി. ദോശയും, ചായയും കഴിച്ചു തിരിച്ചു 5.10 ന് അതേ വണ്ടിയിൽ ആനകളെയും കണ്ട് മനസ് നിറഞ് 9.30 ന് ചാലക്കുടിയിൽ എത്തി. സ്കൂളിലും കോളേജിലും ഒക്കെ ടൂർ പോകുന്ന മനസോടു കൂടി നമുക്ക് ഈ യാത്ര പോകാം. കാഴ്ച്ചകൾ ഒരുമിച്ച് ആസ്വദിക്കാം. പുതിയ കൂട്ടകാരുമായി സൗഹൃദം കൂടാം. ഓരോ വെട്ടം പോകുമ്പൊഴും കാഴ്ചകൾ വ്യത്യസ്തമാകുന്നത് കൊണ്ട് നമ്മുടെ ആകാംഷ ഒരിക്കലും കുറയില്ല. ഈ യാത്ര ഇനിയും ഒരുപാട് വെട്ടം പോകേണ്ട യാത്രകളുടെ ഒരു തുടക്കം മാത്രം.