മണാലിയിലെ മാൾ റോഡ് മാർക്കറ്റ് – കാഴ്ചകള്‍ ആസ്വദിക്കാം…

ഹോട്ടലിലെ നല്ലൊരു വിശ്രമത്തിന് ശേഷം സന്ധ്യയോടെ ഞങ്ങള്‍ കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. മണാലിയിലെ മാൾ റോഡ് ആണ് ഞങ്ങള്‍ ആദ്യമായി കരങ്ങുവാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ക്ക് സഹായത്തിനായി പ്രവീണ്‍ എന്ന മലയാളി ഗൈഡ് (കോ – ഓര്‍ഡിനേറ്റര്‍) ഒപ്പം ചേര്‍ന്നു. ഈസി ട്രാവല്‍സ് ഞങ്ങള്‍ക്കായി പ്രത്യേകം അയച്ചതാണ് പ്രവീണിനെ. മാള്‍ റോഡ്‌ എന്നു പറയുന്നത് പ്രധാനമായും മനാലിയിലെ ഒരു ഷോപ്പിംഗ്‌ കേന്ദ്രമാണ്. വളരെ ശാന്തമായിട്ടുള്ള ഒരു സ്ഥലായിരുന്നു മാള്‍ റോഡ്‌.

മണാലിയില്‍ ടൂര്‍ വന്നവരില്‍ മിക്കവരും ഹണിമൂണ്‍ ജോഡികള്‍ ആയിരുന്നു. വിവിധദേശങ്ങളില്‍ നിന്നും ഹിമാലയന്‍ സൗന്ദര്യം ആസ്വദിക്കാനായി വന്നവര്‍… സത്യം പറഞ്ഞാല്‍ ഞങ്ങള്‍ മാത്രമാണ് ചേട്ടനും അനിയനുമായിട്ടുണ്ടായിരുന്നത്. ഭക്ഷണപ്രിയര്‍ക്ക് വ്യത്യസ്തമായ രുചികള്‍ ആസ്വദിക്കാന്‍ പറ്റിയ ഒരിടം കൂടിയാണിവിടം. ഞങ്ങള്‍ കറക്കത്തിനിടയില്‍ നല്ല ചൂട് ചായയും സ്പെഷ്യല്‍ ചാറ്റ് മസാലയും കഴിച്ചു.

ബര്‍ഗറുകള്‍, പിസ്സ, ന്യൂഡില്‍സ് മുതലായവ നമ്മുടെ കണ്മുന്നില്‍ ലൈവായി ഉണ്ടാക്കുന്ന കാഴ്ചകളും ഞങ്ങള്‍ കണ്ടു. കടക്കാരെല്ലാം വീഡിയോ എടുക്കുന്നത് കണ്ടിട്ട് വളരെ കൂളായി പോസ് ചെയ്തു തരുന്നുണ്ടായിരുന്നു. എല്ലാവരും വളരെ സൌഹൃദത്തോടെയായിരുന്നു പരസ്പരം പെരുമാറ്റം. കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍ വീഡിയോ കണ്ടു പരിചയമുള്ള ഒരു മലയാളി ടൂറിസ്റ്റ് എന്നെ വന്നു പരിചയപ്പെട്ടു. അവര്‍ ബസ്സിലാണ് വന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ഇവിടേക്കുള്ള ബസ് യാത്ര വളരെ രസകരവും സാഹസികവുമാണ്‌.

നടന്നു നടന്ന് ഞങ്ങള്‍ മനാലിയിലെ ബസ് സ്റ്റാന്‍ഡില്‍ എത്തി. കൂടുതലും ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകളായിരുന്നു അവിടെ. രോത്താംഗ് പാസ് വഴി പോകുന്ന രണ്ട് ഇലക്ട്രിക് ബസ്സുകള്‍ അവിടെ കാണാനായി. നല്ല അടിപൊളി ബസ്സുകള്‍. അതോടൊപ്പം തന്നെ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യമെന്തെന്നാല്‍ അവിടെ HRTC യുടെ ബസ്സുകള്‍ മാത്രമല്ല ചെറിയ ഓട്ടോ ടാക്സി പോലുള്ള ചെറുവാഹനങ്ങളും അവിടെ ലഭ്യമാണ് എന്നതായിരുന്നു. അവയെല്ലാം ഇലക്ട്രിക് വാഹനങ്ങളാണ്. ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നമ്മുടെ കെഎസ്ആര്‍ടിസി എന്നേ ലാഭാത്തിലായേനെ. അല്ലെ?

