വിവരണം – Mihraj UK.
മണാലിയില്‍നിന്നും വൈകിയിട്ട് ഏഴ്മണിക്കാണ് ദില്ലിയിലേക്കുള്ള വോള്‍വോ ബസ്സില്‍ ഞങ്ങള്‍ കയറിയത്.. പിറ്റേന്ന് രാവിലെ സമയം ആറ് മണി, ചുറ്റിലും മുഴുവന്‍ ഇരുട്ടും. ദില്ലി എത്തുന്നതിന് 120 കിലോമീറ്ററിന് മുമ്പ് ഒരു ടോള്‍ ബൂത്തുണ്ട്. തിരക്കിനിടയില്‍ സ്ഥലത്തിന്റെ പേര് നോക്കാന്‍ മറന്നു. അതിനടുത്ത ഒരു ശൗചാലയത്തില്‍ ബസ്സ് നിര്‍ത്തി. കൂടെ ഉണ്ടായിരുന്ന ചെങ്ങാതിമാര് രണ്ടും നല്ല കിടിലന്‍ ഉറക്കം. അവന്മാരെ ഉണര്‍ത്തേണ്ടാ എന്ന് കരുതി ഞാന്‍ ബസ്സില്‍നിന്നും പുറത്തിറങ്ങി. ഡ്രൈവറോട് ഞാന്‍ പറഞ്ഞു. “ഭയ്യാജീ…ബാത്ത് റും ജാക്കേ അഭി ആയേഗാ.”
“ഹാജീ…വേഗം പോയിവരൂ..” ബാത്ത്റൂമിലാണെങ്കില്‍ ഒരു യുദ്ധത്തിനുള്ള ആളും. അവസാനം ഞാന്‍ ബാത്ത്റൂമില്‍ കയറുമ്പോള്‍ അവസാനം പുറത്തിറങ്ങിയ കോട്ടിട്ട തൊപ്പിക്കാരനോടു പറഞ്ഞു. “ഭായ്..ഇപ്പോഴെത്തും എന്ന് പറയൂ.” അങ്ങേര് തലയാട്ടി പുറത്തേക്ക് പോയി. ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോള്‍ റോഡ് കാലി…ബസ്സ് ഗയാ…ഞാന്‍ പോസ്റ്റായി. എന്ത് ചെയ്യും…അവന്മാരെ വിളിച്ചിട്ടാണെങ്കില്‍ ഫോണ്‍ എടുക്കുന്നുമില്ല. മൂന്നാമത്തെവിളിയില്‍ ഒരുത്തന് ഫോണെടുത്തു.
“ഡാ…ഞാനിവിടെ കുടുങ്ങി.” നീ എന്ത് കോപ്പിനാണ് അവിടെ നിന്നത് എന്ന് അവന്. കാര്യം പറഞ്ഞപ്പോള്‍ എന്ത്ചെയ്യും എന്നായി. അങ്ങട്ട് പോകാനാണെങ്കില്‍ പഴ്സ് ബാഗിലും. ഉടനെ അടുത്ത്കണ്ട പോലീസ് എഡ്സ്പോസ്റ്റില്‍ കാര്യം പറഞ്ഞു. അങ്ങേരാണെങ്കില്‍ കട്ട കലിപ്പില്‍. വിളി അവനെ എന്നൊരു അലര്‍ച്ച.ഞാന്‍ ഫോണ്‍ വിളിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് കൊടുപ്പിച്ചു. ഹൗ… പോലീസുകാരന്റെ വക കിടിലന്‍ തെറി കണ്ടക്ടര്‍ക്ക്. ഹിന്ദി എനിക്ക് അറിയാവുന്നത്കൊണ്ട് എല്ലാത്തിനും അര്‍ഥം വ്യത്തിയായി അറിയാം…ഇടയ്ക്ക് “സാലേ…സാലേ…” എന്ന് ഓമനപ്പേരും അങ്ങേര് കണ്ടക്ടറെ വിളിക്കുന്നത് കേള്‍ക്കാം.
