നിങ്ങള്‍ ഒരു വാഹനപ്രേമിയാണോ? ബസ്സും ലോറിയും എല്ലാം ചെറുപ്പകാലം മുതലേ ആരാധനയോടെ നോക്കി നിന്നിട്ടുള്ളവര്‍ എന്നും ഒരു വണ്ടിപ്രാന്തന്‍ തന്നെയായിരിക്കും. ഇത്തരത്തിലുള്ള വണ്ടിപ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബസ്സും, ലോറിയും എല്ലാം കഥാപാത്രങ്ങളായിട്ടുള്ള സിനിമകള്‍ മലയാളത്തിലായി ഇറങ്ങിയിട്ടുണ്ട്. ഇന്നും പഴയ സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ ഈ വണ്ടി സീനുകള്‍ കാണുവാനായി നമ്മളില്‍ ചിലരെങ്കിലും നോക്കിയിരിക്കാറുണ്ട് എന്നത് ഒരു സത്യമല്ലേ? അതുകൊണ്ട് വണ്ടിപ്രേമികളുടെ മനസ്സു നിറയ്ക്കുന്ന ചില മലയാള സിനിമകളെ പരിചയപ്പെടാം.
1) കണ്ണൂര്‍ ഡീലക്സ് : 1969 ല്‍ റിലീസായ ഈ മലയാള ചിത്രത്തില്‍ പേരുപോലെത്തന്നെ ഒരു ബസ് ആണ് പ്രധാന കഥാപാത്രം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസ് ആയിരുന്നു അത്. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന വിശേഷണവും ഈ ചിത്രത്തിന് സ്വന്തമാണ്. പ്രേം നസീര്‍, ഷീല, അടൂര്‍ ഭാസി തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ഈ ചിത്രം കെഎസ്ആര്‍ടിസി ബസ് പ്രേമികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്. പഴയ കാലത്തെ ബസ്സുകളും, ബസ് സ്റ്റാന്‍ഡുകളും റോഡുകളും എല്ലാം ഇതിലൂടെ കണ്ട് ആസ്വദിക്കാം എന്നതും ഈ ചിത്രം കാണുന്നതിന് ഒരു കാരണം ആണ്. ടിവിയില്‍ വല്ലപ്പോഴും മാത്രം വരുന്ന ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം hotstar എന്ന ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. കാണാത്തവര്‍ ഇന്നുതന്നെ കാണുവാന്‍ ശ്രമിക്കുക.
2) കൈയും തലയും പുറത്തിടരുത് : 1985 ല്‍ റിലീസായ ഒരു മലയാള ചിത്രമാണ് ‘കൈയും തലയും പുറത്തിടരുത്.’ പേരു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മ വരുന്നത് ബസ്സുകളില്‍ എഴുതി വെച്ചിരിക്കുന്ന ആ വാചകം ആയിരിക്കും. അതെ ഈ ചിത്രത്തിന്‍റെ ഭൂരിഭാഗവും ബസ്സില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലെ യാത്രയും പിന്നീട് സംഭവിക്കുന്ന പ്രശ്നങ്ങളും എല്ലാമാണ് ഈ ചിത്രത്തിന് ആധാരം. പണ്ടുകാലത്തെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ ധിക്കാരം നിറഞ്ഞ പെരുമാറ്റം ഇതില്‍ കൃത്യമായി കാണിക്കുന്നുണ്ട്. ഭരത് ഗോപിയാണ് ഇതില്‍ കണ്ടക്ടറുടെ വേഷം അഭിനയിച്ചത്. ദേവന്‍, മുകേഷ്, സുകുമാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഈ ചിത്രം വളരെ അപൂര്‍വ്വമായി മാത്രമേ ടിവിയില്‍ വരാറുള്ളൂ. മറ്റൊരിടത്തും ഇത് കാണുവാനുള്ള മാര്‍ഗ്ഗവും ഒട്ടില്ലതാനും. ഇക്കാരണത്താല്‍ വളരെ അപൂര്‍വ്വം ചിലര്‍ മാത്രമായിരിക്കും ഈ സിനിമ കണ്ടിട്ടുണ്ടാകുക.
3) വളയം : ലോറിക്കാരുടെ കഥ പറഞ്ഞ് കൊണ്ട് 1992 ല്‍ ഇറങ്ങിയ ചിത്രമായിരുന്നു വളയം. പഴയ കാലത്തെ അശോക് ലൈലാന്‍ഡ്, ടാറ്റാ ലോറികള്‍ ഈ ചിത്രത്തിലുടനീളം കാണുവാന്‍ സാധിക്കും. അതോടൊപ്പം തന്നെ ലോറിക്കാരുടെ ജീവിതത്തിലെ അനുഭവങ്ങളും നമുക്ക് ഈ ചിത്രത്തിലൂടെ കാണുവാന്‍ സാധിക്കും. ശ്രീധരന്‍ എന്ന ലോറി ഡ്രൈവര്‍ ആയി നടന്‍ മുരളിയാണ് പ്രധാന വേഷത്തില്‍. വണ്ടികളുടെ കാഴ്ചയും അതോടൊപ്പം തന്നെ നല്ലൊരു കഥ പറയുകയും ചെയ്യുന്ന വളയം മലയാള സിനിമകളിലെ മികച്ചവയില്‍ ഒന്നാണ്. യൂട്യൂബില്‍ ഈ ചിത്രം കാണുവാന്‍ സാധിക്കും.
