റോഡാണ്, അപകടമുണ്ടായേക്കാം, പക്ഷേ ഉപേക്ഷിച്ചു പോകരുത് – ഒരു അനുഭവക്കുറിപ്പ്

അനുഭവക്കുറിപ്പ് – ജിതിൻ ജോഷി.

കൂട്ടുകാരനെ പാലക്കാട് കുരുടിക്കാടുള്ള ബന്ധുവീട്ടിൽ ആക്കിയിട്ട് വരുന്ന വഴിയായിരുന്നു. രാത്രി ഏകദേശം 9 മണി കഴിഞ്ഞു. മഴ ചെറുതായി പെയ്യാൻ തുടങ്ങിയതുകൊണ്ട് അധികം വീട്ടിൽ നിൽക്കാതെ പെട്ടെന്നിറങ്ങി. പാലക്കാട്‌ – കോയമ്പത്തൂർ വഴിയിലൂടെ കഞ്ചിക്കോട് കഴിഞ്ഞപ്പോൾ വഴിയിൽ സൈഡിൽ ഒരു കാർ നിർത്തി ഇട്ടിരിക്കുന്നു. ഒരു ചേട്ടൻ വണ്ടിയുടെ മുന്നിൽ കിടപ്പുണ്ട്. കൂടെയുള്ള ചേച്ചി ഉറക്കെ കരഞ്ഞുകൊണ്ട് ചേട്ടനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു.

ഞാൻ പെട്ടെന്ന് ഹൈവേ സൈഡിൽ തന്നെ വണ്ടി നിർത്തി. ഓടിച്ചെന്നപ്പോൾ ചേട്ടൻ നിലത്തു കിടന്നു എന്തൊക്കെയോ പറയുന്നു. ദേഹത്ത് അത്യാവശ്യം മുറിവുകൾ ഉണ്ട്. അപ്പോളേക്കും ഒന്നു രണ്ടു ബൈക്കുകൾ കൂടി വന്നു. കുറച്ചു ആളുകൾ കൂടി. ചേട്ടനെ എണീപ്പിക്കാൻ നോക്കിയപ്പോളാണ് കാലിലെ വലിയ ഒടിവ് കണ്ടത്. പാദത്തിനു മുകളിൽ വച്ചു കാൽ വട്ടം ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു..

പിന്നെ ഒന്നും നോക്കിയില്ല ചേട്ടനെ എടുത്തു അവരുടെ വണ്ടിയുടെ പിന്നിൽ കിടത്തി. അവർക്ക് പരിചയം ഉള്ള ഹോസ്പിറ്റലിൽ പോകാം എന്ന് ചേച്ചി കരഞ്ഞു പറഞ്ഞപ്പോൾ ചുറ്റും കൂടിയ നാട്ടുകാരിൽ ഒരാളോടെങ്കിലും ഒന്ന് കൂടെ വരാൻ പറഞ്ഞു. പക്ഷെ അഭിപ്രായങ്ങൾ പറഞ്ഞതല്ലാതെ ഒരാളും കൂടെ വരാം എന്ന് പറഞ്ഞില്ല. അവസാനം ആ ചേച്ചിക് ഏകദേശം വഴി അറിയാം എന്ന ഉറപ്പിന്മേൽ ഞാൻ അവരുടെ വണ്ടിയും എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു.

പാലക്കാട് ഉള്ള അവരുടെ ഫാമിലി ഫ്രണ്ട് അപ്പോളേക്കും ഹോസ്പിറ്റലിൽ എത്തിയിരുന്നു. അവിടെ നിന്നും ആംബുലൻസിൽ കോയമ്പത്തൂരിലേക്ക്‌ അവർ കൊണ്ടുപോയി. രാവിലെ വിളിച്ചപ്പോൾ കാലിന്റെ ഒരു സർജ്ജറി കഴിഞ്ഞു. ഇനിയും സർജ്ജറി വേണം എന്നാണു പറഞ്ഞത്. തൃശൂർ സ്വദേശിയായ ചേട്ടൻ കോയമ്പത്തൂരിൽ ബാങ്ക്‌ മാനേജർ ആണ്..

റോഡാണ്. അപകടം ഉണ്ടാവില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ ഇടിച്ചിട്ട് നിർത്താതെ പോകുന്നത് മനസാക്ഷിക്ക് ചേർന്നതാണോ? (ലോറിക്കാർ അറിഞ്ഞെങ്കിൽ). നല്ല വെളിച്ചമുള്ള റോഡാണ്. എന്തായാലും ഇടിച്ചതു അറിയാതെ ഇരിക്കാൻ സാധ്യത ഇല്ല. ചേട്ടൻ കാറിൽ നിന്ന് എന്തോ കരിഞ്ഞ മണം വന്നപ്പോൾ ചെക്ക് ചെയ്യാൻ സൈഡിൽ വണ്ടി നിർത്തി ഇറങ്ങിയതാണത്രേ. പക്ഷെ അവിടെ ഒരിക്കലും വണ്ടി നിർത്താൻ പാടില്ലായിരുന്നു. ഇത്തിരി മുന്നോട്ട് പോയിരുന്നെങ്കിൽ സർവീസ് റോഡ് കിട്ടുമായിരുന്നു.

ചുറ്റും കൂടിയവരോട് സ്ഥലം പരിചയം ഇല്ലാത്തതിനാലാണ് ഒരാൾ കൂടെ വരാമോ എന്ന് ചോദിച്ചത്. നാളെ നമ്മളും ഇങ്ങനെ വഴിയിൽ കിടന്നേക്കാം. അന്നും ഇതുപോലെ ചുറ്റും കൂടി അഭിപ്രായം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകും. അതിനെ ഉണ്ടാകൂ. ഒന്ന് വിളിച്ചപ്പോ സഹായത്തിന് ഓടിയെത്തിയത് കൂടെ ജോലി ചെയ്യുന്ന ചങ്കുകൾ ആണ്. അതിനുള്ള നന്മ നിങ്ങൾക്ക് കിട്ടാതിരിക്കില്ല.