എന്തായാലും അപ്പോഴേക്കും ബസ്സ് ഒരു പതിനഞ്ച് കിലോമീറ്റര്‍ പിന്നിട്ടിരുന്നു. അവിടെ നിര്‍ത്താന്‍ പോലീസ്കാരന് പറഞ്ഞു. “റോഡില്‍ നിന്നും ഏതെങ്കിലും വണ്ടിക്ക് കൈകാണിച്ച് പോയാല്‍ ബസ്സ് നിര്‍ത്തുന്ന സ്ഥലത്തിറങ്ങാം. ok..” “ശുക്ക്രിയ സാബ്” എന്ന് പറഞ്ഞ് ഞാന്‍ ടോള്‍ബൂത്തില്‍കണ്ട ഒരു ബെന്‍സ് കാറിനടുത്തേക്ക് നടന്നു. കാറിലെ ഡ്രൈവര്‍ ഒരു പഞ്ചാബി, ആദ്യം തന്നെ ഞാന്‍ കേളത്തില്‍ നിന്നും വന്നതാണെന്നെന്നൊരു തട്ട് കൊടുത്തു. അത് കേട്ടപ്പോള്‍ പുള്ളിയുടെ മുഖം അല്പം അയഞ്ഞു. കേരളത്തിലുള്ളവരോട് എല്ലാവര്ക്കും ഒരു പ്രത്യേക സ്നേഹമുണ്ട് എന്ന് എനിക്ക് പലസമയത്തും തോന്നിയിട്ടുമുണ്ട്.ഞാന്‍ കാര്യം പറഞ്ഞു. എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്നാണല്ലോ. അങ്ങേര്‍ക്ക് കാര്യം പിടികിട്ടി.
അങ്ങനെ ശൗചാലയത്തില്‍ നിന്നും ഇറങ്ങിയ എനിക്ക് ഒരു ഏ ക്ളാസ് ബെന്‍സില്‍ ഒരു യാത്ര തരപ്പെട്ടു. ചെങ്ങാതി ലൊക്കേഷന്‍ അയച്ചത്കൊണ്ട് വഴിതെറ്റാതെ ബസ്സും കണ്ടെത്തി. ഉള്ളത് പറയാമല്ലോ…ബസ്സിലെത്തിയ എന്നെ എല്ലാവരും നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കണ്ടക്ടര്‍ എന്നോട് ഒരു സോറിയും പറഞ്ഞു. അങ്ങേര് പറഞ്ഞത് അവസാനം ബസ്സില്‍ കയറിയ ആള് ഡോര്‍ അടച്ചപ്പോള്‍ അത് നിങ്ങളാകും എന്ന് കരുതീ എന്നാണ്. അതായത് ബാത്ത് റൂമില്‍ നിന്നും എനിക്ക് മുംമ്പ് ഇറങ്ങിയ കോട്ടിട്ട മഹാന് പറ്റിച്ചപണി. എനിക്ക് ആ മരത്തലയന്റെ മുഖം ഓര്‍മയില്ലാത്തത് അവന്റെ ഭാഗ്യം..ഇല്ലെങ്കില്‍ ഞാനവനെ കടിച്ച്പറിച്ചേനെ..ഞാന്‍ ഭയങ്കര ദേഷ്യക്കാരനാ…
എങ്കിലും അതില്‍ നിന്ന് ഞാനും ഒരു പാഠം പഠിച്ചു. എന്താണെന്ന് വച്ചാല്‍,അടുത്ത് ഒരു പഞ്ചാബി ഭായ് വന്നിരുന്നിട്ടുണ്ടായിരുന്നു. അങ്ങേരോട് ഒന്ന് പരിചയപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്ന്. യാത്രക്കിടയില്‍ അടുത്തിരിക്കുന്ന ആളിനോട് ഒന്ന് മിണ്ടിയിരുന്നെങ്കില്‍. “ഹൗ…എന്നാലും ശൗചാലയം തന്ന പണിയേ..”