ബസ് സ്റ്റാന്‍ഡിലെ കാഴ്ചകള്‍ കണ്ടിട്ട് ഞങ്ങള്‍ വീണ്ടും മാള്‍ റോഡില്‍ എത്തി. പഞ്ചാബ് അടുത്തുകിടക്കുന്നത് കൊണ്ടായിരിക്കണം അവിടെയെല്ലാം കൂടുതലായും പഞ്ചാബി ഭക്ഷണങ്ങളായിരുന്നു. നല്ല രുചികരമായ ഭക്ഷണങ്ങള്‍ ആയിരുന്നു അതെല്ലാം. നടക്കുന്നതിനിടയില്‍ ഞങ്ങളെ ഒരു തുണിക്കടക്കാരന്‍ അദ്ദേഹത്തിന്‍റെ കടയിലേക്ക് ക്ഷണിക്കുകയുണ്ടായി. കാശ്മീരി സ്പെഷ്യല്‍ വസ്ത്രങ്ങളായിരുന്നു ആ കടയില്‍ ഉണ്ടായിരുന്നത്. വിവിധതരം വസ്ത്രങ്ങള്‍ കശ്മീര്‍ സ്വദേശിയായ പുള്ളി ഞങ്ങളെ കാണിച്ചുതന്നു. ഇവിടെ ഏതു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയാണെങ്കിലും നന്നായി വിലപേശി വാങ്ങണം.

ഇത്രയും തണുപ്പായിട്ടും വഴിയോരത്ത് ഐസ്ക്രീം വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അതിശയം വന്നു. അതിയായ തണുപ്പായിരുന്നതിനാല്‍ പൊതുവേ ഐസ്ക്രീം കൊതിയനായ അനിയന്‍ അഭി അത് കഴിക്കണമെന്ന ആഗ്രഹം ഉപേക്ഷിച്ചു. നമ്മുടെ നാട്ടില്‍ കിട്ടുന്നതും കിട്ടാത്തതുമായ ധാരാളം സാധനങ്ങള്‍ മണാലിയില്‍ ലഭ്യമാണ്. അവിടത്തെ വിശേഷങ്ങള്‍ പ്രവീണ്‍ ഞങ്ങള്‍ക്ക് വളരെ വ്യക്തമായി പറഞ്ഞുതരുന്നുണ്ടായിരുന്നു.

കുറേസമയത്തെ കറക്കത്തിനു ശേഷം ഞങ്ങള്‍ ഹോട്ടലിലേക്ക് യാത്രയായി. ഞങ്ങളുടെ പാക്കേജില്‍ ബ്രേക്ക് ഫാസ്റ്റും ഡിന്നറും ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ ഡിന്നര്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും തന്നെ. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആയിരുന്നു ഹോട്ടലില്‍. പ്രതീക്ഷിച്ചതും നല്ല ഭക്ഷണമായിരുന്നു അവിടെയുണ്ടായിരുന്നത്. ഡിന്നര്‍ കഴിച്ചതിനു ശേഷം ഞങ്ങള്‍ റൂമിലേക്ക് പോയി. അങ്ങനെ മണാലിയിലേ ഞങ്ങളുടെ ആദ്യദിനം ഇന്ന് അവസാനിച്ചു. ഞാനും അനിയനും പക്കാ ഹാപ്പിയായിരുന്നു. ഇനി ഞങ്ങള്‍ക്ക് ഒന്നുറങ്ങണം. ബാക്കി കാഴ്ചകള്‍ ഇനി നാളെ…

കുളു മണാലി പാക്കേജുകൾക്ക് വിളിക്കാം: ഈസി ട്രാവല്‍സ് : 9387676600.