4) ഓര്‍ഡിനറി : കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഗീത് സംവിധാനം ചെയ്ത് 2012 മാർച്ച് 17-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർഡിനറി. പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ബസ്സ് സ്റ്റാൻഡിൽ നിന്ന് ഗവിയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലെ ഡ്രൈവറാണ് സുകു (ബിജു മേനോൻ). ആ ബസ്സിലെ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുകയാണ് ഇരവി എന്ന ഇരവിക്കുട്ടൻപിള്ള (കുഞ്ചാക്കോ ബോബൻ). ഇവർ ഗവിയിലെത്തുന്നതും തുടർന്ന് ഒരിക്കൽ ഗവിയിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു ഗവി നിവാസിയെ ഈ ബസ്സ് ഇടിച്ചിടുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്. കെഎസ്ആര്‍ടിസി പ്രേമികളെ ഈ ചിത്രം വളരെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നും മലയാളികളുടെയുള്ളില്‍ ഇതിലെ “വണ്ടി ആനവണ്ടി” എന്ന പാട്ടായിരിക്കും കെഎസ്ആര്‍ടിസി തീം സോംഗ് ആയി നിലനില്‍ക്കുക.
5) ചക്രം : കേരള – തമിഴ്‌നാട് പ്രദേശങ്ങളിലെ ലോറിക്കാരുടെ കഥ പറഞ്ഞ ചക്രം എന്ന സിനിമ പുറത്തിറങ്ങിയത് 2003 ലായിരുന്നു. മുന്‍പ് പറഞ്ഞ വളയം പോലെതന്നെ ലോറിക്കാരുടെ പുരോഗമിച്ച ജീവിതരീതികള്‍ തന്നെയാണ് ഈ സിനിമയിലൂടെ നമുക്ക് കാണാനാകുന്നത്. വിവിധ തരം ലോറികള്‍ ഈ ചിത്രത്തിലുടനീളം കാണുവാന്‍ സാധിക്കും എന്നതുകൊണ്ട് ലോറി ആരാധകര്‍ക്ക് ഈ ചിത്രം വളരെ പ്രിയപ്പെട്ടതാണ്. ആദ്യം മോഹന്‍ ലാലിനെയും ദിലീപിനെയും വെച്ചായിരുന്നു ഈ ചിത്രം തുടങ്ങിയത് എങ്കിലും പിന്നീട് അത് മുടങ്ങിപ്പോകുകയും പ്രിഥ്വിരാജ്, വിജീഷ് എന്നിവരെ വെച്ച് ഈ ചിത്രം ലോഹിതദാസ് പൂര്‍ത്തിയാക്കുകയും ചെയ്തത് മറ്റൊരു വ്യത്യസ്തമായ ചരിത്രം.
6) വരവേൽപ്പ് : സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വരവേൽപ്പ്. ഒരു ബസ് മുതലാളി അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങളുടെ കഥ പറഞ്ഞ മലയാള ചിത്രമാണ് വരവേൽപ്പ്. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ പഴയ മോഡൽ ബസ്സാണ് മറ്റൊരു പ്രധാന താരം. സ്വകാര്യ ബസ് വ്യവസായത്തെ യൂണിയൻകാർ എങ്ങനെ തകർക്കുന്നു എന്നതിന് ഒരുദാഹരണം കൂടിയാണ് ഈ ചിത്രം. ബസ് പ്രേമികൾ കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.
ഇവയൊക്കെ കൂടാതെ മറ്റു ചില ചിത്രങ്ങളിലും ബസ്സും ലോറിയും എല്ലാം മുഴുവന്‍ സമയം ഇല്ലെങ്കിലും പ്രധാനപ്പെട്ട റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ : സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹത്തോളം തന്നെ പ്രാധാന്യമുണ്ട് അതിലെ ടാറ്റാ ലോറിയ്ക്ക്. പിന്നീട് പുറത്തിറങ്ങിയ ശിക്കാര്‍, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലും ഇതുപോലത്തെ ടാറ്റാ ലോറി നല്ലൊരു പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ‘നമ്പര്‍ 66 മധുര ബസ്’ കൊല്ലത്തുനിന്നും പുനലൂര്‍, ആര്യങ്കാവ്, തെന്മല, തെങ്കാശി വഴി മധുരയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ്.