‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്.
കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ ഒരു ബൈക്ക് എതിരെ വന്നാൽ പോലും മര്യാദയ്ക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത റൂട്ട്… അതിലൂടെ ബസ് വരുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്. ഉരുളന്തണ്ണിയിൽ നിന്നും ആരംഭിക്കുന്ന 2 മീറ്റർ വീതിയുള്ള വനയാത്രയിൽ അത്ര നന്നായി വണ്ടി ഓടിക്കാനറിയുന്നവർക്കേ ബസ് കൊണ്ടുപോകാൻ പറ്റൂ…
എറണാകുളം ജില്ലയിൽ ഇങ്ങനെ ഒരു കെഎസ്ആർടിസി റൂട്ട് ഉള്ളത് പലർക്കും അറിവുണ്ടാകില്ല. ഗവിയിലേക്കുള്ള ബസ് യാത്ര വനത്തിലൂടെയാണങ്കിലും വഴി വീതിയിൽ ഉണ്ടന്നുള്ളത് ഒരു ആശ്വാസമാണ്. എന്നാൽ മാമലക്കണ്ടം റൂട്ടിൽ പലയിടത്തും ഒരു ബസിനു പോകാൻ ഉള്ള സ്ഥലം വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ വളരെ സാഹസികത നിറഞ്ഞൊരു കെഎസ്ആർടിസി യാത്രയാണിത്.
ഒരു 3D ഫിലിം കാണാൻ കയറിയ അവസ്ഥയാണ് ഈ ബസിന്റെ മുൻ സീറ്റിൽ ഇരുന്നാൽ. കാരണം ഡ്രൈവർ ചേട്ടന്റെ മനസ്സൊന്നു മാറി, ടൈമിംഗ് ഒന്നു തെറ്റിയാൽ ബസ് പോയി മരത്തിൽ മുട്ടും. അത്കൊണ്ട് തന്നെ ഒരു തവണ ഈ റൂട്ടിലൂടെ സഞ്ചരിച്ചാൽ, ഇതിലെ ബസ്സ് ഓടിക്കുന്ന കെഎസ്ആർടിസി ചേട്ടന്മാരുടെ കട്ട ഫാൻ ആയി പോകും എല്ലാവരും. ഈ റൂട്ടിൽ കെഎസ്ആർടിസി കൂടാതെ പ്രൈവറ്റ് ബസ്സും സർവ്വീസ് നടത്തുന്നുണ്ട് കേട്ടോ.
സിനിമകളിലൂടെ പുറംലോകം കണ്ടിട്ടുള്ള ഒരു സ്ഥലം കൂടിയാണ് മാമലക്കണ്ടം. ഏറ്റവും വലിയ ഉദാഹരണം എടുത്തു പറയുകയാണെങ്കിൽ, പുലിമുരുകൻ സിനിമയിലെ മോഹൻലാലിന്റെ വനമധ്യത്തിലെ നാട്, അത് മാമലക്കണ്ടവും പൂയംകുട്ടിയും പരിസരപ്രദേശങ്ങളുമാണ്. പക്ഷേ മാമലക്കണ്ടത്തു ആദ്യമായി പിടിച്ച സിനിമയല്ല പുലിമുരുകൻ. ഈറ്റ എന്ന പഴയകാല ചിത്രമാണ് ഇവിടെ ആദ്യമായി ചിത്രീകരിച്ചത്. പിന്നീട് ശിക്കാർ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് പുലിമുരുകന്റെ വരവ്.
മാമലക്കണ്ടത്തെ കാടും മലയും വെള്ളച്ചാട്ടവുമെല്ലാം നല്ലരീതിയിൽ പകർത്തിയത് പുലിമുരുകനിൽ ആണെന്നു മാത്രം.
വനംവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത്രയേറെ കാട്ടാനകൾ അഴിഞ്ഞാടുന്ന അപകടകരമായ ഒരു പ്രദേശം വേറെയില്ല. ഇവിടങ്ങളിൽ താമസിക്കുന്ന ആദിവാസികളിൽ പലരും ആനകളുടെ ക്രോധത്തിനിരയായിട്ടുണ്ട്. മലകളുടെ മടിത്തട്ടിൽ, സൂര്യവെളിച്ചം അധികം കടന്നു വരാത്ത ഇടുക്കിയുടെയും എറണാകുളത്തിന്റെയും അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണ് മാമലക്കണ്ടം.
ഇത്തരത്തിലുള്ള ഈ ഗ്രാമത്തിലേക്ക് കെഎസ്ആർടിസി ഒരു സ്റ്റേ ബസ് സർവ്വീസ് നടത്തുന്നുണ്ട്. വൈകുന്നേരം 5.15 നു കോതമംഗലത്തു നിന്നും മാമലക്കണ്ടത്തേക്ക് പുറപ്പെടുന്ന ഈ ബസ്സും ജീവനക്കാരും രാത്രിയിൽ വനമധ്യത്തിലെ ഈ ഗ്രാമത്തിൽ അന്തിയുറങ്ങും. പിറ്റേന്ന് രാവിലെ 6.15 നു മടക്കം.
മാമലക്കണ്ടം വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : ഇത് ഒരു വിനോദ സഞ്ചാര മേഖലയല്ല. ആദിവാസികളെ ഉപദ്രവിക്കാനോ അവരുടെ ജീവിതമാര്ഗങ്ങൾ തടസപ്പെടുത്താനോ ശ്രമിക്കരുത്. പ്രദേശം ഒരു തരത്തിലും മലിനമാക്കാതിരിക്കുക. അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്.
കുട്ടമ്പുഴ പഞ്ചായത്തിലെ 10-11 വാർഡ് ആണ് മാമലക്കണ്ടം. മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്. നാലു വശത്താലും വനത്തിൽ ചുറ്റപെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടം മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത്. കാടിനു ഒരൽപം പോലും കോട്ടം വരുത്താതെയാണ് ജനങ്ങൾ എവിടെ ജീവിച്ചു പോരുന്നത്. ആദിവാസി സംസ്കാരം നിലനിർത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഗ്രാമവും അതോടു ചേർന്ന് ജീവിക്കുന്ന നാട്ടുകാരും.
മാമലക്കണ്ടം ഒരു ചരിത്ര ശിലായുഗത്തിന്റെ ബാക്കി പത്രമാണ്. മാമലക്കണ്ടം ജനങളുടെ ഒരു ആരാധനാ ശില്പമാണ് മുനിയറ. മഴയില്ലാത്ത കാലങ്ങളിൽ മുനിയറയിൽ ജനങ്ങൾ കൂടി പായസം വച്ചാൽ മഴയുണ്ടാകും എന്നതാണ് ഇവിടുത്തെ വിശ്വാസം. കേരളത്തിലെ ഏറ്റവും വലിയ മലയായ ആനമുടി ഇവിടെ നിന്നാൽ കാണാൻ കഴിയും.
കടപ്പാട് – Abil Abi Mon.